മോങ്ങാനിരുന്ന കുരങ്ങിന്റെ തലയില്‍ തേങ്ങാ വീണതു പോലെയാണ് സര്‍ക്കാരിന്റെ അവസ്ഥ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇല്ലെന്ന് പരാതി പറഞ്ഞ് രംഗത്തെത്തിയ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ നല്‍കിയ അടിയുടെ ചൂട് ഒരു വിധത്തില്‍ തണുപ്പിച്ചു വരുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുള്ള മരണം സംഭവിച്ചിരിക്കുന്നത്. നമ്പര്‍ വണ്‍ ആരോഗ്യ വകുപ്പിന്റെ ശനിദശയാണ് ഇപ്പോള്‍. ഇതുവരെയും വല്യ തട്ടുകേടില്ലാതെ പോവുകയായിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജുകളെല്ലാം ഇല്ലായ്മയുടെ നടുവിലാണെന്ന് മാധ്യമങ്ങള്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. ഉള്ളില്‍ ഒന്നുമില്ലെങ്കിലും പുറമേ നമ്പര്‍ വണ്ണാണെന്നും കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നും, ആരോഗ്യ മേളക സൂപ്പറാണെന്നുമൊക്കെ പൊക്കി വിട്ടവരെല്ലം ഇപ്പോള്‍ പമ്മിയിരിക്കുകയാണ്.
ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ വീര്‍പ്പുമുട്ടിയിരുന്നവരെല്ലാം കൂട്ടത്തോടെ ആക്രമിച്ച് ഹാരിസിനെ ഒതുക്കി. ഇന്ന് ഹാരിസ് തന്നെ തനിക്കു തെറ്റുപറ്റിയെന്ന് സമ്മതിച്ച് സര്‍വ്വപാപവും തോളിലേറ്റി ശിക്ഷ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും മീതെ കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണിരിക്കുന്നത്. വീണയുടന്‍ മന്ത്രിയുടെ പ്രസ്താവനയും വന്നു. അത്, ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടമായിരുന്നുവെന്ന്. ഇതിനു പിന്നാലെയാണ് ഒരു സ്ത്രീയുടെ മരണം സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ വിടുവായത്തരം വെളിവായി. തിരുവനന്തപുരവും കോട്ടയവും കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളും ഇപ്പോള്‍ അഫകട നിലയിലാണെന്നു തന്നെ പറയേണ്ടി വരുന്ന അവസ്ഥയാണ്.
മന്ത്രി വീണജോര്‍ജ്ജിന്റെ വാക്കുകള്‍ ഇനി കേരളം വിശ്വസിക്കുമെന്നു തോന്നുന്നില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്തെ പ്രശ്‌നം ഡോക്ടര്‍ ഹാരിസിനെ പഴിചാരി ഒതുക്കിയെങ്കില്‍ കോട്ടയത്ത് അത് നടപ്പാകില്ലെന്നുറപ്പാണ്. അനാസ്ഥകളെ തുറന്നു കാട്ടുക തന്നെ ചെയ്യണം. ഇത് ആരെയും കുറ്റപ്പെടുത്താനോ, ആക്രമിക്കാനോ അല്ലെന്നു മനസ്സിലാക്കുക. കെട്ടിടത്തിനുള്ളില്‍ പെട്ടുമരിച്ച സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ഇത് ആരുടെ പിടിപ്പുകേടാണ് വെളിവാക്കുന്നത്. മന്ത്രിക്ക് പ്രസ്താവന നടത്താന്‍ ഒരു മടിയുമില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കാതിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ജെറി പൂവക്കാലയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോഗ്യ മന്ത്രിയെയടും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
ജെറി പൂവക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നു വീണ സംഭവം അതും ഒരു സ്ത്രീ മരണപ്പെട്ടിരിക്കുന്ന അവസ്ഥ അത്യന്തം ദാരുണമായ ഒരു സംഭവമാണ്. അതും 2 മണിക്കൂറിന് ശേഷം പുറത്തെടുക്കുന്നു. അതും ആരോഗ്യമുള്ള കൂട്ടിരുപ്പുകാരി ബിന്ദുവാണ് മരിച്ചത് . അപ്പോഴും മന്ത്രി പറയുന്നത് അടച്ചിട്ട കെട്ടിടം ആയിരുന്നു എന്നാണ്. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം വൈകി എന്നതില്‍ യാതൊരു സംശയവുമില്ല .( ഇപ്പോള്‍ ഹാരിസ് ഡോക്ടറെ എങ്ങനെ പൂട്ടാം എന്ന് നോക്കി നടക്കുകയാണ്
