ഒരു രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ പറന്നിറങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ബി യുദ്ധവിമാനം പിന്നെ പറക്കാനാവാതെ നിന്നുപോയി. അഞ്ചാംതലമുറ യുദ്ധവിമാനത്തെക്കുറിച്ച് ഇന്ത്യ കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ 33 ദിവസമായി ലോകം വറപ്പിക്കുന്ന അത്യാധുനിക യുദ്ധ വിമാനം ഇന്ത്യന്‍ മണ്ണില്‍ വിശ്രമിക്കുകയാണ്. വിമാനം കേരള സര്‍ക്കാരിന്റെയും സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെയും ഇഷ്ട വിഭവമായി മാറുകയും ചെയ്തു. അതീവ സുരക്ഷയോടെയാണ് ഈ രാജകീയ വിമാനത്തെ ഇന്ത്യ സംരക്ഷിച്ചത്. ഒടുവില്‍ വിദഗ്ദ്ധരെത്തി വിമാനത്തെ ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനകളും പരിഹാരങ്ങളും ഫലം കണ്ടിരിക്കുകയാണ്.
ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാര്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിരുന്നെത്തിയ യുദ്ധവിമാനം വിശ്രമ ജീവിതം കഴിഞ്ഞ് തിരിച്ചു പോവുകയാണ്. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് പരിഹരിച്ചത്. എന്‍ജിന്റെ കാര്യക്ഷമതയും പരിശോധിച്ച് ഉറപ്പ് വരുത്തിക്കഴിഞ്ഞു. തകരാര്‍ പരിഹരിച്ചതോടെ ഈ മാസം 20 ന് ശേഷം തിരികെ പറന്നു തന്നെ യുദ്ധ വിമാനം ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് പടക്കപ്പലിലേക്കു മടങ്ങും. ബ്രിട്ടീഷ് റോയല്‍ നേവിയുടെ അനുമതി കിട്ടിയാല്‍ ഉടന്‍ തിരിച്ചു പറക്കുന്ന തീയതിയില്‍ അന്തിമ തീരുമാനം വരും. ഒരാഴ്ച മുമ്പാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്.
ബ്രിട്ടീഷ് വ്യോമസേനയുടെ എയര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. യുദ്ധവിമാനക്കമ്പനിയുടെ അമേരിക്കന്‍ വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു. വിദഗ്ദ്ധരെ എത്തിച്ച ശേഷം എയര്‍ബസ് തിരികെ പോവുകയും ചെയ്തു. അഥവാ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് പറപ്പിക്കാനായില്ലെങ്കില്‍, ചിറകുകള്‍ ഇളക്കി മാറ്റി വാമാനത്തിന്റെ ബോഡി കാര്‍ഗോ ചെയ്യാനും പ്ലാനുണ്ടായിരുന്നു. ഇതുകൂടി കണ്ടുകൊണ്ടാണ് വിദഗ്ദ്ധ സംഘം എത്തിയത്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ വിമാനത്തെ ഹംഗര്‍ യൂണിറ്റിലേക്ക് മാറ്റുകയും, അതിന്റെ യഥാര്‍ഥ പ്രശ്‌നം എംന്താണെന്ന് കണ്ടെത്തുകയുമായിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായാണ് 14 അംഗ സംഘം എത്തിയത്.
തകരാര്‍ പരിഹരിച്ച കാര്യം ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനെ സംഘം അറിയിച്ചു. ഇനി വിമാനത്തിന്റെ ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവയില്‍ പരീക്ഷണം നടത്തും. വിമാനം പറക്കലിനു പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കാനാണിത്. എന്നാല്‍, ബ്രിട്ടീഷ് യുദ്ധവിമാനം ഇവിടെ കുടുങ്ങിയതോടെ ബ്രിട്ടന്റെ ആശങ്ക, വിമാനത്തിന്റെ സാങ്കേതിക വിദ്യയോ, വിമാനത്തെക്കുറിച്ചുള്ള വിവരങ്ങളോ ചോരുമോ എന്നായിരുന്നു. ആതിഥേയ മര്യാദയും അതിഥിയുടെ സ്വകാര്യതയും വിശ്വസനീയമായി സൂക്ഷിച്ചാണ് ഇന്ത്യ, ബ്രിട്ടന്റെ ആ ആശങ്കയ്ക്ക് മറുപടി നല്‍കിയത്. വിമാനത്തിന് വലിയ സുരക്ഷയും ഇന്ത്യ ഒരുക്കി. എന്താണോ വിമാനത്തിന്‍മേല്‍ ബ്രിട്ടന്റെ തീരുമാനം, അത് നടപ്പാക്കാനുള്ള എല്ലാ കാര്യങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നും ചെയ്തു കൊടുക്കുകയും ചെയ്തു.
വിമാനം തകരാര്‍ പരിഹരിച്ച് പറത്തിക്കൊണ്ടു പോകാനായിരുന്നു ബ്രിട്ടന്റെ തീരുമാനം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനും പുറത്തുനിന്ന് ചാര്‍ജ് നല്‍കുന്ന ഓക്‌സിലറി പവര്‍ യൂണിറ്റിനും തകരാറുകളുണ്ടെന്ന് കണ്ടെത്തിയതോടെ ആ ശ്രമം പാളിപ്പോയി. പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം ഈ തകരാറുകള്‍ സംഭവിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും വിദഗ്ധസംഘം നടത്തുന്നുണ്ട്. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള മുഴുവന്‍ ഉപകരണങ്ങളുമായാണ് ബ്രിട്ടീഷ്-അമേരിക്കന്‍ സംഘം എത്തിയത്. ഇന്ത്യന്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചില്ല. എല്ലാം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. ലക്ഷ്യമിട്ട സമയത്തിനുള്ളില്‍ തകരാര്‍ പരഹരിച്ചുവെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ വിലയിരുത്തല്‍.
യുദ്ധ വിമാനത്തിന്റെ സാങ്കേതികത ചോരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ബ്രിട്ടീഷ് സംഘം എടുത്തു. അറ്റകുറ്റപണി തല്‍സമയം ബ്രിട്ടണിലും അമേരിക്കയിലും ഇരുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി വിമാനം ഹാഗര്‍ യൂണിറ്റിലേക്കു മാറ്റുന്നതിനെ കുറിച്ച് ബ്രിട്ടന്‍ ചിന്തിച്ചു പോലുമില്ല. ആരെയും വിമാനത്തിന്റെ അടുത്തേക്ക് പോകാനും അനുവദിച്ചില്ല. 22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷാവലയത്തിലായിരുന്നു. പിന്നീട് വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റിലേക്ക് മാറ്റി. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനെത്തിയതായിരുന്നു ബ്രിട്ടീഷ് റോയല്‍ നേവി.
എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍ നിന്നു പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്നാണ് ജൂണ്‍ 14ന് രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടന്നത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലായിരുന്നു വിമാനത്തിന്റെ അറ്റകുറ്റപ്പണി. രണ്ടാം ഹാംഗറിലുള്ള ഇന്ത്യന്‍ സുരക്ഷാജീവനക്കാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനത്തെ വ്യത്യസ്തമാക്കുന്നത്. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യു.എസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്.
അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി ആരംഭിച്ചു. ഇതാണ് നിര്‍ണ്ണായകമായത്.
CONTENT HIGH LIGHTS; Let’s fix it now!!: F-35B British fighter jet repaired; Returning after a blissful stay in God’s own country; Got stuck at a party on June 14th; Now all we need is permission to fly back