സൂംബാ ഡാന്‍സാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പുതിയ വിഷയം. കുറച്ചു തുണിയുടുപ്പിച്ച് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരുമിച്ചു നിര്‍ത്തി അശ്ലീല ഡാന്‍സ് ചെയ്യിപ്പിക്കുന്നതാണ് ഡൂംബാ ഡാന്‍സെന്ന് മുസ്ലീം സംഘടനകള്‍ വിയോജിച്ചു കൊണ്ട് അഭിപ്രായപ്പെട്ടതോടെ സൂംബാ വിവാദം ചൂടുപിടിക്കുകയാണ്. എന്നാല്‍, ഇതിനെതിരേ വിദ്യാഭ്യാസ വകുപ്പ് വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇചതുസംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളുകളിലെ കായിക വിനോദങ്ങളും സാമൂഹിക സൗഹൃദവും സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമായ വിഷം സമൂഹത്തില്‍ കലര്‍ത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നല്‍കുകയും ചെയ്യുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍, ഉദാഹരണത്തിന് ഒളിമ്പിക്‌സില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് വ്യക്തമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്. ഈ ഡ്രസ്സ് കോഡ് പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാ കായികതാരങ്ങളും മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമം ആണ്. സ്‌കൂളില്‍ കുട്ടികള്‍ യൂണിഫോമില്‍ ആണ് ചെയ്യുന്നത്. RTE പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍കള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ട്.
ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമര്‍ത്തലുകളും ഉണ്ടായപ്പോള്‍, പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്. കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് മാത്രമേ ഉത്തേജനം നല്‍കൂ.
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളര്‍ത്താന്‍ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും നല്ല രീതിയില്‍ സ്വാധീനിക്കും. അതിനാല്‍, ഇത്തരം ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യവിഷയമായി നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനബോധന സാമഗ്രികള്‍ ഉള്‍പ്പെടെ തയ്യാറാക്കി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ വിതരണം ചെയ്തിട്ടുണ്ട്.
കായിക വിദ്യാഭ്യാസത്തിലൂടെ ആരോഗ്യ പരിപാലനം എന്ന ബൃഹത്തായ കാഴ്ചപ്പാടാണ് കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള ടൈംടേബിള്‍ പ്രകാരമാണ് ആരോഗ്യ കായിക വിദ്യാഭ്യാസ വിനിമയവും ഫലപ്രദമായി നടന്നുവരുന്നത്.സ്ഥിരമായി കുട്ടികള്‍ കായിക പ്രവര്‍ത്തനങ്ങളിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശരീര പേശികള്‍ക്ക് ശക്തി കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ശരീരഭാരം നിയന്ത്രിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. കൂടുതല്‍ ജീവിതശൈലി രോഗബാധിതരുള്ള കേരളത്തില്‍ കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.
രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാനും മാനസികമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും ഉത്കണ്ഠ ഒഴിവാക്കുവാനും സന്തോഷം വര്‍ദ്ധിപ്പിക്കുവാനും സ്ഥിരമായ കായിക പങ്കാളിത്തത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. കുട്ടികളില്‍ അച്ചടക്കം,സ്ഥിരോത്സാഹം, ലക്ഷ്യബോധം എന്നിവ വളര്‍ത്താനും ജയപരാജയങ്ങളെ ഫലപ്രദമായി അതിജീവിക്കുവാനും തീരുമാനമെടുക്കുവാനുള്ള കഴിവും പ്രശ്‌നപരിഹാര ശേഷിയും ഉള്‍പ്പെടെയുള്ളവ വികസിക്കുവാനും ഇതിലൂടെ സാധിക്കുന്നു. കൂട്ടായ കായിക പ്രവര്‍ത്തനങ്ങളിലൂടെ സഹപാഠികളെ ബഹുമാനിക്കുവാനും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ ഒരുമിപ്പിക്കുവാനും സാമൂഹ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാനും വളരെ ഫലപ്രദമായി സഹായിക്കുന്ന ഒരു ഉപാധി കൂടിയാണ് സ്‌പോര്‍ട്‌സ്.
