1975 ജൂൺ 25, രാജ്യത്തെ നടുക്കിയ ആ പ്രഖ്യാപനം, അടിയന്തിരാവസ്ഥ… പിന്നീടുള്ള 21 മാസം രാജ്യം കണ്ടത് അധികാര വർഗ്ഗത്തിന്റെ അടിച്ചമർത്തലുകളായിരുന്നു.രാഷ്ട്രീയ എതിരാളികളെ നക്‌സലേറ്റുകളാക്കി, വിദ്യാര്‍ഥികള്‍ പോലീസിന്റെ ലാത്തിക്ക് ഇരയായി……രാജ്യം മുഴുവൻ കലാപ കലുഷിതമായി.
എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയിൽ വയ്‌ക്കാം, പീഡിപ്പിക്കാം. ഒരു കോടതിയിലും ഹാജരാക്കേണ്ട. ജനാധിപത്യപരമായ പൗരാവകാശങ്ങളുടെ പരിപാലനത്തിനുള്ള രാഷ്ട്രത്തിന്‍റെ ഭരണഘടയിലെ 14-ാം വകുപ്പും ജീവനും സ്വത്തിനും ഉറപ്പ് നൽകുന്ന 21-ാം വകുപ്പും റദ്ദാക്കി. കാരണം കാണിക്കാതെ ആളുകളെ അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വെക്കാനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന 22-ാം വകുപ്പും ദുർബലപ്പെടുത്തി.
പേയിളകിയപോലെ ഇറങ്ങിയ കാക്കിപ്പടയുടെ നരനായാട്ടിൽ നാടാകെ ഞെട്ടിവിറച്ചു. എന്ത് സംഭവിച്ചാലും പുറത്തറിയില്ല. പൊലീസിൻ്റെ അതിരുവിട്ട നടപടികളൊന്നും റിപ്പോർട്ട് ചെയ്യാനേ പാടില്ല. അതായിരുന്നു ഇന്ദിര നയം.
ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. രാജ്യത്തെങ്ങും സമുന്നത നേതാക്കൾ മുതൽ വിദ്യാർഥി സംഘടനാ പ്രവർത്തകരെ വരെ പൊലീസ് വേട്ടയാടി. പലയിടത്തും പ്രക്ഷോഭകരെ പൊലീസ് തോക്കും ലാത്തിയുമായി നേരിട്ടു. നിരവധി വിദ്യാർഥികളെ ഇന്ത്യൻ പ്രതിരോധ നിയമം അനുസരിച്ച് കേസ് ചുമത്തി ജയിലിലാക്കി.
ഇങ്ങ് കേരളത്തിലും ചില ചെറുത്തുനിൽപ്പുകൾ ഉണ്ടായി..അടിയന്തരാവസ്ഥയിലെ കേരളത്തിലെ പ്രതിഷേധങ്ങൾ ഇന്നും ചരിത്രഏടുകളിൽ കാണാം. വിദ്യാർത്ഥികളും തൊഴിലാളികളും സ്ത്രീകളും ഉൾപ്പെടെ പ്രതിഷേധവുമായി തെരുവിലിറങ്ങി . പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾ, തൊഴിലാളി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ കേരളത്തിലെ നിയമസഭയെ വരെ പിടിച്ചു കുലുക്കി. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരമായ അടിച്ചമർത്തലുകൾക്ക് ഇവരും ഇരകളായി.
കോളജ് ക്യാംപസുകളിൽ നിന്നുയർന്ന പ്രതിഷേധം, തൊഴിൽശാലകളിലേയ്ക്കും മറ്റ് സാമൂഹിക ഇടങ്ങളിലേയ്ക്കും അലയടിച്ചു. അടിയന്തരാവസ്ഥയെ പിന്തുണച്ച സിപി ഐ, കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളും അവരുടെ സംഘടനകളും അധികാരം നന്നായി മുതലെടുത്തു. എന്നാൽ കേരളത്തിലെ മറ്റ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥികളും തൊഴിലാളി സംഘടനകളും സ്ത്രീകൾ ഉൾപ്പടെ പോരാട്ടരംഗത്തായിരുന്നു. സെൻസർഷിപ്പിന്റെ മറവിൽ അതെല്ലാം മറച്ചുവെയ്ക്കാൻ തൽക്കാലത്തേയ്ക്ക് ഭരണകൂട സംവിധാനങ്ങൾക്ക് സാധിച്ചുവെങ്കിലും പ്രതിഷേധങ്ങളുടെ ചരിത്രം പിന്നീട് സ്വർണ്ണലിപിയിൽ തന്നെ അടയാളപ്പെടുത്തി
അടിയന്തരാവസ്ഥക്കെതിരെ ആദ്യം രംഗത്തിറങ്ങിയതും പോരാടിയതും വിദ്യാര്‍ഥികളായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളജ്, വടകര ഗവ. മടപ്പള്ളി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പൗരാവകാശ നിഷേധത്തിനെതിരെ ആദ്യമായി ശബ്ദമുയർത്തിയത്.
