മറയൂര്‍ ചന്ദന മോഷണക്കേസില്‍ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട അമ്മയ്ക്കൊരു മകന്‍ സോജു (അജിത്ത്) അറസ്റ്റിലായതോടെ വീണ്ടും ചര്‍ച്ചയാകുന്നത് കേരളത്തിലെ ഗുണ്ടായിസത്തിന്റെ വഴികളാണ്. കൊലപാതകങ്ങളും മണല്‍ മണ്ണ് മാഫിയാ ഇടപാടുകളും, ഗുണ്ടാ പിരിവുകളും, കുടിപ്പകയുമെല്ലാം വിട്ട്, ചന്ദന മരം മുറിക്കലും കടത്തും, മയക്കു മരുന്ന് വില്‍പ്പനയുമാണ് ഗുണ്ടകളുടെ വരുമാനം. ഇതിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ച ഘടകം ജയില്‍ വാസത്തിലെ സൗഹൃദങ്ങളും. മറയൂര്‍ പൊലീസാണ് അജിത്തിനെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ അജിത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതി തൂക്കികൊല്ലാന്‍ വിധിച്ച കേസിലെ പ്രതി. എന്നാല്‍, പിന്നീട് അപ്പീലിലൂടെ ശിക്ഷ ഒഴിവായി. അതിന് ശേഷം പുറത്തിറങ്ങി വീണ്ടും ക്രിമിനല്‍ കേസില്‍ പെട്ടു. അറസ്റ്റിലാവുകയും ചെയ്തു.
മനുഷ്യരെ കൊല്ലാന്‍, അതും മൃഗീയമായി വകവരുത്താന്‍ ഒരു മടിയുമില്ലാത്ത ഗുണ്ടകളാണ് തിരുവനന്തപുരം ഭരിക്കുന്നതെന്നു പറയാം. കുറച്ചു കാലമായി പരസ്പരം വെട്ടിയും കുത്തിയും മരിക്കുന്നവരുടെ കഥകള്‍ കേള്‍ക്കാനില്ലായിരുന്നു. അവരൊക്കെ തലസ്ഥാന സിറ്റിയില്‍ പതുങ്ങി ഇരിപ്പുണ്ടെന്നു തന്നെയാണ് വിശ്വാസവും. എന്നാല്‍, സാധാരണ ജനങ്ങള്‍ക്ക് ഇവരെക്കൊണ്ട് ഉപദ്രവമില്ല എന്നതാണ് ഏക ആശ്വാസം. പക്ഷെ, നാട്ടില്‍ ഭീതി
പടര്‍ത്തുന്ന ഇവരെക്കുറിച്ച് വിവരങ്ങളില്‍ ഇല്ലെങ്കിലോ കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കുമ്പോഴോ ദുരൂഹത പടരും. കാരണം, വരാനിരിക്കുന്ന വലിയ കൊലപാതകത്തിനോ, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും കുറ്റകൃത്യത്തിന് കോപ്പു കൂട്ടുകയാണെന്നതാണ്. അങ്ങനെയൊന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന ചന്ദനക്കടത്ത്.
അടുത്ത കാലത്തായി കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കുറിച്ച് കേട്ടത് മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടാണ്. ഗുണ്ടായിസവും ക്വട്ടേഷനും, കൊലപാതകവുമെല്ലാം വിട്ട്, ഗുണ്ടകളെല്ലാം ചന്ദനം മുറിച്ചു കടത്തിലൂടെയും മയക്കു മരുന്നിലൂടെയും പണമുണ്ടക്കാനുള്ള നീക്കത്തിലാണെന്ന് ഉറപ്പിക്കാം. അതാണ് അമ്മയ്‌ക്കൊരു മകന്‍ സോജു എന്നു വിളിക്കുന്ന അജിത്ത് ഇപ്പോള്‍ പോലീസ് പിടിയിലായത്.
ചന്ദന മോഷണം എവിടുന്ന് എങ്ങനെ ?
