Explainers

ക്യാപിറ്റല്‍ പണിഷ്‌മെന്റും, വി.എസിന്റെ ജയ പരാജയങ്ങളിലെ പാര്‍ട്ടി കള്ള കളികളും പിന്നെ, സമ്മേളന വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും: ചരിത്രത്തിന്റെ ഭാഗമായ വിവാദങ്ങള്‍ക്കും ഇവിടെ അവസാനം

എന്തൊക്കെ അപവാദങ്ങളാണ് വി.എസ് അച്യുതനന്ദന്‍ കേട്ടിരിക്കുന്നത്. ഇരുമ്പു മറയ്ക്കുള്ളില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പുറത്തേക്കെത്തുന്നത് മാധ്യമ ചാരന്‍മാരിലൂടെയാണെന്ന് പണ്ടേയുള്ള ഖ്യാതിയാണ്. ഇങ്ങനെ കേട്ടതാണ് യുവ നേതാവിന്റെ തട്ടുപൊളിപ്പന്‍ ചര്‍ച്ചയിലെ വാചകം എന്ന രീതിയില്‍ കേരളമാകെ കേട്ടത്. വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണം എന്നതായിരുന്നു ഈ വാചകം. വി.എസ്. ഈ വാചകത്തെ മുന്‍ നിര്‍ത്തി പൊൊതു വേദിയില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന്, കര്‍ഷക സമരവും, ഏറ്റുവാങ്ങിയ കൊടിയ മര്‍ദ്ദനവുമെല്ലാം ഓര്‍മ്മിപ്പിച്ചാണ് വി.എസ് പ്രസംഗിച്ചത്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണം എന്നത് വെറുമൊരു വാക്കല്ലെന്നും, അരോ അത് പറഞ്ഞിട്ടുണ്ടെന്നും വി.എസ് പൊതു വേദിയില്‍ പ്രസംഗിച്ചപ്പോള്‍ കേരളത്തിനു ബോധ്യമായതാണ്. പക്ഷെ, അത് പറഞ്ഞത് ആരാണ് എന്നതില്‍ മാത്രമേ സംശയമുള്ളൂ.

കാരണം, അത് പറഞ്ഞത് എം. സ്വരാജ് ആണെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുള്ളതിന് തെളിവുണ്ടോ എന്ന സ്വരാജിന്റെ മറു ചോദ്യത്തിന് ആര്‍ക്കും മരുപടിയില്ല. വി.എസും പറഞ്ഞിട്ടില്ല സ്വരാജാണ് അങ്ങനെ പറഞ്ഞതെന്ന്. ഇരുമ്പു മറയില്‍ ചര്‍ച്ച കേട്ടവര്‍ ആരും പിന്നീടൊന്നും പറഞ്ഞില്ല. എന്നാല്‍, ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് ആരോപറഞ്ഞിട്ടുണ്ട്. പറഞ്ഞത് വി.എസിനെ ഉദ്ദേശിച്ചാണെന്ന് വിയഎസിനും, പറഞ്ഞയാള്‍ക്കും, പാര്‍ട്ടിക്കും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്. എന്നാല്‍, പറഞ്ഞതാരെന്നും മാത്രം ആരും പറഞ്ഞിട്ടില്ല. ആ വെളിപ്പെടുത്തല്‍ നടത്താതെയാണ്ി വി.എസും മറയുന്നത്.

2015 ആലപ്പുഴ സിപിഐഎം സംസ്ഥാന സമ്മേളനം. ഒരു വ്യക്തിയും നേതാവും പാര്‍ട്ടിക്ക് അതീതനല്ലെന്ന് ഒരു വ്യക്തിയെ പരോക്ഷമായി ചൂണ്ടിക്കാട്ടി പ്രഖ്യാപിക്കപ്പെട്ട സമ്മേളനമായിരുന്നു അത്. ജനപിന്തുണയില്‍ ഏറെ മുന്നിലാണെങ്കിലും പാര്‍ട്ടിയില്‍ ഒറ്റയാനായിരുന്ന വി.എസ് അച്യുതാനന്ദനെന്ന നേതാവ് ആ സമ്മേളനത്തോടെ പൂര്‍ണമായും ദുര്‍ബലനായിത്തീര്‍ന്നു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അടക്കിയ വലിയ ചുടുകാട്ടില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ എത്തിയ വി.എസിന്റെ മുഖം മ്ലാനായിരുന്നു.

