ഓണക്കാലം അടുക്കുന്നതോടെ വിപണയില്‍ മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപനം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനെ ഫരപ്രദമായി പ്രതിരോധിക്കാനായില്ലെങ്കില്‍ മലയാളികളുടെ ഓണം മായംകലര്‍ന്ന് കുളമാകും. പ്രധാനമായും പാചകത്തിന് ഉപയോഗിക്കുന്ന വെളിച്ചെണ്ണയാണ് മായം കലര്‍ത്തി എത്തുന്നത്. പ്ലാസ്റ്റിക് ഉരുക്കിയും, മറ്റു അസംസ്‌കൃത വസ്തുക്കളില്‍ നിന്നും ശേഖരിക്കുന്നതുമൊക്കെയാണ് ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നത്. ഇത് കണ്ടെത്താനുള്ള തീവ്രശ്രമം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ1014വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു.
വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു.469സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു.25സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ,കേര ഹരിതം,കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത്21,030ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്.331സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.1613സ്ഥാപനങ്ങളില്‍ നിന്നും63ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും,സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മാര്‍ക്കറ്റുകള്‍,ഭക്ഷണ ശാലകള്‍,വഴിയോര ഭക്ഷണ ശാലകള്‍,ബേക്കിംഗ് യൂണിറ്റുകള്‍,കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍,നെയ്യ്,ശര്‍ക്കര,പാല്‍,പാലുല്‍പ്പന്നങ്ങള്‍,പായസം മിശ്രിതം,ധാന്യങ്ങള്‍,പഴവര്‍ഗങ്ങള്‍,വിവിധതരം ചിപ്‌സ്,പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക. ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരും മേഖലാ തലത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും തങ്ങളുടെ അധികാര പരിധിയില്‍
വരുന്ന ജില്ലകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓണം ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ,വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍
വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികള്‍ കൈക്കൊളളുന്നതാണ്. പായ്ക്ക്ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി,കാലാവധി മുതലായ ലേബല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ. വിപണിയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ കൂടി ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍1800 425 1125എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.
മായം കലർന്നാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ
പെട്രോളിയം ഉല്‍പ്പന്നങ്ങൾ, പാരഫിൻ, ഹെക്‌സൈൻ തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ വസ്തുക്കൾ വെളിച്ചെണ്ണയില്‍ ചേർക്കുന്നത് അളവ് വർധിപ്പിക്കാനും കേടുവരാതെ സൂക്ഷിക്കാനുമാണ്. അതും പോരാഞ്ഞിട്ട് പാം ഓയില്‍, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ എണ്ണകൾ വെളിച്ചെണ്ണയില്‍ ചേർത്തും വിപണിയിലെത്തുന്നുണ്ട്. റീഫൈൻഡ് വെളിച്ചെണ്ണ എന്ന പേരില്‍ എത്തുന്നതും ശുദ്ധ തട്ടിപ്പാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കാൻസർ,
പക്ഷാഘാതം എന്നിവയ്ക്ക് പുറമെ വൃക്ക, കരൾ, ഉദരം എന്നിവയെ ബാധിക്കുന്ന മാരക രോഗങ്ങളാണ് വെളിച്ചെണ്ണയിലെ മായം ചേർക്കല്‍ കൊണ്ടുണ്ടാകുന്നത്. ഇതൊക്കെയാണെങ്കിലും രുചിയും ഗുണവും ഏറെയുള്ള ശുദ്ധമായ വെളിച്ചെണ്ണ മാറ്റി നിർത്തിയൊരു പരിപാടി നമുക്കില്ല. കാരണം കൊളസ്ട്രോൾ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ ഒരു കാലത്ത് ഏറ്റവുമധികം ആക്ഷേപങ്ങൾ നേരിട്ട വെളിച്ചെണ്ണയെ അടുക്കളയിലേക്ക് നാം തിരിച്ചുകൊണ്ടുവന്നതാണ്. അത്തരം ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്പോൾ ഔഷധ നിർമാണത്തിനും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.
ചക്കിലാട്ടുന്ന വെളിച്ചെണ്ണ
തേങ്ങ ഉണക്കി കൊപ്രയാക്കി അത് ആട്ടിയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. അതിനൊപ്പം പച്ചത്തേങ്ങയുടെ പാലില്‍ നിന്നുണ്ടാക്കുന്ന വെർജിൻ വെളിച്ചെണ്ണയും ഇന്ന് വിപണിയിലുണ്ട്. വൻകിട പാക്കറ്റ് ബ്രാൻഡുകൾ ഉപേക്ഷിച്ച് ചെറുകിട മില്ലുകളില്‍ ചക്കിലാട്ടി എടുക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ഇന്ന് ആവശ്യക്കാരെയുള്ളത്. കാരണം മായം ചേർക്കില്ല എന്ന വിശ്വാസം തന്നെ. ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ കൃത്യമായ പരിശോധനകൾ കൂടിയാകുമ്പോൾ ശുദ്ധമായ വെളിച്ചെണ്ണ എന്ന മലയാളിയുടെ ആഗ്രഹം സാധ്യമാകുമെന്നുറപ്പാണ്.
CONTENT HIGH LIGHTS; Is coconut oil adulterated to spoil Onam?: 1014 coconut oil tests conducted in a month; 17,000 liters of fake coconut oil seized; Special inspections in Onam markets
















