ആലപ്പുഴയിലെ സമര പോരാളികളുടെ ചോരയും മാംസവും ചിതറിത്തെറിച്ച മണ്ണാണ്. വെടിയുണ്ടകളെ പൂക്കളാക്കിയ പോരാളികളുടെ ചരിത്രം പറയുന്ന മണ്ണ്. കവുങ്ങിന്റെ ചീളുകള്‍ വെട്ടി കൂര്‍പ്പിച്ച് വാരിക്കുന്തമാക്കി സര്‍ സി.പിയുടെ പോലീസിനു മുമ്പില്‍ സധൈര്യം നേരിട്ട ജനകീയ പോരാളികളെ ചുട്ടുകൊന്ന മണ്ണാണ്ണ് വലിയ ചുടുകാട്. 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ ജീവന്‍വെടിഞ്ഞ നിരവധി രക്തസാക്ഷികളെ കൂട്ടമായി അടക്കം ചെയ്ത സ്ഥലമാണിത്. അവരുടെ ഓര്‍മ്മയ്ക്കായി ഇവിടെ രക്തസാക്ഷി മണ്ഡപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ മണ്ഡപങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഒരു പുണ്യഭൂമിക്ക് തുല്യമാണ്.
ദിവാന്‍ ഭരണത്തിന് അറുതി വരുത്തുന്നതിനും അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന് പ്രഖ്യാപിച്ചുമുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഓര്‍മ്മകളും ഈ സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെടിയേറ്റ് രക്ത സാക്ഷികളായവരെയും പരിക്കേറ്റവരെയുമെല്ലാം വലിയ ചുടുകാട്ടിലിട്ട് സര്‍ സിപിയുടെ പോലീസ് പച്ചക്ക് കത്തിച്ചതാണ് ചരിത്രം. പുന്നപ്രയിലെ പോലീസ് ക്യാമ്പ ആക്രമണത്തിന്റെ ബാക്കി പത്രമായിരുന്നു അത്. 10000-ല്‍ അധികം പേരാണ് അന്ന് പോലീസ് ക്യാമ്പ് വളഞ്ഞത്. ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുമായി അന്ന് നേതാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവിലത് സംഘര്‍ഷത്തിലേക്കും ഇന്‍സ്‌പെക്ടര്‍ നാടാര്‍ അടക്കം മൂന്ന് പോലീസുകാര്‍ കൊല്ലപ്പെടുന്നതിലേക്കും എത്തി.
കുന്തവും, കമ്പും, കല്ലുമായി പോലീസിനെ നേരിട്ട സമരക്കാര്‍ക്ക് പോലീസിന്റെ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായി. ഒരു ഘട്ടത്തില്‍ വെടിയുണ്ട തീര്‍ന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു, ഒപ്പം സമരക്കാരും. അപ്പോഴും കുറേപ്പേര്‍ പരിക്കേറ്റവിടെ കിടന്നിരുന്നു. പിന്നീട് പോലീസ് ക്യാമ്പിലേക്ക് എത്തിയ ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിലുള്ള പട്ടാളം പരിക്കേറ്റവരെ വീണ്ടും തല്ലിച്ചതച്ച് കൊലപ്പെടുത്തി. ഇവരെ വലിയ ചുടുകാട്ടില്‍ എത്തിച്ച് കൂമ്പാരം കൂട്ടി മണ്ണെണ്ണ് ഒഴിച്ച് തീകൊളുത്തി. ഇതില്‍ ജീവനുള്ളവരും ഉണ്ടായിരുന്നു. കാട്ടൂരില്‍ നിന്നും, മാരാരിക്കുളത്തു നിന്നും കൊണ്ടു വന്നവരെയും പിന്നീട് ഇത്തരത്തില്‍ ഇവിടെ കത്തിച്ചു.
പച്ച ജീവന്‍ കത്തിയെരിഞ്ഞ മണ്ണിലാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ളതു പോല്‍ വി.എസിനും ഇടം ഒരുക്കുന്നത്. എല്ലാ വര്‍ഷവും പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടില്‍ രക്തസാക്ഷി അനുസ്മരണവും പതാക ഉയര്‍ത്തലുമെല്ലാം നടക്കാറുണ്ട്. ഈ ചടങ്ങുകളില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ആയിരക്കണക്കിന് ആളുകളും പങ്കെടുക്കാറുണ്ട്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം സംസ്‌കരിക്കുന്നതും ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തിലാണ്.
ഇത് ഈ സ്ഥലത്തിന് കൂടുതല്‍ ചരിത്രപരമായ പ്രാധാന്യം നല്‍കുന്നു. പി.കൃഷ്ണപിള്ളയും, എംഎന്‍ ഗോവിന്ദന്‍ നായരും, കെ.ആര്‍ ഗൗരിയമ്മയുമെല്ലാം യാത്ര അവസാനിപ്പിച്ച അതേ വലിയ ചുടുകാട്ടിലേക്ക് വി.എസും പോവുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാട്ടിലേത്. വര്‍ഷം തോറും പുന്നപ്ര-വയലാര്‍ രക്തസാക്ഷി ദിനത്തില്‍ ആയിരങ്ങളാണ് വലിയ ചുടുകാട്ടിലെത്തി ധീര രക്ത സാക്ഷികള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള സ്ഥലമാണ് വലിയ ചുടുകാട്. ഇവിടെ 50 സെന്റിലായി രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വെവ്വേറെ സ്മാരകങ്ങളുണ്ട്. മുതിര്‍ന്ന സിപിഐ നേതാവും നിയമസഭാംഗവുമായിരുന്ന ആര്‍ സുഗതനാണ് വലിയ ചുടുകാടിന്റെ നിര്‍മ്മാണത്തിന് ശിലയിട്ടത്. ടിവി തോമസ അത് സമര്‍പ്പിച്ചു.