സമ്മേളനത്തിന് തലേന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തനിക്കെതിരെ പാസ്സാക്കിയ പ്രമേയം പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വിഎസ്. നേതാക്കള്‍ക്ക് മുഖം കൊടുക്കാതെ, മിണ്ടാതെ സമ്മേളന വേദിയില്‍ അദ്ദേഹം മാറിയിരുന്നു. ഒടുവില്‍ തിരിച്ചറിവുകളില്‍ അടക്കിപ്പിടിച്ച അമര്‍ഷത്തോടെ സമ്മേളനവേദിയില്‍ നിന്നുള്ള വി.എസിന്റെ ഇറങ്ങിപ്പോക്ക്. മനസ്സിലെ കനത്തിന്റെ ആധിക്യം മുഖത്ത് പ്രതിഫലിച്ചിരുന്നെങ്കിലും കനപ്പെട്ട നിശബ്ദതയില്‍ അതുരുക്കി വി.എസ് ഇറങ്ങി നടന്നു. ആ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയില്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ല. അച്യുതാനന്ദനില്ലാത്ത ആദ്യ സമിതിയായിരുന്നു അത്.

ഇറങ്ങിപ്പോക്കിലൂടെയാണ് വിഎസ് എന്നും ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന കേരളത്തില്‍ നിന്നുള്ള ഏഴ് നേതാക്കളില്‍ ഒരാളായിരുന്നു വി.എസ് അച്യുതാനന്ദന്‍. 1980കളില്‍ എം.വി രാഘവന്‍ അവതരിപ്പിച്ച ബദല്‍രേഖയില്‍ പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് പോവുകയാണെന്ന് സംശയിച്ച സമയത്ത് നങ്കൂരം പോലെ നിന്നത് അച്യുതാനന്ദനായിരുന്നു. 1985ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീതയത വ്യക്തമായിരുന്നെങ്കിലും ഇ.എം.എസ് അതില്‍ ഇടപെട്ടു. അതിന് പിന്തുണ നല്‍കിയത് വി.എസ് ആണ്. ബദല്‍രേഖ തള്ളിയെന്ന് മാത്രമല്ല, നായനാരെ തിരുത്തിയും എം.വി.ആറിനെയും ആറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തള്ളിയും വി.എസ് കരുത്ത് കാണിച്ചു. പാര്‍ട്ടിയെ തകരാതെ കാത്ത വീരസഖാവ് പരിവേഷം ചാര്‍ത്തിക്കിട്ടുകയും ചെയ്തു. വി.എസിന്റെ കൈകളില്‍ പാര്‍ട്ടി ഭദ്രമാണെന്ന് ഇ.എം.എസ് അടിവരയിട്ടു.

ഇ.കെ നായനാരും വി.എസും തമ്മിലുള്ള ചേരിപ്പോര് മറനീക്കി പുറത്തുവന്ന സമ്മേളമായിരുന്നു 1991ലെ സമ്മേളനം. അടിയൊഴുക്കുകളില്‍ വി.എസിന് നഷ്ടപ്പെട്ടത് പാര്‍ട്ടി സെക്രട്ടറി പദവിയാണ്. ഇ.കെനായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 95ലും വി.എസ് പക്ഷത്തെ വെട്ടിനിരത്തിയെങ്കിലും 98ലെ പാലക്കാട് സമ്മേളനത്തില്‍ വി.എസ് പക്ഷം സംസ്ഥാനകമ്മിറ്റി പിടിച്ചെടുത്തു. എല്ലായ്പ്പോഴും ധാര്‍മികതയുടെ വക്താക്കളായിരുന്നു വി.എസ് പക്ഷം.

