കേരളത്തില്‍ ഐ.എസ.എസുകാരുടെ തമ്മിലടി തുടങ്ങിയിട്ട് കുറച്ചു കാലമായി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ആരംഭിച്ചതാണ്. അതിപ്പോള്‍ മൂര്‍ധന്യത്തിലെത്തിയിട്ടുണ്ട്. എന്‍. പ്രശാന്ത് എന്ന യുവ ഐ.എ.എസുകാരന്‍ തനിക്കെതിരേയുള്ള നീക്കങ്ങള്‍ പരസ്യമായി സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ പുറത്തു എത്തിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവവും സെക്രട്ടേറിയറ്റിനുള്ളിലെ ഉദ്യോഗസ്ഥ പോരാട്ടങ്ങളും ജനങ്ങള്‍ അറിയുന്നത്. സര്‍ക്കാറിനും ചീഫ് സെക്രട്ടറിക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പോസ്റ്റിട്ടിരിക്കുകയാണ് എന്‍. പ്രശാന്ത്. ഇദ്ദേഹം ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. കെ ഗോപാലകൃഷ്ണനും ചീഫ് സെക്രട്ടറി എ ജയതിലകിനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ കട്ടിംഗ് സഹിതമാണ് പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
പാവപ്പെട്ട പട്ടികജാതി വിഭാഗക്കാര്‍ക്ക് കിട്ടേണ്ടിയിരുന്ന പണം ഇരുവരും ചേര്‍ന്ന് അപഹരിച്ചുവെന്ന ആരോപണമാണ് പ്രശാന്ത് ഉയര്‍ത്തുന്നത്. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് നടന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശം വന്ന ഉടന്‍ ശടപടേന്ന് നടപടികള്‍ ഉണ്ടായി. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ എന്ന് ഫയലിലുണ്ടായിരുന്നയാള്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായി മാറി. സ്വന്തം അഴിമതി കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു എന്നാണ് പ്രശാന്ത് ആരോപിച്ചുന്നത്. ഏതെങ്കിലും പരാതിക്കാരനോട് എന്ത് നടപടിയെടുത്തു എന്ന് പറയാന്‍ യാതൊരു ബാധ്യതയും ഇല്ല’ എന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടിവിയില്‍ പറഞ്ഞത് ഇതിനുവേണ്ടിയായിരുന്നെന്ന് അറിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക, അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണവിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക, അശരണരുടെ പണം അപഹരിക്കാനും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കാനും നന്നായി അറിയുന്നവനെ ചീഫ് സെക്രട്ടറി പ്രത്യേക താല്‍പര്യമെടുത്ത് സംസ്ഥാനത്തെ വ്യവസായ വകുപ്പ് തന്നെ ഏല്‍പ്പിക്കുക. ഇതാണ് പുതിയ കേരളാ മോഡലെന്നും പ്രശാന്ത് വിമര്‍ശിക്കുന്നു.
ഇങ്ങനെ പരസ്പരം ചെളിവാരിയെറിഞ്ഞും തമ്മില്‍ത്തല്ലിയും മുന്നോട്ടു പോകുന്ന ഐ.എ.എസുകാരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുകയാണ്. എന്നാല്‍,. പ്രശാന്തിനെ പുറത്താക്കിയിട്ട് മറ്റുള്ളവരെ സംരക്ഷിക്കുക എന്ന നിലപാടും എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് പ്രശാന്ത് സര്‍ക്കാരിനെയും ടാര്‍ഗറ്റ് ചെയ്ത് പോസ്റ്റിടുന്നത്. എന്‍. പ്രശാന്തിന്റെ പോസ്റ്റ്
‘നടപടിയോ? അതൊക്കെ രഹസ്യമാണ്!’
ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു സ്റ്റാഫ് ഇന്നലെയാണ് ഈ പത്ര കട്ടിംഗ് അയച്ച് തന്നത്. എന്ത് കൊണ്ടോ ഞാന്‍ കാണാതെ പോയ ഒരു പഴയ വാര്‍ത്ത. (ആ ഓഫീസിന്റെ ഇപ്പോഴത്തെ അവസ്ഥയും കഥകളും കുറേ പറഞ്ഞു! ഇതൊന്നും ഒരു മധ്യമപ്രവര്‍ത്തകനും അറിയുന്നില്ലേ എന്നാണെനിക്ക് അത്ഭുതം. പോട്ടെ, അത് പിന്നെ പറയാം.) ഇതൊരു പഴയ കഥയാണ് – ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ്, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെയുള്ള ഒരു അഴിമതിക്കേസ് അന്വേഷിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. കൂട്ടിന് ഗോപാലകൃഷ്ണനും ഉണ്ട് കേട്ടോ. പാവപ്പെട്ട പട്ടികജാതി വിഭാഗക്കാര്‍ക്ക് കിട്ടേണ്ടിയിരുന്ന പണം രണ്ടാളും കൂടി അപഹരിച്ചത് തന്നെ ഇവിടെയും വിഷയം. ഇവര്‍ രണ്ടാളും നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് സ്റ്റേറ്റിനെ അന്വേഷണം ഏല്‍പ്പിച്ചത്. അഴിമതി സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശരദ മുരളീധരന് കൈമാറിയതായി കാണാം.