അഞ്ചാം നാള്‍, ജൂലൈ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി മാര്‍ച്ച് നടന്നു. ജൂണ്‍ 30 ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രഹസ്യമായി യോഗം ചേര്‍ന്നാണ് അടുത്ത ദിവസത്തെ മാര്‍ച്ചിനെപ്പറ്റി തീരുമാനം എടുത്തത്. 25 പേര്‍ യൂണിവേഴ്സിറ്റി കോളജില്‍ ഒന്നിച്ചു. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയായിരുന്നു പ്രകടനത്തിന്റെ ആസൂത്രകര്‍.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം.എ.ബേബി, ജി. സുധാകരന്‍, എം.വിജയകുമാര്‍ എന്നിവരായിരുന്നു നേതൃത്വം. പ്രകടനം ഏജീസ് ഓഫീസിന് മുന്നിലത്തെിയപ്പോള്‍ പൊലീസ് വളഞ്ഞു. പിന്നെ ക്രൂരമര്‍ദനം. 24 പേര്‍ അറസ്റ്റിലായി. ഇവരെ പൊലീസ് വാനിലിട്ടും കന്റോണ്‍മെന്‍റ് സ്റ്റേഷനിലിട്ടും മര്‍ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു മര്‍ദനം. അറസ്റ്റിലായവരെ ഒന്നരമാസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായവര്‍ക്ക് ജഡ്ജി ഫാത്തിമാബീവി ജാമ്യം അനുവദിച്ചു. എന്നാല്‍, 1976 ഫെബ്രുവരിയില്‍ ഹൈകോടതി ജാമ്യം റദ്ദാക്കി. 24 പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ മാത്രം 600 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെിരെ കേസെടുത്തു.
മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജായിരുന്നു അടിയന്തരാവസ്ഥയില്‍ വിദ്യാര്‍ഥി സമരത്തിൻ്റെ മറ്റൊരു കേന്ദ്രം . ഇവിടെ ഫീസ് വര്‍ധനക്കെതിരെയും ബി.കോം വിദ്യാർത്ഥി അബ്ദുള്‍ റസാഖ് എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 1976 ജൂലൈ 22 മുതല്‍ ഒരാഴ്ച പഠിപ്പുമുടക്ക് നടന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന ഉറപ്പില്‍ പഠിപ്പുമുടക്ക് പിന്‍വലിച്ചു. എന്നാല്‍, പ്രീഡിഗ്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് മുസ്തഫ ഉള്‍പ്പടെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തോടൊപ്പം ന്യൂമോണിയ പിടിപെട്ട് 1976 ആഗ്റ്റ് 16 ന് മുസ്തഫ രക്തസാക്ഷിയായി.
വിദ്യാര്‍ഥികള്‍ മറ്റൊരു സമര മുഖം തുറന്നത് പയ്യന്നൂര്‍ കോളജിലാണ്. ഇവിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പഠിപ്പു മുടക്ക് നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം, 26 ന്, കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രടനം നടത്തി. അറസ്റ്റിലായ പ്രവര്‍ത്തകരെ രാത്രിവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി വിട്ടയച്ചു.
തുടര്‍ ദിവസങ്ങളിലും ഇതേ നടപടി ആവര്‍ത്തിച്ചു. ജൂലൈ പത്തിന് സംസ്ഥാനത്തുടനീളം ധര്‍ണയ്ക്ക് എസ്.എഫ്.ഐ. ആഹ്വാനം ചെയ്തിരുന്നു. പയ്യന്നൂര്‍ കോളജില്‍ ധര്‍ണ ഉപരോധത്തിന്റെ രൂപം കൈക്കൊണ്ടു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. 16 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് വണ്ടിയിലിട്ട് മര്‍ദിച്ചു. ബൂട്ടുകൊണ്ട് ചവിട്ടി. ബയണറ്റുകള്‍കൊണ്ട് കുത്തി മുറിവേല്‍പിച്ചു.
ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ മൂന്ന് വനിതാ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ മുന്നില്‍ കിടന്നു പൊലീസ് വാഹനം തടഞ്ഞു. സി.പി. ലക്ഷ്മിക്കുട്ടി, ആലീസ് കുര്യന്‍, യശോദ എന്നിവരായിരുന്നു ആ വനിതാ പ്രവര്‍ത്തകര്‍.
ഗോവിന്ദവര്‍മ രാജയെ കൂടാതെ പി. നാരായണന്‍, കെ.പി. കൃഷ്ണന്‍, മൂവാരി, സുരേന്ദ്രന്‍ അടുത്തില തുടങ്ങിയവരായിരുന്നു അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ രണ്ടുദിവസം പയ്യന്നൂര്‍ ലോക്കപ്പിലിട്ട് മര്‍ദിച്ചു. പിന്നീട് കാസര്‍കോട് സബ്ജയിലിലേക്ക് മാറ്റി. ഇവര്‍ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരു മാസത്തിലേറെ നീണ്ട തടവിന് ശേഷം പയ്യന്നൂരിലെ വിദ്യാര്‍ഥികള്‍ മോചിതരായി. പയ്യന്നൂര്‍ കോളജിലുണ്ടായ അതിക്രമങ്ങളും വിദ്യാര്‍ഥികളെ ലോക്കപ്പില്‍ മര്‍ദിച്ചതും എ.കെ.ജി പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.
