സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരുന്ന ഇരുണ്ട കാലത്തെ കുറിച്ച് ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതും ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് മനുഷ്യരുടെ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായ നിയമം മൂലം നിയന്ത്രിച്ചത്. സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തുടങ്ങി സമസ്ത മേഖലയെയും കെട്ടിവരിഞ്ഞാണ് ഏകാധിപത്യ മനോഭാവത്തില്‍ രാജ്യഭരണം നടത്തിയത്. അതിനൊരു വ്യക്തമായ കാരണവുമുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയതിനു പിന്നാലെയായിരുന്നു. അതിനു പിന്നിലെ ചരിത്രം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റായ് ബറേലിയില്‍ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നയങ്ങളെയും നടപടികളെയും എതിര്‍ത്ത് രാജ് നരേന്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നു.
തിരഞ്ഞെടുപ്പില്‍ രാജ് നരേന്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍, ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് അവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ഈ ആരോപണങ്ങള്‍ ശരിവച്ചു. ഇതേ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി, അടുത്ത 6 വര്‍ഷത്തേക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കി. ഇത് ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചു. രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. ലോക്നായക് ജയ് പ്രകാശ് നാരായണന്റെയും രാജ് നരേന്റെയും നേതൃത്വത്തില്‍ തെരുവുകള്‍ നിറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്.
സമാനമായ രീതിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ടേമില്‍ പാര്‍ലമെന്റ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. നരേന്ദ്രമോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പില്‍ അഴിമതി നടത്തിയെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. ആ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ രേഖകളിലെ ഉദാഹരണങ്ങളും, വ്യക്തത ഇല്ലായ്മയും തെളിവുകളാക്കി. മേല്‍വിലാസവും, പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലകളുമായി തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുമെല്ലാം തെരഞ്ഞെടുപ്പ കമ്മിഷന്‍ നല്‍കിയതാണ്. അതെല്ലാം രേഖകളാക്കിയാണ് രാഹുല്‍ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇതില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി. ആരോപണങ്ങള്‍ക്ക് മറുപിയുമായി എത്തിയെങ്കില്‍ അതിലും വ്യക്തത ഇല്ലാതെ വട്ടം കറങ്ങുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഈ വിഷയം കത്തിക്കയരുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ ആരോപണം ചെന്നെത്തുന്നത് എവിടെ എന്നതാണ് ഭയപ്പെടുത്തുന്നത്. 1970കളിലെ അടിയന്തിരാവസ്ഥ ഓര്‍മ്മിപ്പിക്കപ്പെടുന്നുണ്ട്.
- എന്താണ് അടിയന്തിരാവസ്ഥ ?
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 അനുസരിച്ചാണ് രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നത്. യുദ്ധം, ബാഹ്യ ആക്രമണം അല്ലെങ്കില്‍ സായുധ കലാപം എന്നിവ കാരണം ഇന്ത്യയുടെ അല്ലെങ്കില്‍ രാഷ്ട്രത്തിന്റെ ഏതെങ്കിലും പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ”ഗുരുതരമായ ഭീഷണി”ഉണ്ടാകുമ്പോള്‍ ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താം എന്നാണ് ചട്ടം . പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രേഖാമൂലമുള്ള അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് അത്തരമൊരു അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ സാധിക്കുക.
ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച്‌സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം യൂണിയന്‍ ഗവണ്‍മെന്റിനെ ഏകീകൃത ഗവണ്‍മെന്റിന്റെ ശക്തി നേടാന്‍ ഭരണഘടന തന്നെ പ്രാപ്തമാക്കുന്ന തരത്തിലാണ് അടിയന്തരാവസ്ഥ വ്യവസ്ഥകള്‍ ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയ്ക്കോ അതിന്റെ ക്രെഡിറ്റിനോ രാജ്യത്തിന്റെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ ഭീഷണിയുണ്ടെന്ന് വിശ്വസിക്കുന്നെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 പ്രകാരം രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കഴിയും.
