രാജ്ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനം തന്നെ. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങില്‍ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഭരണഘടനയുടെ അനുഛേദം 14 നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നു. അതോടൊപ്പം, അനുഛേദം 15 (1) മതം, വര്‍ഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25 മുതല്‍ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, അത് ഏതൊരു മതപരമായ ആചാരവും ഔദ്യോഗിക ഭരണഘടനാ പദവിയിലുള്ളവര്‍ സര്‍ക്കാര്‍ പരിപാടികളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുവാദമല്ല. മറിച്ച്, മതപരമായ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഈ അനുഛേദങ്ങള്‍ വ്യക്തമാക്കുന്നു. ഗവര്‍ണറുടെ ഈ പ്രവൃത്തി ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ്.
ഇത് പ്രോട്ടോകോള്‍ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന നടപടിയുമാണ്. ഒരു ഭരണഘടനാ സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയര്‍ത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായും കണക്കാക്കപ്പെടും. ഇത് സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ. ഇത്തരം ഭരണഘടനാ ലംഘനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഞാന്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിയത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാനുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
ഇന്ത്യയില്‍ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റു മൂന്ന് തൂണുകളും അതിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നു എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ ദിവസമാണ്. സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി പ്രകാരം ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട് എന്നാല്‍ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ല.കാവിക്കൊടിയേന്തിയ വനിതയെ ഭാരതാംബ എന്നു വിളിച്ച് പൂവിട്ട് തൊഴുന്നതിനെ ന്യായീകരിക്കുന്ന ഗവര്‍ണ്ണര്‍ യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെയാണ് ആക്ഷേപിക്കുന്നത്.
ദേശീയതയും മതപരമായ ബിംബവല്‍ക്കരണവും രാജ്യത്തിന്റെ അതിരുകള്‍പോലും മാച്ചു കൊണ്ട് ഒരു ദേവിയായി സങ്കല്‍പ്പിച്ചുകൊണ്ട് ഭാരതാംബ എന്ന പേരില്‍ ചിത്രീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദേശീയതയെ മതപരമായ ബിംബവല്‍ക്കരണവുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രതീകമാണ്. ഭാരതാംബ എന്നു വിളിക്കുന്ന വനിതയുടെ ചിത്രം താമരയിലോ സിംഹത്തിന് മുകളിലോ ഇരിക്കുന്ന രൂപത്തിലും കാവി വസ്ത്രം ധരിച്ചുമൊക്കെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടന ഒരു മതേതര രാജ്യത്തെയാണ് വിഭാവനം ചെയ്യുന്നത്.
അതായത്, ഭരണകൂടത്തിന് ഒരു പ്രത്യേക മതത്തോടും ആഭിമുഖ്യമോ വിവേചനമോ പാടില്ല. ഭാരതാംബയുടെ ചിത്രം ഒരു ഔദ്യോഗിക ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും പൂജിച്ച് ആരാധിക്കുകയും ചെയ്യുന്നത്, രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ഒരു പ്രത്യേക മതപരമായ ചിഹ്നത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് തുല്യമാകും. ഇത് മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് തങ്ങളോട് വിവേചനം കാണിക്കുന്നതായി തോന്നാനും ഇടയാക്കും. ഈ കാരണങ്ങള്‍കൊണ്ടാണ് ഭാരതാംബയുടെ ചിത്രം ഒരു മതപരമായ ചിഹ്നമായി കണക്കാക്കപ്പെടുകയും, ഔദ്യോഗിക ചടങ്ങുകളില്‍ അതിനെ ആരാധിക്കുന്നത് ഭരണഘടനാപരമായ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നത്.
CONTENT HIGH LIGHTS; Governor and Sivankutty heading for open war?: Bharatamba’s picture in Raj Bhavan is a violation of the Constitution and an attack on democracy?; Did the Governor violate protocol?