1975 ജൂലൈ 10 ന് കേരളത്തില്‍ പ്രതിപക്ഷമുന്നണിയും ജനസംഘവും ചേര്‍ന്ന് സംസ്ഥാന-ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രകടനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ടവരില്‍ ഒരാള്‍ സി.പി.എം. നേതാവായ സുശീല ഗോപാലനായിരുന്നു. ഈ പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി എ.കെ.ജി, ഇം.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.എം.ജോര്‍ജ്, ആര്‍.ബാലകൃഷ്ണപ്പിള്ള, കെ. ശങ്കരനാരയാണന്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അറസ്റ്റിലായി.
തിരുവനന്തപുരത്ത് മറ്റ് 29 പേര്‍ക്കൊപ്പം അറസ്റ്റിലായ സുശീല ഗോപാലനെ പൂജപ്പൂരയിലെ വനിതാ വാര്‍ഡിലാണ് അടച്ചത്. എറണാകുളത്ത് നിരോധനം ലംഘിച്ച എ.കെ.ജി. അടക്കമുള്ളവരെ പൂജപ്പുരയില്‍ കൊണ്ടുവന്നു. അക്കാലത്ത് രോഗം മൂലം അവശനായിരുന്നു എ.കെ.ജി. സുശീല ഗോപാലന്റെ സഹായം, രോഗിയും ജീവിത പങ്കാളിയുമായ തനിക്ക് വിട്ടുകിട്ടണമെന്ന് എ.കെ.ജി ജയിലില്‍ ശബ്ദമുയര്‍ത്തി.
ഒടുവില്‍ ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. ഒരാഴ്ചയാണ് സുശീല ഗോപാലന്‍ തടങ്കലില്‍ കഴിഞ്ഞത്. മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം സുശീലയും മോചിപ്പിക്കപ്പെട്ടു. മോചനത്തിന് ശേഷവും അടിയന്തരാവസ്ഥയില്‍ സുശീല ഗോപാലന്‍ അടങ്ങിയിരുന്നില്ല. കണ്ണൂര്‍ജില്ലയില്‍ പെരളശ്ശേരിയടക്കം വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു; യോഗങ്ങളില്‍ പങ്കെടുത്തു.
അടിയന്തരാവസ്ഥയില്‍ നിയമസഭക്കുള്ളില്‍ സ്ത്രീകളുടെ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധവും അരങ്ങേറി. 1976 ഫെബ്രുവരി 26 ന് നിയമസഭ കൂടുമ്പോള്‍ ആറു സ്ത്രീകള്‍ നിയസഭയിലെ സന്ദര്‍ശക ഗാലറിയിനിന്ന് മുദ്രാവാക്യം മുഴക്കി. സഭകുറച്ചു നേരത്തേക്കെങ്കിലും സ്തംഭിച്ചു.
കൊല്ലത്ത് നിന്ന് എല്ലാവരും ഒറ്റക്കൊറ്റക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കാനെന്ന വ്യാജേന എല്ലാവരും നിയമസഭയില്‍ കടന്നു. ആലപ്പുഴ എം.എല്‍.എ പുരുഷോത്തമന്‍ പിള്ളയുടെ പാസാണ് ഉപയോഗിച്ചത്.സഭയില്‍ അടിയന്തരാവസ്ഥക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഉടനെ ആറുപേരെയെും പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവര്‍ക്കും കസ്റ്റഡിയില്‍ മര്‍ദനമേറ്റു.
ചൂരല്‍ പിണച്ചുകെട്ടി മുതുകിന് അടിക്കുകയായിരുന്നു. സമരത്തിന് പിന്നിലെ തലച്ചോര്‍ ആരാണെന്ന് ചോദിച്ചായിരുന്നു മര്‍ദനം മുഴുവന്‍. ഒരാഴ്ച പൂജപ്പുര ജയിലില്‍ അടച്ചു. വിട്ടയച്ചെങ്കിലും കൊല്ലം, കൊട്ടാരക്കര ജയിലുകളില്‍ 90 ദിവസം ഇവർ തടവ് അനുഭവിച്ചു. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആറുപേര്‍ക്കും സി.പി.എം. പ്രവര്‍ത്തര്‍ സ്വീകരണം നല്‍കി.
1975-1977 കാലത്ത്, സ്ത്രീകളുടെ മറ്റൊരു സമരം നടന്നത് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളായ സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു. അടിയന്തരാവസ്ഥയില്‍ സ്ത്രീകള്‍ സംഘടിതമായി തൊഴിലിടം വിട്ടിറങ്ങി അവരുടെ നേതാക്കളുടെ മോചനം ആവശ്യപ്പെട്ടുവെന്നതിന് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്.
