മരണത്തിനു പോലും വി.എസിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നത് അതിശയോക്തിയല്ല. എത്രയോ തവണ അണഞ്ഞു പോകാവുന്ന തീയായിരുന്നു വി.എസ് അച്യുതാനന്ദന്‍. ജീവിതത്തിലും, പാര്‍ട്ടിയിലും വി.എസ്. എന്ന സൂര്യനെ അണച്ചു മൂലയ്ക്കിരുത്താന്‍ നോക്കിയവര്‍, അദ്ദേഹത്തിന്റെ ശബ്ദം നിലച്ചപ്പോഴാണ് തലപൊക്കിയത്. ഒടുവില്‍ ഇപ്പോള്‍, നൂറ്റിരണ്ടാമത്തെ വയസ്സില്‍ വി.എസ് മരണത്തിന് കീഴടങ്ങിയിരിക്കുന്നു. എന്തൊരു മനക്കരുത്തായിരുന്നു ആ ധീര നേതാവിന്. എന്തൊരു തീവ്രമായ ആഗ്രഹമായിരുന്നു ജീവിതത്തോട്. പാര്‍ട്ടിയോട്. അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെ ആദ്യവരി ഇങ്ങനെയാണ്. അതൊന്നു മതി അദ്ദേഹത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍.
‘ തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം-തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം’
വി.എസിന്റെ ചരിത്രം എന്നു പറയുന്നത്, കേരളത്തിന്റെ പോരാട്ട ചരിത്രം കൂടിയാണെന്ന് പറഞ്ഞുവെയ്‌ക്കേണ്ടതുണ്ട്. സി.പി.എം സ്ഥാപകരില്‍ ഇനിയാരും ബാക്കിയില്ല. അവസാനത്തെ നേതാവാണ് വി.എസ്. വി.എസ് അച്ചുതാനന്തന്റെ വിയോഗം, ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രമല്ല, കേരളത്തിന് തന്നെ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ ഒരാള്‍, ഇങ്ങനെയൊരു നേതാവ്, ഇനിയൊരിക്കലും ഉണ്ടാകില്ല. വി.എസിന്റെ പോരാട്ട ചരിത്രമറിയുന്ന, രാഷ്ട്രീയ എതിരാളികള്‍ പോലും അത് തുറന്നു പറയും. പക്ഷെ, ജീവിച്ചിരിക്കുമ്പോള്‍ എതിരാളികളോട് തെല്ലും ദാക്ഷണ്യമില്ലാതെ പോരാടിയിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്.
വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോര്‍മകള്‍ക്കൊപ്പമാണ്. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തിയാണ്, ജനമനസ്സുകളില്‍ വി.എസ് ആഴത്തില്‍ വേരോട്ടം നടത്തിയത്. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട വി.എസ്, കടുത്ത ദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതാണ് അദ്ദേഹത്തിന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി മാറിയതും, നാട് കണ്ട യാഥാര്‍ത്ഥ്യമാണ്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ അനവധി എതിരാളികളെ സൃഷ്ടിച്ചപ്പോഴും വിഎസ് പിന്നോട്ട് പോയില്ല.
വി.എസ്സിന്റെ ഊര്‍ജ്ജവും കരുത്തും ജനങ്ങളായിരുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ ആയിരിക്കണമെന്നു കൂടിയാണ്, തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം കാണിച്ചു തന്നിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പുമുതലുള്ള ആ തിരുത്തല്‍ ശക്തിയെ, വി.എസ് എന്ന ഈ സമര യൗവ്വനത്തെ കേരളം ഉള്ളടത്തോളം കാലം, ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുന്‍പ്, തിരുവിതാംകൂറിലെ സാധാരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പുന്നപ്ര വയലാര്‍ സമരത്തിന്റെ നേതൃനിരയില്‍, സധൈര്യം നിലയുറപ്പിച്ച ധീര വിപ്ലവകാരിയാണ് വി.എസ് അച്യുതാനന്ദന്‍.
ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണില്‍, നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും. ഈ 21-ാം നൂറ്റാണ്ടിലും, പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്ന്, രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ന്യൂ ജനറേഷന്‍ യൗവ്വനങ്ങള്‍ക്കും രാഷ്ട്രീയ അറിവുകളും വിപ്ലവ ആവേശവും പകര്‍ന്ന് നല്‍കിയ നേതാവാണ് വി.എസ്. അഴിമതി, ഭൂമികയ്യേറ്റം, തൊഴില്‍ പ്രശ്നം, പരിസ്ഥിതി, സ്ത്രീപീഢനങ്ങള്‍… തുടങ്ങി, സകല പ്രശ്നങ്ങളിലും ഇടപെട്ട് പുതിയ പോര്‍മുഖം തന്നെയാണ് വി.എസ് തുറന്നിരുന്നത്.
പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ പരസ്ഥിതിതിയെ കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ, ഒരു മുഖ്യധാരാ രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില്‍ ഉയര്‍ത്തിയത് തന്നെ, വി.എസ് എന്ന കമ്മ്യൂണിസ്റ്റ് പോരാളിയാണ്. പതിറ്റാണ്ടുകള്‍ക്കപ്പുറം, കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വിഎസ് വയല്‍ നികത്തലിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നത്. അന്നത് പക്ഷേ, ‘വെട്ടിനിരത്തല്‍ സമരം’ എന്ന പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും, കൃഷിയിടങ്ങള്‍ ഓര്‍മ്മയായി മാറി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നിന്നും നോക്കുമ്പോള്‍, വി.എസ് അന്നു സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നത് , ഇപ്പോള്‍ നാടിനും ബോധ്യമായ കാര്യമാണ്.
