വയനാട്ടില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ച് കൊന്ന അതേ ഫ്യൂഡല്‍ തെമ്മാടിത്തരങ്ങള്‍ ഇപ്പോഴും രൗദ്രഭാവം പൂണ്ടു നില്‍ക്കുന്നുണ്ട് നാട്ടില്‍. അതാണ് വയനാട്ടില്‍ത്തന്നെ ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതും, പേരൂര്‍ക്കടയില്‍ ഒരു ദളിത് സ്ത്രീയെ ചെയ്യാത്ത കുറ്റത്തിന് കള്ളിയാക്കി പോലീസ് പീഡിപ്പിച്ചതും. തീര്‍ന്നില്ല, റാപ്പര്‍ വേടനെ പൂട്ടാന്‍ ഇപ്പോഴും ശ്രമിക്കുന്നത് കാണാതെ പോകാനാവുമോ. സിനിമയിലെ പ്രശ്‌നം, സര്‍ക്കാരിനെക്കൊണ്ട് സിനിമാ നയത്തിലെത്തിച്ചതു തന്നെ സ്ത്രീകളുടെ കൂട്ടപ്പരാതിയും, ഹേമാകമ്മിഷന്‍ റിപ്പോര്‍ട്ടുമാണ്. അതു തന്നെ സ്ത്രീ പീഡനത്തിന്റെ ഭാഗമായാണ്. അത്രയും വലിയ പീഡനങ്ങള്‍ നടത്തുന്നവര്‍ നാട്ടിലുള്ളപ്പോള്‍, അതും റിപ്പോര്‍ട്ടായും, വെളിപ്പെടുത്തലായുമൊക്കെ നില്‍ക്കുമ്പോഴാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വേടനെ സ്ത്രീ പീഡനക്കേസില്‍ പിടിക്കാന്‍ ശ്രമം നടത്തുന്നത്.
തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നതില്‍ തര്‍ക്കമില്ല പക്ഷെ, പുലിപ്പല്ലിലും, മയക്കു മരുന്നിലും വീഴാത്ത വേടനെ എങ്ങനെ വീഴ്ത്താമെന്നത് കൂലങ്കഷമായി ചിന്തിക്കുന്ന സവര്‍ണ്ണ വിഭാഗം ഇല്ലെന്ന് വിശ്വസിക്കാനാവുന്നതെങ്ങനെ. ഇതിന്റെ പിന്‍പറ്റുന്നതാണ് സിനിമാ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പട്ടിക ജാതി പട്ടിക വര്‍ഗ, സ്ത്രീ വിരുദ്ധ പരാമര്‍ശം. അതിനെ കൂട്ടു പിടിച്ച് വാ തുറന്ന ശ്രീകുമാരന്‍ തമ്പിയും പറയുന്നത് മറ്റൊന്നല്ല. ഇത് അയിത്തം നിലനിന്ന കാലത്തിന്റെ ഉച്ഛിഷ്ടമായേ കാണാനാകൂ. തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയണ്, പ്രതികരിച്ച പത്മാവതിയെ ‘ആരാണവര്‍’ എന്ന് ചോദിച്ചതിലൂടെ രണ്ടു പേരും പ്രസരിപ്പിച്ചത്.