)വളരെ വേദന തോന്നുന്നു.ദണ്ണം കൊണ്ട് പറഞ്ഞു പോവുന്നതാണ്. ആ സ്ത്രീയുടെ ജീവന് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും .നമ്മുടെ പൊതു ആശുപത്രികളിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല; നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പ്രത്യേകിച്ച് ആശുപത്രികള്‍, കാലപ്പഴക്കവും വേണ്ടത്ര പരിപാലനമില്ലായ്മയും കാരണം അപകടാവസ്ഥയിലാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് സര്‍ക്കാര്‍ ആശുപത്രികള്‍. എന്നാല്‍, ഈ സ്ഥാപനങ്ങളില്‍ പലതിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കാലപ്പഴക്കം ചെന്ന ഈ കെട്ടിടങ്ങള്‍ക്ക് പലപ്പോഴും മതിയായ അറ്റകുറ്റപ്പണികള്‍ ലഭിക്കുന്നില്ല. ഇത് കെട്ടിടങ്ങളുടെ ഘടനാപരമായ ബലത്തെ കാര്യമായി ബാധിക്കുന്നു. പഴയ കെട്ടിടങ്ങളില്‍ പലതും ഇന്നത്തെ നിലവാരത്തിലുള്ള നിര്‍മ്മാണ സാമഗ്രികളോ സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് നിര്‍മ്മിച്ചവയല്ല. കാലക്രമേണയുള്ള തേയ്മാനവും കാലാവസ്ഥാ വ്യതിയാനങ്ങളും ഇവയുടെ ബലത്തെ കുറയ്ക്കുന്നു. ഫണ്ടുകളുടെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും കാരണം പല കെട്ടിടങ്ങള്‍ക്കും കൃത്യമായ അറ്റകുറ്റപ്പണികള്‍ ലഭിക്കുന്നില്ല. ചെറിയ കേടുപാടുകള്‍ പോലും ശ്രദ്ധിക്കാതെ വിടുന്നത് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു.
ആശുപത്രി കെട്ടിടങ്ങള്‍ക്ക് സാധാരണ കെട്ടിടങ്ങളെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിപാലനവും ആവശ്യമാണ്. വലിയ യന്ത്രസാമഗ്രികളുടെ ഭാരം, തുടര്‍ച്ചയായ ഉപയോഗം, അണുബാധ നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് അവയ്ക്ക് പ്രത്യേക രൂപകല്‍പ്പനയും പരിപാലനവും വേണം. അപകടസാധ്യതകളും പ്രത്യാഘാതങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലെ സംഭവം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇത്തരം അപകടങ്ങള്‍ മനുഷ്യ ജീവന്‍ അപഹരിക്കുക മാത്രമല്ല, പൊതുജനാരോഗ്യ സംവിധാനത്തോടുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു.
കെട്ടിടം തകര്‍ന്നു വീണാല്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഗുരുതരമായ പരിക്കുകളോ ജീവാപായമോ സംഭവിക്കാം. ഒരു കെട്ടിടം തകരുകയോ അപകടാവസ്ഥയിലാകുകയോ ചെയ്താല്‍ ആ വിഭാഗത്തിലെ സേവനങ്ങള്‍ തടസ്സപ്പെടും. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിരമായി ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
- സമഗ്രമായ പരിശോധന: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെയും ഘടനാപരമായ ബലം എത്രയുണ്ടെന്ന് വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എത്രയും പെട്ടെന്ന് കണ്ടെത്തുകയും ആവശ്യമെങ്കില്‍ അടച്ചിടുകയും വേണം.
- കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ നവീകരിക്കുകയോ പൂര്‍ണ്ണമായി പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യണം. ഇതിനായി പ്രത്യേക ഫണ്ടുകള്‍ അനുവദിക്കണം.
- സ്ഥിരമായ അറ്റകുറ്റപ്പണി: കെട്ടിടങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഒരു സംവിധാനം ഉണ്ടാക്കണം. ഇതിനായി ഒരു പ്രത്യേക ടീമിനെ നിയമിക്കുകയും ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയും വേണം.
- ആധുനിക നിര്‍മ്മാണ രീതികള്‍: പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ആധുനികവും സുരക്ഷിതവുമായ നിര്‍മ്മാണ രീതികളും സാമഗ്രികളും ഉപയോഗിക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള രൂപകല്‍പ്പന ആയിരിക്കണം.
- പൊതുജന പങ്കാളിത്തം: കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കണം.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് അനിവാര്യമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ സംഭവം ഒരു പാഠമായി കണ്ട്, എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
CONTENT HIGH LIGHTS; Kandaka Shani: Take the health department with you: All the covered-up incompetence is coming to light; Number One Health is now in the morgue: What do the minister and the government have to say?