സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചിട്ടുള്ള വ്യക്തികളുടെ ലോകത്തിലെ ഇടപെടലുകള്‍ പഠിക്കേണ്ടതാണ്. എന്തുകൊണ്ടാണ് അവര്‍ക്ക് നോബേല്‍ സമ്മാനം നല്‍കാന്‍ ഉണ്ടായ കാരണമെന്നത് പഠനത്തിലൂടെ മാത്രമേ വെളിവാകൂ. അത്രയും വിലയേറിയതും, ബഹുമാനിക്കേണ്ടതുമായ പുരസ്‌ക്കാരമായാണ് നോബേല്‍ സമ്മാനത്തെ കാണുന്നത്. ഈ പുരസ്‌ക്കാരമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കണമെന്ന് പാക്കിസ്താന്‍ നോബേല്‍ പുരസ്‌ക്കാര സമിതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എന്താണ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാനത്തിനായുള്ള ഇടപെടല്‍ എന്നതാണ് ഇവിടെ പഠിക്കേണ്ടത്. പാക്കിസ്താന്‍ പറയുന്നത്, ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയത് ട്രംപ് ആണെന്നാണ്.
അതുകൊണ്ടാണ് പുരസ്‌ക്കാരത്തിന് അര്‍ഹനാകുന്നതെന്നാണ്. എന്നാല്‍, ട്രംപ് എന്ന ലോകനേതാവിന് സമാധാനത്തിന്റെ നോബേല്‍ സമ്മാനം നല്‍കുന്നതിനോട് യോജിപ്പുണ്ടോ എന്ന് ലോകത്തോടു ചോദിച്ചാല്‍ ആരും അതിനോട് യോജിക്കണമെന്നില്ല. കാരണം, ലോകത്തു ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ രണ്ട് യുദ്ധങ്ങളാണ് ഇസ്രയേല-പാലസ്തീന്‍-ഇറാന്‍ യുദ്ധവും റഷ്യ-യുക്രെയിന്‍ യുദ്ധവും. രണ്ട് യുദ്ധങ്ങളും ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. യുദ്ധങ്ങലുടെ മാനവും, രീതികളും മാറിക്കഴിഞ്ഞു. ഏതു നിമിഷവും വലിയൊരു ലോകമഹാ യുദ്ധത്തെ മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നതും. ഈ രണ്ട് യുദ്ധത്തിലും അണേരിക്കയുടെ പങ്ക് എന്താണ് എന്ന് നോക്കിയാല്‍ മനസ്സിലാകും ട്രംപിന് സമാധാനത്തിന്റെ പുരസ്‌ക്കാരം കൊടുക്കണോ അതോ വേണ്ടയോ എന്ന്.
അണേരിക്ക ശക്തമായി ഇടപെട്ടാല്‍ നിര്‍ത്താനാകുന്ന യുദ്ധമാണ് ഇസ്രയേല്‍-ഇറാന്‍-പാലസ്തീന്‍ യുദ്ധം. എന്നാല്‍, അമേരിക്ക ചെയ്യുന്നത് എന്താണ്. ഇസ്രയേലിന് ഇറാനെ ആക്രമിക്കാന്‍ ആയുധങ്ങളും ആള്‍ബലവും പിന്തുണയും നല്‍കുകയാണ്. ഇസ്രയേല്‍ സമാധാനത്തിനു വേണ്ടിയുള്ള യുദ്ധമല്ല നടത്തുന്നത്. ഇല്ലായ്മ ചെയ്യാനുള്ള യുദ്ധമാണ്. ഇതിനാണ് അമേരിക്ക പിന്തുണ നല്‍കുന്നത്. മറിച്ച് യുക്രെയിന് റഷ്യയെ ആക്രമിക്കാന്‍ ആയുധങ്ങള്‍ നല്‍കുന്നതും അമേരിക്കയാണ്. പിന്തുണ പിന്‍വലിക്കുന്നതിന്റെയും, പിന്തുണ കൂടുതല്‍ ശക്തമാക്കണമെന്നുള്ളതിന്റെയും പേരില്‍ യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും, ട്രംപും തമ്മില്‍ വാക്കേറ്റവും, പ്രതിഷേധവും നേരിട്ടു നടത്തിയിട്ടുണ്ട്.
