KSRTCയില്‍ ഒന്നാം തീയതി ശമ്പളമെന്ന സ്വപ്‌നം വീണ്ടും യാഥാര്‍ഥ്യമായിട്ട് വളരെ കുറച്ചു മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ദേശീയ പണിമുടക്കെന്ന ഭൂതം വന്നിരിക്കുകയാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരേ ഇടതുപക്ഷ യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക് സമരമാണ് നടക്കാന്‍ പോകുന്നത്. നാളെ നടക്കുന്ന സമരത്തില്‍ പങ്കെടുത്താല്‍ KSRTCയുടെ നഷ്ടം എത്രയാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുകൊണ്ടായിരിക്കും ഗതാഗതമന്ത്രി കെ.ബി ഗണോഷ്‌കുമാറിന് ഈ പണിമുടക്കിനോട് അത്ര യോജിപ്പില്ല.
KSRTC എല്ലാദിവസവും ഓടുംപോലെ നാളെയും ഓടുമെന്ന് മന്ത്രി പറയുകയാണ്. എന്നാല്‍, ഇതുകേള്‍ക്കേണ്ട താമസം KSRTCയിലെ യൂണിനുകളെല്ലാം വാളെടുത്തു. ദേശീയ പണിമുടക്കിന് പണിചെയ്യാനോ. പറ്റില്ലെന്നു മാത്രമല്ല. നഷ്ടം സഹിക്കുകയും വേണം എന്ന നിലപാടാണ് യൂണിയന്‍കാരുടേത്. കാരണം, കേരളത്തില്‍ ഇടതുസര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് കേന്ദ്ര വിരുദ്ധ പണിമുടക്കാണ്. അതില്‍ അതിശക്തമായി പങ്കെടുക്കുകയാണ് വേണ്ടത്.
എന്നാല്‍, ഗണേഷ്‌കുമാര്‍ പറയുന്നത്, തനിക്ക് ഒരു യൂെണിയന്റെയും നോട്ടീസ് കിട്ടിയിട്ടില്ല എന്നാണ്. ഇതൊരു മുട്ടാന്യായമായേ കരുതാനാകൂ എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. കാരണം, ദേശീയ പണിമുടക്ക് വളരെ നേരത്തെ പ്രഖ്യാപിച്ചതും, അതിന്റെ നോട്ടീസും പരസ്യവും, ചുവരെഴുത്തുമെല്ലാം എല്ലായിടത്തും നടത്തിയതുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ശത്രുവാണ് കേരള സര്‍ക്കാരെന്ന് മന്ത്രി അറിയാഞ്ഞിട്ടല്ല എന്നതും പരസ്യമായ കാര്യമാണ്. എന്നിട്ടും, ഗണേഷ്‌കുമാര്‍ എന്താണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് യൂണിയന്‍കാരുടെ സംശയം.
ഇതോടെയാണ് ‘പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരും മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മില്‍ തര്‍ക്കത്തിലേക്കു നീങ്ങിയിരിക്കുന്നത്. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്
മുന്നോട്ടുപോകുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം സിഐടിയു തള്ളിയിട്ടുണ്ട്. സമരം ചെയ്യുമെന്ന് സിഐടിയു വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. സമരത്തിന്റെ നോട്ടീസ് മാനേജ്മെന്റിന് നല്‍കിയിട്ടുണ്ടെന്നും സി ഐ ടി യു അറിയിച്ചു. ഇതോടെ നാളെ എല്ലാ സിഐടിയു ജീവനക്കാരും സമരത്തിന് ഇറങ്ങുമെന്ന് വ്യക്തമായി. പൊതു പണിമുടക്കിനെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സിപിഎം നേതാവ് അനില്‍കുമാറും പ്രതികരിച്ചു. എന്നാല്‍ ബിഎംഎസ് യൂണിയന്‍ സമരത്തില്‍ പങ്കെടുക്കില്ല. മന്ത്രിയെ തള്ളി
വിവിധ കെ.എസ്.ആര്‍.ടി.സി യൂണിയനുകളും രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി അറിയിച്ചപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി. കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വില്‍പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക,
മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് പൊതുപണിമുടക്ക്. ഇതാണ് കെ എസ് ആര്‍ ടി സിയില്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ പറയുന്നത്. പൊതു പണിമുടക്ക് കെ എസ് ആര്‍ ടി സിയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം അടക്കം ചൂണ്ടിക്കാട്ടിയാണ് ഗണേഷ് കുമാര്‍ സമരം വേണ്ടെന്ന് പറഞ്ഞു വച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരു ഇടതു സംഘടനയ്ക്കും കഴിയില്ലെന്നതാണ് സിഐടിയു നിലപാട്. പണിമുടക്കിനെ സിപിഎമ്മും
പിന്തുണയ്ക്കുന്നു. എല്ലാം അറിഞ്ഞിട്ടും മന്ത്രി അനാവശ്യ വിവാദമുണ്ടാക്കിയത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ കടന്നാക്രമിക്കാതെ സമരവുമായി മുമ്പോട്ട് പോകും. പൊതു പണിമുടക്കിന് നോട്ടീസ് നല്‍കിയതിന്റെ പകര്‍പ്പും ഇടതു സംഘടനകള്‍ പുറത്തു വിട്ടിട്ടുണ്ട്. സിഐടിയുവിനൊപ്പം എഐടിയുസിയും മന്ത്രിയുടെ സമര വിരുദ്ധ പ്രസ്താവനയ്ക്ക് എതിരാണ്. ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകളും സമരത്തിലാണ്. നാളെ ഇവര്‍ക്കൊപ്പം കെ എസ് ആര്‍ ടി സി ജീവനക്കാരും സമരമുണ്ടാക്കും. കര്‍ഷകര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും
അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇന്‍ഷുറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 25 കോടി തൊഴിലാളികള്‍ സമരത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് പ്രതിനിധി അമര്‍ജിത് കൗര്‍ പറഞ്ഞു. സി.പി.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി നേതാക്കള്‍, സംയുക്ത കിസാന്‍ മോര്‍ച്ച, കാര്‍ഷിക തൊഴിലാളി സംഘടനകള്‍ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്. അപ്പോള്‍ ഇനി ചെയ്യാന്‍ പറ്റുന്നത്, അടുത്ത മാസത്തെ ശമ്പളത്തില്‍ പൊതു പണിമുടക്ക് ദിവസത്തെ ശമ്പളം കുറയ്ക്കുയാണ് വേണ്ടത്. അതാകുമ്പോള്‍ ആര്‍ക്കും പരാതിയുമുണ്ടാകില്ല. മന്ത്രി ഇനി അങ്ങനെ ചെയ്യുമോ എന്നതാണ് അറിയേണ്ടത്.
CONTENT HIGH LIGHTS; Isn’t KSRTC against the center?: Is KSRTC not involved in the government-sponsored strike? Unionists wonder what happened to Minister Ganesh Kumar?; Minister says he didn’t receive any notice; Will he deduct one day’s wages from next month’s salary?