800 വർഷം പഴക്കമുള്ള ക്ഷേത്രമാണ് ധർമ്മസ്ഥല. പുണ്യഭൂമി. 50,000 ആളുകള്‍ക്ക് ദിനംപ്രതി സൗജന്യമായി ഭക്ഷണം നല്‍കുന്നയിടം. ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച 39 അടി ഉയരമുള്ള ഗോമതേശ്വര പ്രതിമ കാണാനായി നിരവധിപേരാണ് ഇവിടെ എത്തുന്നത്. എന്നാൽ ഈ പുണ്യഭൂമി ഇന്ന് ഒരു കുറ്റകൃത്യ പരമ്പര അരങ്ങേറിയ സ്ഥലമാണ്. രാജ്യം ഭീതിയോടെയാണ് ഇവിടത്തെ വാർത്തകൾ കേൾക്കുന്നത്. , ധര്‍മ്മസ്ഥലയിലും പ്രദേശങ്ങളിലും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍, ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് താന്‍ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലുമായി ഒരാൾ എത്തിയതാണ് തുടക്കം. ഇതിനുള്ള തെളിവുകളും അയാള്‍ നല്‍കിയതോടെ, ഇന്ത്യ നടുങ്ങി. പിന്നാലെ നാട്ടുകാര്‍ ഇളകി. വിദ്യാര്‍ത്ഥികളടക്കം 100ലേറെ സ്ത്രീകളെ പീഡിപ്പിച്ച് കൊന്നുവെന്നാണ് അവര്‍ പറയുന്നത്. ഈ പ്രദേശത്തുമാത്രം ഇരുനൂറോളം സ്ത്രീകളെ കാണാതായിട്ടുണ്ട്.
ധര്‍മ്മസ്ഥല ക്ഷേത്രത്തിൽ 1995-2014 കാലത്ത് ജോലി ചെയ്തയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. മൊഴിയെ തുടര്‍ന്ന് സ്ഥലത്ത് കുഴിച്ച് പരിശോധിക്കാൻ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മുൻ ജീവനക്കാരൻ ധര്‍മസ്ഥലയിൽ നിന്ന് ഒളിച്ചോടി. അയൽസംസ്ഥാനങ്ങളിൽ വര്‍ഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തുകയായിരുന്നുവെന്നാണ് മൊഴി.സംഭവത്തില്‍ പശ്ചാത്താപം തോന്നിയതുകൊണ്ടും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതുകൊണ്ടുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ധര്‍മ്മസ്ഥലയിലെയും പരിസര പ്രദേശങ്ങളിലെയും ബലാത്സംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് ഇയാള്‍ ദക്ഷിണ കന്നഡ പൊലീസിനോട് സമ്മതിച്ചു. താന്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വര്‍ഷം മുന്‍പ് കുടുംബത്തോടൊപ്പം ധര്‍മ്മസ്ഥല വിട്ടതായും ദിവസവും കൊല്ലപെടുമെന്ന ഭയം തന്നെ വേട്ടയാടിയതായും അദ്ദേഹം പറയുന്നു. ‘ദലിത് കുടുംബത്തില്‍ ജനിച്ച ഞാന്‍ 1995 മുതല്‍ 2014 ഡിസംബര്‍ വരെ ധര്‍മ്മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ഒരു ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. അതിനുമുന്‍പ് അതിന്റെ പരിസര പ്രദേശങ്ങളിലും ഈ ജോലി ചെയ്തിരുന്നു. ശുചീകരണ ജോലിയുടെ തുടക്കത്തില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു, അവ ആത്മഹത്യ ചെയ്തതോ ആകസ്മികമായി മുങ്ങിമരിച്ചതോ ആണെന്നാണ് കരുതിയത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു, മിക്കവയും വസ്ത്രങ്ങളില്ലാത്തവ. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 1998ല്‍, എന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. ഞാന്‍ വിസമ്മതിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍, ക്രൂരമായി ആക്രമിക്കപ്പെട്ടു,’ അദ്ദേഹം പരാതിയില്‍ പറഞ്ഞു. തന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ‘മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെതായിരുന്നു. അതില്‍ ഒരു സംഭവം എന്നെ വല്ലാതെ വേട്ടയാടി. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍പമ്പിന് 500 മീറ്റര്‍ അകലെ 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു, അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ല, ലൈംഗികാതിക്രമത്തിന്റെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ച് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചിടാന്‍ എന്നോട് ആവശ്യപ്പെട്ടു. മറ്റൊരു കേസില്‍, 20 വയസ്സുള്ള ഒരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആ മൃതദേഹം കുഴിച്ചുമൂടാന്‍ എന്നോട് ആവശ്യപ്പെട്ടു. ധര്‍മ്മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയായിരുന്നു. നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ എന്നെ നിര്‍ബന്ധിച്ചു, അവയില്‍ ചിലത് കത്തിച്ചു’- അദ്ദേഹം പറഞ്ഞു. ‘2014-ല്‍, എന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാളെ എന്റെ സൂപ്പര്‍വൈസറിന് അറിയാവുന്ന ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് പിന്നാലെ ഞങ്ങള്‍ ധര്‍മസ്ഥലയില്‍ നിന്നും രക്ഷപ്പെട്ടു. അയല്‍ സംസ്ഥാനത്ത് താമസിക്കുന്ന ഞങ്ങള്‍ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയും ഇടയ്ക്കിടെ വീട് മാറിയുമാണ് താമസിക്കുന്നത്. മരിച്ചവരെയും കൊലപാതകികളെ കണ്ടെത്തുകയുമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്. അടുത്തിടെ ഞാന്‍ ധര്‍മസ്ഥലയില്‍ പോയി ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോട്ടോ സഹിതം പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘പ്രതികള്‍ ധര്‍മ്മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. പ്രതികള്‍ വളരെ സ്വാധീനമുള്ളവരാണ്, അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്, നുണപരിശോധനയ്ക്ക് വിധേയനാകാനും ഞാന്‍ തയ്യാറാണ്’- അദ്ദേഹം പറയുന്നു.