ഒരു സ്ത്രീയുമാണ്, അവര്‍ പിന്നോട്ട വിഭാഗത്തിന്റെ പ്രതീകവുമായിരുന്നു. ഇതിനെ രണ്ടിനെയും കുറിച്ചുള്ള അപഥ സഞ്ചാര പ്രസംഗത്തെയാണ് പത്മാവതി പ്രതിഷേധിച്ച് എഴുന്നേറ്റു നിന്നത്. എല്ലാവരും ബ്രിട്ടീഷുകാരുടെ അടിമയായിരുന്നപ്പോള്‍ പോലും ഇവിടുത്തെ ജാതിവെറിയന്‍ സവര്‍ണ്ണ വിഴുപ്പുകള്‍ പാട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തെ കണ്ടിരുന്നത് എങ്ങിനെയായിരുന്നു. സ്വന്തമായി ഭൂമിയുണ്ടായിരുന്നോ. പഠിക്കാന്‍ കഴിയുമായിരുന്നോ. മാറു മറയ്ക്കാന്‍ കഴിയുമായിരുന്നോ. എന്തിന് ജോലിക്ക് കൂലി ചോദിക്കാന്‍ പറ്റുമായിരുന്നോ. നടക്കാനും, ഉടുക്കാനും, കിടക്കാനും, കഴിക്കാനും, പഠിക്കാനും, കഴിയാത്ത ജനത. കുടികിടപ്പവകാശമല്ലാതെ ഭൂമിയില്‍ മറ്റെന്താണ് അവര്‍ക്കുണ്ടായിരുന്നത്. ജനായത്ത ഭരണം വന്നിട്ടും, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തെ പ്രതിനിധീകരിച്ച് വകുപ്പും മന്ത്രിയും ഉണ്ടായിട്ടും അവര്‍ക്ക് ഇപ്പോഴും ഉണ്ടോ സ്വന്തമായി ഭൂമിയും അവകാശവും.
ഓര്‍ക്കണം, ചെങ്ങറയും, അരിപ്പയും, മുത്തങ്ങയുമെല്ലാം. അതെല്ലാം ഭൂസമരമായിരുന്നു. അതായത്, കയറിക്കിടക്കാടം ഇല്ലാത്തവരുടെ ജനായത്ത ഭരണകാലത്തെ സമരങ്ങള്‍. ഒന്നും വിദൂരത്തല്ല. പത്തു ബി.എക്കാരെ സമ്പാദിക്കാന്‍ ശ്രമിച്ചപ്പോള്‍, സമൂഹത്തിലെ ഉന്നത ശ്രേണികളില്‍പ്പോലും അവര്‍ പഠിച്ചെത്തിയത്, സര്‍ക്കാരിന്റെ പിന്തുണ കൊണ്ടു മാത്രമാണ്. ഇന്നും സമൂഹത്തില്‍ തല ഉര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയത് ഭരണഘനയും അതിന്റെ ശില്‍പ്പിയുമാണ്. കേരളത്തിന്റെ നവോത്ഥാനങ്ങളെല്ലാം ഉഴുതുമറിച്ചത് പിന്നോക്കക്കാരുടെ സാമൂഹിക അസമത്വം ഇല്ലാതാക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. കമ്യൂണിസ്റ്റുകാരും പുരോഗമന വാദികളുമെല്ലാം വിപ്ലവം സൃഷ്ടിച്ചതും പിന്നോട്ടക്കാരുടെ ആവശ്യങ്ങളും അവകാശങ്ങള്‍ക്കും വേണ്ടിത്തന്നെയാണ്.
പാളയും, കുമ്പിളും കുഴികുത്തി ചോറുമെല്ലാം കഴിഞ്ഞ കാലത്തിന്റെ ഭൂതപ്രേതങ്ങളാണെന്ന് ഇന്നും സമ്മതിക്കാന്‍ വയ്യാത്ത ഒരു വിഭാഗം മണ്ണിനു മുകളിലുണ്ട്. അതില്‍പ്പെടുന്നതാണ് അണ്ണനും തമ്പിയുമെല്ലാം. എല്ലാ മേഖലയിലും കഴിവു തെളിയിച്ച് കടന്നു വരുമ്പോള്‍ സിനിമാ മേഖലയിലും സ്വാഭാവികമായും അവര്‍ എത്തും. നാഞ്ചിയമ്മയായും, കലാഭവന്‍ മണിയായും, പത്മാവതിയായുമൊക്കെ അവരുടെ നിഴല്‍ വീണു തുടങ്ങിയെന്നു കണ്ടപ്പോഴാണ് പ്രതിരോധത്തിന്റെ സവര്‍ണ്ണ സ്വരം ഉയര്‍ന്നത്. സിനിമയിലും അവര്‍ ആധിപത്യം സ്ഥാപിക്കാന്‍ പാടില്ല. അഥവാ വന്നാല്‍, നമ്മുടെ അടിയാളരായി വന്നാല്‍ മതിയെന്ന തമ്പ്രാന്‍ മനസ്സാണ് പ്രവര്‍ത്തിച്ചത്. സിനിമ എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗത്തിന് എന്തറിയാം. അത് പഠിക്കുക തന്നെ വേണം. മാത്രമല്ല, സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നുണ്ടെങ്കില്‍, സിനിമ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കണം.