അതു പോലെ തന്നെയാണ് സി.പി.എം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി വിജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കുന്നത്. അപ്രതീക്ഷിതമെന്നോണം വി.എസ് വിജയിക്കുമ്പോള്‍ പാര്‍ട്ടിക്ക് കേരളം ഭരിക്കാനുള്ള ഭൂരിപക്ഷവും ഇല്ലാതാകും. ഇതിനെ കളിയാക്കിക്കൊണ്ട് വര്‍ഷങ്ങളായി ഒരു പഴഞ്ചൊല്ലും ഇറങ്ങിയിരുന്നു. ‘ പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വി.എസ്, വി.എസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി’ ഏറെക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു പഴഞ്ചൊല്ലായിരുന്നു ഇത്. വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ ഈ വാക്കുകള്‍ സത്യമാണെന്ന് മനസ്സിലാകും.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു നേതാവുണ്ടാവില്ല. 1965 മുതല്‍ 2016 വരെ പത്ത് തവണയാണ് വിഎസ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുള്ളത്. പക്ഷെ ഇതില്‍ 2006ല്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേര അലങ്കരിക്കുന്നത് വരെ അദ്ദേഹം മന്ത്രി പദത്തിലോ മറ്റോ എത്തിയിട്ടില്ല. വിഎസ് ജയിക്കുമ്പോള്‍ തോല്‍ക്കുന്ന പാര്‍ട്ടി, പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന വിഎസ് എന്ന വാക്കുകള്‍ അച്ചട്ടാവുന്നത് ഇവിടെയാണ്. 1967, 2006 എന്നീ വര്‍ഷങ്ങളില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പാര്‍ട്ടിയും വിഎസും ഒരുമിച്ച് വിജയിച്ചിട്ടുള്ളത്.

1965, 1967, 1970, 1977 വര്‍ഷങ്ങളില്‍ നാല് തവണയും വിഎസ് ജനവിധി തേടിയത് അമ്പലപ്പുഴയില്‍ നിന്നായിരുന്നു. ഇതില്‍ അദ്ദേഹത്തിന്റെ ആദ്യ മത്സരമായ 1965ല്‍ മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എസ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. 1967, 70, 77 വര്‍ഷങ്ങളില്‍ അമ്പലപ്പുഴയെ വി.എസ് നയിച്ചു. മാരാരിക്കുളത്ത് രണ്ട് തവണയായിരുന്നു വി.എസ് മത്സരിച്ചിരുന്നത്. 1991ലും 1996ലും, ഇതില്‍ ആദ്യത്തെ മത്സരത്തില്‍ വിജയിച്ചെങ്കിലും രണ്ടാമത്തേതില്‍ ലക്ഷ്യം കാണാന്‍ വി.എസിന് സാധിച്ചില്ല. മാരാരിക്കുളത്തെ വി.എസിന്റെ തോല്‍വി സി.പി.ഐ.എമ്മിനെ മാത്രമല്ല പ്രതിപക്ഷത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഒരുപക്ഷേ അന്ന് ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി കസേര തന്നെ ലഭിക്കുമായിരുന്നു അദ്ദേഹത്തിന്.

എന്നാല്‍ ആ തോല്‍വി വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ നാഴികക്കല്ലായിരുന്നു. പരാജയം വിജയത്തിന്റെ ചവിട്ട് പടി എന്ന് കരുതാവുന്ന നിലയില്‍ ഈ തോല്‍വിയിലൂടെയാണ് വിഎസിന് കൂടുതല്‍ കരുത്തും, ജനകീയതയും ലഭിച്ചത്. 2006ല്‍ മലമ്പുഴയില്‍ നിന്നും ജയിച്ചായിരുന്നു വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. അതിന് പിന്നിലുമൊരു കഥയുണ്ട്. ആ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിഎസിന്റെ പേരുണ്ടായിരുന്നില്ല. സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നേതൃത്വത്തിന്റെ ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സിപിഐഎം പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധമുയര്‍ന്നു.

