രാഷ്ട്രീയം കായികമാകുന്നത് കൊലപാതകവും കൂട്ടത്തല്ലും നടക്കുമ്പോള്‍ മാത്രമാണ്. അല്ലാതെ രാഷ്ട്രീയത്തിന് കായികമത്സരവുമായി ബന്ധമില്ല. എന്നാല്‍, കായിക മത്സരങ്ങലിലും, കായിക വകുപ്പിലും രാഷ്ട്രീയത്തിന് കാര്യമുണ്ട്. ഈ വകുപ്പു ഭരിക്കുന്നതും, ഇതിന്റെ മുകള്‍ത്തട്ടിലുമെല്ലാം കായികമായി ഒരു മത്സരവും അറിയാത്തവരാണ് കാലാകാലങ്ങളില്‍ എത്തുന്നത്. ജനധിപത്യം എന്ന ഇനത്തില്‍ വിജയിച്ചാല്‍പ്പിന്നെ മറ്റൊരു കായിക ഇനവും ജയിക്കേണ്ട. കായിക മത്സരത്തില്‍ കഴിവു തെളിയിച്ചവര്‍ രാഷ്ട്രീയത്തിലൂടെ ജനാധിപത്യ വിജയം നേടിയവര്‍ക്കു മുമ്പില്‍ ഒന്നുമല്ല. അങ്ങനെ കായിക മത്സരങ്ങളെയും കായിക വകുപ്പിനെയും കൈപ്പിടിയിലൊതുക്കിയ, കായിക ഇനങ്ങളെക്കുറിച്ച് പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ കായിക താരങ്ങളെ വെച്ച് രാഷ്ട്രീയം കളിക്കും.
അത്തരത്തില്‍ ഒന്നായിരുന്നു കേരളത്തിലേക്ക് ലോകപ്രശസ്ത ഫുട്‌ബോള്‍ താരം, ഫുട്‌ബോളിന്റെ മിശിഹ, ദൈവം എന്നൊക്കെ വിളിക്കുന്ന ലയണല്‍ മെസ്സി വരുമെന്ന് വീമ്പടിച്ചത്. ഇടതു സര്‍ക്കാരിന്റെ കായിക മന്ത്രിയായ വി. അബ്ദുറഹിമാണ്. പറഞ്ഞിട്ട് നാളേറെയായെങ്കിലും മെസ്സി വരുമോ ഇല്ലയോ എന്നൊന്നും ആര്‍ക്കും അറിയില്ല. എന്നാല്‍, ഇടയ്ക്കിടയ്ക്ക് വകുപ്പുമന്ത്രിയും ഒരു സ്വകാര്യ ചാനല്‍ മേധാവിയും മലയാളികള്‍ക്കു മുമ്പില്‍ മെസ്സിയെന്ന പേര് എഴുന്നെള്ളിക്കും. അത് എന്തിനാണെന്ന് ഇപ്പോഴും കേരളത്തിനു മാത്രം മനസ്സിലാകുന്നില്ല. മെസ്സി വരുന്നത്, കേരളത്തിന് വലിയ സംഭവം തന്നെയാണ്. ലോകോത്തര കളിക്കാരന്‍, ഈ നൂറ്റാണ്ടിലെ തന്നെ ഫുട്‌ബോള്‍ കണ്ട മാന്ത്രികന്‍. പെലെയും, മാറഡോണയും, റൂഡ് ഗുള്ളിറ്റുമെല്ലാം വാണ ഫുട്േബോള്‍ മൈതാനത്തെ ട്രിബ്ലിംഗിലൂടെയും, മനോഹര ഗോളുകളിലൂടെയും ആവേശം കൊള്ളിച്ച മെസ്സിയെ കാണാന്‍ ലോകത്തെല്ലാവര്‍ക്കും ആഗ്രഹമുണ്ട്. ഈ ആഗ്രഹത്തെയാണ് മന്ത്രിയും മറ്റുള്ളവരും രാഷ്ട്രീയമായി ചൂഷണം ചെയ്തിരിക്കുന്നത്.
എന്നാല്‍, മെസ്സിയെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒരു രൂപപോലും ചെലഴിക്കില്ലെന്നു പറഞ്ഞ മന്ത്രിയുടെ വാക്കുകള്‍ കപട രാഷ്ട്രീയക്കാരന്റേതായി മാറിയിരിക്കുകയാണ്. ഇപ്പോഴും മെസ്സി വരുന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. വരുമോ അതോ വരില്ലേ എന്നാണ് ആശങ്ക. മെസ്സി വരുമെന്ന് ആര്‍ക്കും ഉറപ്പില്ല. എന്നാല്‍, മെല്ലി വരും അര്‍ജന്റീന വന്ന് കളിക്കുമെന്നൊക്കെ ഒരുറപ്പുമില്ലാത്ത വാചകമടി കൊണ്ട് മന്ത്രിയും ചിലരും മലയാളികളെ നിരന്തരം പറ്റിക്കുകയാണെന്നുറപ്പ്. അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദം ഇപ്പോള്‍ പൊളിയുകയാണ്. ടീമിന്റെ ക്ഷണപ്രകാരം സ്പെയിനിലേക്ക് നടത്തിയ യാത്രക്ക് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായിരിക്കുന്നു.