പട്ടിക ജാതിക്കാര്‍ക്കു മാത്രമല്ല, സ്ത്രീകള്‍ക്കും വേണം പരിശീലനം. ഇതാണ് സവര്‍ണ്ണ ചിന്തയുടെ മനംപുരട്ടലും തികട്ടിപ്പുറത്തേക്കു വരലും. അതായത്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ സിനിമയും സിനിമാ പരിശീലനവും കഴിഞ്ഞിറങ്ങിയവരാണ് മറ്റുള്ളവരെല്ലാം. അവരുടെ ശിക്ഷണം ഇല്ലെങ്കില്‍, പട്ടികജാതിക്കാര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല, എന്നാണ് സാരം. സര്‍ക്കാര്‍ പണമായതുകൊണ്ട്, അതിന് ഓഡിറ്റിംഗ് വേണം എന്നതു കൊണ്ടാണ് ഇതു പറയുന്നത് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് അടൂരുകാരന്‍ ഗോപാലകൃഷ്ണന്‍. സിനിമയെ കുറിച്ച് പറയുന്നതിനു മുമ്പ്, സര്‍ക്കാര്‍ പണം പിന്നോക്ക വിഭാഗത്തിന് കൊടുക്കുന്നതിനെ കുറിച്ച് പറയാതെ പോകാനാവില്ല.
കാരണം, അടൂരിന്റെ അച്ഛനപ്പൂപ്പന്റെ കാലത്ത് അരി ആഹാരം കഴിച്ചിരുന്നത്, പിന്നോക്കക്കാരന്‍ പാടത്തും പറമ്പത്തും പണിയെടുത്തതു കൊണ്ടാണ്. അന്ന് അവന് കയറിക്കിടക്കാന്‍ പറമ്പിന്റെ മൂലയിലേക്ക് ചൂണ്ടിക്കാണിച്ചു കൊടുത്ത ഒരുസെന്റ് ഭൂമിയും അതില്‍ കെട്ടിയ കുടിലും ഓര്‍മ്മയില്‍ വരേണ്ടതുണ്ട്. ഇത് ചരിത്രമാണ്. തമ്പിയും വര്‍മ്മയും, പിള്ളയും, നായരും, നമ്പൂതിരിയുമെല്ലാം ചൂട്ടുകറ്റയും, കിണ്ടിയും അടയാളമായി ഉപയോഗിച്ചിരുന്ന കാലം. പരസ്പരം വീടുകളില്‍ ഒളിസഞ്ചാരങ്ങള്‍ നടത്തി സുഭിക്ഷമായി ജീവിച്ച കാലത്തിന്റെ ചരിത്രം മനസ്സിലുണ്ടായിരിക്കണം. അന്ന്, കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ രാപ്പകല്‍ പണിയെടുത്ത ഒരു ജനതയ്ക്ക് നിഷേധിക്കപ്പെട്ടതെല്ലാം മറന്നു പോകരുത്. അതിന്റെ കുറ്റബോധവും, പ്രായശ്ചിത്തവും ക്ഷമാപണവുമാണ് ഇന്ന് അവര്‍ക്കു കിട്ടുന്ന സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും അവകാശങ്ങളും.
