ഇരയോടൊപ്പം നില്‍ക്കുകയും പിന്നെ വേട്ടക്കാരന്റെ റോളില്‍ ഇരയെ കൊല്ലുകയും ചെയ്യുന്ന പ്ലാന്‍ ഇടതു സര്‍ക്കാര്‍ പയറ്റാന്‍ തുടങ്ങിയിട്ട് നാളേറെയായി. അത് തുടരുകയാണ്. സ്‌കൂളില്‍ ഷോക്കേറ്റു മരിച്ച കുട്ടിയുടെ കാര്യത്തില്‍ വരെ അതിന്റെ പ്രതിബിംബം തെളിഞ്ഞു കണ്ടു. നോക്കൂ, മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രീയ ഉപകരണങ്ങള്‍ ഇല്ലെന്നു തുറന്നു പറഞ്ഞ ഡോക്ടര്‍ ആദ്യം സത്യസന്ധനും, തികഞ്ഞ സര്‍ക്കാര്‍ സ്‌നേഹിയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം കള്ളനും, കള്ളം പരസ്യമായി പറഞ്ഞ് സര്‍ക്കാരിനെ മോശമാക്കുന്നവനുമായി മാറിക്കഴിഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന വിവാദ വെളിപ്പെടുത്തലിന്റെ പേരില്‍ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഹാരിസിന്റെ നടപടി സര്‍വീസ് ചട്ടലംഘനമാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണു നോട്ടീസില്‍ പറയുന്നത്. ഡിഎംഇയാണു നോട്ടീസ് നല്‍കിയത്. അന്വേഷണം നടത്തിയ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നോട്ടീസ്. താക്കീതില്‍ നടപടി ഒതുക്കിയേക്കും. അതേസമയം, കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍ പ്രതികരിച്ചിട്ടുണ്ട്.
ഇത്തരം ഒരു വിഷയം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത് ചട്ടലംഘനമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്നും എന്നാല്‍, താന്‍ മനപ്പൂര്‍വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണയാണെന്നും ഡോ. ഹാരിസ് പറയുന്നു. ഇനിയൊരു ഡോക്ടറും ഈ മാതൃകയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. അതായത്, തെറ്റു കണ്ടാലും കണ്ടില്ലെന്ിനു നടിക്കണം. സര്‍ക്കാരിന്റെ ഇടപെടലുകളെല്ലം വലിയ കാര്യമായി പറയണം. അഥവാ പറഞ്ഞില്ലെങ്കിലും മിണ്ടാന്‍ പാടില്ല.
ഡോ.ഹാരിസ് ചിറയ്ക്കല്‍ പറയുന്നത്
‘വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല. എന്നെ ആ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ല. വിവരാവകാശം വഴി ചോദിച്ചവര്‍ക്കും റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. അവരെന്താണ് എഴുതി കൊടുത്തതെന്നോ ആരൊക്കെയാണ് തെളിവു കൊടുത്തതെന്നോ എനിക്കറിയില്ല. എല്ലാ രേഖകളും ഉള്‍പ്പെടെ കൃത്യമായ മറുപടി അന്വേഷണ കമ്മീഷന് നല്‍കിയതാണ്. എന്തായാലും കാരണംകാണിക്കല്‍ നോട്ടീസിന് ഞാന്‍ വിശദമായ മറുപടി നല്‍കും. ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.’
‘ആശുപത്രിയില്‍ ഉപകരണങ്ങളില്ലായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് പരാതി പരസ്യമാക്കിയപ്പോള്‍ ഓടിനടന്ന് സംഘടിപ്പിച്ച് നല്‍കിയത്. ഞാന്‍ മനപ്പൂര്‍വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളമാണ്. ശസ്ത്രക്രിയ മുടക്കിയിട്ട് എനിക്കെന്ത് കിട്ടാനാണ്. ഉപകരണങ്ങളില്ലായിരുന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഉപകരണങ്ങള്‍ ഇല്ലെന്ന് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഞാന്‍ പറഞ്ഞതൊക്കെ കളവാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കില്‍ ആ റിപ്പോര്‍ട്ട് വ്യാജമാണ്. സമൂഹ മാധ്യമങ്ങളില്‍ കൂടി പറഞ്ഞത് ചട്ടലംഘനമാണ്. എല്ലാ വഴിയും അടയുമ്പോള്‍ അവസാന നടപടിയെന്ന നിലയിലാണ് അങ്ങനെ ചെയ്തത്.
