മക്കള്‍ രാഷ്ട്രീയത്തിന്റെ വഴികളില്‍ പിഴച്ചു പോവുകയോ, വെറും രാഷ്ട്രീയക്കാരനായി നില്‍ക്കുകയോ ചെയ്യുന്നതല്ലാതെ പൊതു ഇടപെടല്‍ നടത്തുന്നവരുടെ എണ്ണം കുറവാണ്. കുറവെന്നു പറഞ്ഞാല്‍ ചാണ്ടി ഉമ്മനോളം കുറവ് എന്നുതന്നെ പറയാം. കാരണം, അച്ഛന്‍ ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴൊന്നും അദ്ദേഹത്തിനൊപ്പമോ, അദ്ദേഹത്തിന്റെ പേരിലോ ചാണ്ടി ഉമ്മന്‍ എന്ന മകന്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍, മക്കള്‍ രാഷ്ട്രീയത്തിന്റെ പേറ്റെന്റ് എടുത്തിട്ടുള്ളവരെല്ലാം അച്ഛന്‍ ജീവിച്ചിരിക്കുമ്പോഴും, മരിച്ചതിനു ശേഷവും രാഷ്ട്രീയം തന്നെയാണ് സ്വപ്‌നം കണ്ടു നടന്നിരുന്നത്. പക്ഷെ, അവരൊന്നും ഒന്നും ചെയ്യുന്നില്ല എന്നല്ല, ചെയ്യുന്നതെല്ലാം രാഷ്ട്രീയമായി മാത്രമാണെന്ന അപഖ്യാതിയിലേക്ക് വീണു പോകുന്നു.
നോക്കൂ, ചാണ്ടി ഉമ്മന്‍ എന്തുകൊണ്ടാണ് അതില്‍ നിന്നും വ്യത്യസ്തനാകുന്നതെന്ന്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഉറക്കം, ജീവിത രീതി, ഭക്ഷണം എന്നിവയൊക്കെ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടുള്ളതാണ്. ജനങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച ഒരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയ ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് എന്തുചെയ്യാനാകും എന്നതാണ് അദ്ദേഹത്തെ വലയി മനുഷ്യനാക്കിയത്. അതേ വഴിയിലൂടെയാണ് ചാണ്ടി ഉമ്മന്റെയും ഇപ്പോഴത്തെ യാത്ര. നിമിഷ പ്രിയയുടെ മോചനത്തിനാണ് പ്രാധാന്യമെന്നും വിവാദങ്ങള്‍ക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുമ്പോള്‍ മകന്റെ രാഷ്ട്രീയ യാത്ര അച്ഛന്റെ വഴിയേ ആണെന്നുറപ്പിക്കാം. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കറും കാന്തപുരം അബുബേക്കര്‍ മുസ്ലീയാരും എല്ലാം നിര്‍ണ്ണായക ഇടപെടല്‍ നടത്തി. താന്‍ അമേരിക്കന്‍ സ്പീക്കര്‍ക്ക് പോലും കത്തെഴുതി. ബ്രിട്ടണിലെ മലയാളി എംപിയെ പോയി കണ്ടു.
