നീലേശ്വരം: മഴ ചതിച്ചതോടെ കർഷകർക്ക് റമ്പൂട്ടാൻ കൊടുത്തത് മുട്ടൻപണി. ശക്തമായ കാറ്റും കനത്ത മഴയും റമ്പൂട്ടാൻ കൃഷിയെ മോശമായി ബാധിച്ചു. മൂപ്പെത്താറായ റമ്പൂട്ടാൻ കായ്കൾ കൂട്ടത്തോടെ കൊഴിഞ്ഞു. മഴ ചതിച്ചതാണ് വിളവ് കുറയാൻ കാരണം.
വിദേശിയായ റമ്പൂട്ടാൻ കൃഷിക്ക് നാട്ടിലെ കാലാവസ്ഥ അനുയോജ്യമായതിനാൽ ജില്ലയിലെ നൂറുകണക്കിന് കർഷകർ റമ്പൂട്ടാൻ കൃഷിയിൽ ഏർപ്പെട്ടിരുന്നു. മടിക്കൈയിലെ കർഷകർ വ്യാപകമായി ഇത് കൃഷി ചെയ്തിരുന്നു.
ഈ സീസണിൽ പതിവിൽ കവിഞ്ഞ പഴമാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രതീക്ഷിക്കാതെയുണ്ടായ മഞ്ഞും കുളിരും റമ്പൂട്ടാൻ മരങ്ങളെ നിറയെ പൂക്കാനും കായ്ക്കാനും സഹായിച്ചു.
എന്നാൽ, പിന്നീട് പെട്ടെന്നെത്തിയ മഴ കർഷകരെ പാടേ ചതിച്ചു. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് കായ് മൂക്കുകയും പഴങ്ങളാകുകയും ചെയ്യുക. മൂത്ത് വരുന്നതുവരെ മഴയുണ്ടാകാൻ പാടില്ല. മൂത്ത് കഴിഞ്ഞശേഷം വരുന്ന മഴ വില്ലനല്ല. ഈ വർഷമാകട്ടെ കായ്ക്കാൻ നല്ല കാലാവസ്ഥയുണ്ടായപ്പോഴും അതനുഭവിക്കാൻ മഴ കർഷകരെ അനുവദിച്ചില്ല.
മേയിൽതന്നെ മഴ ശക്തമായതോടെ കായ്കളെല്ലാം പാകമാകാതെ കൊഴിഞ്ഞുവീണു. ഏറ്റവും വലിയ വിളവ് പ്രതീക്ഷിച്ച കർഷകർക്ക് മോശം വിളവായി മാറി. തെളിച്ചമുള്ള ഭൂമിയിൽ മറ്റു കൃഷിയോടൊപ്പം റമ്പൂട്ടാനും കർഷകർ പരീക്ഷിച്ചു.
മൂന്നുവർഷംകൊണ്ട് കായ്ഫലം തരുന്ന കൃഷി വളരെ ലാഭകരവുമായിരുന്നു. ഒരു മരത്തിൽനിന്ന് സാധാരണ കൃഷിയിൽതന്നെ 25 കിലോ മുതൽ 30 കിലോവരെ ലഭിക്കും. ഒരു ഏക്കറിൽ 100 ചെടികൾ വരെ നടാനാകും. വിപണിയിലെത്തിയാൽ 320 രൂപയാണ് ഒരു കിലോക്ക് ലഭിക്കുന്നത്.