തിരുവനന്തപുരത്ത് പോലീസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കി ആളുകളെ ആക്രമിക്കുന്ന വാള്‍ ഉപേക്ഷിച്ച് പകരം എടുത്ത് മഴുവാണ്. പിന്നെ ലക്ഷങ്ങള്‍ വിലയുള്ള ചന്ദനത്തിലേക്കായി കണ്ണ്. അങ്ങനെ കൊലപാതകി ചന്ദന കൊള്ളക്കാരനായി മാറി. ദിവസങ്ങള്‍ക്ക് മുമ്പ് മറയൂരില്‍ നിന്നും ചന്ദനം മോഷണം പോയിരുന്നു. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സോജു പിടിയിലാവുകയയിരുന്നു. എത്ര അളവില്‍ ചന്ദനം കടത്തിയെന്നും ഇവ എവിടേയ്ക്കാണ് കൊണ്ടുപോയതെന്നും വ്യക്തമായിട്ടില്ല. . സംഭവത്തില്‍
കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ചന്ദനം മുറിക്കുവാന്‍ ഉപയോഗിച്ച വാളും ചന്ദനച്ചീളുകളും പോലീസ് കണ്ടെടുത്തു. ജൂണ്‍ 25ന് രാത്രി ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിന് പിന്നില്‍ നിന്നും മഹേഷും സോജുവും ചേര്‍ന്നാണ് ചന്ദനം മുറിച്ചു കടത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ 29നാണ് ആശുപത്രി ജീവനക്കാര്‍ താഴെവീണുകിടക്കുന്ന ചന്ദന ശിഖരങ്ങള്‍ കണ്ടത്. മറയൂര്‍ പോലീസില്‍ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
സെന്‍ട്രല്‍ ജയിലിലെ സൗഹൃദവും ചന്ദന മോഷണവും
അമ്മയ്‌ക്കൊരു മകന്‍ എന്നു വിളിപ്പേരുള്ള അജിത് കുമാര്‍ മൂന്ന് കൊലക്കേസുകളടക്കം 26 കേസുകളില്‍ പ്രതിയാണ്. മറയൂര്‍ സ്വദേശി മഹേഷ് മൂന്നാറിലെ ഒരു കൊലക്കേസിലെ പ്രതിയും. മറയൂര്‍ പോലീസില്‍ മൂന്ന് കേസും മറയൂര്‍ വനംവകുപ്പില്‍ ഒട്ടേറെ ചന്ദനകേസുകളിലും പ്രതിയാണ് മഹേഷ്. ഇരുവരും ശിക്ഷിക്കപ്പെട്ട്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് തമ്മില്‍ പരിചയപ്പെടുന്നത്. സെന്‍ടല്‍ ജയിലിലെ സഹവാസത്തിനിടയില്‍ ഇരുവരും പരസ്പരം തങ്ങളുടെ മേഖലയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. ആളെ കൊല്ലുന്നതിനേക്കാള്‍ കൂടുതല്‍ പണം മരം മുറിച്ചു വില്‍ക്കുന്നതിലൂടെ കിട്ടുമെന്ന് ഉറപ്പിച്ചതോടെ തീരുമാനം ജയിലിനുള്ളില്‍ വെച്ചെടുത്തു. ആ പരിചയമാണ് ചന്ദനക്കൊള്ളയിലേക്കു വഴിതെളിച്ചത്.
അജിത്ത് എന്ന ഗുണ്ട അമ്മയ്ക്കൊരു മകന്‍ സോജു ആയി മാറിയ കഥ
തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടാസംഘങ്ങളെ നയിച്ചിരുന്ന സോജു, കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലായി. ജെറ്റ് സന്തോഷെന്ന മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയ കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. കേസില്‍ പ്രതിയായി ഒളിവില്‍ പോയ സോജുവിനെ ഉത്തരേന്ത്യയില്‍ വെച്ച് പൊലീസ് സാഹസികമായാണ് പിടികൂടിയത്. തൂക്കുകയറാണ് തിരുവനന്തപുരം സെഷന്‍സ് കോടതി സോജുവിന് വിധിച്ചത്.
അപ്പീല്‍ പരിഗണിച്ച് സോജുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജയിലില്‍ നിന്നിറങ്ങിയ സോജു വീണ്ടും ഗുണ്ടാപ്രവര്‍ത്തനം തുടങ്ങി. ഗുണ്ടകളെ സംഘടിപ്പിച്ച് കരമന കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഇതാണ് മറയൂരിലേക്കും എത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ജയില്‍ മോചിതനായ ശേഷം കൂട്ടാളികളുമായി ചേര്‍ന്ന് പലരെയും ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് തുടരുകയായിരുന്നു. കാലടി ഭാഗത്ത് മണ്ണ് വ്യാപാരിയോട് ഒരു ലോഡിന് ആയിരം രൂപവെച്ച് സംഘം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മാരകായുധങ്ങളുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.്. ഇയാളുടെ പരാതിയിലാണ് കരമന പോലീസിന്റെ
അറസ്റ്റ് ഡിസംബറില്‍ ഉണ്ടായത്. അജിത്തിന്റെ വീട്ടില്‍നിന്ന് മഴു ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. മലയിന്‍കീഴിലെ ദീപുവിനെ അതിര്‍ത്തി കടത്തി മൂന്ന് കിലോമീറ്ററിന് അപ്പുറം കൊണ്ടു വന്ന് കൊലപ്പെടുത്തിയതിന് പിന്നില്‍ കേരളത്തിലെ ജയില്‍ ഒഴിവാക്കാനുള്ള ചൂഴാറ്റുകോട്ട അമ്പിളിയുടെ കുതന്ത്രമായിരുന്നുവെന്ന വസ്തുത കേരളം അടുത്ത കാലത്ത് ചര്‍ച്ച ചെയ്തതാണ്. ദീപുവിനെ കൊല്ലുന്നത് കേരളത്തില്‍ ആകരുതെന്ന നിര്‍ബന്ധം മാഫിയാ ഡോണായ ചൂഴാറ്റുകോട്ട അമ്പിളിക്കുണ്ടായിരുന്നു.
CONTENT HIGH LIGHTS; The smell of sandalwood on the murder knife: When a mother’s son Soju is arrested in the Marayoor sandalwood theft case?; How he left hooliganism and turned to wood theft; Friendships during his prison stint