മഹാദുരന്തങ്ങള്‍ ഉണ്ടാകുമെന്ന പ്രവചനം നടത്തി ലോകത്തെയാകെ ഞെട്ടിച്ച റിയോ തത്സുകി എന്ന ജപ്പാന്‍കാരിയെ ആ രാജ്യത്തെ ഭരണാധികാരികള്‍ എന്തു ചെയ്യും എന്നതാണ് ഇനി അറിയേണ്ടത്. ശാസ്ത്രത്തിന്റെ ഒരുവിധ പിന്‍ബലവുമില്ലാതെ വായിതോന്നുന്നത് വിളിച്ചു പറയുകയോ, എവുതി വെയ്ക്കുകയോ ചെയ്യുന്നതിനെ നിശിതമായി വിമര്‍ശിക്കുന്നവരും ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ പ്രവചനങ്ങളും ഫലിക്കണണെന്നില്ലെന്നും ചിലതൊക്കെ പിന്നീടുണ്ടാകുന്ന ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്നതാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്തായാലും ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തില്‍ സൂചിപ്പിച്ച ദിവസമാണ് ഇന്ന്.
ജപ്പാനില്‍ ഇന്ന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കുമെന്നും മഹാ നഗരങ്ങള്‍ കടലില്‍ വീഴുമെന്നുമായിരുന്നു തത്സുകിയുടെ പ്രവചനം. ഇന്ന് ജൂലൈ 5, ജപ്പാനില്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എന്നാല്‍, പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറു ചലനങ്ങള്‍ തെക്കുപടിഞ്ഞാറന്‍ ടൊകാര ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആശങ്ക പരത്തിയിരുന്നു. റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനില്‍ എവിടേയും വലിയ ദുരന്തങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജനങ്ങള്‍ എല്ലായിടത്തും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ ജപ്പാനില്‍ 1,000ല്‍പരം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ പ്രവചനങ്ങള്‍ക്ക് വഴങ്ങരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും, പ്രധാന ദ്വീപുകളുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ 26- 27 ദിവസങ്ങളില്‍ ഈ ഭൂചലനങ്ങളുടെ എണ്ണം 15- 16 ആയി കുറയുകയും ചെയ്തു.
പിന്നാലെ ജൂണ്‍ 29ന് 98 ഭൂചലനങ്ങളും ജൂണ്‍ 30ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകര ദ്വീപ് ആണ് പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം. ടോക്കിയോയില്‍ നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെയാണിത്. തോഷിമ ഗ്രാമത്തില്‍ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോള്‍ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാന്‍ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ജപ്പാനിലെ നിലവിലെ ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഭൂകമ്പത്തിന്റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കില്‍ സ്‌കെയില്‍ പ്രവചിക്കാന്‍ പ്രയാസമാണെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ആയതക എബിറ്റ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയോ തത്സുകിയുടെ പ്രവചനത്തിനെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു ടോക്കറ ദ്വീപുകളിലെ ജനങ്ങള്‍. അതേസമയം പ്രവചന സമയം കഴിഞ്ഞിട്ടും ദുരന്തങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാനിലെ ജനങ്ങള്‍. എന്നാല്‍ തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികള്‍ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത് അവിടുത്തെ ടൂറിസത്തെ മോശമായ രീതില്‍ ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയില്‍ കടല്‍ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18 സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നത്. തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലര്‍ വാദിച്ചു. കടല്‍ തിളച്ചുമറിയണമെങ്കില്‍ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകള്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.
- ആരാണ് റിയോ തത്സുകി ?
ഫ്യൂച്ചര്‍ ഐ സോ എന്ന കൃതിയിലൂടെയാണ് റിയൊ തത്സുകി ഇത്തരം പ്രവചനങ്ങള്‍ നടത്തുന്നത്. കോവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ ആരാധകര്‍ അവകാശപ്പെടുന്നത്. തെക്കന്‍ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തില്‍ ശനിയാഴ്ച മുതല്‍ 470ലധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങള്‍ക്ക് ആശങ്ക ഇരട്ടിയായി.
1999-ല്‍ പ്രസിദ്ധീകരിച്ച ഫ്യൂച്ചര്‍ ഐ സോയുടെ കവര്‍ പേജില്‍ തന്നെ 2011 മാര്‍ച്ചിലെ ഭൂകമ്പവും തുടര്‍ന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തില്‍ ഏകദേശം 16,000 പേര്‍ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്തിരുന്നു. താന്‍ പ്രവചിച്ച അതേ വര്‍ഷം അതേ സമയത്താണ് ഈ ദുരന്തങ്ങള്‍ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം.
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ പ്രവചിച്ചയാളാണ് ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെയും സാര്‍ ബോറിസ് മൂന്നാമന്റെയും മരണ തീയതി തുടങ്ങിയവയെല്ലാം ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. എല്ലാ വര്‍ഷാവസാനവും പ്രവചനങ്ങളുമായി എത്താറുള്ള ഈ ബാബ വാംഗയുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ജാപ്പനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി.