എല്ലാ അവകാശങ്ങളോടെയും, ആര്‍ഭാടത്തോടെയും അഹങ്കാരത്തോടെയും ജീവിച്ചിരുന്ന സവര്‍ണ്ണന് ഇന്ന് പിന്നോക്കക്കാരന് സര്‍ക്കാര്‍ നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും കാണുമ്പോള്‍ പൊള്ളുന്നുണ്ട്. അതാണ് തമ്പിയും ഗോപാലനും കൂടി പുറത്തേക്കെടുത്തിട്ടത്. ചോദിച്ചാല്‍ മറുചോദ്യമില്ലാതെ ഓമ്പ്രാ…എന്നു മൂളിക്കൊണ്ട് നട്ടെല്ലു മടക്കി നിന്നിരുന്ന കാലത്തില്‍ നിന്നും ഗോപാലകൃഷ്ണന്റെ നെറികെട്ട വാക്കുകള്‍ മൈക്കിലൂടെ കേട്ടപ്പോള്‍ എണീറ്റു നിന്ന് നട്ടെല്ലോടെ പ്രതികരിക്കാന്‍ കഴിയുന്ന ജനതയുടെ പ്രതീകമായി പത്മാവതി എഴുന്നേറ്റു നിന്നത്, സര്‍ക്കാരിന്റെ പിന്തുണ ഈ ജനതയ്ക്കുണ്ടായതു കൊണ്ടാണ്. ഭരണഘടനയുടെ ബലം ഉള്ളതു കൊണ്ടാണ്.
ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ദളിതര്‍ വായിച്ചിട്ടുള്ളതു പോലെ, ഹൃദ്ദിസ്ഥമാക്കിയിട്ടുള്ളതു പോലെ മറ്റൊരാളും ഉണ്ടാകില്ല. ഈ നാടും രാജ്യവുംെ ഭരിക്കുന്നവര്‍ സവര്‍ണ്ണര്‍ക്കൊപ്പമാണ്. സവര്‍ണ്ണ ചിന്തകള്‍ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നവരാണ് എന്നതു കൊണ്ട്. സ്‌കൂളുകളില്‍, കോളജുകളില്‍ എല്ലാം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന് പഠിക്കാന്‍ സര്‍ക്കാര്‍ സ്റ്റൈപ്പെന്റും, ലംസംഗ്രാന്റും നല്‍കുന്നുണ്ട്. പ്രത്യേകം ഹോസ്റ്റലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സംവരണമുണ്ട്. ഇതെല്ലാം സര്‍ക്കാരിന്റെ ആനുകൂല്യങ്ങളാണ്. ഇതെല്ലാം ചെയ്യുന്നത്, നികുതി പണത്തില്‍ നിന്നു തന്നെയാണ്.
എന്താണ് തമ്പീ, ഗോപാലകൃഷ്ണാ ഇതെല്ലാം വേണമോ വേണ്ടയോ എന്ന് ചിന്തിക്കാത്തത്. ഒരുകാലത്ത്, നങ്ങളെയെല്ലാം പഠിക്കാന്‍ വിട്ടിട്ട് നിങ്ങളുടെ പൂര്‍വ്വികര്‍ വരമ്പില്‍ മേല്‍നോട്ടം വഹിച്ചിരുന്ന കാലമുണ്ടായിരുന്നു. അന്ന്, പാടത്ത് പണിയെടുക്കുന്നവന്റെ മക്കള്‍ നിങ്ങളുടെ വീടുകളലും തോട്ടങ്ങളിലും ജോലി ചെയ്യുകയായിരുന്നു. അവര്‍ക്കും പഠിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍, അതിനുള്ള സാമൂഹിക സാഹചര്യം അന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളെക്കാളൊക്കെ മിടുക്കരായ സംവിധായകരുണ്ടായേനെ. പ്രഗത്ഭരുണ്ടായേനെ. അന്ന് അത് സാധിക്കാത്തതു കൊണ്ടും, പിന്നോക്കവിഭാഗത്തെ നിങ്ങള്‍ക്കൊപ്പം എത്തിക്കാനും വേണ്ടിയാണ് അവര്‍ക്ക് പഠിക്കാന്‍ സഹായം നല്‍കുന്നത്.
