നടന്‍ കലാഭവന്‍ നവാസിന്റെ മരണവാര്‍ത്ത കേട്ട് ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. തമാശകളും ശബ്ദാനുകരണങ്ങളും ഇഷ്ടപ്പെടുന്നവരും, അത് കേട്ട് സന്തോഷിക്കുന്നവരും കലാഭവന്‍ നവാസെന്ന അതുല്യ കാലാകാരന്റെ ആരാധകര്‍ തന്നെയാണ്. ഇന്നലെ കലാഭവന്‍ നവാസിന്റെ അവസാന ദിവസമായിരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. മാത്രമല്ല, മലയാള കലാ രംഗത്ത് ഇനിയും എത്രയോ കാലം വ്യക്തിമുദ്ര പതിപ്പിക്കേണ്ടിയിരുന്ന കലാകാരനാണ്. അതുകൊ ണ്ടു കൂടിയാണ് ഞെട്ടലുണ്ടാക്കിയത്. മരിക്കുമ്പോള്‍ 51 വയസായിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ്
ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ആദ്യം കണ്ടത് റൂം ബോയ് ആണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി, മൃതദേഹം സംസ്‌ക്കാരിക്കും. ഹോട്ടല്‍ മുറിയില്‍ നിന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. പിന്നീടെന്തുണ്ടായി എന്നറിയില്ല എന്നും പറയുന്നു. മിമിക്രി കലാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് കലാഭവന്‍ നവാസിനുണ്ട്. ഈയടുത്ത് മരണം പ്രവചനാതീതമാണെന്ന് കലാഭവന്‍ നവാസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.
‘ ഞാന്‍ ഈ നിമിഷത്തെ വിശ്വസിക്കുന്ന ആളാണ്. ഇപ്പോള്‍ നമ്മള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ഇന്ന് കാണാം എന്ന് ഇന്നലെ പറഞ്ഞു, പക്ഷെ ഇന്ന് കാണാന്‍ പറ്റുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. അത്രയേ ഉള്ളൂ നമ്മള്‍. ആ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളും കാര്യങ്ങളും എന്തുമാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റും എന്നതൊക്കെ നമ്മുടെ ദീര്‍ഘ വീക്ഷണമാണ്. ഈ നിമിഷം ഞാനെന്റെ വീട്ടില്‍ എത്തുമെന്ന് ഉറപ്പില്ലാത്ത നിസഹയാരാണ് മനുഷ്യര്‍. നമ്മള്‍ ഒരു പവറില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നേരം വെളുത്താല്‍ നേരം വെളുത്തെന്ന് പറയാം. ബാക്കി ഒന്നും നമ്മുടെ കണ്‍ട്രോളില്‍ അല്ല. ഇനി ഒരിക്കലും രക്ഷപ്പെടില്ലെന്ന് കരുതിയ അവസ്ഥയില്‍ നിന്നും എനിക്കൊന്നും ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഈശ്വരന്‍ എത്തിച്ചിട്ടുണ്ട്. നമ്മള്‍ വന്ന വഴികളും അനുഭവിച്ച കാര്യങ്ങളുമൊക്കെ മക്കളെ പഠിപ്പിക്കണം. തിരിച്ചറവുണ്ടാക്കണം. നാളെ അവര്‍ക്ക് അത് പോലെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പറ്റണം’
സ്വയം പര്യാപ്തരാകണമെന്നും സ്വന്തം ജീവിതത്തിനുള്ള പണം കണ്ടെത്തണമെന്നും കലാഭവന്‍ നവാസിന്റെ പിതാവ് നടന്‍ അബൂബക്കര്‍ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിശദീകരിക്കവെയായിരുന്നു പരാമര്‍ശം. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങള്‍ കൊണ്ടും അത്രയും അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടും പറയുന്ന കാര്യങ്ങളായിരിക്കാം. ഞാനും നിയാസുമെല്ലാം ( സഹോദരന്‍) വന്ന വഴികള്‍ വളരെ അപകടം പിടിച്ചതാണ്. അവസ്ഥ വളരെ മോശമായിരുന്നു. ആ അനുഭവങ്ങളാണ് നമ്മളെക്കൊണ്ട് പലപ്പോഴും പലതും പറയിപ്പിക്കുന്നത്. കുടുംബത്തിനപ്പുറത്തൊന്നുമില്ല. പ്രകൃതി നിയമമാണ്. വിവാഹ പ്രായം എത്തിയാല്‍ നമ്മള്‍ വഴി തെറ്റാതിരിക്കാനും സ്വസ്ഥ ജീവിതത്തിനുമാണ് കുടുംബമെന്ന സങ്കല്‍പ്പമുണ്ടാക്കെയതെന്നും കലാഭവന്‍ നവാസ് അന്ന് പറഞ്ഞു.
