വര്‍ഷങ്ങളായി ഇന്ത്യയും യമന്‍ ഭരണകൂട പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. ആ വഴി അടഞ്ഞതോടെ നിയമ വഴിയില്‍ സഹായം നല്‍കാനുള്ള നീക്കമായി. അങ്ങനെ നിയമ വ ഴിയിലൂടെയുള്ള യാത്രയും യമന്‍ കോടതികള്‍ അടച്ചു. പിന്നെ, ദയാധനം നല്‍കാനുള്ള പരിശ്രമവും, സമ്മതിക്കലുമൊക്കെയായി ഇടപെടലുകള്‍ നടന്നു. എന്നാല്‍, മരണപ്പെട്ടവരുടെ കുടുംബം ദയാധനം വാങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ ആശയറ്റ്, പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേല്‍പ്പിച്ച് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും കൈവിട്ടു. ചെയ്യാനാകുന്ന വഴികളിലൂടെ എല്ലാം ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല എന്നതു മാത്രമാണ് കേന്ദ്രസര്‍ക്കാരിനു പറയാനുണ്ടായിരുന്നത്. ഇനി ഒരു രാത്രി കൂടിമാത്രമേയുള്ളൂ നിമിഷപ്രിയ എന്ന മലയാളിയെ വധശിക്ഷയ്ക്കു വിധേയമാക്കാന്‍.
ഈ പകലില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരു ജീവന്റെ വിലയുള്ള ചര്‍ച്ചകളാണ്. പകലില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ രാത്രി വെളുക്കുമ്പോള്‍ നിമിഷപ്രിയയുടെ ജഡം നാട്ടിലേക്ക കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കാകും പ്രാധാന്യം ഏറുന്നത്. ഇന്ത്യന്‍ നിയമ വ്യവസ്ഥകളും, രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധവും, ദയാധന കൈമാറ്റവും പരാജയപ്പെട്ട ഇടത്ത്, മതം വിജയിക്കുമോ എന്നാണ് അറിയേണ്ടത്. അവസാന ശ്രമം എന്ന നിലയിലാണ് മതപണ്ഡിതരുടെ, പുരോഹിതരും ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനഘട്ടത്തിലും തീവ്രപരിശ്രമം നടത്തുകയാണ് അവര്‍. അഴര്‍ക്കു മുമ്പില്‍ ഈയൊരു പകല്‍ മാത്രമാണുള്ളത്.
കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ ഇടപെട്ടതോടെ, സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. യമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ, കാന്തപുരം, കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയുടെ സഹോദരനുമായി സംസാരിച്ചു. ഷെയ്ഖ് ഹബീബ് ഉമര്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയോട് കുടുംബം അനുകൂലമായി പ്രതികരിച്ചാല്‍, നിമിഷപ്രിയയ്ക്ക് അനുകൂല സാഹചര്യം ഒരുങ്ങും. മോചനത്തിനായി ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു.
വടക്കന്‍ യമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജി, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എ.ജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. അതായത് നിമിഷപ്രയയെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമത്തിലും പരാജയം സംഭവിച്ച് വധശിക്ഷ നടപ്പാക്കിയ ശേഷം ഒരു ദിവസം കഴിഞ്ഞ് കേസ് പരിഗണിക്കാന്‍ എന്നര്‍ത്ഥം. എന്തിനാണ് എന്നുകൂടി കോടതി പറയണമായിരുന്നു. ഇത് സാധാരണ ഒരു മനുഷ്യന്റെ സംശയമാണ്.
ജീവിച്ചിരിക്കുന്ന ഒരാളെ കൊല്ലാന്‍ നിര്‍ത്തിയിരിക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോടതിയില്‍ പറയുന്ന ഒരു സര്‍ക്കാരിന്റെ കേസ് വധശിക്ഷ നടത്തിയശേഷം പരിഗണിക്കാന്‍ മാറ്റുന്നതിന്റെ ന്യായമെന്താണ്. നിമിഷപ്രയയെ ശരിയായ രീതിയിലാണോ വധശിക്ഷയ്ക്കു വിധിച്ചതെന്ന് അറിയാനോ. അതോ നിമിഷപ്രിയയെ കൊന്നെന്ന് ഉറപ്പിക്കാനോ. മനസ്സിലാകുന്നില്ല. സുപ്രീം കോടതിയുടെ കേസ് മാറ്റിവെയ്ക്കല്‍ നടപടി ഇന്നത്തേക്കായിരുന്നു എങ്കില്‍ മനസ്സിലാക്കാമായിരുന്നു. പക്ഷെ, ഇത് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസവും കഴിഞ്ഞാണ് കേസ് പരിഗണിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍. അത് എന്തിനാണ് എന്നാണ് മനസ്സിലാകാത്തത്. ജൂലൈ 16 ലേക്ക് ഒരു രാത്രിയുടെ ദൂരം മാത്രമാണുള്ളത്.
2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുന്നത്. നിമിഷപ്രിയയ്‌ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുന്നയാളാണ് തലാല്‍ അബ്ദുമഹ്ദി. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു.
ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ജയിലിലായ തലാല്‍ പുറത്തെത്തിയ ശേഷം കൂടുതല്‍ ഉപദ്രവകാരിയായി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീഷ്യയ്ക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയില്‍ പറഞ്ഞത്. മൃതദേഹം നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ കഷ്ണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവശേഷം സ്ഥലംവിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നു.
ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കള്‍ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തില്‍ കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. 2017ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്. പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയ. യമന്‍ സനയിലെ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്നു. നാളെ വധശിക്ഷ.
CONTENT HIGH LIGHTS;Will religion win here?: Law, charity, and diplomacy all failed?; Nimishapraya’s life span is only one night; Will she be executed tomorrow?