കേരളത്തിന്റെ റെയില്‍ പാളങ്ങള്‍ എന്നും വികസനത്തിന്റെയും മനുഷ്യരുടെ വികാസത്തിന്റെ ചൂളം വിളികളുടെ പ്രതീകമാണ്. എന്നാല്‍, ചില ദുര്‍നിമിത്തങ്ങള്‍ പോലെ ചിലപ്പോഴൊക്കെ റെയില്‍ പാളങ്ങളും ട്രെയിനുകളും മനുഷ്യന്റെ അന്തസ്സിനെയും, മാനത്തെയും, ജീവനെയും കവര്‍ന്നെടുക്കുന്ന കാലന്റെ വാസസ്ഥലങ്ങളായി മാറാറുണ്ട്. അങ്ങനെയൊരു കാലന്റെ ജയില്‍ ചാട്ടമണ് ഇന്നു പുലര്‍ച്ചെ കേരളം കേട്ടുണര്‍ന്നത്. കൊല്ലാന്‍ വിധിച്ചാലും കൊല്ലാതെ പോറ്റണമെന്ന് മറുവിധി വരുന്ന കാലന്റെ ഫോട്ടോസ്റ്റാറ്റാണ് ഗോവിന്ദചാമി. ജയില്‍ ചാടിയെന്നറിയുമ്പോള്‍ വധശിക്ഷ ഇളവു ചെയ്ത പരമോന്നത നീതി പീഠം പോലും ഒന്നു ഭയന്നിട്ടുണ്ടാകും.
കാരണം, ഗോവിന്ദചാമി എന്ന ബോണ്‍ ക്രിമിനലിന് ലൈംഗീകാസക്തിയും പൈശാചികതമായ കൊലപാതകവും ഉന്‍മാദമാണ്. പിടികിട്ടുന്നതു വരെ ആധി എരിഞ്ഞ എത്രയോ മാതാപിതാക്കളുണ്ട്. തീ തിന്ന എത്രയോ പെണ്‍കുട്ടികള്‍. നിര്‍ഭയമായി ജോലിക്കും, പഠിക്കാനും, മറ്റാവശ്യങ്ങള്‍ക്കും നിരത്തിലിറഹ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയക്കാതിരിക്കാനാവില്ലല്ലോ. അത്രയും കൊടും കുറ്റവാളിയാണ് ഒറ്റക്കൈയ്യന്‍ ഗോവിന്ദ ചാമി. നോക്കൂ, സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ രീതി. ഓടുന്ന ട്രെയിനില്‍ നിന്നും തള്ളി താഴെയിട്ട്, മരിക്കുന്നതിനും തൊട്ടുമുമ്പുള്ള ശ്വാസത്തില്‍ ആര്‍ത്തിയോടെ ഭോഗിച്ചാണ് അവന്‍ കൊല ചെയ്തത്. ശരീരത്തിലെ ലൈംഗീകാവയവം ആയുധമാക്കിയാണ് ഗോവിന്ദചാമി കൊലപാതകം നടത്തുന്നത്.
2011 ഫെബ്രുവരി 1നായിരുന്നു ഗോവിന്ദ ചാമിയുടെ ഒറ്റക്കൈയ്യുടെ ബലം കേരളം ഞെട്ടലോടെ അറിഞ്ഞത്. ട്രെയിനില്‍ ഭകിഷയെടുക്കുന്ന സകലമാന ഭിക്ഷക്കാരെയും അന്നുമുതല്‍ മലയാളികള്‍ വെറുത്തു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിക്കുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയും മരണം ഉറപ്പാക്കി കടന്നുകളയുകയും ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ പിന്നീട് കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊല നടത്തി മുങ്ങിയ ചാമിയെ ആറ് ദിവസത്തിനു ശേഷം 2011 ഫെബ്രുവരി 6ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
സൗമ്യ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നതും ഫെബ്രുവരി 6നാണ്. ഇതോടെ കേസ് കൊലപാതകവും ബലാത്സംഗവുമായി മാറുന്നു. തുടര്‍ന്ന് ഗോവിന്ദ ചാമിയെ കോടതിയില്‍ ഹാജരാക്കി. 2011 മാര്‍ച്ചില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ബി.എ. ആളൂര്‍ എന്ന അഭിഭാഷകന്‍ ഹാജരാകുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കാരണം ആളൂര്‍ നേരത്തെ നിരവധി ഹൈ പ്രൊഫൈല്‍ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ വ്യക്തിയായിരുന്നു. 2011 മാര്‍ച്ച് 23ന് തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 31ന് കേസ് തൃശൂര്‍ അതിവേഗ കോടതിയിലേക്ക് മാറ്റി. ഒക്ടോബര്‍ 26ന്
തൃശൂര്‍ അതിവേഗ കോടതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബലാത്സംഗം, കൊലപാതകം, ട്രെയിന്‍ യാത്രക്കാരെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
2011 നവംബര്‍ 11 ന് ഗോവിന്ദച്ചാമിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും തൃശൂര്‍ അതിവേഗ കോടതി വിധിക്കുന്നു. ബലാത്സംഗത്തിന് ജീവപര്യന്തവും കൊലപാതകത്തിന് വധശിക്ഷയും നല്‍കി. ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് 7 വര്‍ഷം കഠിനതടവും മറ്റ് കുറ്റങ്ങള്‍ക്ക് 1 വര്‍ഷം തടവും വിധിച്ചു. എന്നാല്‍, 2012ല്‍ ഗോവിന്ദച്ചാമി വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നു. 2013 ഡിസംബര്‍ 17 ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെക്കുന്നു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ഹൈക്കോടതിയും അംഗീകരിക്കുന്നു. എന്നാല്‍, അവനിടെയും ഗോവിന്ദ ചാമി നിന്നില്ല. 2014 ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
2016 സെപ്റ്റംബര്‍ 15ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി വരുന്നു. കൊലപാതകക്കുറ്റം (IPC 302) റദ്ദാക്കുകയും ബലാത്സംഗം (IPC 376) ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊലപാതക ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും, ബലാത്സംഗം തെളിയിക്കപ്പെട്ടെങ്കിലും സൗമ്യയുടെ മരണകാരണം ട്രെയിനില്‍ നിന്ന് വീണതു മൂലമുള്ള പരിക്കുകളാണെന്നും കോടതി നിരീക്ഷിച്ചു. ഇത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചു. 2016 നവംബര്‍ 11ല്‍ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുന്നു.