- ഇന്ത്യയിലെ അടിയന്തിരാവസ്ഥകള്‍ ?
സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ മൂന്നു അടിയന്തിരാവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നും പ്രഖ്യാപിച്ചത് ഒരേയൊരു പ്രധാനമന്ത്രി മാത്രമാണ്. അത് ഇന്ദിരാഗാന്ധിയാണ്. ആദ്യത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴായിരുന്നു. രണ്ടാമത്തേത് 1971ല്‍ പാകിസ്ഥാനുമായുള്ള ബംഗ്ലാദേശ് വിമോചന യുദ്ധസമയത്തും. ഇന്ദിരാ ഫാസിസം എന്ന് വിളിക്കപ്പെടുന്ന മൂന്നാം ദേശീയ അടിയന്തിരാവസ്ഥ 1977 മാര്‍ച്ച് 21ന് അത് പിന്‍വലിക്കുന്നതുവരെ 21 മാസക്കാലം നിലവിലുണ്ടായിരുന്നു. എന്നാല്‍ 1975 ലെ മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. അത് 1971 ലെ റായ് ബറേലിയില്‍ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതായിരുന്നു. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ മണ്ഡലത്തിലെ ഫലം അസാധുവാക്കി.
എന്നാല്‍, രാജിവയ്ക്കുന്നതിനുപകരം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യത്തെ സസ്‌പെന്‍ഡ് ചെയ്യുകയും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിയമവിരുദ്ധമാക്കുകയും ചെയ്തു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തകര്‍ക്കുകയും പത്രങ്ങള്‍ സെന്‍സര്‍ ചെയ്യുകയും ചെയ്തു. ചില നിയമങ്ങള്‍ സര്‍ക്കാരിന് യോജിച്ച രീതിയില്‍ തിരുത്തിയെഴുതി MISA പോലുള്ള ക്രൂരമായ നിയമങ്ങള്‍ ശക്തിപ്പെടുത്തി. മൗലികാവകാശങ്ങള്‍ നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മൗലികാവകാശങ്ങള്‍ റദ്ദാക്കിയതോടെ, പ്രതിപക്ഷ നേതാക്കളായ വിജയരാജെ സിന്ധ്യ, ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍ സിംഗ്, എന്നിവരുള്‍പ്പെടെ നിരവധി പൗരന്മാരും പത്രപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും വിചാരണ കൂടാതെ അറസ്റ്റിലാകുകയും ചെയ്തു.
രാഷ്ട്രീയ എതിരാളികള്‍, ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാധാരണ പൗരന്മാര്‍ എന്നിവരുള്‍പ്പെടെ 140,000-ത്തിലധികം പേരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്തു. എന്നാല്‍ ഫാസിസത്തിന്റെ ഈ അന്ധകാരത്തിനിടയില്‍, ഇന്ത്യന്‍ ജനത അതിന്റെ അചഞ്ചലമായ ധൈര്യവും പ്രതിരോധവും പ്രകടിപ്പിച്ചു. ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായി, തുടങ്ങിയ നേതാക്കള്‍ സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരെ രാജ്യത്തെ ജനതയെ അണിനിരത്തി. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ നവനിര്‍മാന്‍ പ്രസ്ഥാനം അടിയന്തരാവസ്ഥയെ ചെറുക്കുന്നതില്‍ മുന്നില്‍ നിന്നു. മാധ്യമ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നിട്ടും, ധീരരായ പത്രപ്രവര്‍ത്തകരും പൊതുജനാഭിപ്രായം സമാഹരിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.
സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ അടിച്ചമര്‍ത്തലായിരുന്നു അടിയന്തിരാവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്. അന്ന് കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ കള്ള വോട്ടുരാഷ്ട്രീയം ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണ്. ഇന്ന് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ കള്ളവോട്ട് രാഷ്ട്രീയം പറയുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ഉറ്റു നോക്കുന്നത്്, മൂന്നാം ടേമിലും ഭരണം കൊണ്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമോ എന്നാണ്.
