ഇതോടെ ഖജനാവിന് ഒരു രൂപപോലും നഷ്ടമില്ലെന്ന മന്ത്രിയുടെ വാദമാണ് പൊളിയുന്നത്. 2024 സെപ്റ്റംബറില്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്പെയിന്‍ സന്ദര്‍ശനം. അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്പോണ്‍സറാണെന്നും സര്‍ക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിലപാട്. എന്നാല്‍, മിഷന്‍ മെസ്സിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്.
അര്‍ജന്റീന ആസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ പോകുന്നതിന് പകരം എന്തിന് മന്ത്രി സ്പെയിനില്‍ പോയെന്നും ആരുമായാണ് ചര്‍ച്ച നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ ഇല്ലെന്നുമുള്ള ആക്ഷേപങ്ങള്‍ അന്നുതന്നെ ഉയര്‍ന്നിരുന്നു. സ്പെയിന്‍ യാത്രക്ക് 13,04,434 രൂപ സര്‍ക്കാറിന് ചെലവായെന്ന് കായിക വകുപ്പ് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. കായിക വികസന നിധിയില്‍ നിന്നാണ് ഈ പണം അനുവദിച്ചതെന്നും രേഖയിലുണ്ട്. 13 ലക്ഷം സര്‍ക്കാര്‍ നഷ്ടങ്ങളുടെ നീണ്ട ലിസ്റ്റിലെ ആദ്യത്തേതുമാത്രമെന്നും വിമര്‍ശനങ്ങളുണ്ട്. കായികമന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറുമാണ് സ്പെയ്ന്‍ സന്ദര്‍ശിച്ചിരുന്നത്.
2024 സെപ്റ്റംബറിലെ ഈ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. മെസ്സിയെയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രധാനഭാരവാഹികളേയാ മന്ത്രിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് ഇല്ലെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മന്ത്രി സ്ഥിരീകരിച്ചത്. ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ കേരളത്തിലെത്തുമെന്ന സ്വന്തം ഉറപ്പ് തിരുത്തികൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. ഡിസംബറില്‍ ലയണല്‍ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ഇതിഹാസ താരമെത്തുന്നത്.
മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തില്‍ കേരളമുണ്ടാവില്ലെന്ന് ഫുട്ബാള്‍ വിദഗ്ധര്‍ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തില്‍ ഫേസ് ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു. 2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചത് 2024-ലാണ്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കായിക മന്ത്രി പറഞ്ഞത്. കേരളത്തിലെ കായിക സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ഏകദേശം 100 കോടിയോളം രൂപ ചെലവിടേണ്ടിവരുമെന്നും വിലയിരുത്തി. പിന്നാലെ അര്‍ജന്റീനയും മെസ്സിയും ഒക്ടോബര്‍ 25ന് കേരളത്തില്‍ എത്തുമെന്ന് 2024 നവംബറില്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡിസംബറില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോണ്‍സര്‍മാരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍, പണം അടയ്ക്കാനുള്ള സമയത്ത് സ്പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ കേരളം ഒഴിവാക്കി മറ്റുരാജ്യങ്ങളിലേക്ക് ടീം സന്ദര്‍ശനം മാറ്റിയതായി അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തി. പലതവണ പ്രതിഫലം അടയ്ക്കാനുള്ള അവസരം നല്‍കിയെങ്കിലും സ്പോണ്‍സര്‍മാര്‍ തുക അടച്ചിരുന്നില്ല. തുടര്‍ന്ന് കരാര്‍ലംഘനം ചൂണ്ടിക്കാട്ടി രണ്ടുതവണ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസും നല്‍കി. ഇതോടെയാണ് അര്‍ജന്റീനിയന്‍ ടീമിന്റെ അക്കൗണ്ടിലേക്ക് സ്പോണ്‍സര്‍ തുക അടച്ചത്.
എന്നാല്‍, അപ്പോഴേക്കും അര്‍ജന്റീന തങ്ങളുടെ സൗഹൃദമത്സരം ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും അര്‍ജന്റീന ഉറപ്പായും കേരളത്തില്‍ കളിക്കുമെന്നാണ് സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ വരാനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒക്ടോബറില്‍ കേരളത്തില്‍ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് താത്പര്യമുള്ളൂവെന്നാണ് സ്‌പോണ്‍സര്‍മാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കുന്നു.
മന്ത്രിയും സര്‍ക്കാരും സ്‌പോണ്‍സറായ റിപ്പോര്‍ട്ട ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും പറയുന്നതെന്താണെന്ന് മലയാളികള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പറയുന്ന കള്ളങ്ങള്‍ തുടരെത്തുടരെ വിളിച്ചു കൂവുന്നതല്ലാതെ ആരും സത്യം പറയുന്നില്ല. എന്നാല്‍, കേരളത്തില്‍ നടക്കുന്ന ഈ വീരവാദങ്ങള്‍ എന്തെങ്കിലും മെസ്സി അറിഞ്ഞിട്ടുണ്ടാവുമോ എന്നതാണ് മറ്റൊരു കാര്യം. ലോകകപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായുള്ള പരിശീലനങ്ങളിലാണ് മെസ്സി. അതുകൊണ്ടുതന്നെ അര്‍ജന്റീന്‍ ടീം സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കുമോയെന്നതും സംശയമുണ്ട്.
CONTENT HIGH LIGHTS; Will Lionel Messi come?: Does he have another job?; Who will the minister and sponsor who constantly tell white lies fool?; Do Argentina and Messi know all this?
















