മഴക്കാലം പച്ചക്കറികളുടെ ലഭ്യത വളരെ കുറവുള്ള സമയമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറികള്‍ വളര്‍ത്താം. മഴയെ സ്നേഹിക്കുന്ന നിരവധി പച്ചക്കറികളുണ്ട്, പക്ഷേ മഴക്കാലത്ത് അവ വളർത്തുന്നതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. മഴക്കാല കൃഷിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. വെള്ളം കെട്ടിനിൽക്കാത്തതും അതേസമയം സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.
മണ്ണില്‍ തടമെടുത്ത് അതില്‍ പച്ചക്കറികള്‍ നടുന്നതിന് പകരം മണ്‍കൂനയാക്കി നടുന്നതാണ് നല്ലത്. അത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാണ്. അതോടൊപ്പം കൂനയുടെ മുകളില്‍ കരിയില ഇടാനും മറക്കരുത്. മഴക്കാലത്ത് നടാവുന്ന മികച്ച കുറേ പച്ചക്കറികളെ പരിചയപ്പെടാം.
കേളത്തിലെ മഴക്കാലത്ത് നന്നായി വളര്‍ത്താന്‍ കഴിയുന്ന പച്ചകറികളിലൊന്നാണ് വെണ്ട. വിത്തുകള്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് നേരിട്ട് ഗ്രോബാഗിലോ മണ്ണിലോ നടാം. നന പ്രധാനമാണ്. മെയ് മാസം പകുതി ആകുമ്പോഴേക്കും വെണ്ടയുടെ മഴക്കാല കൃഷിക്കായി വിത്ത് പാകേണ്ടത്. 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ള വെണ്ട പൂവിടുകയും തുടര്‍ന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ജൈവവളം അടിവളായി നല്‍കുന്നത് നല്ലതാണ്. ഇത് മികച്ച കായ്‌ഫലം നല്‍കാന്‍ സഹായിക്കും. മഴക്കാലത്ത് വെണ്ടയ്ക്ക് പ്രധാന ഭീഷണയാവുന്ന മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ക്കായി വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
മഴക്കാലത്ത് പ്രധാനമായും കൃഷി ചെയ്യാവുന്ന ഒന്നാണ് മുളക്. മഴക്കാലത്ത് മുളക് മികച്ച വിളവ് നല്‍കും. വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് നടേണ്ടത്. മെയ് പകുതിയോടെ തന്നെ മുളകിന്‍റെ വിത്തുകള്‍ മുളയ്ക്കാന്‍ വയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ മുളപ്പിക്കാം. ഒരുമാസം പ്രായമായ തൈകള്‍ മാറ്റി നടണം. ചെടികള്‍ നടുമ്പോള്‍ അല്‌പം അകലം വേണം. തൈ നട്ട് 50ാം ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നല്‍കുന്നത് നന്നായിരിക്കും.
മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറിയാണ് വഴുതനങ്ങ. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നട്ടാണ് കൃഷി ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ താങ്ങു നല്‍കണം. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25വരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റി നടണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതനങ്ങ നന്നായി വളരുന്നത്. 40 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കകം വഴുതനങ്ങയുടെ വിളവെടുപ്പ് തുടങ്ങാം.