നിലമ്പൂര്‍ എം.എല്‍.എ ആയി ആര്യാടന്‍ ഷൗക്കത്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ കോംപ്ലക്‌സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. എല്‍.ഡി.എഫിന്റെ മണ്ഡലം 11,077 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. എം. സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എല്‍.ഡി.എഫ് അംഗങ്ങളുടെ എണ്ണം 99ല്‍ നിന്ന് 98 ആയി ചുരുങ്ങി.
ഇടതുപക്ഷവുമായി പിണങ്ങിപ്പിരിഞ്ഞ മുന്‍ എം.എല്‍.എ പി.വി അന്‍വര്‍ മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ചാണ് കരുത്തുകാട്ടിയത്. നിലമ്പൂര്‍ വിധിയെഴുതിയതോടെ കേരളത്തില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അടക്കമുള്ളവരുടെ വിലയിരുത്തല്‍. ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നുമാണ് പറഞ്ഞുവെച്ചത്. അതേസമയം, രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതല്ല എല്‍.ഡി.എഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതാണ്.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്. ഒമ്പത് വര്‍ഷക്കാലം എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യു.ഡി.എഫിനും വേണ്ടി തിരിച്ചുപിടിച്ചത്. 2016ല്‍ പി.വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ചാണ് വിജയിച്ചത്.
നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്ത് പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെ.എസ്.യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നഗരസഭാ ചെയര്‍മാനായിരിക്കെ അദ്ദേഹം ചെയ്ത മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും പ്രചരണ വിഷയമായിരുന്നു. സി.പി.ഐ.എം സിറ്റിങ് സീറ്റില്‍ അട്ടിമറി വിജയം നേടി 2005ല്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ പഞ്ചായത്തംഗവും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റുമായി.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിര്‍ഗമയ’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടന്‍ ഷൗക്കത്ത് എന്ന പേര് കാര്യമായി അറിയപ്പെട്ട് തുടങ്ങിയത്. വാശിയേറിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം നിയമസഭയിലേക്ക് വണ്ടി കയറുകയാണ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ ടു നിയമസഭ. ഇനിയുള്ള നിയമസഭാ സമ്മേളനത്തില്‍ നിലമ്പൂരിനു വേണ്ടി ആര്യാടന്‍ ഷൗക്കത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങും.
CONTENT HIGH LIGHTS; “Nilambur TO Assembly”: Aryadan Shoukam’s oath-taking tomorrow; Will be the voice of Nilambur in the assembly session