ഭാരതാംബയ്ക്കു പിന്നാലെ സര്‍ക്കാരിനു തലവേദനയായി വീണ്ടും മറ്റൊരു വിവാദം തലപൊക്കുകയാണ്. സൂംബാ നൃത്തമാണത്. വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സൂംബാ നൃത്തത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതാണ് വീണ്ടുമൊരു അംഗത്തിന് കോപ്പുകൂട്ടുന്നത്. ഗവര്‍ണര്‍ ഭാരതാബംയെ മുന്നില്‍ നിര്‍ത്തി യുദ്ധത്തിനൊരുങ്ങുമ്പോള്‍ മുസ്ലീം സംഘടനകള്‍ സൂംബാ നൃത്തം പൊക്കിപ്പിടിച്ചാണ് എത്തുന്നത്. അല്പം വസ്ത്രങ്ങളും, ആണും പെണ്ണും ചേര്‍ന്നു നിന്നുമുള്ള ഡാന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് സൂംബയെ വിവാദമാക്കി മുസ്ലീം സ്ഘടനകള്‍ രംഗത്തിറങ്ങിയത്. അതേസമയം ഭാരതാംബയെ തൊഴാന്‍ കഴിയില്ലെന്നും, യഥാര്‍ഥ ഭാരതാംബ ഇതല്ലെന്നും പറഞ്ഞ് സര്‍ക്കാര്‍ ഗവര്‍ണറെയും ബി.ജെ.പിയെയും വെല്ലുവിളിക്കുകയും ചെയ്തതോടെ ഒരേ സമയം രണ്ടു ശത്രുക്കളെയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.
ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ സമസ്ത യുവജന വിഭാഗമാണ് ശക്തമായി പ്രതിഷേധം അറിയിട്ടിരിക്കുന്നത്. ഏതു വിധേനയും എതിര്‍ക്കുമെന്ന് പറയുമ്പോള്‍ സര്‍ക്കാരും മുസ്ലീം സംഘടനകളും പരസ്യമായി പോരിനിറങ്ങുന്നു എന്നാണര്‍ത്ഥം. ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് സൂംബ ഡാന്‍സെന്ന് എസ്.വൈ.എസ് (സമസ്ത കേരള സുന്നി യുവജന സംഘം) നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ ഉണര്‍ന്ന് ചിന്തിക്കണം. സ്‌കൂളുകളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. ഈ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ സൂംബ പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പറഞ്ഞിരുന്നു.
കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി. നോ ടു ഡ്രഗ്‌സ് എന്നത് നടപ്പാക്കാനുള്ള ആദ്യ ഘട്ടമാണ് ഇതെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. പല സ്‌കൂളുകളിലും പിടിഎ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.
വിവിധ നൃത്തങ്ങളുടെയും ഫിറ്റ്നസ് വ്യായാമങ്ങളുടെയും സംയോജനമാണ് സൂംബ ഡാന്‍സ്. സംഗീതവും നൃത്തവുംചേര്‍ന്ന വര്‍ക്കൗട്ടാണ് ഇത്. മറ്റ് വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാട്ടിന്റെ താളത്തിനൊപ്പം നൃത്തംചെയ്യുന്നതിനാല്‍ മടുപ്പുളവാക്കാത്തതും രസകരവുമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ട്. സാധാരണയായി ഗ്രൂപ്പുകളായി ആണ് സൂംബ നൃത്തം ചെയുന്നത്. സൂംബ ഡാന്‍സിനെതിരെ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫ് രംഗത്ത് വന്നിരുന്നു. തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ് പൊതുവിദ്യാലയത്തിലേക്ക് തന്റെ കുട്ടിയെ അയക്കുന്നതെന്ന് ടി.കെ. അഷ്‌റഫ് പറഞ്ഞു. ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഇക്കാര്യത്തില്‍ പ്രാകൃതനാണെന്നും ടി.കെ. അഷ്‌റഫ്. ഇതിനോട് വിയോജിപ്പുള്ള ധാരാളം പേരുണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇതിനെ എതിര്‍ത്തില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് നാം തലവെച്ചുകൊടുക്കേണ്ടി വരും. ലഹരി വ്യാപനത്തിന്റേയും അടിപിടിയുടെയും ആഘോഷത്വരയുടെയും മറ്റും പേരില്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ അകറ്റുകയാണ് ഇതിലൂടെ സംഭവിക്കുക. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം നടത്തണമെന്നും ടി.കെ. അഷ്റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്‌കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചു. വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി പ്രതികരിച്ചു. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങള്‍ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ സുംബ ഡാന്‍സിനെതിരെ സമസ്ത യുവജന വിഭാഗം ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി.
ഇതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും സൂംബാ ഡാന്‍സ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കുള്ളത്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയങ്ങളില്‍ സൂംബാ ഡാന്‍സ് നടത്തിയാല്‍ അത് ധാര്‍മ്മികതയെ കൂടുതല്‍ ഇല്ലാതാക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് എതിര്‍ക്കുന്നതും. ഭാരതാംബയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന സര്‍ക്കാരിന് സൂംബ അടുത്ത തലവേദനയാവുകയാണ്.
CONTENT HIGH LIGHTS; Who fell into the trap of Soomba and Bharatamba?: Will the government be able to defeat the governor and Muslim organizations?