ഓരോ പ്രശ്‌നങ്ങളിലും സി.പി.എം ചെന്നുപെടുമ്പോഴൊക്കെയും തൊടുന്യായങ്ങളും ഭൗതീകവാദങ്ങളും നിരത്തി രക്ഷപ്പെടുന്ന നേതാക്കള്‍ കത്തു ചോര്‍ച്ച വിവാദത്തിലും തടിയയൂരും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ കത്തു വിവദാവും ചേര്‍ത്ത് സി.പി.എമ്മിന്റെ നല്ല പേരിന് കളങ്കം സംഭവിച്ചിട്ട് നാളുകളായി. എന്നിട്ടും ഭരണം കൈയ്യിലുള്ളതു കൊണ്ടും എല്ലാത്തിന്റെ മറുപടി മുഖ്യമന്ത്രി മാത്രം അവസാന വാക്കായി പറയുന്നതു കൊണ്ടും ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങളെല്ലാം വലിയ വിഷയങ്ങളാകാതെ പോയി. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവിഷയങ്ങളും സജീവ ചര്‍ച്ചകളില്‍ എത്തുമെന്നുറപ്പാണ്.
ഹാവാലയും റിവേഴ്‌സ് ഹവാലയും എന്നതു പോലും പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്നതാണ്. പാര്‍ട്ടി നേതാക്കള്‍ അനധികൃത സമ്പാദ്യം ഉണ്ടാക്കുന്നുവെന്നതിന്റെ വ്യക്തമായ ചിത്രം നല്‍കിയിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്നാല്‍, സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്തില്‍ ഒരു സി.പി.എം നേതാക്കളും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന് എതിരെയാണ് ഗുരുതര ആരോപണങ്ങളുള്ളത്. അദ്ദേഹവും മറുപടി പറഞ്ഞിട്ടില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തെന്നാണ് ആരോപണം. ഹവാലയും റിവേഴ്സ് ഹവാലയുമുണ്ട്. ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നും പണം എത്തിച്ച് അതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണം അയച്ചെന്നതാണ് ആരോപണം.
അത്തരത്തില്‍ പണം കിട്ടിയിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. തോമസ് ഐസക് മാത്രമാണ് പ്രതികരിച്ചത്. അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളൊന്നും കത്തിലില്ല. ജപ്തിയില്‍ ഇടപെട്ടത് വലിയ തെറ്റല്ല. എന്നാല്‍ ബാക്കിയുള്ളവര്‍ക്കെതിരെ ഈ ആരോപണമല്ല. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണവിധേയരായ ആരും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അറിയാം. എന്താണ് അയാളുടെ റോള്‍. മുഖ്യമന്ത്രി ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും അയാള്‍ ഒപ്പമുണ്ടായിരുന്നു. അവിടെ അയാളുടെ പ്രസക്തി എന്തായിരുന്നു? പ്രവസി ചിട്ടിഫണ്ടുമായി ബന്ധപ്പെട്ടും ഇയാളുടെ പ്രസക്തി എന്താണ്? ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് അയാള്‍ പണം അയച്ചത് എന്തിനാണ്? പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ഒരു അവതാരമാണ്.
ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ അവതാരങ്ങളുടെ പേരുകള്‍ വിരലില്‍ എണ്ണാനാകില്ല. നിരവധി പേരുണ്ട്. അതില്‍ എറ്റവും അവസാനം വന്നിരിക്കുന്ന ആളാണ് രാജേഷ് കൃഷ്ണ. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന ആരോപണം രാജേഷ് കൃഷ്ണ തന്നെ സമ്മതിച്ചിട്ടുണ്ട്. അയാള്‍ എങ്ങനെയാണ് പ്രതിനിധിയായത്? എന്തുകൊണ്ടാണ് അയാളെ പുറത്താക്കിയത്? അപ്പോള്‍ ഷംഷാദ് പറയുന്ന കത്തിലെ കുറെ ഭാഗങ്ങള്‍ ശരിയാണല്ലോ. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി മധുരയില്‍ എത്തുകയും അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് പ്രതിനിധി സ്ഥാനത്ത് നിന്നും പുറത്തായി. അതിന്റെ പേരിലാണ് രാജേഷ് കൃഷ്ണ ഡല്‍ഹി കോടതിയില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. ആ കേസിലാണ് ഈ കത്ത് ഹാജരാക്കിയിരിക്കുന്നത്. അങ്ങനെയാണ് ആ കത്ത് ആധികാരിക രേഖയായയത്.
