കോട്ടയം: നാളികേരത്തിന് വില ഉയർന്നിട്ടും വെള്ളയ്ക്ക തുരപ്പൻ പുഴു കാരണം ഉൽപാദനക്കുറവ് സംഭവിച്ചു. ഇതോടെ കർഷകർക്ക് ലാഭം ലഭിക്കാതെ പോവുകയും ചെയ്യുന്നു. വിവിധയിടങ്ങളിൽ വെള്ളക്ക വ്യാപകമായി നശിച്ചതോടെ കർഷകർ നടത്തിയ പരിശോധനയിലാണ് പുഴുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
തേങ്ങക്ക് വിലവർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ വെള്ളക്ക പരുവത്തിൽ അവയെ നശിപ്പിക്കുന്ന പുഴുക്കളുടെ വിളയാട്ടം കേര കർഷകർക്ക് തലവേദനയായി തീർന്നിട്ടുണ്ട്. രണ്ടിഞ്ച് വലിപ്പമുള്ള പുഴുക്കൾ വെള്ളക്ക തുരന്ന് കാമ്പ് വ്യാപകമായി നശിപ്പിക്കുകയാണ്.
സാധാരണ കർണാടകയിലെ മൈസൂരു, മാണ്ഡ്യ തുടങ്ങിയിടങ്ങളിലാണ് ഇത്തരം പുഴുക്കളെ കാണുന്നതെന്ന് കർഷകർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവയുടെ സാന്നിധ്യം ചിലയിടങ്ങളിൽ കണ്ടെങ്കിലും കുറേനാളായി വലിയ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും അവയുടെ ശല്യം വ്യാപിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു.
മുൻഭാഗത്ത് ഓറഞ്ച് കലർന്ന ബ്രൗൺ നിറവും പിൻഭാഗത്ത് തവിട്ടു കലർന്ന കറുപ്പു നിറത്തോടെയും കൂടിയതാണ് പുഴു. മുൻ ചിറകുകളിൽ മധ്യഭാഗത്തായി കറുത്ത നിറത്തിലുള്ള പൊട്ടും കാണാം. ‘സൈക്ലോഡസ് ഒമ്മ’ എന്ന ശാസ്ത്രീയനാമത്തിലാണ് ഇവ അറിയപ്പെടുന്നത്.
തെങ്ങിൽ മാത്രമല്ല തെങ്ങിന്റെ കുടുംബത്തിൽപെടുന്ന മറ്റു വൃക്ഷങ്ങളെയും ഇവ ആക്രമിക്കും. വെള്ളയ്ക്ക പൂർണമായും തുരന്നുനശിപ്പിക്കുന്നതാണ് ഇതിന്റെ രീതി. 2021 ൽ കടുത്തുരുത്തി, കല്ലറ ഭാഗങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ ജില്ലയിലെ പല ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. തേങ്ങാകുലകളിലെ മുഴുവൻ വെള്ളയ്ക്കയും ഇവ നശിപ്പിക്കുകയാണ്.
നാളികേര വില കിലോക്ക് 65 രൂപയുടെ കുതിപ്പിലാണെങ്കിലും ഉൽപാദനക്കുറവ് കാരണം കർഷകർക്ക് നേട്ടമില്ലാതാകുന്ന അവസ്ഥയുമുണ്ട്. കോഴിക്കോട്ടെ മലയോര മേഖലയിൽ നാളികേര ഉൽപാദനം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉൽപാദനക്കുറവ് കാരണം ഇപ്പോഴത്തെ മികച്ച വില പോലും കർഷകർക്ക് മികവായി മാറുന്നില്ല. പലയിടങ്ങളിലും മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള രോഗബാധയിൽ തെങ്ങ് കൃഷി നശിച്ചുകൊണ്ടിരിക്കുകയാണ്.
രോഗബാധയെ പ്രതിരോധിക്കാൻ കർഷകർക്ക് കഴിയുന്നുമില്ല. തെങ്ങിന് രോഗം ബാധിച്ച് കണ്ണീരിലായ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന കൃഷി വകുപ്പിന് ഫലപ്രദമായ പദ്ധതികളൊന്നുമില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃഷിയിട സന്ദർശനത്തിലൊതുങ്ങുന്നതാണ് പ്രതിരോധ നടപടികൾ.