കാലവര്‍ഷക്കാലത്ത് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും നിറയുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകളില്‍ ചുവന്ന മഷി പുരണ്ട അണക്കെട്ടുകളുടെ എണ്ണം കൂടി വരികയാണ്. ഷട്ടറുകള്‍ തുറക്കുമ്പോള്‍, വൃഷ്ടി പ്രദേശങ്ങളില്‍ അണമുറിയാതെ മഴ ലഭിക്കുമ്പോഴെല്ലാം മുന്നറിയിപ്പുകളുടെ ശക്തി വര്‍ദ്ധിക്കും. മഴക്കാലങ്ങളെ ദുരന്ത കാലങ്ങള്‍ എന്നുകൂടി അടയാളപ്പെടുത്തേണ്ടതുണ്ട്. കാരണം, വെള്ളപ്പൊക്കം മുതല്‍ പ്രകൃതി ക്ഷോഭങ്ങളുടെ നീണ്ട നിരതന്നെയുണ്ടാകും. ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്
കേരളത്തിലെ അണക്കെട്ടുകളാണ്. വൈദ്യുതി നിര്‍മ്മാണത്തിനും, കാര്‍ഷിക വൃത്തിക്കും, മറ്റു ഉപജീവന മാര്‍ഗങ്ങള്‍ക്കുമായി അണക്കെട്ടുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അണക്കെട്ടുകള്‍ ജലസംഭരണത്തിനു മാത്രമല്ല ഉപയോഗിക്കുന്നത് എന്നതാണ് വസ്തുത. വന്യമൃഗ സംരക്ഷണം വന സംരക്ഷണം, പ്രകൃതി സംരക്ഷണം, വിനോദ സഞ്ചാര മേകലയുടെ പരിപോഷണം എന്നിവയ്ക്കു കൂടി ഉപയോഗിക്കുന്നുണ്ട്. അണക്കെട്ടുകളുടെ മനോഹാരിത അറിയണമെങ്കില്‍ അങ്ങോട്ടേക്ക് യാത്ര ചെയ്‌തേ മതിയാകൂ. ചെറുതും
വലുതുമായി നിരവധി അണക്കെട്ടുകളാണ് കേരളത്തിലുള്ളത്. മൊത്തം അറുപതോളം ഡാമുകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഡാമുകളുള്ളത് ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ്. ഇത്രയധികം ഡാമുകള്‍ ഉള്ള കേരളത്തില്‍ ചില ഡാമുകള്‍ അതിമനോഹരമായി പരിപാലിക്കുന്നവരായണ്. വിനോദസഞ്ചാരത്തിന് യോഗ്യമായവ. അത്തരം ഡാമുകളില്‍ പ്രധാനപ്പെട്ട ചില അണക്കെട്ടുകളെ കുറിച്ച് അറിയാം.
- നെയ്യാര്‍ ഡാം
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ കള്ളിക്കാടില്‍ നെയ്യാര്‍ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന;അണക്കെട്ടാണ്‌നെയ്യാര്‍ അണക്കെട്ട്. 1958-ല്‍ നിര്‍മ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാര്‍ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകള്‍ നെയ്യാര്‍ ഡാമിന് അതിര്‍ത്തി തീര്‍ക്കുന്നു. സുന്ദരമായ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളില്‍ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂര്‍, കാട്ടാന, സാമ്പാര്‍ മാന്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രധാന ആകര്‍ഷണങ്ങള്‍ : ലയണ്‍ സഫാരി, ബോട്ട് യാത്ര, മാന്‍ പാര്‍ക്ക്, സ്റ്റീവ് ഇര്‍വിന്‍ സ്മാരക മുതല വളര്‍ത്തല്‍ കേന്ദ്രം(മുതലകളെ കൂട്ടില്‍ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു), നീന്തല്‍ക്കുളം, കാഴ്ചമാടം, കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയില്‍ (തടവറയില്ലത്ത ജയില്‍), കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം), ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം).
- തെന്മല ഡാം
കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂര്‍ -ചെങ്കോട്ട ( തമിഴ്‌നാട് ) റൂട്ടില്‍ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസര്‍വോയര്‍ ഏരിയായും ഈ ഡാമിനുണ്ട്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടില്‍ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്.
- ഇടുക്കി ആര്‍ച്ച് ഡാം
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയില്‍ പെരിയാര്‍ നദിക്കു കുറുകെ നിര്‍മിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്(ഇടുക്കി ആര്‍ച് ഡാം). വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകള്‍ നിര്‍മ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നത്. ഇടുക്കി ഡാമില്‍ സഞ്ചാരികള്‍ക്ക് ചില സമയങ്ങളില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക.
- മാട്ടുപ്പെട്ടി ഡാം
ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തില്‍ മാട്ടുപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത് . വൈദ്യുതോല്പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാല്‍വ് സ്ഥാപിച്ചിട്ടുണ്ട്. മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദര്‍ശിക്കാന്‍ വളരെയധികം സഞ്ചാരികള്‍ വരാറുണ്ട്. ഡാമിന്റെ ആകര്‍ഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും അണക്കെട്ടില്‍ സാധ്യമാകുന്ന സ്പീഡ് ബോട്ട് സഞ്ചാരവുമാണ്. സുപ്രസിദ്ധമായ എക്കോ പോയിന്റ് ഇവിടെയാണ്.
