കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്‍. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും അവാര്‍ഡും, പ്രശംസകളും ഏറ്റുവാങ്ങാന്‍ ആരോഗ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പായുന്നു. ദേശീയ അംഗീകാരങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്നു. ദൈനംദിനം വകുപ്പില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്താക്കുറിപ്പുകള്‍ നിലയ്ക്കാതെ വരുന്നു. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍, സ്റ്റാപുകളെ നിയമിക്കല്‍, പശ്ചാത്തല സൗകര്യമൊരുക്കല്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ധ്രുദഗതിയില്‍ തീരുമാനമെടുക്കല്‍, ഫണ്ട് നല്‍കാന്‍ ധനവകുപ്പ് സദാസജ്ജം. ബജറ്റില്‍ നീക്കിവെയ്ക്കുന്നതിനും അധികമായി പണം നല്‍കല്‍, സന്നദ്ധ സംഘടനകളുടെ പൊതിച്ചോറ് വിതരണം, രക്തദാനം, മസ്തിഷ്‌ക്ക മരണം സ്ഥരീകരിക്കുന്നവവരില്‍ നിന്നും വൃക്കമുതല്‍ കണ്ണുവരെ മറ്റ് രോഗികളില്‍ വെയ്ക്കുന്നു.
ഇങ്ങനെയെല്ലാം കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്‍ ആണെന്ന് ധരിച്ചു വശായിരിക്കുന്ന മലയാളികള്‍ക്ക് തെറ്റി. അകം ചീഞ്ഞ സംവിധാനത്തെയാണ് പുറം മോടികാണിച്ച് ഭ്രമിപ്പിച്ച് നമ്പര്‍ വണ്‍ എന്ന് പറയിക്കുന്നത്. അകത്തൊന്നുമില്ല. ശുദ്ധ ശൂന്യം. പരാതികലും, പരിവട്ടങ്ങളും, വൃത്തിഹീനവും, ഉപകരണ ദാരിദ്ര്യവും, സ്വകാര്യ പ്രാക്ടീസും, പാവപ്പെട്ട രോഗികളില്‍ നിന്നും പണം വാങ്ങലും, കീറിയ മെത്തകളും, കാലൊടിഞ്ഞ കട്ടിലുകളും മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ, അതൊട്ടും ആരും പുറത്തു പറയുന്നില്ലെന്നു മാത്രം. അഥവാ പറഞ്ഞാല്‍, അത് ഒറ്റപ്പെട്ട സംഭവമെന്നോ, അസൂയകൊണ്ടു പറയുന്നതെന്നോ ആയിരിക്കും മറുപടി. ഒരു തെറ്റ്, വിളിച്ചു പറയുന്നവനെ രാഷ്ട്രീയമായി ആക്രമിച്ച് ഇല്ലാതാക്കുകയോ, കീഴ്‌പ്പെടുത്തുകയോ, വായടപ്പിക്കുകയോ ചെയ്താണ് ആരോഗ്യമേഖലയെ നമ്പര്‍ വണ്‍ ആക്കി മുന്നോട്ടു പോകുന്നത്.
ആ നമ്പര്‍ വണ്‍ എന്നത്, തകര്‍ന്നു തരിപ്പണമായ, രോഗികള്‍ക്ക് ഓപ്പറേഷന്‍ ചെയ്യാന്‍ ഉപകരണങ്ങളില്ലാത്ത നമ്പര്‍ വണ്‍ ആരെന്നു സമ്മതിക്കുകയണ് വേണ്ടത്. അതാണ് ആരോഗ്യമന്ത്രിതന്നെ ‘സിസ്റ്റത്തിന്റെ കുഴപ്പം’ എന്ന് ഏറ്റുപറഞ്ഞതും. എന്താണ് സിസ്റ്റം. ആരാണ് സിസ്റ്റത്തെ നയിക്കുന്നത്. ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം. ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഉത്തരം ഒന്നേയുള്ളൂ. ‘ജനകീയ സര്‍ക്കാര്‍’ എന്നാണ്. സിസ്റ്റം എന്നത് സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് സിസ്റ്റം. അത് നിയന്ത്രിക്കാനും, പരിപാലിക്കാനും, നേരേ കൊണ്ടു പോകാനുമാണ് ജനങ്ങള്‍ ജനകീയ സര്‍ക്കാരിനെ തിരഞ്ഞെടുത്ത് ഏല്‍പ്പിക്കുന്നത്. അത് നേരേ നടത്താന്‍ കഴിയാതെ വരുമ്പോള്‍ സ്വയം കുറ്റം ഏറ്റെടുക്കുന്നതിന്റെ പേരാണ് ‘സിസ്റ്റത്തിന്റെ കുഴപ്പം’ എന്നത്. ബാര്‍ബര്‍ ഷാപ്പില്‍ മുടിവെട്ടാനും ക്ഷൗരം ചെയ്യാനും ഉപയോഗിക്കുന്ന കത്തിയും കത്രികയും പോലെയുള്ള ഉപകരണങ്ങളാണ് മെഡിക്കല്‍ കോളേജുകതളില്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതെന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്.
