പാവപ്പെട്ട ജനങ്ങള്‍ക്കായി സേവനതല്‍പ്പരതയോടെ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളെ കള്ളക്കേസില്‍പ്പെടുത്തി ബിജെപി മുന്നോട്ട് വെയ്ക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് ഛത്തീസ്ഗഢില്‍ കണ്ടത്. അവിടെത്തെ മാത്രമല്ല, ബിജെപി ഭരണത്തിലുള്ള യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി ഉദാഹരണങ്ങളാണുള്ളത്. ആശങ്കയും ഭീതിയും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇടയില്‍ വര്‍ധിപ്പിക്കുന്ന നടപടികളാണിത്. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയയിടങ്ങളിലെല്ലാം ബിജെപി അവരുടെ പ്രത്യയശാസ്ത്രപരമായ പ്രഖ്യാപിത അജണ്ടകള്‍ ഭരണസംവിധാനം ഉപയോഗിച്ച് നടപ്പിലാക്കുകയാണ്. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജണ്ടയ്ക്ക് വെള്ളവും വളവും നല്‍കുന്നവര്‍ക്ക് ഉള്‍ക്കാഴ്ച ഉണ്ടാകേണ്ട നടപടികളാണ് ഒടുവില്‍ ഛത്തീസ്ഗഢില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ നേരിട്ടത്.
കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധം ഉണ്ടായത് മുതല്‍ അവരെ മോചിപ്പിക്കാന്‍ ആദ്യാന്തം വരെ കോണ്‍ഗ്രസ് ഒപ്പം നിന്നത് ഈ നാട് കണ്ട കാഴ്ചയാണ്. ക്രൈസ്തവ സമൂഹം അംഗീകരിക്കുന്നതിന് തെളിവാണ്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും എംപിയും കോണ്‍ഗ്രസും നടത്തിയ ഇടപെടലുകള്‍ക്ക് വൈകാരികമായി നന്ദി പറയുന്ന ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ് ) കോണ്‍വെന്റിലെ സിസ്റ്ററുടെ വാക്കുകള്‍. ഈ സഭയുടെ കീഴിലാണ് ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റഴേസ് പ്രവര്‍ത്തിച്ച് വന്നിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് കെസി വേണുഗോപാല്‍ കത്തയച്ചത് കൊണ്ടാണ് കന്യാസ്ത്രീകളുടെ മോചനത്തിനായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടങ്ങിവെച്ചത്. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് എംപിമാരെ അണിനിരത്തി തുടര്‍ പോരാട്ടം ശക്തിപ്പെടുത്തി. സാധ്യമാകുന്ന എല്ലാ നിയമസഹായങ്ങളും കന്യാസ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല എഐസിസി സ്വയം ഏറ്റെടുക്കുകയായിരുന്നു. കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിനെയും അങ്കമാലി എംഎല്‍എ റോജി എം.ജോണിനെയും ഛത്തീസ്ഗഡിലേക്കയച്ചു. അതിന് പുറമെ എംപിമാരുടെ പ്രത്യക സംഘത്തെയും അങ്ങോട്ട് വിട്ടു. അവിടെ സിസ്റ്റര്‍മാരുടെ മോചനത്തിനായി ശ്രമങ്ങള്‍ തുടരുന്നതിനിടയിലും ലോക്‌സഭയിലും ഈ വിഷയം കൂടുതല്‍ കൂടുതല്‍ സജീവമാക്കി.
ശൂന്യവേളയില്‍ വിഷയം കെസി വേണുഗോപാല്‍ ആദ്യമായി ഉയര്‍ത്തി രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇതിലേക്ക് കൊണ്ടുവന്നു. അതോടെ കേരളത്തിലെയും ദേശീയതലത്തിലെയും ബിജെപി നേതൃത്വം വെട്ടിലായി. അവര്‍ ചെയ്ത തെറ്റ് തിരച്ചടിക്കുമെന്ന ഭയം ബിജെപിയെ രാഷ്ട്രീയ നാടകത്തിന് പ്രേരിപ്പിച്ചുയെന്നതാണ് യാഥാര്‍ത്ഥ്യം. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അടക്കമുള്ളവര്‍ ഈ വിഷത്തിലേക്ക് സക്രിയമായി ഇടപ്പെട്ടതും എഐസിസിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.എന്നിട്ടും കോണ്‍ഗ്രസിന്റെ ഇടപെടലിനെ വിമര്‍ശിക്കുന്നവരുടെ രാഷ്ട്രീയം തിരഞ്ഞെടുപ്പിലെ ക്രൈസ്തവ വോട്ട് എന്ന ദുഷ്ടലാക്കാണ്. ജാമ്യം കിട്ടിയതുകൊണ്ട് കൊണ്ട് എല്ലാം തീരുന്നില്ലെന്നും ഈ കള്ളക്കേസ് തന്നെ റദ്ദാക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആ നിലപാട് കെസി വേണുഗോപാല്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപിയുടെ ഇടപെടല്‍ ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ ഈ കേസ് തന്നെ ഉണ്ടാകില്ലായിരുന്നു. ഉപാധികളോടെ ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ തേടി ഇനിയും ബിജെപിയുടെ പോലീസ് സംവിധാനം വരുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരിനോട് കന്യാസ്ത്രീകള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കാമായിരുന്നു. അതുണ്ടായില്ലെന്നത് നാം ഇതോടൊപ്പം വായിക്കണം. അവിടെയാണ് ഇത്തരം കേസുകള്‍ സമ്മര്‍ദ്ദശക്തിയാക്കി ഉപയോഗപ്പെടുത്തുക എന്ന തന്ത്രമാണ് ബിജെപിയുടേതെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്.
കുടുംബത്തിന്റെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവും ഉപജീവനമാര്‍ഗം തേടി കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടു പോകുകയാണെന്നും മതപരിവര്‍ത്തനത്തിനാണിതെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ച് അക്രമം നടത്തിയതാണ് എല്ലാത്തിനും ആധാരം. നിഷ്പക്ഷമായി നീതി നടപ്പിലാക്കേണ്ട ഛത്തീസ്ഗഢിലെ ഭരണസംവിധാനം നിരപരാധികളെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലിലടയ്ക്കാനാണ് കൂട്ടുനിന്നു.കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ അതേ സംവിധാനത്തിന്റെ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ക്രെഡിറ്റ് തട്ടാന്‍ നടത്തിയ ശ്രമങ്ങളും ചര്‍ച്ച ചെയ്യേണ്ടതാണ്. കന്യാസ്ത്രീകളെ അക്രമിച്ചതും വ്യാജകുറ്റം ചുമത്തി 9 ദിവസം ജയിലിലടച്ചതും ബിജെപിയും അവരുടെ സര്‍ക്കാരുമാണ്.ഒടുവില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അവരുടെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടപ്പോള്‍ ഉപാധികളോടെ ജാമ്യം ലഭിച്ചപ്പോള്‍ മുതലക്കണ്ണീരും നാടകവുമായി രംഗത്തെത്തിയതും സംഘപരിവാറുകാര്‍ തന്നെയാണ്.
















