Explainers

ഇന്ന് എല്ലാവരും “വി.എസ് പക്ഷം” ?: മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കാന്‍ വിപ്ലവം നടത്തിയ നേതാവിന്റെ പക്ഷം; ലാല്‍സലാം സഖാവെ

വിശ്വസിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ രണ്ടുണ്ട് പക്ഷം. അതില്‍ ഒരു പക്ഷമാണ് വി.എസ്. പക്ഷം. ശരിയുടെ, പാവപ്പെട്ട ജനങ്ങളുടെ, പ്രകൃതി സംരക്ഷകരുടെ, കൈയ്യേറ്റക്കാര്‍ക്കെതിരേയുള്ളവരുടെ, ഭൂ മാഫിയയുടെ പേടിസ്വപ്‌നമായ, വഴിവിട്ട ധനസമ്പാദനക്കാരുടെയൊക്കെ എതിരാളിയായ ഒരേയൊരു വി.എസ് പക്ഷം. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം എന്ന എതിരാളികള്‍ പോലും ഇന്ന് വി.എസ് പക്ഷമായിരിക്കുകയാണ്. പലതവണ പാര്‍ട്ടിക്കകത്തിട്ടു വെട്ടിയ വി.എസിനെ നശിപ്പിക്കാന്‍ കഴിയാതെ പോയതിന്റെ എല്ലാ വിമ്മിഷ്ടങ്ങള്‍ക്കും അവര്‍ അവധി കൊടുത്തിരിക്കുന്നു. കാരണം, അപഥ സഞ്ചാരങ്ങളെ ചോദ്യം ചെയ്യാന്‍, പാര്‍ട്ടിയെ ശക്തമായി തിരുത്താന്‍, മുമ്പിലൊരു മനുഷ്യന്‍ ഉണ്ടായിരുന്നു ഇതുവരെയും. ആ മനുഷ്യന്റെ പാവപ്പെട്ടവന്റെ സഖാവ്, വെനീസിന്റെ വിപ്ലവകാരി കണ്ണടച്ചിരിക്കുന്നു.

അതുകൊണ്ടു തന്നെ ഇനിയൊരു വിപ്ലവമോ, പാര്‍ട്ടിയിലെ ഇന്നത്തെ ശക്തര്‍ക്കെതിരേ ഒരു ശബ്ദവും ഉയരില്ലെന്നുറപ്പായി. അതിനാല്‍ ഇന്ന് എല്ലാവരും വി.എസ് പക്ഷം. നാളെ വലിയ ചുടുകാട് വരെയും ആ വി.എസ്. പക്ഷം സഞ്ചരിക്കും. ഒടുവില്‍ മണ്ണില്‍ ചേരുന്നതോടെ വി.എസ്. പക്ഷം ഇല്ലാതാകും. പിന്നെ ഒരു പക്ഷം മാത്രമേ ഉണ്ടാകൂ. എന്നാല്‍, പാര്‍ട്ടിയിലെ ഏക വിമത സ്വരമായി വി.എസ് നിലകൊണ്ടത് എന്തിനായിരുന്നു എന്നൊരു ചോദ്യം ഇവിടെ എടുത്തു ചോദിക്കേണ്ടതാണ്. കാരണം, അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദമായിരുന്നു വി.എസ്. അടിസ്ഥാന ജനവിഭാഗത്തിന്റെ പോരാളിയും. തയ്യല്‍ജോലിക്കാരനില്‍ നിന്നുയര്‍ന്നു വന്ന നേതാവിന് ധനാഠ്യനായ നേതാവാകാന്‍ കഴിയില്ല.

കോടീശ്വരന്‍മാരുടെ കാവലാളാകാനോ, കട്ടന്‍ചാചയും പരിപ്പുവടയും ഉപേക്ഷിച്ച് ബ്രൂവും ബോണ്‍വിറ്റയും ഹോര്‍ലിക്‌സും കുടിക്കാനാവില്ല. പാടത്്തും പറമ്പത്തും ജീവിക്കുന്നവര്‍ക്കു മനസ്സിലാകുന്ന ഭാഷയേ വായില്‍ വരൂ. നടന്ന വഴികളും, അുഭവിച്ച യാതനകളും അത്രയേറെ ജീവിതത്തിലുണ്ട്. അതുകൊണ്ടാണ് മണ്മിനെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിക്കാനും, കരുതാനും അദ്ദേഹത്തിനു സാധിച്ചത്. ഒരു നേതാവ് എന്നതിലപ്പുറം കേരള ചരിത്രത്തിലെ ഒരു കാലഘട്ടം തന്നെയാണ് വിഎസ് അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വിഎസ്, നീട്ടിയും കുറുക്കിയുമുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളോട് പോരടിച്ചു.