ഒരിക്കല്‍ വാങ്ങിയാല്‍ അത് ആജീവനാന്തം ഉപയോഗിക്കണമെന്നാണ് പറയുന്നത്. ശരീരം കീറിമുറിക്കാനും, അവയവങ്ങള്‍ തുന്നിച്ചേര്‍ക്കാനുമൊക്കെ, നിരവധി സ്റ്റെര്‍ലൈസ്ഡ് ഉപകരണങ്ങള്‍ വേണ്ടിവരും. അതിന്റെ കുറവുണ്ടായാല്‍ ഓപ്പറേഷുകള്‍ അനന്തമായി നീളും. ഒന്നോ രണ്ടോ ഓപ്പറേഷനുകള്‍ക്ക് ഒരേ ഉപകരണങ്ങള്‍ ഉപയോഗിക്കാമെങ്കിലും വളരെ സൂക്ഷിച്ചില്ലെങ്കില്‍ അത് മറ്റു രോഗങ്ങള്‍ക്ക് കാരണവുമാകും. ഇത് ഡോക്ടര്‍മാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചില ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്ക് അത്യാധുനിക ഉപകരണങ്ങള്‍ എത്തിച്ചാലും ഡോക്ടര്‍മാര്‍ക്ക് അടക്കം പരിശീലനം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഇതും ചികില്‍സാ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി ഉണ്ട്. ഉപകരണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്.
പലപ്പോഴും ഇതു നല്‍കാത്തതു രോഗികള്‍ക്കു പ്രതിസന്ധിയാകും. രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടും ആനുപാതികമായി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് അനുബന്ധ ജീവനക്കാരുടെയും തസ്തികകള്‍ കൂട്ടിയിട്ടില്ല. കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററിലാണ്. ഇതിന് മാറ്റമുണ്ടാക്കാന്‍ ഡോ ഹാരീസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചിലിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമവും ശസ്ത്രക്രിയ പ്രതിസന്ധിയും തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പൊതു സമൂഹത്തിന്റെ പിന്തുണ കൂടുകയാണ്. ഇതോടെ ഡോ. ഹാരിസിനെ തള്ളാതെ സര്‍ക്കാരും രംഗത്തെത്തുകയും ചെയ്തു. ഹാരിസ് പറഞ്ഞതെല്ലാം പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുറവുകള്‍ തുറന്നുപറഞ്ഞ ഡോക്ടര്‍ക്കെതിരേ നടപടിയെടുത്താല്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ പ്രസിഡന്റ് ഡോ. റോസനാര ബീഗവും വ്യക്തമാക്കിയതോടെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പൂര്‍ണമായി പിന്‍മാറി.
ഇതു തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അന്വേഷണ കമ്മറ്റിയെ നിയോഗിച്ചതിനെ ഡോ ഹാരീസ് ചിറയ്ക്കലും സ്വാഗതം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാലംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ. രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇതില്‍ ഡോ ബി പത്മകുമാറും ജയകുമാറും ജനകീയ ഡോക്ടര്‍മാരാണ്. അതുകൊണ്ട് തന്നെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷ ഡോ ഹാരീസ് ചറിയ്ക്കലിന് അടക്കമുണ്ട്. കമലേശ്വരത്തെ വീട്ടില്‍ നിന്നും ബൈക്കില്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ഡോക്ടറാണ് ഹാരീസ് ചിറയ്ക്കല്‍. സാധാരണക്കാരുടെ ചികില്‍സയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരന്‍. ഇതെല്ലാം സര്‍ക്കാരിനേയും നടപടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാക്കി.
മെഡിക്കല്‍ കോളജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത നേരത്തേതന്നെ അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് ഡോ. ഹാരിസ് രംഗത്തെത്തിയിരുന്നു. രോഗികളെക്കൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നതുകൊണ്ടാണ് ശസ്ത്രക്രിയകള്‍ മുടങ്ങാത്തതെന്നും ഹാരീസ് പറഞ്ഞിരുന്നു. ഡോ. ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ ഒരു സിസ്റ്റത്തിന്റെ പ്രശ്നമായാണ് കാണേണ്ടതെന്ന നിലപാടിലാണു മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് തുടര്‍നടപടി സ്വീകരിക്കുക. പ്രത്യേക സംഘത്തോടെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇതേത്തുടര്‍ന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് എന്നത് രോഗികള്‍ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും കിട്ടേണ്ടതാണെന്നും ഡോ. ഹാരിസ് അഭിപ്രായപ്പെട്ടിരുന്നു. ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണയുമായി കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനും (കെജിഎംസിടിഎ) രംഗത്തെത്തിയിരുന്നു. കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും കെജിഎംസിടിഎ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
CONTENT HIGH LIGHTS; The equipment in the operation theater is not like the razor and scissors in the barber shop?: Does the system’s failure mean the government’s incompetence?; What is the number one?; Only the government should answer