ഇങ്ങനെ ലോകത്തെ യുദ്ധങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന അമേരിക്കയും, അമേരിക്കന്‍ പ്രസിഡന്റും യുദ്ധങ്ങള്‍ക്ക് അവിഭാജ്യ ഘഠകമാണ്. അപ്പോള്‍ സമാധാനം പറയാന്‍ എവിടെയാണ് സമയം. ഗാസയെ സ്വന്തമാക്കണമെന്ന ആശയം പറഞ്ഞ ട്രംപിന്റെ ഉള്ളില്‍ മറ്റൊരു രാജ്യത്തിലേക്കുള്ള അധിനിവേശ സ്വപ്‌നമല്ലേ ഉള്ളത്. ഇതില്‍ എവിടെയാണ് സമാധാനം. ഇനി ഇന്ത്യ-പാക്ക് യുദ്ധത്തില്‍ ഇടപെട്ടില്ല എന്ന് പാക്കിസ്താന്‍ ഉപപ്രപധാന മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അഥവാ ഇടപെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യ അതിന് തക്കതായ മറുപടിയും നല്‍കിയിട്ടുണ്ട്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത് പാക്കിസ്താന്‍ തീവ്രവാദികളുടെ കൂട്ടക്കുരുതിയായിരുന്നുവെന്ന് അമേരിക്കയ്ക്ക് വ്യക്തമായറിയാം.
ഇതറിയാമായിരുന്നിട്ടും മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് നടുക്ക് നിന്ന് ചോരകുടിക്കുന്ന ചെന്നായയു റോളിലാണ് അമേരിക്ക നിന്നത്. പല യുദ്ധങ്ങളിലും അമേരിക്ക പിന്നണി പ്രവര്‍ത്തകനായി മാത്രമാണ് നില്‍ക്കുന്നത് എന്നത് വ്യക്തം. ഇതിനു കാരണം പ്രപസിഡന്റിന്റെ തീരുമാനം തന്നെയാണം്. അപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് സമാധാനം ഉണ്ടോ എന്നതാണ് ഇവിടെ ചോദ്യം. എന്നാല്‍ ഇതൊന്നുമല്ല, അമേരിക്കയുടെ ഇഠപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പാക്കിസ്താന്‍ ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുതയെന്നാണ് മനസ്സിലാക്കേണ്ടത്. പാക്കിസ്താനു വേണ്ടിയാണ് അമേരിക്ക ഇടപെട്ടത് എന്ന് വ്യക്തവുമാണ്. അതുകൊണ്ടാണ് സമാധാനത്തിന്റെ നോബേല്‍ സമ്മാനം ടട്രംപിനു നല്‍കാന്‍ പാക്കിസ്താന്‍ ശുപാര്‍ശ ചെയ്തതും.
2026ലെ നൊബല്‍ പ്രൈസിനായാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്‍ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ‘മികച്ച നേതൃപാടവവും നയതന്ത്ര ഇടപെടലും’ മൂലം രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷങ്ങള്‍ ഇല്ലാതെയാക്കാന്‍ ട്രംപിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യ ഔദ്യോഗികമായി തള്ളിയ ട്രംപിന്റെ ഇടപെടലിനെ ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് കാരണമായ കൃത്യമായ ഇടപെടലെന്നാണ് പാകിസ്താന്‍ വിശേഷിപ്പിച്ചത്. മേഖലയെയാകെ ബാധിക്കുന്ന ഒരു യുദ്ധമായി സംഘര്‍ഷം മാറാതിരിക്കാന്‍ ട്രംപിന്റെ ഇടപെടല്‍ നിര്‍ണായകമായി എന്നും പാകിസ്താന്‍ അവകാശപ്പെടുന്നു. നയതന്ത്രപരമായ കാഴ്ചപ്പാടോടെയും മികച്ച നേതൃപാടവത്തോടെയും നിര്‍ണായക സമയത്ത് ട്രംപ് ഇടപെട്ടുവെന്നും പാക്കിസ്ഥാന്‍ പറയുന്നു.
