സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിർമാണം നടത്തുമെന്ന സർക്കാർ വാഗ്ദാനം പാതിവഴിയിൽ തുടരുകയാണ്. ഇപ്പോഴിതാ ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. മന്ത്രിസഭ യോഗ തീരുമാനമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, സർക്കാരിൻ്റെ വാദം ഹൈക്കോടതി തള്ളി. നിയമനിർമാണത്തിൽനിന്ന് പിന്മാറുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണേടേ.
അന്ധവിശ്വാസത്തിൻ്റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന ആചാരങ്ങളെല്ലാം കുറ്റകൃത്യമാക്കി നിയമപരിഷ്കരണ കമ്മിഷൻ സമഗ്ര റിപ്പോർട്ട് 2021ലാണ് സർക്കാരിന് സമർപ്പിച്ചത്.അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുെയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനാലായിരുന്നു പ്രത്യേക നിയമ നിർമാണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിൻ്റെ മറവിൽ ലൈംഗികപീഡനം പോലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. നരബലിയുടെ പേരിൽ കൊലപാതകങ്ങൾ നടത്തുന്നവരുമുണ്ട്.
ഇതിനെതിരെ കരട് നിയമം തയ്യാറായതാണ്.കരട് നിയമ പ്രകാരം ദുർമന്ത്രവാദവും കൂടോത്രവും നടത്തുന്നവർക്ക് ഇത് പ്രകാരം ഏഴ് വർഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സർക്കാർ നിർദേശപ്രകാരമാണ് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ ശിപാർശകൾ കൈമാറിയത്. എന്നാൽ, ഇതിനായുള്ള നിയമനിർമാണവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ഇപ്പോൾ സർക്കാർ നിലപാട്.
2019ൽ കരട് രൂപം തയ്യാറായെങ്കിലും 2022ൽ ഇലന്തൂരിൽ നടന്ന മനുഷ്യബലിയുടെ ഞെട്ടിക്കുന്ന സംഭവം ഈ നിയമനിർമാണത്തിൻ്റെ ആവശ്യകതയെ വീണ്ടും പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിനെത്തുടർന്ന്, ഒരു നിയമം വേഗത്തിൽ കൊണ്ടുവരണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിയമം കൊണ്ടുവരണമെന്ന് സർക്കാർ പൊതുവിൽ അംഗീകരിക്കുന്നുണ്ടെങ്കിലും, മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്താതെ ഒരു നിയമം എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ സർക്കാരിനുണ്ട്. ചില ആചാരങ്ങളെ അന്ധവിശ്വാസമായി കണക്കാക്കുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാകുമോ എന്ന ഭയമാണ് നിയമനിർമാണത്തിൽ നിന്ന് പിന്മാറാന സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.
കേരള ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാരിനോട്, ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഒരു നിയമനിർമാണം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു. 2022ൽ സർക്കാർ ഒരു നിയമനിർമാണം ആലോചിക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു, അതിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
കരട് ബില്ലിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്: നരബലി പൂർണമായും നിരോധിക്കുക, പ്രേതബാധ ഒഴിപ്പിക്കൽ, മാന്ത്രിക ചികിത്സകൾ തുടങ്ങിയവയുടെ പേരിൽ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ ഏൽപ്പിക്കുന്നത് കുറ്റകരമാക്കുക, അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിക്കുകയോ സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് തടയുക, രോഗങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടുന്നതിൽനിന്ന് ആളുകളെ തടയുന്നത് ശിക്ഷാർഹമാക്കുക, മാസമുറയുള്ള സ്ത്രീകളെ മാറ്റിനിർത്തുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിരോധിക്കുക, ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ തടവും പിഴയും ഏർപ്പെടുത്തുക.
അതേസമയം മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിക്കാതെ, ചൂഷണം ചെയ്യപ്പെടുന്ന അന്ധവിശ്വാസങ്ങളെ മാത്രം എങ്ങനെ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരും എന്നതാണ് നിയമനിർമ്മാണത്തിന് നേരിടുന്ന പ്രധാന വെല്ലുവിളി. നിയമം പാസാക്കുന്നതിന് വിവിധ മതവിഭാഗങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.
മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. നിയമ നിർമാണം ആവശ്യമാണെന്ന കെ ടി തോമസ് കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ തുടർ നടപടി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ 50 വർഷത്തിനിടെ കേരളത്തിൽ കാണാതായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രവാദവും ആഭിചാരവുമടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്നതും ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെ ഇത്തരം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും പേരിൽ നടക്കുന്ന ചൂഷണങ്ങൾ, ശാരീരിക ദ്രോഹങ്ങൾ, നരബലി പോലുള്ള ക്രൂരകൃത്യങ്ങൾ എന്നിവ തടയുകയും പൊതുജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം നിയമങ്ങളുടെ പ്രധാന ലക്ഷ്യം. ജനങ്ങളിൽ ശാസ്ത്രബോധവും മാനവികതയും വളർത്തേണ്ടത് ഭരണഘടനയുടെ മൗലിക കടമകളിൽ ഒന്നായി (ആർട്ടിക്കിൾ 51A(h)) എടുത്തുപറയുന്നുണ്ട്. ആഭിചാരവും നിരോധിച്ച് നിയമനിർമാണം നടത്തണോ എന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ടെന്നും ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ നിർദേശം നൽകാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പൊതുതാൽപര്യ ഹർജി ജൂലൈ 15ലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാൽ ഇന്ത്യയിൽ ഇത്തരം ദുരാചാരങ്ങൾക്കെതിരെ നിയമനിർമ്മാണം നടന്നിട്ടുണ്ട്. കർണാടകയും മഹാരാഷ്ട്രയുമാണ് ആ രണ്ട് സംസ്ഥാനങ്ങൾ.
മഹാരാഷ്ട്ര: 2013ൽ മഹാരാഷ്ട്ര “Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act” എന്ന നിയമം പാസാക്കി. അന്ധവിശ്വാസങ്ങൾ ചൂഷണം ചെയ്ത് ആളുകളെ കബളിപ്പിക്കുക, ശാരീരികമായി ഉപദ്രവിക്കുക, നരബലി നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ നിയമപ്രകാരം കുറ്റകരമാണ്.
കർണാടക: 2017ൽ കർണാടക “Karnataka Prevention and Eradication of Inhuman Evil Practices and Black Magic Act” എന്ന നിയമം കൊണ്ടുവന്നു. ഇത് മതപരമായ ആചാരങ്ങളുടെ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും കറുത്ത മാന്ത്രികവിദ്യകളെയും നിരോധിക്കുന്നു. ബിഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, രാജസ്ഥാൻ, അസം: ഈ സംസ്ഥാനങ്ങളിൽ മന്ത്രവാദം ആരോപിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടയാൻ പ്രത്യേക നിയമങ്ങളുണ്ട്. ഇതിനെ “വിച്ച്-ഹണ്ടിങ്” (മന്ത്രവാദി വേട്ട) എന്നാണ് സാധാരണയായി പറയാറ്.
നിയമത്തിൻ്റെ പ്രധാന വ്യവസ്ഥകൾ
ഈ നിയമങ്ങളിൽ സാധാരണയായി ഉൾപ്പെടുന്ന ചില പ്രധാന വ്യവസ്ഥകൾ ഇവയാണ്:
നരബലി നിരോധനം: നരബലി പൂർണമായും നിരോധിച്ചിരിക്കുന്നു. ഇത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതക കുറ്റമായും പരിഗണിക്കപ്പെടും.
മാന്ത്രിക ചികിത്സകൾ നിരോധിക്കൽ: രോഗങ്ങൾ ഭേദമാക്കാൻ മാന്ത്രിക വിദ്യകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ശാസ്ത്രീയമായ ചികിത്സ തേടുന്നതിൽനിന്ന് ആളുകളെ തടയുന്നതും കുറ്റകരമാണ്.
അന്ധവിശ്വാസ ചൂഷണം: അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ ഭയപ്പെടുത്തുകയോ, കബളിപ്പിക്കുകയോ, സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്.
ശാരീരിക ഉപദ്രവങ്ങൾ: പ്രേതബാധ ഒഴിപ്പിക്കൽ, ദുർമന്ത്രവാദം എന്നിവയുടെ പേരിൽ ആളുകളെ കെട്ടിയിടുക, തല്ലിച്ചതയ്ക്കുക, ചൂടുള്ള വസ്തുക്കൾ കൊണ്ട് പൊള്ളിക്കുക തുടങ്ങിയ ശാരീരിക ഉപദ്രവങ്ങൾ നിരോധിച്ചിരിക്കുന്നു.
മന്ത്രവാദി ആരോപണം: ഒരാളെ “മന്ത്രവാദി” എന്ന് മുദ്രകുത്തി അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കേരള നിയമപരിഷ്കരണ കമ്മിഷൻ, “ദി കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ, 2019” എന്ന പേരിൽ സമർപ്പിച്ച കരട് മഹാരാഷ്ട്രയിലെയും കർണാടകയിലെയും സമാന നിയമങ്ങളുടെ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.