സൗമ്യയുടെ അമ്മയും റിവ്യൂ ഹര്‍ജി നല്‍കി. 2016 നവംബര്‍ 17ന് റിവ്യൂ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേസില്‍ തനിക്ക് ചില സംശയങ്ങളുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരസ്യമായി പറയുന്ന അപൂര്‍വ സാഹചര്യവും ഉണ്ടായി. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്നത് സംശയകരമാണെന്നായിരുന്നു സുപ്രീംകോടതി അന്ന് ചോദിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് വാദത്തിനിടെ പറഞ്ഞിരുന്നു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിത്. 2016 നവംബര്‍ 17ന് സുപ്രീം കോടതി റിവ്യൂ ഹര്‍ജികള്‍ തള്ളുന്നു. ഇതോടെ ഗോവിന്ദച്ചാമിയുടെ ജീവപര്യന്തം ശിക്ഷ അന്തിമമായി. എന്നാല്‍, ഗോവിന്ദ ചാമിക്ക് സൗമ്യ ട്രെയിന്‍ നിന്ന് എടുത്തുചാടിയതല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ലി വാസു കേസ് തോറ്റപ്പോള്‍ തന്നെ പറഞ്ഞിരുന്നു. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ 5 സെമീ മാത്രമെ ശരീരം മുന്നോട്ട് നീങ്ങിയിരുന്നുള്ളൂ. ട്രാക്ക് മാറവെ തീവണ്ടിയുടെ വേഗത കുറയുമെന്ന് കണക്കുകൂട്ടി പ്രതി വളരെ വിദഗ്ധമായാണ് സൗമ്യയെ തളളിയിട്ടത്.
സൗമ്യയുടെ ശരീരത്തിലേറ്റ ഓരോ പരിക്കിനും വ്യക്തമായ വിശദീകരണമുളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് താന്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് കൃത്യമായി അവതരിപ്പിക്കാന്‍ അഭിഭാഷകന് കഴിയാതിരുന്നതാണ് വധശിക്ഷ റദ്ദാക്കപ്പെട്ടതെന്നും ഷെര്‍ലി വാസു പറഞ്ഞിട്ടുണ്ട്. തീവണ്ടിയില്‍ നിന്നും എടുത്തുചാടുമ്പോള്‍ ഉണ്ടാകാറുള്ള പരിക്കുകളൊന്നും സൗമ്യയുടെ ദേഹത്ത് ഉണ്ടായിരുന്നില്ല. മുടിയും കഴുത്തും വലിച്ച് പിടിച്ച് ട്രയിനിന്റെ വാതിലില്‍ ശക്തിയായി ഇടിച്ചതിന്റെ മുറിപ്പാടുകളും നഖപ്പാടുകളും സൗമ്യയുടെ ശരീരത്തിലുണ്ടായിരുന്നു.
തീവണ്ടിയ്ക്കകത്തുവെച്ച് തന്നെ സൗമ്യയെ ക്രൂരമായി ശാരീരിക ഉപദ്രവത്തിന് വിധേയയാക്കിയതിന് വ്യക്തമായ തെളിവാണിതെന്നും ഷെര്‍ലി വാസു പറഞ്ഞിട്ടുണ്ട്. ഇത്തരം ക്ഷതത്താല്‍ അര്‍ധ അബോധാവസ്ഥയിലായ സൗമ്യ ഇടത് കവിള്‍ ഇടിച്ച് മെയിന്‍ ട്രാക്കില്‍ നിന്നും വേര്‍പിരിഞ്ഞ് പോകുന്ന മറ്റൊരു ട്രാക്കിലേക്കാണ് വീണതെന്നും ഡോക്ടര്‍ ഷേര്‍ലി വ്യക്തമാക്കിയിട്ടുണ്ട്.
CONTENT HIGH LIGHTS; How was Soumya killed?: A bona fide criminal who uses Govindachamy’s body parts as weapons?; Are mothers of daughters in Kerala happy when he escapes from jail and is caught within hours?; Want to know about Chami’s cruel deeds?