ഇതോടെ കേന്ദ്രനേതൃത്വം ഇടപെടുകയും, വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. മലമ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് പാച്ചേനിക്കെതിരെ മത്സരിച്ച വിഎസ് 20017 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആ വിജയം സമ്മാനിച്ച ആത്മാഭിമാനത്തില്‍, തല ഉയര്‍ത്തിപ്പിടിച്ച്, മുണ്ടെന്റെ കോന്തല കയ്യിലെടുത്ത് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുത്തു. 2011ലും വിധി മറ്റൊന്നാകേണ്ടതായിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ചയുടെ വക്കിലെത്തിയതായിരുന്നു എല്‍ഡിഎഫ് പാര്‍ട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയും പികെ കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം പാര്‍ലര്‍ കേസും വിഎസ് കച്ചിത്തുരുമ്പാക്കി.

വിഎസിന്റെ ഒറ്റയാള്‍ പ്രചാരണം അലയൊലികള്‍ സൃഷ്ടിച്ചു. യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രവചിച്ചവര്‍ കളംമാറ്റി. ഒപ്പത്തിനൊപ്പം മത്സരത്തില്‍ ഇടതുമുന്നണി 68 സീറ്റും യുഡിഎഫ് 72 സീറ്റും നേടി. സി.പി.എം എം.എല്‍.എ ശെല്‍വരാജിനെ യു.ഡി.എഫ് ചാക്കിട്ട് സ്വന്തം പാളയത്തിലെത്തിച്ച് ഭൂരിപക്ഷം മൂന്നാക്കി. രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്ത നീക്കങ്ങള്‍ക്കില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതോടെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമായി. അതേസമയം, പാര്‍ട്ടിയുടെ വിജയത്തിന് പാര്‍ട്ടി നേതൃത്വം ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലെന്ന് രാഷ്ട്രീയ വിമര്‍ശനമുയര്‍ന്നു. അങ്ങനെ 2011ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

അന്ന് സി.പി.ഐ.എം ജയിച്ചാല്‍ വി.എസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന അവസ്ഥ ഔദ്യോഗിക വിഭാഗത്തിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നതിനാലാണ് പാര്‍ട്ടി ഇത്തരത്തില്‍ കരുക്കള്‍ നീക്കിയതെന്നും അഭിപ്രായങ്ങളുണ്ട്. മലമ്പുഴയില്‍ 20,000ല്‍പരം ഭൂരിപക്ഷത്തിനാണ് വി.എസ് വിജയിച്ചത്. 91 വയസ്സ് പിന്നിട്ട വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ച. വി.എസിന് സീറ്റ് കൊടുക്കേണ്ടെന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍, പൊതുസമൂഹത്തില്‍ നിന്ന് വി.എസിനായുള്ള മുറവിളിയുയര്‍ന്നു. പലയിടങ്ങളിലും ഫ്ളക്സ് ബോര്‍ഡുകളുയര്‍ന്നു. കേന്ദ്ര നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദമേറി. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ വി.എസിന് മലമ്പുഴ മണ്ഡലം നല്‍കി പ്രശ്നമൊതുക്കി. ഇത്തവണ പഴഞ്ചൊല്ലിനെ പഴങ്കഥയാക്കി പാര്‍ട്ടിയും വി.എസും ഒരുമിച്ച് വീണ്ടും വിജയിച്ചു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനായി.

CONTENT HIGH LIGHTS; Capital punishment, party foul play in VS’s victories and defeats, and then walking out of the conference venue: Controversies that are part of history

Latest News