ഇന്ന് കേരളത്തില്‍ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും ഒരു ആധികാരിക തുടക്കം എന്നു പറയുന്നത് തന്നെ, കുട്ടനാട്ടില്‍ മുന്‍പ് നടന്ന ‘ആ’ വെട്ടിനിരത്തല്‍ സമരം തന്നെയാണ്. ആരൊക്കെ നിഷേധിച്ചാലും, അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. മുന്നേറ്റങ്ങളിലും തിരിച്ചടിയിലും വി.എസിനെ കരുത്താര്‍ജിച്ച് നിര്‍ത്തിയത്, ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്കു പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനിടയില്ല. വിപ്ലവ മനസ്സുകളെ സംബന്ധിച്ച് ഇന്നും സിരകളില്‍ അഗ്നി പടര്‍ത്തുന്ന ഓര്‍മ്മയാണ് പുന്നപ്ര വയലാര്‍ സമരം.
ദിവാന്‍ സര്‍സി.പിയുടെ പോലീസ് ഭീകരതയും, സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും… എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ്, പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അന്നത്തെ കമ്യൂണിസ്റ്റുപാര്‍ട്ടി തീരുമാനമെടുത്തിരുന്നത്. 1946 ഒക്ടോബര്‍ മാസത്തില്‍, പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ പാര്‍ട്ടി തീരുമാനം എടുത്തപ്പോള്‍, ഈ ദൗത്യം സധൈര്യം നടപ്പാക്കുന്നതില്‍ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചിരുന്നത് വി.എസാണ്. അന്നത്തെ ഏറ്റുമുട്ടലില്‍, അനവധി തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ തലതന്നെ കൊയ്‌തെടുത്താണ്, സമരപോരാളികള്‍ ഇതിനു പകരം വീട്ടിയിരുന്നത്.
പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു തന്നെയാണ്, പുന്നപ്രയുടെ മണ്ണില്‍ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് ഇടപെടല്‍ നടത്തിയിരുന്നത് എന്നതും, എടുത്തു പറയേണ്ട കാര്യമാണ്. ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം, പോലീസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകള്‍, വി.എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിന്നീട് ആറില്‍ ഒഴുക്കി കളഞ്ഞിരുന്നത്. ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ, കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ്, പൊലീസ് സംഘം പിടികൂടിയിരുന്നത്. തുടര്‍ന്ന് ലോക്കപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നതാകട്ടെ, സമാനതകളില്ലാത്ത ആക്രമണമാണ്.
ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടിയാണ്, ഭീകരമായി വി.എസിനെ മര്‍ദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ചുകയറി മറുവശത്ത് എത്തിയ ആ പാടുകള്‍, ഇന്നും വി.എസിന്റെ കാലുകളില്‍ വ്യക്തമാണ്. മരിച്ചു എന്നുകരുതി അന്ന് പൊലീസ് ഉപേക്ഷിച്ച ഇടത്തു നിന്നാണ്, വര്‍ദ്ധിച്ച വീര്യത്തോടെ, വി.എസ് വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വന്നിരുന്നത്. ബാക്കി എല്ലാം പുതിയ തലമുറയും അറിയുന്ന ചരിത്രം തന്നെയാണ്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള, നഴ്‌സിംങ്ങ് സമരം, മൂന്നാറിലെ ‘പൊമ്പിളൈ ഒരുമൈ’ സമരം, തുടങ്ങി, വിവിധ ജനകീയപ്രശ്‌നങ്ങളിലെ ഇടപെടലുകള്‍, വി.എസിന് വലിയ ജനസമ്മതിയാണ് നേടിക്കൊടുത്തിരുന്നത്.ആ നാവിന്റെ ചൂട് ദേശീയ മാധ്യമങ്ങളും പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എല്ലാക്കാലത്തും, തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ വി.എസ് കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ്, അദ്ദേഹത്തിന് ഒരുപോലെ ആരാധകരേയും വിമര്‍ശകരേയും നേടി കൊടുത്തിരുന്നത്. ഇന്ത്യയിലെന്നല്ല ലോകത്തു തന്നെ ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിനും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡും, വി.എസ്സിന് മാത്രം സ്വന്തമാണ്.
1958ല്‍, അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയില്‍ അംഗമായ വി.എസ്, ഇപ്പോഴും സിപിഎം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. സി.പി.ഐ.എമ്മിന്റെ രൂപീകരണത്തില്‍ പങ്കെടുത്ത, ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവും വി.എസ് അച്ചുതാനന്ദന്‍ തന്നെയാണ്. സിപിഎമ്മിന്റെ രൂപീകരണം മുതല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ തുടരുന്നത് തന്നെ, വലിയ അപൂര്‍വതയാണ്. അതുകൊണ്ട് കൂടിയാണ് വിഎസിന്റെ ജീവിതം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയായി മാറുന്നത്.
ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായും, ഉശിരുള്ള പ്രതിപക്ഷ നേതാവായും ജനകീയ മുഖ്യമന്ത്രിയായും വളര്‍ന്ന വി.എസിന്റെ അത്രയും ജനസമ്മതിയുള്ള നേതാക്കള്‍, നിലവില്‍ കേരളത്തില്‍, ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്.
CONTENT HIGH LIGHTS; The only VS: ‘My old age is not gray-headed, nor is my youth gray-headed, nor is my youth accustomed to not bowing down before the great evil lord’