മന്ദാകിനി നാരായണനാണ് അടിയന്തരാവസ്ഥക്കെതിരെയും അതിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജയിലില്‍ ഒറ്റക്ക് സമരമുഖം തീര്‍ത്ത വ്യക്തി. നക്സലൈറ്റ് രാഷ്ട്രീയ നിലപാടുകളാണ് മന്ദാകിനിയെ ജയിലിടക്കാന്‍ ഭരണകൂടത്തിന് കാരണമായത്. തലശ്ശേി-പുല്‍പ്പള്ളി ഗൂഢാലോചനക്കേസിലും നേരത്തെ മന്ദാകിനിയെ ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നു. അടിയന്തരവസ്ഥയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ട മന്ദാകിനി ഓരോ നിമിഷവും പോരാടിയാണ് നിലകൊണ്ടത്. സഹതടവുകാരോട് രാഷ്ട്രീയം പറഞ്ഞു മന്ദാകിനി അവരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി. ജയിലവകാശങ്ങള്‍ നേടിയെടുക്കാന്‍ ഓരോ ഘട്ടത്തിലും ശബ്ദമുയര്‍ത്തി.
തിരുവനന്തപുരം സെന്‍ട്രജല്‍ ജയിലില്‍ കഴിയുന്ന മകള്‍ അജിതയെ കാണാനുള്ള മന്ദാകിനിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. വലിയ പ്രതിഷേധമുയര്‍ത്തിയ മന്ദാകിനി നിരാഹാര സമരം പ്രഖ്യാപിച്ചു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മന്ദാകിനിയുടെ സ്ഥിതി വഷളായി. ജയിൽ ഉദ്യോഗസ്ഥർ മന്ദാകിനിയുടെ വായില്‍ കരണ്ടി കയറ്റി ഭക്ഷണം കഴിപ്പിക്കാന്‍ ബലാല്‍ക്കാരമായി ശ്രമിച്ചു.
പുരുഷ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രമത്തെ മന്ദാകിനി ചെറുത്തതോടെ ഉന്തും തള്ളുമായി. ജയിലില്‍ ഒപ്പമുണ്ടായിരുന്ന നക്സലൈറ്റ് തടവുകാരി സി.ആര്‍. സുലോചനയും ഇടപെട്ടു. ജയിലര്‍മാര്‍ സുലോചനയെ മര്‍ദിച്ചു. മന്ദാകിനിയെ ഒറ്റൊക്കൊരു സെല്ലില്‍ അടച്ചു. അജിതയെ കാണാനുള്ള മന്ദാകിനിയുടെ സമരം വിജയിച്ചു അനുവാദം കിട്ടി. എകാന്ത തടവില്‍ നിന്ന് മോചിപ്പിക്കാനാവശ്യപ്പെട്ട് മന്ദാകിനി വീണ്ടും സമരം തുടങ്ങി. അതിനും ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. ഇതിന് ശേഷമാണ് അജിതയെ കാണാൻ മന്ദാകിനി പോകുന്നത്.
അടിയന്തിരാവസ്ഥ കാലത്ത് രണ്ട് പ്രതിഷേധങ്ങള്‍ക്കേ നിയമസഭ സാക്ഷ്യം വഹിച്ചുള്ളൂ. രണ്ടു തവണയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. 1976 ഫെബ്രുവരി 13 സഭ കൂടിയ ഉടന്‍ നിയസഭാംഗങ്ങളെ തടവലിടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതിന്റെ മുന്‍നിരയില്‍ കെ.ആര്‍. ഗൗരിയമ്മയും മൂവാറ്റുപുഴ എം.എല്‍.എ പെണ്ണമ്മ ജേക്കബും നിലകൊണ്ടു.
രണ്ടാമത്തെ പ്രതിഷേധം 1976 ഒക്ടോബര്‍ 15 നായിരുന്നു. കരുതല്‍ തടങ്കലില്‍ കഴിയുന്ന ചില നേതാക്കന്‍മാര്‍ ‘നിരാഹാരസത്യാഗഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് ഉളവാക്കിയ ഗുരുതരാവസ്ഥ ചര്‍ച്ച ചെയ്യുന്നതിന് ഇന്നത്തെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്’ റൂള്‍ 50 അനുസരിച്ച് നോട്ടീസ് നല്‍കിയവരില്‍ ഒരാള്‍ ഗൗരിയമ്മയായിരുന്നു. അനുമതി നിഷേധിച്ച് സ്പീക്കറുടെ റൂളിങ്ങ് ഉണ്ടായ ഉടനെ കെ. ആര്‍. ഗൗരി തങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് അറിയിച്ചു. ഗൗരിയും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാരും നിശബ്ദം സഭയില്‍ നിന്നിറങ്ങിപ്പോയി. ഈ പ്രതിഷേധത്തില്‍ പെണ്ണമ്മ ജേക്കബും പങ്കെടുത്തു
1975 ഓഗസ്റ്റ് 9 ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഭേദഗതി പ്രമേയത്തെ പെണ്ണമ്മ ജേക്കബ് എതിര്‍ത്തു. സഭയിലെ ഏറ്റവും ഉജ്വലയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.ആര്‍. ഗൗരിയെയും പിന്നിലാക്കുന്നുണ്ട് അടിയന്തരാവസ്ഥയില്‍ പെണ്ണമ്മ ജേക്കബ്.
