ഒരു രാത്രിയില്‍ കുത്തിയൊലിച്ചെത്തിയ ഉരുള്‍ പൊട്ടലില്‍ ഒരു നാടും നാട്ടുകാരും അശേഷം ഇല്ലാതായ കഥയാണ് മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ കേരളം കേട്ടത്. നിര്‍ത്താതെ പെയ്ത മഴയും മലയും പുഴയും ഒരുമിച്ചു ഒലിച്ചിറങ്ങിയതും ഇന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ്. സ്‌കൂളും, വീടുകളും, ഒരായുസ്സിന്റെ സമ്പാദ്യങ്ങളുമെല്ലാം ഉരുളെടുത്തു പോയ കറുത്ത ദിനം. കൈയ്യും കാലും വേര്‍പെട്ടു പോയവര്‍. ബന്ധങ്ങള്‍ അറ്റുപോയവര്‍ അങ്ങനെ എത്രയോ മനുഷ്യരെയാണ് അന്ന് സൈന്യവും സന്നദ്ധ സേനാപ്രവര്‍ത്തകരും നാട്ടുകാരും ദുരന്ത നിവാരണ അതോറിട്ടുയുമൊക്കെ വാരിക്കൂട്ടയത്. ഇന്ന് ആ കരുത്ത ദിനത്തിന് ഒരാണ്ടായിരിക്കുകയാണ്. മുണ്ടക്കൈയിലും, ചൂരല്‍മലയിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.
അനാഥരായവര്‍ക്കും, വാസസ്ഥലങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അഭയകൂടാരമുണ്ടോ. ഭക്ഷണമുണ്ടോ. വെള്ളമുണ്ടോ. ഇതെല്ലാം തിരയുകയാണ് മാധ്യമങ്ങള്‍. സര്ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ. വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയോ ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളുമുണ്ട്. മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസത്തില്‍ മെല്ലേപ്പോക്കാണെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ വീഴ്ച്ചയാണ് പുനരധിവാസത്തില്‍ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. 772 കോടി രൂപയാണ് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തത്. ദുരിത ബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.
പലവിധത്തിലുള്ള നിയമ കുരുക്കുകയാണ് നിര്‍മ്മാണം വേഗത്തിലാകാതിരിക്കാന്‍ കാരണം. ദുരന്തത്തില്‍ താല്ക്കാലിക പുനരധിവാസത്തിന് സൗകര്യമൊരുക്കിയ സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് എല്ലാം മെല്ലേപ്പോക്കിലാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം തുടങ്ങിയിട്ടേയുള്ളൂ. ദുരിത ബാധിതര്‍ക്ക് താല്ക്കാലിക താമസത്തിന് വാടകയും ദിവസം 300 രൂപ എന്ന നിരക്കില്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്. എന്നാല്‍ എന്നുവരെ ഇങ്ങനെ ചിതറിക്കഴിയുമെന്നാണ് ദുരതിബാധിതര്‍ ചോദിക്കുന്നത്.
മുണ്ടക്കൈ വാസികളെ പുനരധിവസിക്കുന്നതിലേക്കായി ലോകത്തുള്ള മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മെയ് മറന്ന് നല്‍കിയത് 772 കോടി രൂപയാണ്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലുണ്ടായ നിയമക്കുരുക്കും കാലാവസ്ഥ പ്രശ്‌നങ്ങളുമാണ് വീടു നിര്‍മാണം വൈകുന്നതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. അതേസമയം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാവീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി തുടങ്ങി.
ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃകാവീടിന്റെ നിര്‍മ്മാണം ഈ മാസം 30ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്. ശൗചാലയം, സിറ്റൗട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി തുടങ്ങുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ പറയുന്നു. ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയ ശേഷം പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. ഏഴുസെന്റില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിതീരുന്ന വീട് ഭാവിയില്‍ ഇരുനില നിര്‍മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.
രണ്ട്കിടപ്പുമുറി, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃകാവീട്ടില്‍ പൂര്‍ത്തിയാവുന്നത്. അഞ്ചുസോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. ഏപ്രില്‍ 16-നാണ് ടൗണ്‍ഷിപ്പില്‍ മാതൃകാവീടിന്റെ നിര്‍മ്മാണം തുടങ്ങിയത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുംവിധമുള്ള വീടുകളാണ് രൂപകല്പനചെയ്തിട്ടുള്ളത്. അതിനിടെ വയനാട് ദുരിതബാധിത മേഖലയിലെ പാടികളില്‍ താമസിച്ചിരുന്ന പലരും ഇപ്പോഴും പുനരധിവാസ പട്ടികയ്ക്ക് പുറത്താണ്. ദുരന്തബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും തുടര്‍ന്നുള്ള ജീവിതം ദുരിതത്തിലാകുമെന്ന ആശങ്കയിലാണ് ഇവര്‍.
കേവലം സാങ്കേതികത്വത്തിന്റെ പേരിലാണ് പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്താത് എന്നാണ് ഇവരുടെ പരാതി. തോട്ടം തൊഴിലും മറ്റും ആശ്രയിച്ചായിരുന്നു ദുരന്തത്തിന് മുമ്പ് ഇവരുടെ ജീവിതം. ഉരുള്‍ പൊട്ടിയൊലിച്ചെത്തിയ രാത്രിയില്‍ ജീവനും കയ്യില്‍ പിടിച്ച് ഓടിയതാണ്. നിലവില്‍ വാടക അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ദുരന്തബാധിത പട്ടികക്ക് പുറത്താണ് ഇവര്‍. ഇനി എത്രകാലം കാത്തിരിക്കണം സ്വന്തമായി ഒരു വീടുണ്ടാകാന്‍. ഇനിയെത്രകാലം കാലു പിടിക്കണം ഭരണകൂടത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും. ഇതാണ് മുണ്ടക്കൈ ചൂരല്‍മലക്കാര്‍ ചിന്തിക്കുന്നത്. വീണ്ടുമൊരു ഉരുള്‍ പൊട്ടലിന്റെ കാലത്താണ് വീടിനെ കുറിച്ചുപോലും ചിന്തിക്കുന്നത്.