പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ പുറത്തിറക്കാനിരിക്കുന്ന ആദ്യ ഇലക്ട്രിക് കാറായ ഇ-വിറ്റാര മാസങ്ങൾക്ക് മുമ്പേ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇ-വിറ്റാരയെന്ന് പേരിട്ട ഈ ഇലക്ട്രിക് എസ്‌യുവി 2025 ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. 2025 സെപ്റ്റംബർ 3ന് ഈ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയേക്കാം.
സെപ്റ്റംബർ അവസാനത്തോടെ ആയിരിക്കും ഡെലിവറി ആരംഭിക്കുകയെന്ന് ചെയർമാൻ ആർ സി ഭാർഗവ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഈ ഇലക്ട്രിക് കാർ. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ 6, എംജി ZS EV തുടങ്ങിയ ഇന്ത്യൻ വിപണിയിലെ എതിരാളികളോട് മത്സരിക്കാൻ ഇ-വിറ്റാരയ്‌ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.
ലോഞ്ചിന് മുൻപ് തന്നെ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ നിരവധി തവണകളിലായി കമ്പനി വെളിപ്പെടുത്തിയിരുന്നു.
ഹെഡ്‌ലൈറ്റുമായി സംയോജിപ്പിച്ചിരിക്കുന്ന ത്രീ-പോയിന്‍റ് മാട്രിക്‌സ് എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഡിസൈൻ. കൂടാതെ, ഹെഡ്‌ലൈറ്റിന്‍റെ മധ്യഭാഗത്ത് നൽകിയ പിയാനോ ബ്ലാക്ക് ആക്‌സന്‍റുകളും ആകർഷകമാണ്. പിൻ വിൻഡ്‌ഷീൽഡിൽ നെക്‌സയുടെ ബ്രാൻഡിങ് സ്ഥാപിച്ചിട്ടുണ്ട്. പിൻ വിൻഡ്‌ഷീൽഡിൽ ബ്രാൻഡ് നെക്‌സ ബ്രാൻഡിംഗ് സ്ഥാപിച്ചിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകൾ, ഉറപ്പുള്ള സി പില്ലറുകൾ, എൽഇഡി ടെയിൽലൈറ്റുകൾക്ക് പുതിയ ഡിസൈൻ എന്നിവയാണ് ഡിസൈനിലെ പ്രധാന ഫീച്ചറുകൾ.