അടിയന്തരാവസ്ഥയില്‍, ചെറുതെങ്കിലും രഹസ്യമായി കെട്ടിപ്പടുത്ത പാര്‍ട്ടിയുമായി മുന്നോട്ടുപോകാനായിരുന്നു നക്സലൈറ്റ് സംഘടനയായ സി.പി.ഐ (എം.എല്‍)ന്റെ ധാരണ. ഭരണകൂട മര്‍ദനം തുറന്ന രൂപത്തില്‍ ജനങ്ങള്‍ക്കുമേല്‍ വന്നതിനാല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനും സാധ്യമായ എല്ലാ രീതിയിലും അതിനെതിരെ പ്രവര്‍ത്തിക്കാനുമായിരുന്നു പാര്‍ട്ടി തീരുമാനം. 1976 ല്‍ “അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ‘കോമ്രോഡ്’ രണ്ട് ലക്കം ഇറങ്ങി.
ദുഷ്ടരായ നാടുവാഴിത്ത-ഭൂപ്രഭുക്കള്‍ക്കും ഭരണകൂടത്തിനുമെതിരെ ആക്രമണം അഴിച്ചുവിടനായിരുന്നു സി.പി.ഐ (എം.എല്‍) തീരുമാനം. അതിന്റെ ഭാഗമായി മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനാണ് തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം, 1975 സെപ്റ്റംബര്‍ 18ന് എറണാകുളം ജില്ലയില്‍ ആക്ഷന്‍ നടത്താനും സംസ്ഥാന കമ്മിറ്റി ധാരണയുണ്ടാക്കി. എന്നാല്‍, സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ മതിലകം സ്റ്റേഷനാക്രമണം അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു.
ആലപ്പുഴയില്‍ നക്സലൈറ്റുകള്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത് മാരാരിക്കുളം പൊലീസ് സ്റ്റേഷനായിരുന്നു. അതും അവസാന നിമിഷം ഒഴിവാക്കി. എന്നാല്‍, രണ്ടിടത്തും പൊലീസ് നക്സലൈറ്റ് നീക്കം മനസിലാക്കി. അതോടെ അറസ്റ്റുകളും പീഡനങ്ങളും തുടര്‍നടപടിയായി.
1975 സെപ്റ്റംബര്‍ 18 ന് എറണാകുളം ജില്ലയിലെ കുമ്പളത്തെ ജന്മിയെ നക്സലൈറ്റുകള്‍ ഉന്മൂലനം ചെയ്തു. 1974-75 കാലഘട്ടത്തില്‍ കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരം മക്കാരാജിനെയാണ് ലക്ഷ്യമിട്ടത്. തിരഞ്ഞെടുത്ത സ്ക്വാഡിന്റെ നേതൃത്വത്തില്‍ മക്കാരാജിനെ ഉന്മൂലനം ചെയ്യാനായിരുന്നു പദ്ധതി. നക്സലൈറ്റുകള്‍ എത്തുമ്പോള്‍ മക്കാരാജ് സ്ഥലത്ത് ഇല്ലായിരുന്നു. അതിനാല്‍ സംഘം തിരിച്ചുപോരാന്‍ ഇറങ്ങി. അപ്പോള്‍ മക്കാരാജിന്റെ സഹോദരന്‍ അബുഹാജി കോടാലിയുമായി പാഞ്ഞത്തെി, നക്സലൈറ്റ് സംഘത്തിനെതിരെ വെല്ലുവിളി മുഴക്കി. സംഘാംഗങ്ങളില്‍ ചിലരെ അയാള്‍ക്ക് നേരിട്ട് അറിയാം. അബുഹാജിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതുള്ളതുകൊണ്ടും വെറുതെ വിട്ടാല്‍ പോലീസിന് വിവരം നല്‍കും എന്നതുള്ളതുകൊണ്ടും നക്സലൈറ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി.
കുമ്പളത്തിന് ശേഷം കൂരാച്ചുണ്ട് സ്റ്റേഷന്‍ ആക്രമിക്കാന്‍ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള നക്സലൈറ്റുകള്‍ തീരുമാനിച്ചു. 1976 ഫെബ്രുവരി 28 ന് നക്സലൈറ്റുകള്‍ സ്റ്റേഷന്‍ ആക്രമിച്ചു എം.എം. സോമശേഖരന്‍, അച്യുതന്‍, വി.കെ. പ്രഭാകരന്‍, അശോകന്‍, ടി.ടി.സുഗതന്‍, രാഘവന്‍, വത്സരാജന്‍, കൊച്ചുരാജന്‍ , അപ്പുകുട്ടി കെ.കെ. ദാമു, കുന്നേല്‍ കൃഷ്ണന്‍, ഭരതന്‍ എന്നിവരാണ് സ്ക്വാഡ് അംഗങ്ങള്‍.
ഇരുപതില്‍ താഴെ പ്രായമുള്ളവരാണ് സംഘത്തില്‍ ആറുപേര്‍. രാത്രി രണ്ടുമണിക്ക് സ്റ്റേഷന്‍ ആക്രമണം നടന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പൊലീസുകാര്‍ പകച്ചു പോയി. പോലീസിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ടോര്‍ച്ചടിച്ച് വേണുവും കുന്നേല്‍കൃഷ്ണനും മുന്നോട്ട് ചെന്നു. രണ്ട് റൈഫിളുകള്‍ സംഘം തട്ടിയെടുത്തു. സെന്‍ട്രിമാരുടെ കൈയിലിരുന്ന പെട്രോമാക്സ് വിളക്ക് തല്ലിക്കെടുത്താന്‍ വേണു ശ്രമിച്ചു. പക്ഷെ, വിളക്കില്‍ തീ പടര്‍ന്ന് കത്തി. ഈ സമയത്ത് അകത്തുനിന്ന് ഇരുമ്പു വടിയുമായി വന്ന ഒരു പൊലീസുകാരന്‍ വേണുവിന്റെ തലയില്‍ ആഞ്ഞടിച്ച് പരുക്കേല്‍പ്പിച്ചു.