ഈ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ മാത്രമല്ല, ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍പോലും വാര്‍ത്തയായി. അതോടെയാണ് കര്‍ണ്ണാടക ഭരിക്കുന്ന സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനങ്ങിയത്. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. പക്ഷേ 1979-ല്‍ ഉണ്ടായ വേദവല്ലിക്കേസുതൊട്ട് പതിറ്റാണ്ടുകളായി ധര്‍മ്മസ്ഥലക്ഷേത്രത്തെ ചുറ്റിപ്പറ്റി പെണ്‍കുട്ടികളുടെ കാണാതാവാല്‍ നടക്കുകയാണ്്. ഇപ്പോള്‍ ഈ ജീവനക്കാരന്റെ വെളിപ്പടുത്തലിലേക്ക് അടക്കം നയിച്ചത്, സൗജന്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകക്കേസാണ്. സൗജന്യയുടെ കേസ് ജനരോഷത്തിനിടയാക്കി. ഇതോടെ ധർമ്മസ്ഥയിൽ നടക്കുന്ന അധർമ്മങ്ങളുടെ ചുരുളഴിഞ്ഞു.
ധര്‍മ്മസ്ഥല മഞ്ജുനാഥ കോളജില്‍നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അവളെ കാണാതാവുകയായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു നിലയിലാണ് വീട്ടില്‍ നിന്ന് വെറും 300 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ അവളെ കണ്ടെത്തിയത്. ഇതോടെ വലിയ ജനരോഷം ഉണ്ടായപ്പോള്‍ ബെല്‍ത്തങ്ങാടി പൊലീസ് അനങ്ങി. ധര്‍മ്മസ്ഥല മഞ്ജുനാഥ ട്രസ്റ്റിലെ ജീവനക്കാരാന്‍ സന്തോഷ് റാവു ആയിരുന്നു കേസിലെ ഏക പ്രതി. അന്നുതന്നെ സൗജന്യയുടെ കുടുംബം ഇത് യഥാർത്ഥ പ്രതിയല്ലെന്ന് ആരോപിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. 2023 ജൂണ്‍ 16 ന് ബെംഗളൂരു സെഷന്‍സ് കോടതി റാവുവിനെ കുറ്റവിമുക്തനാക്കി. ക്ഷേത്ര നടത്തിപ്പുകാരായ വീരേന്ദ്ര ഹെഗ്‌ഡെ കുടുംബം യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് സൗജന്യയുടെ കുടുംബം പറഞ്ഞു. അതോടെ ദക്ഷിണ കന്നഡയിലുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ജസ്റ്റിസ് ഫോര്‍ സൗജന്യ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിനും നടന്നു. കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേസ് സിബിഐ ഏറ്റെടുത്തു പക്ഷെ കേസിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ സൗജന്യയുടെ കുടുംബം നിരന്തരം പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. 2023-ല്‍ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സൗജന്യകേസില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍, 2025 ജനുവരിയില്‍ ആ ആവശ്യം തള്ളി. അതോടെ വിസ്മൃതിയിലാവാന്‍ തുടങ്ങിയ സൗജന്യകേസിന് ജീവന്‍ വെച്ചത് ഒരു യൂട്യൂബറുടെ കണ്ടെന്റിലൂടെയാണ് . മുഖ്യധാരമാധ്യമങ്ങള്‍ ആരും തന്നെ ഈ സംഭവം ഏറ്റെടുത്തില്ല. അവര്‍ക്കും ഭയമായിരുന്നു. കര്‍ണ്ണാടക മാധ്യമങ്ങളുടെ യാതൊരു സഹായവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് സൗജന്യയുടെ കുടുംബം തന്നെ പറയുന്നത്. അങ്ങനെയിരിക്കെയാണ് ഫെബ്രുവരി 27 ന് കണ്ടന്റ് ക്രിയേറ്ററായ സമീര്‍ എംഡി എന്ന 25കാരന്‍ തന്റെ യൂട്യൂബ് ചാനലായ ധൂതയില്‍ അപ്ലോഡ് ചെയ്ത വീഡിയോ കര്‍ണാടകയില്‍ വൈറലായി, 1.8 കോടിയിലധികം പേര്‍ കണ്ടു. സൗജന്യവധത്തിന്റെ യഥാര്‍ത്ഥ ചിത്രം അതോടെയാണ് പുറത്തായത്. ക്ഷേത്രം നിയന്ത്രിക്കുന്ന ജൈന കുടുംബമായ ഹെഗ്ഡേമാര്‍ പ്രതിക്കൂട്ടിലായി. സമീര്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയിരുന്നില്ല. മറിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളെ ആശ്രയിച്ചു. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ അന്വേഷണത്തിലെ പാളിച്ചകളും വിശദമായി പ്രതിപാദിക്കുന്ന 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, സമീറിന്റെ ശക്തവും വ്യക്തവുമായ ആഖ്യാന ശൈലി കാരണം വൈറലായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗ്രാഫിക്സും വീഡിയോയ്ക്ക് സഹായകമായി. സോഷ്യല്‍ മീഡിയയില്‍ വീഡിയോയ്ക്ക് വലിയ പിന്തുണ ലഭിച്ചപ്പോള്‍, ഒരു വിഭാഗം ആളുകള്‍ യൂട്യൂബറുടെ മതപരമായ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി ഇത് ഒരു വര്‍ഗീയ പ്രശ്നമാക്കി, ഒരു ക്ഷേത്രനഗരത്തെക്കുറിച്ച് ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ചതിലെ സമീറിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തു. സൗജന്യയുടെ കുടുംബം വീഡിയോ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് പണം നല്‍കിയതായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. സൗജന്യയുടെ അമ്മ ഇത് നിഷേധിച്ച് ശക്തമായി രംഗത്തെത്തി. മാര്‍ച്ച 5ന് സമീറിനെതിരെ മതസ്പര്‍ധയുണ്ടാക്കിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തു. പക്ഷേ താന്‍ വ്യക്തമായി പഠിച്ചിട്ടാണ് ഈ വിഷയം ചെയ്തതെന്നും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സമീറിന്റെ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വീഡിയോയാണ് ധര്‍മ്മസ്ഥല കൊലപാതകങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കിയത്.
തുടർന്നാണ് ശുചീകരണ തോഴിലാളി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് ഇന്നലെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.ധര്‍മ്മസ്ഥല കേസുമായി റിട്ട ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അഭിഭാഷകര്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. എസ്ഐടി രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ തീര്‍ച്ചയായും രൂപീകരിക്കുമെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് രംഗത്തെത്തിയത്. മൊഴി നൽകിയ ആൾ ഇതെല്ലാം ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വാർത്തയുണ്ട്. സംഭവത്തിൽ പൊലീസിന്റെ മെല്ലെ പോക്ക് വിവാദമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന്റെ പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന് അവകാശപ്പെടുകയും മൃതദേഹങ്ങൾ സംസ്‌കരിച്ച സ്ഥലങ്ങൾ കാണിക്കാൻ മുന്നോട്ട് വരികയും ചെയ്ത വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് തിടുക്കത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. ധർമ്മസ്ഥല കേസിൽ സർക്കാരിനുമേൽ ഏതെങ്കിലും ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടോ എന്ന് ചോദിച്ചപ്പോൾ, സർക്കാരിനുമേൽ ഒരു സമ്മർദ്ദവുമില്ലെന്നും ഇനി ഉണ്ടായാലും സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം തന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി ചോർത്തിയതിന് പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് ഒരു കത്ത് എഴുതി. തന്റെ മൊഴി ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം ഉടൻ നടത്തണമെന്ന് പരാതിക്കാരൻ തന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബ്രെയിൻ മാപ്പിംഗ്, വിരലടയാളം, നാർക്കോ അനാലിസിസ് പരിശോധനകൾ എന്നിവ നടത്താൻ അനുമതി തേടി ദക്ഷിണ കന്നഡ പോലീസ് കോടതിയെ സമീപിച്ചു.