1995 ല്‍ പുറത്തിറങ്ങിയ െൈചതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്‌സ് ആക്ഷന്‍ 500 എന്ന സിനിമയും ആ വര്‍ഷം എത്തി. ഹിറ്റ്‌ലര്‍, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദമാമ, തില്ലാന തില്ലാന തുടങ്ങിയ സിനിമകളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാവുകയായിരുന്നു നവാസ്. അടുത്തിടെ കുറേ അഭിമുഖങ്ങളും നല്‍കി.
പിതാവിന്റെയും ടെലിവിഷന്‍ സിനിമാ താരവുമായ ചേട്ടന്‍ നിയാസിന്റെയും ചുവടുപിടിച്ചാണ് നവാസ് കലാരംഗത്തേക്ക് വരുന്നത്. ചെറിയ മിമിക്രി വേദികളില്‍ നിന്ന് കലാഭവന്റെ മേല്‍വിലാസത്തിലെത്തിയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതിലൂടെയാണ് സിനിമയിലേക്കും അദ്ദേഹത്തിന് വഴി തുറക്കുന്നത്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. പിന്നിടങ്ങോട്ട് മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, ഡിക്ടടീവ് ഉജ്ജ്വലന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. സിനിമയില്‍ ഇടവേളയുണ്ടായപ്പോള്‍ നവാസ് ടെലിവിഷന്റെ ഭാഗമാകുന്നത്. സീരിയലുകളിലും ഒപ്പം കോമഡി പരിപാടികളുടെ വിധികര്‍ത്താവായുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ നവാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. വേദികളിലും സിനിമകളിലും കൂട്ടായെത്തി. ഒപ്പം ജീവിതത്തിലേക്കും കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നവാസ് വിവാഹം കഴിച്ചത് നടി രഹ്നയെയാണ്.
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന താരങ്ങളാണ് കലാഭവന്‍ നവാസും നടി രഹ്നയും ഒട്ടനവധി മലയാള ചിത്രങ്ങളില്‍ നായിക നായകന്മാരായും സഹതാരങ്ങളായും തിളങ്ങിയ ഇരുവരും പിന്നീട് ജീവത്തിലും ഒന്നിക്കുകയായിരുന്നു. അതിന് പിന്നിലെ രസകരമായ കഥ ഒരിക്കല്‍ രഹ്ന പങ്കുവെച്ചിട്ടുമുണ്ട്.
‘ നാട്ടില്‍ വച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു നവാസിന്. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ ഞാന്‍ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ല. പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റ്യൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്.
ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു. എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്നമായി തുടങ്ങി. ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന് എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു. പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ച. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു. രഹ്നയെ വിവാഹം കഴിച്ചതിനെ കുറിച്ച് നവാസ് പറഞ്ഞതിങ്ങനെ
അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. നഹറിന്‍, റിദ്വാന്‍, റിഹാന്‍ എന്നിങ്ങനെ മൂന്നു മക്കളാണ്. സിനിമയില്‍ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാന്‍ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ജോണ്‍ ഹോനായി എന്ന ചിത്രത്തിലുടെ തിരിച്ചുവന്ന നവാസ് സമീപകാലത്ത് ക്യാരക്ടര്‍ റോളുകളിലേക്ക് മാറിയിരുന്നു. ഈ കഥാപാത്രങ്ങളാകട്ടെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ നവാസിലെ നടനെ അടയാളപ്പെടുത്തുന്നതും പ്രേക്ഷകപ്രീതി നേടുന്നവയുമായിരുന്നു. സമീപകാലത്ത് നവാസും ഭാര്യയും ഒരുമിച്ചഭിനയിച്ച ഇഴ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.
പ്രിയ സഹപ്രവര്‍ത്തകന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സിനിമാ ലോകം. നടന്‍ അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. കലാഭവന്‍ നിയാസ് സഹോദരനാണ്.
CONTENT HIGH LIGHTS; ‘I have no guarantee that I will return home: Yesterday I said I will see you today, but there is no guarantee that I will be able to see you today; that is all we have..:’: Kalabhavan Navas’ words in Vingalayi
