സംഘം പിന്‍വലിയാന്‍ ഒരുങ്ങുമ്പോള്‍ കുന്നേല്‍ കൃഷ്ണനെ രണ്ടു പോലീസുകാരന്‍ പിടികൂടിയതായി അറിഞ്ഞു. താഴെ വീണ കൃഷ്ണന്റെ മുകളിലാണവര്‍. കുഷ്ണന്റെ വിരല്‍ പൊലീസുകാരന്‍ കടിച്ചുപിടിച്ചിരിക്കുന്നു. ഇരുമ്പുവടികൊണ്ട് വേണുവും കത്തികാട്ടി സോമശേഖരനും പൊലീസുകാരനെ ഭീഷണിപ്പെടുത്തി, തൊട്ടടുത്ത കടയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടുമൂന്ന് പോലീസുകാരും ഓടിയത്തെി സംഘാംഗങ്ങളെ നേരിടാന്‍ തുടങ്ങി. കൃഷ്ണനെ മോചിപ്പിച്ച് സംഘം മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പൊലീസുകാരന്‍ അകത്ത് നിന്ന് തോക്കെടുത്ത് വെടി വയ്ക്കാന്‍ തുടങ്ങിയിരുന്നു.
നക്സലൈറ്റുകള്‍ നടത്തിയ ആക്ഷന്‍ ശ്രമങ്ങളും കുമ്പളം, കായണ്ണ ആക്രമങ്ങളും വലിയ രീതിയില്‍ ഭരണകൂട ഭീകരത സൃഷ്ടിച്ചു. നിരവധി നക്സലൈറ്റ് പ്രവര്‍ത്തകരും അനുഭാവികളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ഉരുട്ടലിനും മറ്റ് ക്രൂരമര്‍ദനങ്ങള്‍ക്കും വിധേയമായി.
അടിയന്തരവാസ്ഥകാലത്ത് അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഭരണകൂട വിരുദ്ധ പ്രകടനങ്ങളും നിരോധിക്കപ്പെട്ടിരിന്നെങ്കിലും നക്സലൈറ്റ് പ്രവര്‍ത്തകര്‍ അതിനെ മറികടന്നു. കോടതികളെയും നക്സലൈറ്റ് തടവുകാര്‍ സമരവേദിയാക്കി മാറ്റി. കായണ്ണ, മാനന്തവാടി കേസുകളില്‍ അറസ്റ്റിലായവരെ വിചാരണക്കായി പേരാമ്പ്ര, മാനന്തവാടി കോടതികളില്‍ കൊണ്ടുപോകുമ്പോള്‍ അവര്‍ ഒച്ചത്തില്‍ മുദ്രാകവാക്യം മുഴക്കാന്‍ തുടങ്ങി.
കോടതി ബഹിഷ്കരിച്ച് കോടതിക്കുള്ളില്‍ കോടതിക്കെതിരെ മുദ്രാവാക്യം മുഴങ്ങി. “ബൂര്‍ഷ്വാകോടതി തുലയട്ടെ” എന്ന് മുഷ്ടി ഉയര്‍ത്തി മജിസ്ട്രേറ്റിന് നേരെ പതിവായി മുദ്രാവാക്യം ഉയര്‍ത്തി. കോടതി പരിസരത്ത് വാന്‍ നിര്‍ത്തുമ്പോള്‍ മുദ്രാവാക്യം മൂഴങ്ങും. തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ കയറി വീണ്ടും മുദ്രാവാക്യം മുഴക്കും. കോടതിക്ക് നിശബ്ദമായിരിക്കാനേ കഴിഞ്ഞുള്ളൂ. കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറുമാസം തടവ് ഏറ്റുവാങ്ങാന്‍ കൂടി തയാറായാണ് മുദ്രാവാക്യം മുഴക്കല്‍.കോടതിയെയും അടിയന്തരാവസ്ഥയെയും വെല്ലുവിളിക്കുന്ന നടപടികളാണ് മാനന്തവാടി, പേരാമ്പ്ര കേടതികളില്‍ നിന്ന് നിരന്തരം ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍. ഇത്തരം മുദ്രാവാക്യങ്ങളില്‍ കൂടിയാണ് പോലീസ് കസ്റ്റഡിയില്‍ നടന്ന കൊലപാതകങ്ങള്‍ പുറം ലോകം അറിയുന്നതും.
