മലയാള സംഗീത ലോകത്ത് എന്നല്ല, കലാപരമായ ഏതുമേഖലയിലും ദളിത് സ്പര്‍ശനം ഉണ്ടാകാത്തത്, അവരെ അകറ്റി നിര്‍ത്തുകയോ, അവസര നിഷേധം നടത്തുകയോ ചെയ്യുന്നതു കൊണ്ടാണ്. അഥവാ ഏതെങ്കിലും മേഖലയില്‍ കലാപരമായ കഴിവു തെളിയിച്ച് ആരെങ്കിലും ഉയര്‍ന്നു വന്നാല്‍, ഉന്നതകുല ജാതര്‍ക്ക് അതുണ്ടാക്കുന്ന അസഹിഷ്ണുത ചെറുതല്ല. കീഴാള വര്‍ഗത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. അതും നിയന്ത്രിതമായി മാത്രമാണ്. രാഷ്ട്രീയക്കാര്‍ അനുവദിച്ചു തന്നിട്ടുള്ള അത്രയും ശബ്ദമോ, സ്വാതന്ത്ര്യമോ മാത്രം. അല്ലാതെ നവോത്ഥാന നായകരുടെ നിരന്തരമായ പോരാട്ടം കൊണ്ട് ഇവിടെ സാമൂഹികമായ മാറ്റങ്ങള്‍ ഉണ്ടായെന്്‌നു പറയാനാകില്ല.
അംബേദ്ക്കറിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മാത്രമാണ് അനുഭവിക്കാന്‍ കഴിയുന്നത്. എന്നാല്‍, കേരളത്തിലെ മറ്റു ജാതിക്കാര്‍ ഭരണഘടനാ സ്വാതന്ത്ര്യത്തിനപ്പുറം ജാതി സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ട് എന്നത് നഗ്നസത്യം തന്നെയാണ്. നോക്കൂ റാപ്പര്‍ വേടന്‍ എന്നത് കേരളത്തിന്റെ ഒരു ബ്രാന്റ് ആയി മാറിക്കഴിഞ്ഞു. പാടിയും പറഞ്ഞും, ഇടപെട്ടുമൊക്കെ കേരളത്തിന്റെ കലാ മേഖലയില്‍ ജനസാഗരം തീര്‍ക്കുന്ന റാപ്പര്‍ വേടന്‍ ഇന്ന് തരംഗമാണ്. എന്നാല്‍, ഇതോടെ റാപ്പര്‍ വേടന്റെ പാട്ടിനെ ഇഴകീറി പരിശോധിക്കാനിറങ്ങിയവരെ കണ്ടു. റാപ്പര്‍ വേടന്റെ കറുപ്പ് വസ്ത്രത്തെ വിമര്‍ശിച്ചവരെ കണ്ടു. അര്‍ത്ഥമില്ലാത്ത, പാട്ടുകളും, രാജ്യവിരുദ്ധതയുമാണ് പാട്ടുകളെന്ന് ആക്ഷേപിച്ചു.
ഡിബേറ്റുകള്‍ വെച്ചു. പരാതികള്‍, ചര്‍ച്ചകള്‍, അധിക്ഷേപങ്ങള്‍ അങ്ങനെ വേടനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കാണ്ടു. റാപ്പര്‍ വേടന്‍, കാട്ടിലെ വെറും നായാടി വേടന്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ കണ്ടു. ഇതൊന്നും വിലപ്പോയില്ല. കാരണം, വേടന്റെ ആശയങ്ങളും, എതിര്‍ക്കുന്നവരുടെ അഭിപ്രായങ്ങളും മാത്രമായേ പ്രേക്ഷകര്‍ അതിനെ കണ്ടിരുന്നുള്ളൂ. എന്നാല്‍, ഇതിനു പിന്നാലെയാണ് വേടനെ പൂട്ടാന്‍ പദ്ധതികള്‍ ഉണ്ടായത്. മയക്കുമരുന്ന് ഇതിനു പിന്നാലെ പുലിനഖം, ശ്രീലങ്കന്‍ പുലികളുമായി ബന്ധം അങ്ങനെ തുടങ്ങി നിരവധി കുരുക്കുകള്‍. അതിനു പിന്നാലെയായി വേടന്റെ പാട്ടുകള്‍ക്കു പിന്നാലെ ഓടുന്നവരുടെ കൂട്ടത്തെ ഭ്രാന്തന്‍ കൂട്ടമെന്ന് വിളിച്ചാക്ഷേപം. മയക്കുമരുന്നിനടിമയ്ക്കു പിന്നാലെയുള്ള ഓട്ടമെന്നും കളിയാക്കല്‍.
