കണ്ണൂര്‍: കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജൻ പറഞ്ഞു. ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നുവെന്ന് അപവാദം പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ, സിപിഐഎം വിരുദ്ധ വാർത്തകൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും പി ജയരാജന്‍ പ്രതികരിച്ചു.
2023ൽ മുഹമ്മദ് ഷെർഷാദ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിസിനസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ രാജേഷ് കൃഷ്ണ, ഷെർഷാദിനോട് പറഞ്ഞ കാര്യങ്ങൾ എന്ന നിലയിലാണ് ആരോപണ സ്വഭാവമുളള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയും ആയ ഡോ.ടി.എം.തോമസ് ഐസക്, മുൻസ്പീക്കർ
പി.ശ്രീരാമകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ എന്നിവരുടെ ബെനാമിയാണ് താനെന്ന് അവകാശപ്പെട്ട് കൊണ്ട് രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനുളള പരാതിയിൽ പറയുന്നത്. ഈ നേതാക്കളുടെ പണം കൈകാര്യം ചെയ്യുന്ന കെയർടേക്കർ ആണെന്നും രാജേഷ് അവകാശപ്പെട്ടതായും പരാതിയിലുണ്ട്.
നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.
