അടിയന്തരാവസ്ഥ നാളില്‍ സമരരംഗത്തിറങ്ങിയ സംഘടനകളില്‍ മറ്റൊരു പ്രധാനപ്പെട്ട സംഘടന ജനസംഘമായിരുന്നു. ജനസംഘത്തെ കൂടി ഉള്‍പ്പെടുത്തി ജയപ്രകാശ് നാരായണന്റെ അധ്യക്ഷയില്‍ രൂപീകരിച്ച ലോക സംഘര്‍ഷ് സമിതി അടിയന്തരാവസ്ഥക്കെതിരെ സത്യഗ്രഹം നടത്താന്‍ കേന്ദ്ര തലത്തില്‍ തീരുമാനിച്ചു. എല്ലാ താലൂക്കുകളിലും 11 പേര്‍ വീതമുള്ള സംഘങ്ങള്‍ 1975 നവംബര്‍ 14 മുതല്‍ പല ദിവസങ്ങളിലായി സത്യഗ്രഹം നടത്താനായിരുന്നു തീരുമാനം. സത്യഗ്രഹികള്‍ ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയൂം മുദ്രാവാക്യം മുഴക്കുകയും ചെയ്യും. നെഹ്റുവിന്റെ ജന്മദിനം മുതല്‍ രണ്ടുമാസം (1977 ജനുവരി 26 വരെ)സമരം നീണ്ടു.
8000 പേര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തുവെന്നാണ് ജനസംഘത്തിന്റെ അവകാശവാദം. അതില്‍ 4650 പേര്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് സ്ത്രീകള്‍ മാത്രമുള്ള സംഘമാണ് കോഴിക്കോട്, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങില്‍ സത്യഗ്രഹം നടത്തിയത്. എറണാകുളത്ത് ടി.പി. വിനോദിനിഅമ്മയുടെ നേതൃത്വത്തിലാണ് സത്യഗ്രഹികള്‍ രംഗത്ത് എത്തിയത്. അറസ്റ്റിന് വിധേയമാകാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് നേരെ പൊലീസ് മര്‍ദനം അഴിച്ചുവിട്ടു. വിനോദിനിയമ്മക്കും ലാത്തിഅടിയേറ്റു. സത്യഗ്രഹികളെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടച്ചു. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് മാത്രം ജനസംഘത്തിന്‍െറ കണക്ക് പ്രകാരം 44 സ്ത്രീകളാണ് അറസ്റ്റിലായത്.
എറണാകുളത്ത് മര്‍ദനമേറ്റ ടി.പി. വിനോദിനിയമ്മ അടിയന്തരാവസ്ഥയുടെ അവസാന നാളുകള്‍ വരെ പോരാട്ടം തുടര്‍ന്നു. നേരത്തെ, 1975 സെപ്റ്റംബറില്‍ ലോക സംഘഷര്‍ഷ സമിതിതി സംസ്ഥാന സമിതി രൂപീകരിക്കാന്‍ പഴനിയില്‍ ചേര്‍ന്ന യോഗത്തിലും വിനോദിനിയമ്മ പൊലീസിന് പിടികൊടുക്കാതെ എത്തിയിരുന്നു. സര്‍വോയാദയം പ്രവര്‍ത്തകനായ എം.പി. മന്മഥന്‍, സംഘടനാ കോണ്‍ഗ്രസ് നേതാവ് കെ.ഗോപാലന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സി.ജി. ജനാര്‍ദനന്‍, പരിവര്‍ത്തനവാദികള്‍ എന്നിവരായിരുന്നു യോഗത്തിന് എത്തിയ മറ്റുള്ളവര്‍. ജനസംഘത്തെയാണ് വിനോദിനിയമ്മ പ്രതിനിധീകരിച്ചതും. 1977 മാര്‍ച്ച് 16 ന്, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുന്നയൂര്‍കുളത്തെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിനോദിനിയമ്മയെയും ഒപ്പമുണ്ടായിരുന്ന രാധാ ബാലകൃഷ്ണനെയും വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസാകട്ടെ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ് നിലകൊണ്ടത്.
എറണാകുളത്ത് എലൂര്‍ക്കവലയിലും സ്ത്രീകള്‍ പ്രകടനം നടത്തി. അവരെ പൊലീസ് നടുറോട്ടില്‍ വളഞ്ഞിട്ട് മര്‍ദിച്ചു. അടിയന്തരാവസ്ഥയിലെ വനിതാ പോരാളികളില്‍ എടുത്തുപറയേണ്ട ഒരാള്‍ എടപ്പാള്‍ സ്വദേശി എം.ദേവകിയമ്മയാണ്. കേരളത്തില്‍ ആദ്യമായി പ്രധാന അധ്യപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ദേവകിയമ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നത്. വൈകാതെ സംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായി. സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദേവകിയമ്മയെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. ഭര്‍ത്താവ് മരിച്ച് 41ആം ദിവസമായിരുന്നു അറസ്റ്റ്. ജയിലില്‍ രാഷ്ട്രീയ തടവുകാരിയുടെ പരിഗണന ലഭിച്ചതേയില്ല. പതിമൂന്നരമാസം ക്രിമിനല്‍ കുറ്റവാളികള്‍ക്കൊപ്പമാണ് ദേവകിയമ്മയെ കഴിഞ്ഞത്.
