കൊല്ലം: ദുരിതപ്പെയ്ത്തിൽ ജില്ലയിൽ 18.72 കോടിയുടെ കൃഷിനാശം സംഭവിച്ചു. 395.06 ഹെക്ടറിലെ കൃഷിയാണ് പെരുമഴയത്ത് നശിച്ചത്. കാലവർഷക്കെടുതിയിൽ ജില്ലയിലെ 8754 കർഷകരുടെ വിവിധ വിളകൾക്കാണ് നഷ്ടം ഉണ്ടായത്.
മഴ വന്നാലും വെയിൽ കൂടിയാലും വന്യജീവി ആക്രമണങ്ങളാലും നഷ്ടമുണ്ടാകുന്നത് കർഷകർക്ക് മാത്രമാണ്. ഏറിയപങ്കും നഷ്ടം ബാധിച്ചത് വാഴ കർഷകരെയാണ്. ജില്ലയിൽ കുലച്ചതും കുലക്കാത്തതുമായി വിപണി മുന്നിൽക്കണ്ട് കൃഷിചെയ്ത 2,84,911 വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്. കാർഷിക വകുപ്പിന്റെ കണക്കുപ്രകാരം 14.52 കോടിയുടെ നഷ്ടമാണ് വാഴ കർഷകർക്ക് മാത്രമായി കണക്കാക്കിയത്.
വേനൽ മഴയും പിന്നാലെയെത്തിയ കാലവർഷവുമാണ് കാർഷികമേഖലയിൽ വൻനാശം വിതച്ചത്. മഴക്ക് ഒപ്പമെത്തിയ കാറ്റാണ് കർഷകർക്ക് കണ്ണീർ സമ്മാനിച്ചത്. കാലവർഷത്തിൽ പതിവില്ലാത്ത പ്രാദേശിക ചുഴലികൾ വൻനാശമാണ് കാർഷിക മേഖലയിൽ വിതച്ചത്. വൻ മരങ്ങളടക്കം കഴപുഴകിയ കാറ്റിൽ വൻതോതിൽ വാഴകളും ഒടിഞ്ഞു. കാറ്റിൽ ഒടിയാതിരിക്കാൻ താങ്ങുനൽകിയിരുന്നവയടക്കം നശിച്ചു. അപ്രതീക്ഷിതമായി ശക്തിയേറിയ കാറ്റ് വീശിയതാണ് ഇതിന് കാരണമെന്ന് കർഷകർ പറയുന്നു.
വേനൽച്ചൂട് ജില്ലയിലെ കാർഷിക മേഖലക്ക് കനത്ത ആഘാതം ഏൽപിച്ചിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്തും ആഭരണം പണയപ്പെടുത്തിയും പലിശയ്ക്കെടുത്തുമൊക്കെ കൃഷിയിറക്കിയവർക്ക് വിളനാശം നേരിടുന്നതിനാൽ വലിയ സാമ്പത്തികബാധ്യതയാണ് ഉണ്ടായത്. വിളവെടുക്കൽ പാതിയോളമായിട്ടും സാധാരണ ലഭിക്കുന്ന വിളവ് കാലാവസ്ഥ വ്യതിയാനംമൂലം കർഷകർക്ക് ലഭിച്ചില്ല.
വാഴകൾക്കുപുറമേ തെങ്ങ്, കുരുമുളക്, റബർ, കപ്പ, നെല്ല്, പച്ചക്കറികൾ എന്നിവയും നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലകളെയാണ് പ്രധാനമായും മഴ കൂടുതലായും ബാധിച്ചത്. ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്ത പച്ചക്കറി കർഷകരും വാഴ കർഷകരുമാണ് കെടുതിയിൽ ഏറെ വലഞ്ഞത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കൽ പാകമായ വാഴകളാണ് ഒടിഞ്ഞുവീണത്.
കൂടുതൽ വിളനാശം സംഭവിച്ചത് ശാസ്താംകോട്ട താലൂക്കിലാണ്. 155.13 ഹെക്ടറിലായി 1,692 കർഷകരാണ് മഴക്കെടുതിയിൽ നഷ്ടം അനുഭവിച്ചത്. കൂടുതലും വാഴയും നെല്ലുമാണ്. കൂടാതെ അഞ്ചൽ, ചാത്തന്നൂർ, ഇരവിപുരം, കൊട്ടാരക്കര എന്നീ മേഖലകളിലും കൂടുതൽ നാശം സംഭവിച്ചു.