ഒരുപാട് ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ട്. ആരെ രക്ഷിക്കാനാണ് കത്ത് പുറത്ത് വിട്ടത് എന്നൊക്കെ അന്വേഷിക്കേണ്ടി വരും. കത്ത് നേരത്തെ പ്രചരിച്ചതാണെന്നു വാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രത്തെ ഷംഷാദ് വെല്ലുവിളിച്ചിട്ടുണ്ട്. കത്തിന്റെ കവര്‍ പേജ് മാത്രമാണ് നേരത്തെ പുറത്തുവന്നതെന്നാണ് അയാള്‍ പറയുന്നത്. ഇപ്പോഴാണ് ഡല്‍ഹിയിലെ കേസുമായി ബന്ധപ്പെട്ട് കത്ത് ആധികാരിക രേഖയായത്. ആരോപണവിധേയനാണ് കത്ത് ഹാജരാക്കിയിരിക്കുന്നത്. അതോടെ കത്തിന് വിശ്വാസ്യത വന്നു. എന്നിട്ടും കത്തില്‍ ആരോപണ വിധേയരായവര്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ്. സി.പി.എം നേതാക്കള്‍ മറുപടി പറയാത്തതു കൊണ്ടാണ് കത്തിന്റെ വിശ്വാസ്യത കൂടുന്നത്.
സര്‍ക്കാര്‍ പദ്ധതികളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഷംഷാദ് ആരോപിക്കുന്നത്. ഒരു പരിപാടിക്ക് രാജേഷ് കൃഷ്ണ അഞ്ച് ലക്ഷം രൂപ അയച്ചു കൊടുത്തെന്ന് മേഴ്സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് അയാള്‍ 5 ലക്ഷം രൂപ അയച്ചു കൊടുത്തത്? കേരളത്തില്‍ നടപ്പാക്കുന്ന പ്രൊജക്ടുകളുടെ ഇടനിലക്കാരനാണോ അയാള്‍? സാമ്പത്തിക ഇടപാട് ആരും നിഷേധിച്ചിട്ടില്ല. സി.പി.എമ്മുകാര്‍ക്ക് പണം അയച്ചു കൊടുക്കലാണോ ലണ്ടനില്‍ ജോലി ചെയ്യുന്ന എസ്.എഫ്.ഐക്കാരനായ രാജേഷ് കൃഷ്ണയുടെ പണി?. ല്ലാ സി.പി.എം നേതാക്കളുമായും രാജേഷ് കൃഷ്ണയിക്ക് ബന്ധമുണ്ട്. ബന്ധത്തിലൊന്നും ഒരു കുഴപ്പവുമില്ല.
പക്ഷെ സാമ്പത്തിക കുറ്റകൃത്യമാകുന്ന ഇടപാടുകള്‍ നടന്നതാണ് പ്രശ്നം. കൂടാതെ സംസ്ഥാനത്തിന്റെ പദ്ധതികളിലും ഇടപെട്ടിട്ടുണ്ട്. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പിന്റെ ഒരു പ്രോജക്ട് തുടങ്ങുമ്പോള്‍ രാജേഷ് കൃഷ്ണ എന്തിനാണ് പണം അയയ്ക്കുന്നത്?. കിങ്ഡം സെക്യൂരിറ്റി സര്‍വീസസിന്റെ അക്കൗണ്ടില്‍ നിന്നും പണം നല്‍കിയിട്ടില്ലെന്ന് രാജേഷ് കൃഷ്ണയോ പണം കിട്ടിയിട്ടില്ലെന്ന് സി.പി.എം നേതാക്കളോ ഇതുവരെ നിഷേധിച്ചിട്ടില്ല. അതാണ് പ്രധാന ആരോപണം. ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്ന് സി.പി.എം നേതാക്കള്‍ പറയേണ്ടതുണ്ട്. പ്രതിപക്ഷവും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും മിണ്ടാതിരിക്കുന്നത് മടിയില്‍ കനമുള്ളതു കൊണ്ടു മാത്രമാണെന്നാണ് ആക്ഷേപം.
CONTENT HIGH LIGHTS; Leaking Iron Curtain?: Deathly silence for leaders in the CPM letter leak; Intolerance towards questions and contempt for the media; Are hawala and reverse hawala the financial source of the CPM?
