കോരലന് ഇപ്പോഴും കുമ്പിളില്‍ കഞ്ഞി കൊടുത്താല്‍ മതിയെന്ന സവര്‍ണ്ണ ഫാഷിസ്റ്റ് ചിന്തയില്‍ ജീവിക്കുന്നവനൊന്നും ഇത് അംഗീകരിക്കാനാവില്ലല്ലോ. സിനിമയ്ക്ക് സഹായം നല്‍കുന്നതും അതുകൊണ്ടാണ്. സര്‍ക്കാരിന്റെ പണവും, സ്വകാര്യ മാഫിയകളുടെ പണവും, ഞങ്ങള്‍ക്കു മാത്രം തന്നാല്‍ മതിയെന്നു വാശി പിടിക്കുന്നതു പോലും ഈ ചിന്ത ഉള്ളതു കൊണ്ടാണ്. അതുകൊണ്ടാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന് വിശദീകരിക്കേണ്ടി വന്നത് എന്നേ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. അടൂര്‍ ഗോപാലകൃഷ്ണന് പിന്നാലെ ശ്രീകുമാരന്‍ തമ്പിയും പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുമ്പോള്‍ സിനിമാ നിര്‍മ്മാണത്തിനുള്ള പണം നല്‍കലില്‍ വിശദീകരണം നല്‍കുകയാണ് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍.
ഓരോ സിനിമയുടെയും നിര്‍മാണത്തിന് ഒന്നരക്കോടി രൂപ വീതമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസില്‍ റിലീസ് ചെയ്ത ഏഴുചിത്രവും വിജയമാണെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ അറിയിച്ചു. ഒരു സിനിമ പറയുന്ന മൂല്യങ്ങളാണ് അതിനെ വേറിട്ടതാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ പുറത്തുവന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വിമര്‍ശനങ്ങളെ സംവിധായിക ശ്രുതി ശരണ്യം തള്ളി പറയുകയും ചെയ്തു. ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ടാണ് എന്റെ ആദ്യത്തെ സിനിമയുണ്ടായത്. എന്നെപ്പോലൊരാള്‍ക്ക് ഒരു നിര്‍മാതാവിനെ കിട്ടുകയെന്നത് ഒട്ടും എളുപ്പമല്ല. ഞങ്ങള്‍ക്കാര്‍ക്കും സിനിമ ചെയ്യാന്‍ വെറുതേ സര്‍ക്കാര്‍ ഒന്നരക്കോടി തന്നതല്ല.
ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന, നാല് റൗണ്ട് മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ശ്രുതി പറയുന്നു. അതായത് കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പണം സിനിമ നിര്‍മ്മിക്കാന്‍ കിട്ടുന്നതെന്ന് പറഞ്ഞു വയ്ക്കുകയാണ് അവര്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലും വനിതാവിഭാഗത്തിലുമായി സര്‍ക്കാര്‍ നിര്‍മിച്ചത് 10 ചിത്രങ്ങളാണ്. മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അവാര്‍ഡുകളും വാരിക്കൂട്ടി. വനിതാവിഭാഗത്തില്‍ ആറും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ നാല് ചിത്രങ്ങളുമാണ് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ചത്. വനിതാ വിഭാഗത്തില്‍ താരാ രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ മൂന്ന് പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം,
ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായികയ്ക്കുളള എഫ്എഫ്എസ്ഐയുടെ – കെ ആര്‍ മോഹനന്‍ അവാര്‍ഡ് എന്നിവയാണ് നേടിയത്. 2022ലാണ് ചിത്രം പുറത്തിറങ്ങിയത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ 2023ല്‍ വനിത വിഭാഗത്തില്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, മാഡ്രിഡിലെ ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂഡല്‍ഹിയിലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024ലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രെസിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ ശിവരഞ്ജിനി സംവിധാനം ചെയ്ത ചിത്രമാണ് ‘വിക്ടോറിയ. ഷാങ്ഹായ് ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇതിലെ അഭിനയത്തിന് മീനാക്ഷി ജയന് ലഭിച്ചു.
ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മിനി ഐ ജിയുടെ ഡിവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള, പി ഫര്‍സാനയുടെ മുംത എന്നിവയും വനിതാവിഭാഗത്തില്‍ നിര്‍മിച്ച ചിത്രങ്ങളാണ്. വിക്ടോറിയ, മുംത എന്നിവയുടെ റിലീസ് ഉടനുണ്ടാകും. വി എസ് സനോജിന്റെ ‘അരിക്’, അരുണ്‍ ജെ മോഹന്റെ ‘ചുരുള്‍’, മനോജ്കുമാര്‍ സി എസിന്റെ ‘പ്രളയശേഷം ഒരു ജലകന്യക’ എന്നിവയാണ് പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തില്‍ നിര്‍മിച്ച നാലുചിത്രങ്ങളില്‍ പുറത്തിറങ്ങിയവ. ഈ വിഭാഗത്തില്‍ സുനീഷ് വടക്കുമ്പാടന്റെ ‘കാട്’ ഉടന്‍ പുറത്തിറങ്ങുമെന്നും ചലച്ചിത്ര വികസന കോര്‍പറേഷന്‍ പറയുന്നു. സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തു വന്നിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള വ്യക്തി പ്രസംഗിക്കുന്നതിനിടയില്‍ കയറി സംസാരിക്കുന്നത് തെറ്റാണ്. ഗായിക പുഷ്പവതിയെ അറിയില്ലായിരുന്നുവെന്നും അവരുടെ പാട്ടുകള്‍ കേട്ടിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയുമൊക്കെ തലപ്പത്തിരിക്കുന്നത് ഭരണ കക്ഷിയുടെ ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മിച്ച സിനിമകളില്‍ ഒന്നരക്കോടി രൂപയുടെ മൂല്യം കാണാന്‍ കഴിഞ്ഞില്ലെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച നാലു പടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനും ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിക്കുന്നത്. 26 ഫീച്ചര്‍ ഫിലിമുകളും 47 ഡോക്യുമെന്ററികളും നിര്‍മിച്ച നിര്‍മാതാവാണ് ഞാന്‍.
ആ അനുഭവത്തിലാണിത് പറയുന്നത്. ഒരു സിനിമ കണ്ടാല്‍ എത്ര മുടക്കിയിട്ടുണ്ടെന്ന് എനിക്ക് അറിയാം. 60 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. ഒന്നരക്കോടി മുടക്കി എന്ന് തോന്നാത്തത് അവരുടെ പരിചയക്കുറവുകൊണ്ടാണ്’, ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു. സിനിമാ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍നിന്നു സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു അടൂര്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ ഗായിക പുഷപവതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് തനിക്കെതിരെ പ്രിതിഷേധിച്ചതെന്നായിരുന്നു അടൂറിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് പ്രതിരോധം തീര്‍ക്കാന്‍ സിനിമയ്ക്ക് കിട്ടിയ അവാര്‍ഡും അംഗീകരാവുമെല്ലാം സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് കൊണ്ടു വരുന്നത്.
CONTENT HIGH LIGHTS; Annan Thampi SHUT UP?: KSFDC says films made by backward people are successful; Why train those who don’t change their upper caste mentality?; Are government benefits part of the right?
