- ഇടമലയാര്‍ ഡാം
എറണാകുളം ജില്ലയില്‍ ഇടമലയാര്‍ ഫോറെസ്‌റ് ഡിവിഷനില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ഭൂതത്താന്‍ കെട്ടിനു സമീപം പെരിയാറിന്റെ പോഷക നദിയായ ഇടമലയാറിനു കുറുകെ നിര്‍മിച്ച അണക്കെട്ടാണ് അണക്കെട്ടാണ് ഇടമലയാര്‍ അണക്കെട്ട്. 1985 ല്‍ ഇടമലയാര്‍ ജല വൈദ്യുത പദ്ധതി , യുടെ ഭാഗമായി നിര്‍മ്മിച്ച ഈ അണക്കെട്ടിനു 373 മീറ്റര്‍ നീളവും, 102 മീറ്റര്‍ ഉയരവുമുണ്ട്.
- ഭൂതത്താന്‍കെട്ട്
എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താന്‍കെട്ടില്‍ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താന്‍ കെട്ട്. കോതമംഗലം – തട്ടേക്കാട് വഴിയില്‍ കീരംപാറ കവലയില്‍ നിന്ന് ഇടത്തോട്ട് ഇടമലയാര്‍വഴിയില്‍ 5 കിലോമീറ്റര്‍ അകലെയാണ് ഭൂതത്താന്‍ കെട്ട് സ്ഥിതി ചെയ്യുന്നത്.
- ഷോളയാര്‍ ഡാം
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി – വാള്‍പ്പാറ – ആളിയാര്‍ റൂട്ടില്‍ വാഴച്ചാല്‍ ഫോറെസ്‌റ് ഡിവിഷനില്‍ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ മലക്കപ്പാറക്കു സമീപമായി നിര്‍മിച്ച അണക്കെട്ടാണ് ഷോളയാര്‍ അണക്കെട്ട് അഥവാ ലോവര്‍ ഷോളയാര്‍ അണക്കെട്ട് (Lower Sholayar Dam). 66 മീറ്റര്‍ ഉയരവും 430 മീറ്റര്‍ നീളവുമുള്ള പ്രധാന അണക്കെട്ടിനൊപ്പം 28 മീറ്റര്‍ ഉയരവും 259 മീറ്റര്‍ നീളവുമുള്ള ഷോളയാര്‍ ഫ്‌ലാങ്കിംഗ് ഡാമും 18.59 മീറ്റര്‍ ഉയരവും 109 മീറ്റര്‍ നീളവുമുള്ള ഷോളയാര്‍ സാഡില്‍ ഡാമും ഈ പദ്ധതിയുടെ ഭാഗമാണ്. 1965-ലാണ് ഈ ഡാമുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റര്‍ കിഴക്കായി ആണ് ഷോളയാര്‍ ഡാം. മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവര്‍ ഷോളയാര്‍ ഡാം സ്ഥിതിചെയ്യുന്നത്. എന്നാല്‍, തമിഴ്‌നാട്ടിലെ അപ്പര്‍ ഷോളയാര്‍ ഡാം മലക്കപ്പാറയില്‍നിന്ന് വാല്‍പ്പാറയിലേക്കുള്ള വഴിയില്‍ ഏകദേശം 5 കിലോമീറ്റര്‍ (3.1 മൈല്‍) ദൂരത്തില്‍ സ്ഥിതിചെയ്യുന്നു.
- പീച്ചി ഡാം
തൃശ്ശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പീച്ചിയില്‍ കരുവന്നൂര്‍ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി – വാഴാനി വന്യജീവി സംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. തൃശ്ശൂരില്‍ നിന്ന് പാലക്കാട്‌ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാല്‍ പീച്ചിറോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റര്‍ തെക്കോട്ടു പോയാല്‍ ഇവിടെയെത്താം. തൃശ്ശൂര്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സര്‍വീസുണ്ട്. രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളില്‍ ബസുകളുണ്ട്. പാലക്കാട് നിന്നും വരുന്ന സഞ്ചാരികള്‍ക്ക് പട്ടിക്കാട് നിന്ന് പീച്ചിയിലേക്ക് ബസ് കിട്ടും. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. 20 രൂപയാണ് പ്രവേശന നിരക്ക്. കുട്ടികള്‍ക്ക് 10 രൂപ. സഞ്ചാരികള്‍ക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്. പകല്‍സമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയില്‍ താമസസൗകര്യം ലഭ്യമല്ല.
- മലമ്പുഴ ഡാം
പാലക്കാടിനു സമീപം മലമ്പുഴയില്‍ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കല്‍പ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്. ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്. 1955-ലാണ് ഇതു നിര്‍മ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേര്‍ന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്.