- എന്താണ് ഭൂകമ്പം ?
ഭൂമിയുടെ രണ്ട് ബ്ലോക്കുകള്‍ പെട്ടെന്ന് പരസ്പരം വഴുതി വീഴുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ് ഭൂകമ്പം. അവ വഴുതിപ്പോകുന്ന പ്രതലത്തെ ഫോള്‍ട്ട് അല്ലെങ്കില്‍ ഫോള്‍ട്ട് പ്ലെയിന്‍ എന്ന് വിളിക്കുന്നു. ഭൂകമ്പം ആരംഭിക്കുന്ന ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള സ്ഥലത്തെ ഹൈപ്പോസെന്റര്‍ എന്നും ഭൂമിയുടെ ഉപരിതലത്തില്‍ അതിന് തൊട്ടുമുകളിലുള്ള സ്ഥലത്തെ പ്രഭവകേന്ദ്രം എന്നും വിളിക്കുന്നു. ചിലപ്പോള്‍ ഭൂകമ്പത്തിന് ഫോര്‍ഷോക്കുകള്‍ ഉണ്ടാകാറുണ്ട്. ഒരേ സ്ഥലത്ത് സംഭവിക്കുന്ന ഏറ്റവും ചെറിയ ഭൂകമ്പങ്ങളാണിവ. വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പാണ് അവ സംഭവിക്കുന്നത്. ഒരു ഫോര്‍ഷോക്കിനും യഥാര്‍ത്ഥ ഭൂകമ്പത്തിനും ഇടയില്‍
വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍, ഒരു ഫോര്‍ഷോക്കിന് ശേഷം ഒരു വലിയ ഭൂകമ്പം വരുമോ എന്ന് പ്രവചിക്കാന്‍ കഴിയില്ല. ഏറ്റവും വലിയ, പ്രധാന ഭൂകമ്പത്തെ മെയിന്‍ഷോക്ക് എന്ന് വിളിക്കുന്നു. മെയിന്‍ഷോക്കുകള്‍ക്ക് എല്ലായ്‌പ്പോഴും തുടര്‍ന്നുള്ള ആഫ്റ്റര്‍ഷോക്കുകള്‍ ഉണ്ടാകാറുണ്ട്. മെയിന്‍ഷോക്ക് ഉണ്ടായ അതേ സ്ഥലത്ത് പിന്നീട് സംഭവിക്കുന്ന ചെറിയ ഭൂകമ്പങ്ങളാണിവ. പ്രധാന ഭൂകമ്പത്തെ ആശ്രയിച്ച്, തുടര്‍ചലനങ്ങള്‍ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ പോലും നീണ്ടുനില്‍ക്കും.
- ഭൂകമ്പങ്ങള്‍ക്ക് കാരണമെന്താണ് ? എവിടെയാണ് സംഭവിക്കുന്നത്?
ഭൂകമ്പത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് അവ എങ്ങനെ സംഭവിക്കുന്നു എന്നതാണ്. അവ എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കാന്‍, ആദ്യം, ഗ്രഹത്തിലെ നാല് പ്രധാന പാളികളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭൂമിക്ക് നാല് പ്രധാന പാളികളുണ്ട്: അകത്തെ കാമ്പ്, പുറം കാമ്പ്, ആവരണം, പുറംതോട്. പുറംതോടും മാന്റിലിന്റെ മുകള്‍ഭാഗവും ചേര്‍ന്ന് നമ്മുടെ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഒരു നേര്‍ത്ത ചര്‍മ്മം ഉണ്ടാക്കുന്നു. എങ്കിലും, ഈ ചര്‍മ്മം എല്ലാം ഒരു കഷ്ണമല്ല- ഭൂമിയുടെ ഉപരിതലത്തെ മൂടുന്ന ഒരു പസില്‍ പോലെ ഇത് നിരവധി കഷ്ണങ്ങള്‍ ചേര്‍ന്നതാണ്.
മാത്രമല്ല, ഈ പസില്‍ കഷണങ്ങള്‍ പതുക്കെ നീങ്ങിക്കൊണ്ടിരിക്കും, പരസ്പരം കടന്ന് തെന്നിമാറി പരസ്പരം ഇടിച്ചുകയറുകയും ചെയ്യുന്നു. ഈ പസില്‍ പീസുകളെ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ എന്ന് വിളിക്കുന്നു. ഈ ഫലകങ്ങളുടെ അരികുകളെ പ്ലേറ്റ് അതിരുകള്‍ എന്ന് വിളിക്കുന്നു. ഫലക അതിരുകള്‍ നിരവധി വിള്ളലുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്, ലോകമെമ്പാടുമുള്ള ഭൂകമ്പങ്ങളില്‍ ഭൂരിഭാഗവും ഈ വിള്ളലുകളിലാണ് സംഭവിക്കുന്നത്. ഈ അരികുകള്‍ വളരെ പരുക്കനായതിനാല്‍, പ്ലേറ്റിന്റെ ബാക്കി ഭാഗം ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ അവ കുടുങ്ങിപ്പോകും. ഒടുവില്‍, പ്ലേറ്റ് ആവശ്യത്തിന് ദൂരം നീങ്ങുമ്പോള്‍, അരികുകള്‍ ഒരു വിള്ളലില്‍ ഉറച്ചുനില്‍ക്കുകയും ഒരു ഭൂകമ്പം ഉണ്ടാകുകയും ചെയ്യുന്നു.