നാമനിര്‍ദേശം ചെയ്തുള്ള വാര്‍ത്താകുറിപ്പില്‍ ഇന്ത്യയെയും പാക്കിസ്ഥാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യ നടത്തിയത് പ്രകോപനമാണ്. പാക്കിസ്ഥാന്റെ പരമാധികാരത്തിനെതിരെയും സാധാരണക്കാര്‍ക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. തങ്ങള്‍ ഓപ്പറേഷന്‍ ബുന്യന്‍ ഉന്‍ മറൂസിലൂടെ തിരിച്ചടിച്ചു എന്നുമാണ് അവരുടെ അവകാശവാദം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ട്രംപുമായി ഫോണില്‍ സംസാരിക്കവെയാണ് ‘യുഎസ് മധ്യസ്ഥം’ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ തള്ളിയത്. പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി നിലപാട് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ ട്രംപിനെ അറിയിക്കുകയും ചെയ്തിരുന്നു.
ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാന്‍, എക്‌സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഉള്‍പ്പെടെ നിരവധി സമാധാന ശ്രമങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയെന്നും നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും വാദിച്ച് ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്റെ നാമനിര്‍ദേശം എന്നതും ശ്രദ്ധേയമാണ്. പുരസ്‌കാരം തനിക്ക് അത് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ലെന്നും ലിബറലുകള്‍ക്ക് മാത്രമേ
നല്‍കൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. എന്നാല്‍, താനാണ് ഇടപെട്ടതെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തു. ജി7 ഉച്ചകോടിക്കെത്തിയ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചെങ്കിലും മോദി നിരസിച്ചു. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ട്രംപ് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മില്‍ ഒരു സമാധാന ഉടമ്പടി നിശ്ചയിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള യുദ്ധം നിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല. ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല. എന്ത് ചെയ്താലും എനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ല. പക്ഷേ താന്‍ അര്‍ഹനാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ട്രംപ് കുറിച്ചു. നരേന്ദ്ര മോദി-ട്രംപ് ഫോണ്‍ സംഭാഷണം നടന്ന് മണിക്കൂറുകള്‍ക്കകം പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്ന് നല്‍കിയിരുന്നു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഈ കൂടിക്കാഴ്ചയില്‍ ഇന്ത്യ പാക് സംഘര്‍ഷവും ചര്‍ച്ചയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറും തമ്മിലുള്ള വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് രംഗത്തെത്തിയിരുന്നു. ട്രംപ്-മുനീര്‍ കൂടിക്കാഴ്ച പാകിസ്താന് നാണക്കേടാണെന്ന് രാജേഷ് കുമാര്‍ സിംഗ് പ്രതികരിച്ചു. എഎന്‍ഐയുടെ പോഡ്കാസ്റ്റിലായിരുന്നു രാജേഷ് കുമാര്‍ ഇതില്‍ അഭിപ്രായം പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റും പാക് സൈനിക മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി രാജ്യത്തിന് നാണക്കേടാണ്. ഇത് വിചിത്രമായ സംഭവമാണെന്നും രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അസിം മുനീറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വൈറ്റ് ഹൗസില്‍വെച്ച് ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാതെ ഒരു യുഎസ് പ്രസിഡന്റും പാകിസ്താന്‍ സൈനിക
മേധാവിയും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായായിരുന്നു അസിം മുനീര്‍ വാഷിങ്ടണിലെത്തിയത്. യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദര്‍ശനം. പാകിസ്താനില്‍ സുസ്ഥിരമായ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി പാകിസ്താന്‍ പൗരന്മാര്‍ അസിം മുനീര്‍ സാമസിക്കുന്ന ഹോട്ടലിന് പുറത്തും വാഷിങ്ടണിലെ പാകിസ്താന്‍ എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു.
CONTENT HIGH LIGHTS; Peace in the Eagle’s Eye?: Pakistan recommends Donald Trump for the Nobel Peace Prize?; Is Pakistan an American slave?; Trump’s intelligence will not be used to make India defensive