പ്രധാന ആകര്‍ഷണങ്ങള്‍ : മലമ്പുഴ അണക്കെട്ട്, നദി, പര്‍വ്വത പശ്ചാത്തലം, മലമ്പുഴ ഉദ്യാനം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇക്കോ പാര്‍ക്ക്, ജപ്പാന്‍ ഗാര്‍ഡന്‍, ഫ്രെഷ് വാട്ടര്‍ അക്വേറിയം, സ്‌നേക്ക് പാര്‍ക്ക്, റോപ്പ് വേ, ഫാന്റസി പാര്‍ക്ക്, സ്പീഡ് ബോട്ട് സവാരി, തൂക്കുപാലം, യക്ഷി – കാനായി കുഞ്ഞിരാമന്റെ ശില്പം.
- പോത്തുണ്ടി ഡാം
പാലക്കാട് ജില്ലയില്‍ നെന്മാറ – നെല്ലിയാമ്പതി പാതയില്‍ നെന്മാറ ഗ്രാമപഞ്ചായത്തിലെപോത്തുണ്ടിയില്‍ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂര്‍പ്പുഴയുടെ കൈവഴികളായ മീന്‍ചാടി, ചാടി എന്നീ പുഴകളില്‍ നിര്‍മിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. പാലക്കാട് പട്ടണത്തില്‍ നിന്നും 42 കിലോമീറ്ററും നെന്മാറയില്‍ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളില്‍ ഒന്നാണ്. 1672 മീറ്റര്‍ നീളമുള്ള അണക്കെട്ടിനു മുകളില്‍ 8 മീറ്റര്‍ വീതിയും താഴെ 154 മീറ്റര്‍ വീതിയുമാണുള്ളത്. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകള്‍ പോത്തുണ്ടിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ്.
- കാഞ്ഞിരപ്പുഴ ഡാം
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയില്‍ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്. പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാര്‍ക്കാട് വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട് ചേര്‍ന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരില്‍ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമില്‍ ബോട്ട് സര്‍വ്വീസും, കുട്ടയിലെ ജലഗതാഗതവും
സഞ്ചാരികള്‍ക്കായി ലഭ്യമാണ്. ഈ ഡാമില്‍ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടന്‍ മല സ്ഥിതി ചെയ്യുന്നത്.
- കാരാപ്പുഴ ഡാം
വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജില്‍ കാരാപ്പുഴയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ്കാരാപ്പുഴ അണക്കെട്ട്’ കല്പറ്റയില്‍ നിന്നും 20 കിലോമീറ്ററും ബത്തേരിയില്‍ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 – ലുള്ള കാക്കവയലില്‍ നിന്നും 8 കിലോമീര്‍ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കല്‍ ഗുഹയിലേക്ക് അണക്കെട്ടില്‍ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
- ബാണാസുര സാഗര്‍ ഡാം
വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തില്‍ പശ്ചിമഘട്ടത്തില്‍ കബിനി നദിയുടെ പോഷകനദിയായ പനമരം പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ അണക്കെട്ട്. 1979-ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് ട്രെക്കിംഗ് നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം. ഒരു വിനോദസഞ്ചാര ആകര്‍ഷണവുമാണ് ഇവിടം. അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയില്‍ ആഴ്ത്തിയപ്പോള്‍ അണകെട്ടിനകത്തു ഏതാനും ദ്വീപുകള്‍ രൂപപ്പെട്ടു. ബാണാസുരസാഗര്‍ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകള്‍ പ്രകൃതിരമണീയമാണ്.
- കക്കയം ഡാം
കോഴിക്കോട് നഗരത്തില്‍ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയില്‍ നിര്‍മിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട് . വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിര്‍മിച്ചതാണ് ഇത്. കക്കയം അണക്കെട്ടില്‍ നിന്നും കക്കയം പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടില്‍ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു. പെരുവണ്ണാമുഴി , കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാര്‍ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.
- പഴശ്ശി ഡാം
കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂരിന് അടുത്ത് ഇരിക്കൂര്‍ – ഇരിട്ടി സംസ്ഥാനപാതയില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുയിലൂര്‍ എന്ന പ്രദേശത്ത് വളപട്ടണം നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് പഴശ്ശി ഡാം. കുയിലൂര്‍ എന്ന പ്രദേശത്ത് ഉള്ളതിനാല്‍ കുയിലൂര്‍ അണക്കെട്ട് എന്നും പേര്‍ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജലസേചന പദ്ധതി (പഴശ്ശി ജലസേചന പദ്ധതി) എന്ന നിലയിലാണ് ഈ അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ മയ്യഴി (മാഹി) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടക് മലകളില്‍ നിന്നും വയനാടന്‍ കാടുകളില്‍ നിന്നും ഒഴുകിവരുന്ന വളപട്ടണം പുഴയ്ക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇതിന്റെ ഒരു കര ഇരിട്ടി താലൂക്കിലെ കുയിലൂര്‍ പ്രദേശവും മറുകര തലശ്ശേരി താലൂക്കിലെ വെളിയമ്പ്രയും ആണ്.
CONTENT HIGH LIGHTS; Have you seen the amazing dams of Kerala?: Natural and scenic paradises of tourism?; From Idukki Arch Dam to Neyyar Dam; Must see its special features?