എല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി തകര്‍ന്നപ്പോള്‍ സ്ത്രീ പീഡന പരാതിയിലേക്ക് പതിയെ നീങ്ങി. അപ്പോള്‍ വേടനെ പൂട്ടാന്‍ ഇതിലും വലിയ ആയുധമില്ലെന്ന ഘട്ടമെത്തി. ജനകീയതയും, പിന്തുണയും ഉള്ള ദളിത് കലാകാരനെ പൂട്ടാന്‍ വേറെന്താണ് വേണ്ടത്. പ്രണയം നടിച്ചാണ് വേടന്‍ പീഡിപ്പിച്ചതെന്ന് പറഞ്ഞ് പരാതി നല്‍കിയ യുവ ഡോക്ടറാണ് പരാതിക്കാരി. മാധ്യമങ്ങള്‍ക്കു മുമ്പിലും മുഖം നല്‍കാതെ പരാതി പറഞ്ഞു. വേടന്‍ ശാരീരികമായി പീഡിപ്പിച്ചു എന്നുതന്നെയാണ് അവര്‍ പറഞ്ഞതും. കേസ് കോടതിയിലെത്തി. ഇന്ന് ആ കേസ് പരിഗണിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം കോടതി അനുവദിക്കുകയോ, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്താല്‍ വേടന് ആശ്വാസമാണ്.
പക്ഷെ, കേസ് വരുന്ന ദിവസം തന്നെ വേടനെതിരേ വീണ്ടും രണ്ടു പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുകയാണ്. അതും പീഡന പരാതി. ഇതാണ് ദുരൂഹതയേറ്റുന്നത്. കാണാന്‍ അത്ര ഫെയറല്ലാത്ത, കറുത്ത വസ്ത്രം ധരിക്കുന്ന, എന്നാല്‍, കലാപരമായി ഉന്നതിയില്‍ നില്‍ക്കുന്ന വേടന്‍ സ്ത്രീ പീഡകനായിരുന്നു എന്ന് പറയാതെ പറയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു വ്യക്തം. അതുകൊണ്ടു തന്നെ ഈ പരാതികളില്‍ എവിടെയൊക്കെയോ ചതി മണക്കുന്നുണ്ട് എന്നു പറയാതെ വയ്യ. തെറ്റു തെറ്റു തന്നെയാണ്. അതിുന് ശിക്ഷ അനുഭവിച്ചേ മതിയാകൂ. വേടന്‍ ആ സ്ത്രീകളോട് വിശ്വാസ വഞ്ചന കാട്ടുകയോ, അഴരുടെ മാനസികവും ശാരീരികവുമായ ഇഷ്ടം ഇല്ലാതെയോ ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ശിക്ഷിക്കപ്പെടുക തന്നെ വേണം.
എന്നാല്‍, മലയാള സിനിമാ മേഖലയില്‍ നടന്ന സംഭവ വികാസങ്ങളെ ഒന്നു വിലയിരുത്തി നോക്കൂ. എന്താണ് സംഭവിച്ചത്. ലൈംഗീക ആരാചകത്വം വരെ നടന്നില്ലേ. പീഡന പരാതികളുടെ പ്രളയമുണ്ടായില്ലേ. എന്താണ് പിന്നീട് സംഭവിച്ചത്. ഒരാള്‍ക്കെതിരേ എങ്കിലും നടപടി ഉണ്ടായോ. ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി പ്രതികളായവരെല്ലാം വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് ഇപ്പോഴും നടക്കുന്നുണ്ട് നാട്ടില്‍. പക്ഷെ, വേടനു പിന്നാലെ മാത്രം പീഡന പരാതികള്‍ സജീവം. വേട്ടയാടലും സജീവം. ഇതാണ് ജാതി. ഇതു തന്നെയാണ് ജാതി. അതുകൊണ്ടാണ് റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും വീണ്ടും പരാതികള്‍ വരുന്നത്. ഇപ്പോള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡി.ജി.പിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു.
യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
CONTENT HIGH LIGHTS; Harassment complaints that smell of deceit?: Is it a move to turn the rapper Vedan into a ‘lone hunter in the jungle’?; Is it a trap of the upper caste that is blocking the rise of Dalits?; Is the hunt for those who have buried the harassment complaints in the film industry going on after the hunter?
