കേന്ദ്ര സര്‍ക്കാരിനെ ഇടപെടുവിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പോലും കണ്ടു. അവിടെ ഇന്ത്യയ്ക്ക് അംബാസിഡറില്ല. നയതന്ത്ര ഓഫീസിലെ രണ്ടാമന്‍ മലയാളിയാണ്. അബു മാത്തന്‍ ജോര്‍ജ്. അദ്ദേഹവും നന്നായി ഇടപെടുന്നു. ബ്ലെഡ് മണി കൊടുക്കാമെന്ന് താന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ശാശ്വത പരിഹാരം ഉണ്ടാകും. കാന്തപുരം പുറത്തു വിട്ടത് ആധികാരിക ഉത്തരവാണ്. ആരും ആരേയും കുറ്റപ്പെടുത്തരുത്. എല്ലാവരും ഒരുമിച്ച് പോകണം. നിമിഷ പ്രിയ തിരിച്ചു വരണം. ഇത് എന്റെ അച്ഛന്റെ അവസാന ആഗ്രഹമാണ്. ഇന്നസെന്റാണ് നിമിഷ പ്രിയ. എല്ലാവര്‍ക്കും ഒരുമിച്ച് ശ്രമിക്കാം. ക്രെഡിറ്റും എല്ലാവര്‍ക്കുമാണ്-ഈ പറയുന്നത് ചാണ്ടി ഉമ്മനാണ്. എല്ലാ വഴികളും തേടിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂവെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
ഇന്ന് നടപ്പാക്കാനിരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ മാറ്റിവച്ചിരുന്നു. ഇത് പ്രതീക്ഷയോടെയാണ് ചാണ്ടി ഉമ്മന്‍ കാണുന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവര്‍ണര്‍ വി.ആര്‍. ആര്‍ലേക്കര്‍, സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ എന്നിവയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ആക്ഷന്‍ കൗണ്‍സിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ച ഇന്നലെ രാവിലെ പുനഃരാരംഭിച്ചു. യെമനിലെ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിനോട് വിഷയത്തില്‍ ഇടപെടാന്‍ കാന്തപുരം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതും നിര്‍ണ്ണായകമായി. ഇതിനായി ഗവര്‍ണര്‍ അര്‍ലേക്കര്‍ റെസ്റ്റ് പോലുമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
ശൈഖിന്റെ നിര്‍ദ്ദേശപ്രകാരം തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ വ്യക്തി തലാലിന്റെ നാടായ ദമാറിലെത്തി. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ വധശിക്ഷ മാറ്റിവയ്ക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം കുടുംബം അംഗീകരിച്ചു. ശിക്ഷ വിധിച്ച യമന്റെ അറ്റോണി ജനറലും തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സനയിലെ ജയില്‍ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ആശയവിനിമയം നടത്തി. മനുഷ്യനെന്ന നിലയ്ക്ക് തനിക്ക് കഴിയുന്നതു മാത്രമാണ് ചെയ്തതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വധശിക്ഷ നീട്ടിവച്ചതില്‍ സന്തോഷമുണ്ട്. മനുഷ്യനുവേണ്ടി ഇടപെടണമെന്നാണ് അവിടുത്തെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്.
വിഷയത്തില്‍ തുടര്‍ന്നും ഇടപെടും. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. യെമന്‍ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എം.എല്‍.എ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചിരുന്നു. ദയാധനത്തിന്റെ സമാഹരണവും ചാണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കാന്തപുരത്തെ അഭിനന്ദിച്ച് സന്ദേശമയച്ചിട്ടുണ്ട്. യെമനിലെ സൂഫി പണ്ഡിതരുമായി അടുത്ത ബന്ധമുണ്ടെന്നറിഞ്ഞാണ് ചാണ്ടി ഉമ്മന്‍ കാന്തപുരത്തെ ബന്ധപ്പെട്ടത്.
യെമനില്‍ തരീമില്‍നിന്നുള്ള പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന് ആത്മബന്ധമുണ്ട്. നിമിഷപ്രിയയുടെ വിഷയം അദ്ദേഹവുമായാണ് കാന്തപുരം ചര്‍ച്ച ചെയ്തത്. മര്‍കസിന്റെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹബീബ് ഉമര്‍ മുന്‍പു കോഴിക്കോട്ടെത്തിയിരുന്നു. 2004 ല്‍ മലപ്പുറം മേല്‍മുറി മഅദിന്‍ സ്വലാത്ത് നഗറില്‍ അദ്ദേഹമാണ് മഅദിന്‍ അക്കാദമിയുടെ പ്രധാന കെട്ടിടത്തിനു തറക്കല്ലിട്ടത്. നിമിഷപ്രിയ തടവില്‍ കഴിയുന്ന ഭാഗത്തെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഈ പണ്ഡിതനു വലിയ സ്വാധീനമുണ്ട്. ദയാധനം വാങ്ങി നിമിഷപ്രിയയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണു കാന്തപുരം മുന്നോട്ടുവച്ചത്. എന്നാല്‍, ആരു പണം കൊടുക്കുമെന്ന് അന്വേഷിച്ചു. ധനസമാഹരണം ഏറ്റെടുക്കാമെന്ന് ചാണ്ടി ഉമ്മന്‍ അറിയിച്ചതായും കാന്തപുരം പറഞ്ഞു.
CONTENT HIGH LIGHTS; Chandy Oommen’s path is the same as his father’s?: Oommen Chandy was determined to do anything for Nimisha Priya to fulfill her wish; Efforts will continue through all possible means; Blood Money will also be ensured; This is Chandy Oommen’s assurance