- ഭൂകമ്പം ഉണ്ടാകുമ്പോള്‍ ഭൂമി കുലുങ്ങുന്നത് എന്തുകൊണ്ട്?
ഫോള്‍ട്ടുകളുടെ അരികുകള്‍ ഒരുമിച്ച് പറ്റിപ്പിടിച്ചിരിക്കുമ്പോഴും, ബ്ലോക്കിന്റെ ബാക്കി ഭാഗം ചലിക്കുമ്പോഴും, സാധാരണയായി ബ്ലോക്കുകള്‍ പരസ്പരം തെന്നിമാറാന്‍ കാരണമാകുന്ന ഊര്‍ജ്ജം സംഭരിക്കപ്പെടുന്നു. ചലിക്കുന്ന ബ്ലോക്കുകളുടെ ബലം ഒടുവില്‍ ഫോള്‍ട്ടുകളുടെ മുല്ലയുള്ള അരികുകളിലെ വലിയ അളവിലുള്ള ഘര്‍ഷണത്തെ മറികടന്ന് അത് അഴിച്ചുമാറ്റുമ്പോള്‍, സംഭരിച്ചിരിക്കുന്ന എല്ലാ പൊട്ടന്‍ഷ്യല്‍ എനര്‍ജിയും പുറത്തുവരുന്നു. ഒരു കുളത്തിലെ അലകള്‍ പോലെ ഭൂകമ്പ തരംഗങ്ങളുടെ രൂപത്തില്‍ എല്ലാ ദിശകളിലേക്കും ഫോള്‍ട്ടില്‍ നിന്ന് ഊര്‍ജ്ജം പുറത്തേക്ക് പ്രസരിക്കുന്നു. ഈ തിരമാലകള്‍ ഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴും, തിരമാലകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുമ്പോഴും ഭൂമിയെ കുലുക്കുന്നു. ഈ പ്രതിപ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ സ്വത്തുക്കളുടെയും വീടുകളുടെയും ഭൂമിയുടെയും നാശമാണ്.
- ഭൂകമ്പം എവിടെയാണ് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?
ഗവണ്‍മെന്റുകളുമായും പൗരന്മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്, ഭൂകമ്പങ്ങളുടെ വരാനിരിക്കുന്ന ഘട്ടത്തെക്കുറിച്ച് ശാസ്ത്രജ്ഞരും മറ്റ് വകുപ്പുകളും ബോധവാന്മാരായിരിക്കേണ്ടത് നിര്‍ണായകമാണ്. ഭൂകമ്പങ്ങള്‍ കണ്ടെത്തുന്നതിനും സീസ്‌മോഗ്രാമുകള്‍ ഉപയോഗപ്രദമാണ്, കൂടാതെ പി തരംഗവും എസ് തരംഗവും കാണാന്‍ കഴിയുന്നത് പ്രധാനമാണ്. പി തരംഗങ്ങള്‍ എസ് തരംഗങ്ങളേക്കാള്‍ വേഗതയുള്ളവയാണ്, ഈ വസ്തുതയാണ് ഭൂകമ്പം എവിടെയായിരുന്നുവെന്ന് പറയാന്‍ നമ്മെ അനുവദിക്കുന്നത്. രണ്ട് തരംഗങ്ങള്‍ക്കും ഒരു പ്രധാന വ്യത്യാസമുണ്ട്. P തരംഗങ്ങള്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുകയും ഭൂകമ്പത്തില്‍ നിന്ന് ആദ്യം എത്തുന്നത് ഇവയാണ്.
S അഥവാ ഷിയര്‍ തരംഗങ്ങളില്‍, തരംഗ പ്രചാരണത്തിന്റെ ദിശയ്ക്ക് ലംബമായി പാറ ആന്ദോളനം ചെയ്യുന്നു. എങ്കിലും, അവയ്ക്ക് ഒരു പൊതുതത്വവുമുണ്ട്. P, S തരംഗങ്ങള്‍ ഭൂമിക്കുള്ളിലെ ഒരു ഭൂകമ്പ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നു. ഭൂകമ്പങ്ങളെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്, അതുവഴി നമുക്ക് അവയെ വ്യത്യാസപ്പെടുത്താന്‍ കഴിയും. അവ ഒഴിവാക്കുന്നതിനുള്ള ചില സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം, കാരണം അവ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയിലും ലോകത്തിന്റെ ഭാവി എന്ന നിലയിലും നാം ഈ വസ്തുതകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
CONTENT HIGH LIGHTS; Prediction ‘cheat’: July 5th, like every day; Japan, without anything happening in Ryo Tatsuki’s prediction; No disasters reported anywhere; A complete nonsense without scientific backing; Who is Ryo Tatsuki?