പ്രശ്നങ്ങളെല്ലാം അവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും ഉപകരണങ്ങള്‍ കുറവുണ്ടെന്ന കാര്യവും ബന്ധപ്പെട്ടവര്‍ക്കറിയാം. ഇല്ല എന്ന് പറയുന്ന പ്രോബ് ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അത് ആശുപത്രിയിലേതല്ല. അത് മറ്റൊരു ഡോക്ടറിന്റെ കൈവശമുണ്ടായിരുന്ന ഉപകരണമായിരുന്നു. ‘വകുപ്പ് മേധാവി എന്ന നിലയില്‍, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം എന്റേതാണ്. അതുകൊണ്ടാണ് കുറവുള്ള വിവരം അറിയിച്ചത്. ഇതില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്കും തെളിവ് കൊടുത്തവര്‍ക്കും അവരുടേതായ താത്പര്യങ്ങളുണ്ടാകാം. എന്തായാലും വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് മറുപടി നല്‍കും. സ്വന്തം കൈപ്പടയില്‍ മറുപടി എഴുതി തയ്യാറാക്കിയിട്ടുണ്ട്.’ ഇന്ന് ഈ വിശദീകരണം കൈമാറും ‘
സിസ്റ്റത്തിന്റെ പിഴവാണ് സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ ഹാരീസിനെതിരായ നടപടി വേഗത്തിലായി. അതായത്, ശരി പറഞ്ഞാലും, തെറ്റെന്നു ചൂണ്ടിക്കാട്ടിയാലും ശിക്ഷ ഉറപ്പാണ് എന്നത് സത്യമായി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ചുള്ള ധാരണയ്ക്കപ്പുറം മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഡോക്ടറ്#ക്ക് നോട്ടീസ് നല്‍കാന്‍ കാരണമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീടു പറഞ്ഞത് ഡോക്ടറെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതായിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത്
അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ‘കേരളത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടന്ന നിരവധി കാര്യങ്ങളുണ്ട്.
അടുത്ത കാലത്തുള്ള ചില കാര്യങ്ങള്‍ ചിന്തിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നല്ലത് അതേ നിലയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുന്‍കൈ എടുത്തിട്ടുള്ളത്,’ മുഖ്യമന്ത്രി ആരോപിച്ചു. നമ്മുടെ ആരോഗ്യമേഖലയ്ക്ക് കേരളത്തിനകത്തും പുറത്തും പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അത് യാദൃശ്ചികമായി ഉണ്ടായതല്ല. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ ഉണ്ടായതാണ്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ലരീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്രയുമായ സ്ഥിതിക്ക്, ഇപ്പോള്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്.
അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കല്‍ കോളേജുകളെയാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളൊക്കെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെട്ടു എന്ന് പൊതുവില്‍ അഭിപ്രായം വന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെറ്റായ ചിത്രമാണ് അവര്‍ ഒരുവിഭാഗം ജനങ്ങളിലേക്കെങ്കിലും എത്തിക്കുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ടുമാത്രം ആ നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.
ഇങ്ങനെയാണ് ഇരയെ വേട്ടക്കാരന്‍ കൊല്ലുന്നതെന്ന് തിരിച്ചറിയുകയാണ്. ഒരു തരത്തില്‍ കേരളത്തിലെ ആതുരാലയങ്ങളെല്ലാം നല്ല ചികിത്സയും, വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുമ്പിലാണ്. പക്ഷെ, സിസ്റ്റത്തിനകത്തെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കപ്പെടാതെ ആരോഗ്യമേഖല മികച്ചതാണെന്ന് പറയാന്‍ കഴിയുന്നതെങ്ങനെ എന്നതാണ് ഡോ. ഹാരിസ് ചിറക്കലിനെ പോലുള്ളവരുടെ ചോദ്യം.
CONTENT HIGH LIGHTS; First honest, now dishonest?: Government crucifying a medical college doctor?; What is the verdict of the doctor who spoke the truth?
