1964ലെ പാര്‍ട്ടി പിളര്‍പ്പില്‍ സി.പി.ഐയും സി.പി.എമ്മും വ്യത്യസ്ത സ്മാരകങ്ങള്‍ നിര്‍മ്മിച്ചു. എല്ലാവര്‍ഷവും പുന്നപ്ര വയലാര്‍ വാര്‍ഷികത്തില്‍ ദീപശിഖ പ്രയാണം ആരംഭിക്കുന്നത് വലിയ ചുടുകാട്ടില്‍ നിന്നുമാണ്. പി. കൃഷ്ണപിള്ള എം.എന്‍ ഗോവിന്ദന്‍നായര്‍, എസ്. കുമാരന്‍, സി.കെ ചന്ദ്രപ്പന്‍, ആര്‍. സുഗതന്‍, ടി.വി തോമസ്, പി.ടി പുന്നൂസ്, ജോര്‍ജ്ജ് ചടയംമുറി, പി.കെ ചന്ദ്രാനന്ദന്‍, കെ.ആര്‍ ഗൗരിയമ്മ, പി.കെ പത്മനാഭന്‍, ടി.വി രമേശ് ചന്ദ്രന്‍, എം.കെ സുകുമാരന്‍, സി.ജി സദാശിവന്‍, എന്‍. ശ്രീധരന്‍, വി.എ സൈമണ്‍ ആശാന്‍, കെ.സി ജോര്‍ജ്ജ്, വി.കെ വിശ്വനാഥന്‍, പി.കെ കുഞ്ഞച്ചന്‍, കെ.കെ കുഞ്ഞന്‍, സി.കെ കേശവന്‍, എം.ടി ചന്ദ്രസേനന്‍, എസ്. ദാമോദരന്‍, ഏറ്റവുമൊടുവില്‍ എന്‍.കെ ഗോപാലന്‍ എന്നിവരെല്ലാം ഉറങ്ങുന്ന മണ്ണാണ് വലിയ ചുടുകാടിന്റേത്.
തന്റെ സഖാക്കള്‍ക്കൊപ്പം വി.എസ് അന്ത വിശ്വമത്തിന് സ്ഥലം കണ്ടെത്തിയിരിക്കുകയാണ്. വലിയ ചുടുകാട് കേരള രാഷ്ട്രീയ ചരിത്രത്തില്‍, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്, വലിയ പ്രാധാന്യമുള്ള ഒരു സ്ഥലമാണ്. ഇത് കേവലം ഒരു ശ്മശാനം എന്നതിലുപരി, പുന്നപ്ര-വയലാര്‍ സമരത്തിലെ രക്തസാക്ഷികളുടെ സ്മരണകള്‍ ഉറങ്ങുന്ന ഒരു ചരിത്രഭൂമിയാണ്. പുന്നപ്ര- വയലാര്‍ സമരഭടന്‍മാരുടെ ധീരസ്മരണകള്‍ ജ്വലിക്കുന്ന വലിയ ചുടുകാട് സമരനായകനെ ഏറ്റുവാങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുന്നപ്ര- വയലാര്‍ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങള്‍ക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമമൊരുങ്ങുന്നത്. പുന്നപ്ര- വയലാര്‍ സമരനായകനായ വി.എസ്.അച്യുതാനന്ദന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നുവെന്നതു കണ്ണു നനയിക്കുന്ന യാദൃച്ഛികത.
പുന്നപ്ര- വയലാര്‍ സമരവാര്‍ഷികത്തില്‍ വയലാറിലെ രക്തസാക്ഷി ദിനത്തില്‍ മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖാ റിലേ ആരംഭിക്കുന്നത് വലിയ ചുടുകാട്ടില്‍ നിന്നാണ്. എല്ലാ വര്‍ഷവും ദീപശിഖ തെളിച്ച് അത്ലറ്റുകള്‍ക്ക് കൈമാറിയിരുന്നത് വിഎസ് ആയിരുന്നു. 2019 ഒക്ടോബറില്‍ സമര വാര്‍ഷികത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്കു മടങ്ങിയ വിഎസ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായി. 6 വര്‍ഷത്തിനു ശേഷം അദ്ദേഹം ഇന്നു വീണ്ടും വലിയ ചുടുകാട്ടിലെത്തുമ്പോള്‍ സമരസ്മരണകള്‍ ദീപശിഖ കൊളുത്തും. വലിയചുടുകാട്ടിലെ കാറ്റിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു. കാതോര്‍ത്താല്‍ കേള്‍ക്കാം മുദ്രാവാക്യമുഴക്കങ്ങള്‍. വി.എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയചുടുകാട്.
CONTENT HIGH LIGHTS;Do you know the history of the red soil of the great hot forest?: Beyond the cries of souls, there is a story of sincerity to tell; V.S. is also preparing for it there; is this the story of the revolutionary soil?