കളികളിലെ പങ്കാളിത്തം നിയമങ്ങളെയും മര്യാദകളെയും കുറിച്ച് പഠിപ്പിക്കുകയും സത്യസന്ധത, നീതിബോധം,ഫെയര്‍ പ്ലേ,നിയമങ്ങളെ ബഹുമാനിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണഗണങ്ങള്‍ വര്‍ദ്ധിക്കുവാനും ഇതിലൂടെ സാധിക്കുന്നു. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ആരോഗ്യ കായിക വിദ്യാഭ്യാസത്തില്‍ കാലികമായ ലോകത്തിന്റെ ആവശ്യകതകള്‍ ഉള്‍പ്പെടുന്ന ഉള്ളടക്ക മേഖലകളാണ് പൊതുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന ചലന നൈപുണികള്‍, ശരീരപരിപാലനശേഷികള്‍,താളാത്മക ചലനങ്ങള്‍,ശാരീരിക ഏകോപന ശേഷികള്‍,ആരോഗ്യം, പോഷകാഹാരം,കായിക ക്ഷമത,വിവിധ വ്യായാമമുറകള്‍,ശാസ്ത്രീയമായ സ്‌പോര്‍ട്‌സ് ട്രെയിനിങ് രീതികള്‍, പ്രഥമശുശ്രൂഷ,
യോഗ, സമ്മര്‍ദ്ദ ലഘൂകരണ വ്യായാമങ്ങള്‍, ശരീരസ്ഥിതി വൈകല്യങ്ങള്‍ പരിഹരിക്കുവാനുള്ള വ്യായാമമുറകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിച്ചു പോരുന്ന ഉള്ളടക്ക മേഖലകള്‍. ആരോഗ്യ,കായിക സംബന്ധമായ ഘടകങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്.ഹൃദയ – ശ്വസനക്ഷമത, പേശീശക്തി, പേശീ ക്ഷമത,ശരീരാനുപാതം തുടങ്ങിയവയാണ് ആരോഗ്യസംബന്ധമായ കായികക്ഷമത ഘടകങ്ങള്‍. ഇവ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും കരസ്ഥമാക്കിയിരിക്കണം എന്നതാണ് പൊതുവിലുള്ള ലക്ഷ്യം.
ആരോഗ്യ കായിക സംബന്ധമായ കായികക്ഷമതാ ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഹൃദയ,ശ്വസനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ അഭ്യസിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തം,ജോഗിംഗ്, റണ്ണിങ്,നീന്തല്‍,സൈക്ലിങ്ങ്,ഡാന്‍സിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് സാധാരണയായി പരിഗണിച്ചു പോരുന്നത്.ഈ ഡാന്‍സ് ഇനത്തില്‍ ഉള്‍പ്പെടുന്നവയാണ് ഏയ്‌റോബിക് ഡാന്‍സ്, സുംബാ ഡാന്‍സ്,ഫ്രീ സ്‌റ്റൈല്‍ ഡാന്‍സ് തുടങ്ങിയവ.ഹൃദയ, ശ്വസനക്ഷമത മെച്ചപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ ഇത്തരം നൃത്ത രീതികള്‍ വ്യക്തികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന് ഫലപ്രദമായ ഗുണങ്ങള്‍ സംഭാവന ചെയ്യുന്നു. സംഗീതത്തിന്റെ സഹായത്തോടുകൂടി ദീര്‍ഘനേരം നില്‍ക്കുന്ന പ്രവര്‍ത്തനമായതിനാല്‍ ഹൃദയമിടിപ്പ് ഉയരുകയും പമ്പിങ് നടക്കുകയും ചെയ്യുന്നു.
സ്ഥിരമായ പ്രവര്‍ത്തനം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.നൃത്തത്തിലെ താളാത്മകവും തുടര്‍ച്ചയായതുമായ ചലനങ്ങള്‍ ശരീരത്തില്‍ ഉടനീളം രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുകയുംകൂടുതല്‍ ഓക്‌സിജനും പോഷകങ്ങളും ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.ഇത് ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുവാനും രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായകമാകുന്നു.ആയതിനാല്‍ ഹൃദയ,ശ്വസനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിവിധതരത്തിലുള്ള ഡാന്‍സുകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന കായിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നത് ഏറെ നല്ലതാണെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
CONTENT HIGH LIGHTS; Drug or Zumba dance?: Education Department says it is part of anti-drug awareness campaign; Muslim organizations say it is a naked dance; Education Minister explains