അടിയന്തരാവസ്ഥയില്‍ സോഷ്യലിസ്റ്റുകളുടെ മുന്‍കൈയില്‍ കേരളത്തില്‍ ചില കൂട്ടായ്മകള്‍ രൂപപ്പെട്ടു. ജയിലിലും ഒളിവിലും കഴിയുന്നവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ‘രാഷ്ട്രീയ തടവുകാരുടെ ദുരിതാശ്വാസ നിധി’ പി. വിശ്വംഭരന്റെ മുന്‍കൈയിലാണ് രൂപീകരിക്കപ്പെട്ടത്. യോഹന്നാന്‍ മാര്‍ത്തോമ മെത്രാപോലീത്ത ആയിരുന്നു നിധിയുടെ രക്ഷാധികാരി. സെക്രട്ടറി പി. വിശ്വംഭരന്‍, ചെയര്‍മാന്‍ ഡോ.എം.എം.തോമസ്. തിരുവല്ല ആസ്ഥാനമാക്കി സ്റ്റുഡന്‍റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ക്ളര്‍ജി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് എന്നീ സംഘടനകള്‍ക്കും രൂപം നല്‍കി.
ഇക്കാലത്ത് 1976 ഒക്ടോബര്‍ 16,17 തീയതികളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ഡെമോക്രാറ്റിക് റൈറ്റസ്-പി.യു.സി.എല്‍ആന്‍ഡ് ഡി.ആര്‍)) എന്ന സംഘടന രൂപീകരിക്കപ്പെട്ടു. കേരളത്തില്‍ 1976 നവംബര്‍ 14 ന് സംഘടനയുടെ കേരള ഘടകം രൂപീകരിക്കപ്പെട്ടു. എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ ഡോ.എം.എം.തോസിനെ പ്രസിഡന്‍റായും പി.വിശ്വംഭരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.ലക്ഷ്മി എന്‍. മേനോന്‍, സി. നാരായണപിള്ള എന്നിവരും സമിതി അംഗങ്ങളായിരുന്നു. ഈ സമിതി കേരളത്തിലെമ്പാടും ജില്ലാ ഘടകങ്ങള്‍ രൂപീകരിച്ചു. സെമിനാര്‍ പരമ്പരകള്‍ സംഘടിപ്പിച്ചു. നാല്‍പതാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് ഹാളിനുള്ളില്‍ യോഗങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉപയോഗപ്പെടുത്തിയായിരുന്നു സെമിനാറുകള്‍.
തിരുവനന്തപുരത്ത് സെമിനാര്‍ നിശ്ചയിച്ചത് സെക്രട്ടേറിയറ്റിന് അടുത്തുളള സേവിയേഴ്സ് അനകസ് ഹാളിലാണ്. ഇവിടെ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എ ഹോസ്റ്റലില്‍ എം.എല്‍.എമാരാടക്കം ഒത്തുകൂടി. എ.കെ.ജി, ഇ.എം.എസ്, സംഘടനാ കോണ്‍ഗ്രസ് നേതാവ് ടി.ഒ. ബാവ, കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.ജോര്‍ജ്, പി. വിശ്വംഭരന്‍ എന്നിവരാണ് ഒത്തുകൂടിയത്. യോഗത്തിനിടയില്‍ പി.യു.സി.എല്‍ സെമിനാര്‍ നിരോധിച്ച വിവരം എല്ലാവരും അറിഞ്ഞു. നിരോധനം ലംഘിച്ച് പ്രകടനം നടത്താന്‍ എ.കെ. ജി നിര്‍ദേശിച്ചു. കേരള കോണ്‍ഗ്രസ് പ്രകടനത്തില്‍ നിന്ന് വിട്ടു നിന്നു.
എന്നാല്‍, എ.കെ.ജി, ഇ.എം.എസ്., ടി.ഒ.ബാവ തുടങ്ങിയ നാല്‍പതോളം പേര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി. ജാഥ തുടങ്ങുമ്പോള്‍ തന്നെ നിരോധനം ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. പക്ഷെ നിരോധന ഉത്തരവ് കാണിക്കാന്‍ എ.കെ. ജി. ആവശ്യപ്പെട്ടു. ഉത്തരവ് കൊണ്ടുവരുമ്പോള്‍ പ്രകടനം നിര്‍ത്തുന്ന കാര്യം ആലോചിക്കാം എന്നായിരുന്നു എ.കെ.ജിയുടെ നിലപാട്.എന്നാൽ രക്തസാക്ഷി മണ്ഡം കടന്ന് സ്പെന്‍സര്‍ ജംഗ്ഷനില്‍ ജാഥ എത്തിയപ്പോൾ പൊലീസുകാര്‍ ജാഥ വടം കെട്ടി തടഞ്ഞു. എല്ലാവരെയും അറസ്റ്റ് ചെയ്തതു. വൈകുന്നേരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശിക്ഷിക്കാന്‍ വകുപ്പില്ലെന്ന് വ്യക്തമാക്കി കോടതി എല്ലാവരെയും വിട്ടയക്കുകയായിരുന്നു. അടിയന്തരാവസ്ഥയില്‍ നടന്ന ഏറ്റവും വിജയകരമായ ജാഥകളിലൊന്നായി മാറി പിന്നീട് ഇത്.