എതിരാളികളോട് പരിഹാസം വാരി വിതറിയുള്ള വിഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ രാഷ്ട്രീയഭേദമന്യേ ആളുകള്‍ തടിച്ചു കൂടൂം. അദ്ദേഹത്തിന്റെ പ്രസംഗത്തിന് മാത്രം ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്. കുട്ടനാട്ടിലെ കര്‍ഷക, കയര്‍ തൊഴിലാളികളെ പിടിച്ചിരുത്താനായി വിഎസ് അച്യുതാനന്ദന്‍ തുടങ്ങിവെച്ച പ്രസംഗ ശൈലി പിന്നീട് അങ്ങ് കേരളം ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ വിഎസിന്റെ ശൈലി ഇങ്ങനെ ആയിരുന്നില്ലെങ്കിലും ആലപ്പുഴയിലെ കര്‍ഷകരെയും കയര്‍ തൊഴിലാളികളെയും സംഘടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതോട് കൂടിയാണ് ഇതില്‍ മാറ്റം വന്നത്. തൊഴിലാളികളെ പിടിച്ചിരുത്താനായി വിഎസ് തുടങ്ങിവെച്ച ശൈലി പിന്നീട് ഒരു പതിവ് രീതിയായി മാറുകയായിരുന്നു.

പ്രസംഗത്തിലൂടെ എതിരാളികളെ പരിഹസിക്കാന്‍ പുരാണ കഥാപാത്രങ്ങളെയാണ് വിഎസ് കൂട്ടുപിടിക്കാറുള്ളത്. ചിലപ്പോള്‍ വേദപുസ്തകങ്ങളിലെ വാക്യങ്ങളാകും പ്രയോഗിക്കുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഇക്കാര്യങ്ങള്‍ കൂടി കൂട്ടിയിണക്കുന്നതോടെ പ്രസംഗം ഗംഭീരമാകും, കേള്‍വിക്കാര്‍ കൈയ്യടിക്കും. കര്‍ക്കശക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ജനകീയ നേതാവിലേക്ക് വളരാന്‍ വിഎസിന് ഈ ശൈലി ഒരുപാട് സഹായകമായിട്ടുണ്ട്. ജനകീയ വിഷയങ്ങള്‍ക്കാണ് വിഎസ് എന്നും പ്രസംഗത്തില്‍ മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍, ലളിതമായി, നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ച വിഎസ് പതിയെ അവരില്‍ ഒരാളായി മാറുകയായിരുന്നു.

ഇഎംഎസ്, ജ്യോതി ബസു, എംഎന്‍ ഗോവിന്ദന്‍ നായര്‍, പി. സുന്ദരയ്യ, എകെജി തുടങ്ങി ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് ദത്ത് പുത്രന്മാര്‍ നിരവധിയാണ്. എന്നാല്‍, തൊഴിലാളിവര്‍ഗത്തിന്റെ സ്വന്തം പുത്രനാണ് വിഎസ്. 1940കളിലെ ഫ്യൂഡല്‍-കൊളോണിയല്‍ കാലം മുതല്‍ 2014ന് ശേഷമുള്ള ഹിന്ദുത്വ രാഷ്ട്രീയാധികാര കാലം വരെ എല്ലാ ചൂഷിതവ്യവസ്ഥകളോടും പൊരുതിയ വിഎസ് അച്യുതാന്ദന്‍ കേരളീയ ജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖമായി മാറുകയായിരുന്നു.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിങ്ങനെ നിരവധി പദവികളാണ് വിഎസ് വഹിച്ചത്. അഞ്ച് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിശ്രമജീവിതം നയിക്കാന്‍ വിഎസിനെ നിര്‍ബന്ധിതനാക്കിയത്. എന്നിരുന്നാല്‍ പോലും, തൊഴിലാളി വര്‍ഗ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി മാറിയ വ്യക്തിയാണ് വിഎസ്. അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം എന്ന് പറയുന്നത് നമ്മുടെ നാടിന്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണെന്ന് നമുക്ക് എന്നും ഓര്‍മിക്കാം.

CONTENT HIGH LIGHTS; Is everyone on the ‘V.S. side’ today?: The side of the leader who made the revolution to love the land and people; Comrade Lal Salam

Latest News