റിപ്പോര്‍ട്ട് പ്രകാരം, കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് നടന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശം വന്ന ഉടന്‍ ശടപടേന്ന് നടപടികള്‍ ഉണ്ടായി – കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ എന്ന് ഫയലിലുണ്ടായിരുന്നയാള്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായി മാറി. സ്വന്തം അഴിമത് കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ‘ഏതെങ്കിലും പരാതിക്കാരനോട് എന്ത് നടപടിയെടുത്തു എന്ന് പറയാന്‍ യാതൊരു ബാധ്യതയും ഇല്ല’ എന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടിവിയില്‍ പറഞ്ഞത് ഇതിനുവേണ്ടിയായിരുന്നെന്ന് അറിഞ്ഞില്ല. ഇത് ഇപ്പോള്‍ ഒരു തത്വമായി മാറിയെന്ന് തോന്നുന്നു – കുറ്റാരോപിതര്‍ക്ക് ഒരു ‘രഹസ്യാവകാശം’ എന്ന മട്ടില്‍. പുതിയ കേരള മോഡല്‍ നമുക്കൊന്ന് ചുരുക്കിപ്പറയാം:
1. ഒരു ജൂനിയര്‍ ക്ലാര്‍ക്കോ വില്ലേജാപ്പീസറോ ആണ് ആരോപണവിധേയനെങ്കില്‍, ഉടന്‍ സസ്പെന്‍ഡ് ചെയ്യുക, അത് ഒന്നാം പേജ് വാര്‍ത്തയാക്കുക.
2. അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ആരോപണവിധേയനെങ്കില്‍, ചീഫ് സെക്രട്ടറി ആവുക, സ്വന്തം കേസ് അന്വേഷിക്കുക.
3. അശരണരുടെ പണം അപഹരിക്കാനും വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കാനും നന്നായി അറിയുന്നവനെ ചീഫ് സെക്രട്ടറി പ്രത്യേക താല്‍പര്യമെടുത്ത് സംസ്ഥാനത്തെ വ്യവസായ വകുപ്പ് തന്നെ ഏല്‍പ്പിക്കുക.
4. പൊതുജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍, അവര്‍ക്ക് മറുപടി പറയാന്‍ ‘ബാധ്യതയില്ലെന്ന്’ ഓര്‍മ്മിപ്പിക്കുക. അന്വേഷണം എന്തായോ എന്തോ? ഈ ലോകസുന്ദരന്മാരുടെ വാര്‍ത്തകളൊക്കെ കേട്ട് കുറുവാ സംഘക്കാര്‍ നെടുവീര്‍പ്പിട്ട് കൊണ്ട് പറഞ്ഞത്രെ, ‘അരും കൊതിച്ച് പോകും’. ലാലേട്ടന്‍ സ്റ്റൈലില്‍.
കേരളത്തില്‍ പിഎം-അജയ് (പ്രധാനമന്ത്രി അനുസൂചിത ജാതി അഭിയാന്‍ യോജന) ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ പരാതി ഉയര്‍ന്നത്. ഈ പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി) ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് കൊല്ലം സ്വദേശി ജെ. ബെന്‍സി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കേന്ദ്ര ഫണ്ട് വിനിയോഗം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സിവിസിയുടെ നേരിട്ടുള്ള അധികാരപരിധിക്ക് പുറത്താണെന്ന് 2025 ഏപ്രില്‍ 11ന് കമ്മിഷന്‍ അയച്ച കത്തില്‍ പറയുന്നു. പട്ടികജാതി സമുദായങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള കേന്ദ്ര ക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ 58.25 കോടിയുടെ അഴിമതി നടത്തിയതായി പരാതിയില്‍ പറയുന്നു.
നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പരാതി. പിഎം-അജയ് പദ്ധതിയുടെ കീഴില്‍ ഉള്ള പണം വ്യാജമായ പരിശീലന പദ്ധതികള്‍, കൃത്രിമ രേഖകള്‍, ബെനാമി സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിയില്‍ ആരോപിക്കുന്നു. മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടത്താതെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് പരാതിയിലെ ആരോപണം. പദ്ധതിയുടെ കീഴില്‍ നല്‍കിയ പരിശീലനത്തിന്റെ ഗുണനിലവാരവും പ്രസക്തിയും സംബന്ധിച്ചും പരാതിയിലുണ്ട്. ആരോപണം ഉയരുമ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ജയതിലക്. പിന്നീട് ചീഫ് സെക്രട്ടറിയായി മാറുകയാണ് ഉണ്ടായത്.
എന്തായാലും സെക്രട്ടറിയറ്റിനുള്ളില്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നല്ല സ്വരച്ചേര്‍ച്ചയില്‍ അല്ല. അവരുടെ സംഘടന പോലും രണ്ടു വശത്തായി നില്‍ക്കുമ്പോള്‍ ഭരണം എത്ര മോശമാകുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ ഫണ്ടുകള്‍ എങ്ങോട്ടു പോകുന്നുണ്ടെന്നത് ചിന്തിക്കണം. ഇത്തരം ഉദ്യോഗസ്ഥര്‍ കേന്ദ്ര ഫണ്ടുകള്‍ വിഴുങ്ങുന്നണ്ടെന്നും അതിന് തെളിവുണ്ടെന്നുമൊക്കെ പറയുന്നവത്, മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് ആരോപണത്തെ ജനങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയില്ലെന്നുറപ്പാണ്.
CONTENT HIGH LIGHTS; IAS. When will the fight between the Chief Secretary A. Jayathilak, K. Gopalakrishnan, N. Prashanth continue; Action? That’s all secret! Prashanth has posted a post. Let’s see.
















