മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ വെട്ടി വെയിലത്തു വെച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയെയും സൈഡിലേക്കു ഒതുക്കിവെച്ച വി.ഡി. സതീശനു മുമ്പില്‍ വീണ്ടും മഹാമേരുവായി കെ.സി. വേണുഗോപാല്‍ എത്തിയിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും അതിലുള്ള മിന്നുന്ന വിജയവും സ്വപ്‌നം കണ്ട് മുഖ്യമന്ത്രി കസേര മോഹിച്ചിരിക്കുമ്പോഴാണ് യു.ഡി.എഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗ് നയം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഉള്ളുകളികളും, ഗ്രൂപ്പ് സമവാക്യങ്ങളും മുഖ്യമന്ത്രി മോഹികളുമെല്ലാം തലകീഴായ് മറിയും. കെ.സി. വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും, പാര്‍ലമെന്റ് അംഗമെന്ന പദവിയില്‍ നിന്നും, എ.ഐ.സി.സിയുടെ തലപ്പത്തു നിന്നുമൊക്കെ കേരളത്തിലേക്ക് എത്തുമെന്നതില്‍ ഇനി തര്‍ക്കം വേണ്ട.
കാരണം, കെ.സിയെ ആവശ്യപ്പെട്ടിരിക്കുന്നത് മുസ്ലീം ലീഗ് ആയതുകൊണ്ട്. നിലവില്‍ കെ.സിയോട് കൂടുതല്‍ അടുത്തിരിക്കുകയാണ് ലീഗ്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കെസി വേണുഗോപാലിനെ ലീഗ് എല്ലാ ആര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നതും ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തിന് ബാറ്റണ്‍ നല്‍കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ ലീഗ് ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെ കേരളത്തിലേക്ക് ക്ഷണിക്കുകയാണ് ലീഗ്. കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും ഈ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരിക്കുകയാണ്.
രാജ്യതലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗിന്റെ കേന്ദ്ര ഓഫീസ് ഖായിദെ മില്ലത്ത് സെന്ററില്‍ നടന്ന ആദ്യപരിപാടിയില്‍ കെ.സി. വേണുഗോപാലിന് പ്രഥമ രാഷ്ട്രനന്മ പുരസ്‌ക്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. വലിയ ട്വിസ്റ്റാണ് ഈ പുരസ്‌കാരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കേരളത്തിലെ പ്രധാനി കെ.സിയാണെന്ന് കൂടി വിശദീകരിക്കുകയാണ് ഇതിലൂടെ ലീഗ്. ലീഗുമായി അങ്ങനെ കെ.സി ഊഷ്മള ബന്ധത്തില്‍ എത്തുകയാണ്. ഇതോടെ യുഡിഎഫിന് അധികാരം കിട്ടിയാല്‍ കെസി മുഖ്യമന്ത്രിയാകണമെന്ന് പറയാതെ പറയുകാണ് ലീഗ് നേതൃത്വം.
യു.ഡി.എഫിനെ അധികാരത്തിലേറ്റി ലീഗ് നല്‍കിയ പുരസ്‌കാരം ജനങ്ങള്‍ക്ക് നല്‍കണമെന്നും തങ്ങള്‍, പറഞ്ഞു. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവായതിനാലാണ് കെ.സി. വേണുഗോപാലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇ. അഹമ്മദ് ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നും ജനാധിപത്യത്തിന്റെ ശക്തി അതാണെന്നും വേണുഗോപാല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ ഇരുട്ടിനപ്പുറം ഒരു വലിയ വെളിച്ചത്തിലേക്കുള്ള യാത്ര നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.സിയും ലീഗിനെ പുകഴ്ത്തി ബി.ജെ.പിയെ രാഷ്ട്രീയ കടന്നാക്രമിക്കുകയായിരുന്നു. ഇ. അഹമ്മദുമായുള്ള ഊഷ്മള ബന്ധവും വേണുഗോപാല്‍ അനുസ്മരിച്ചു. ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അബ്ദുറഹ്മാന്‍ കല്ലായി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, പി.എം.എ. സലാം, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍, കെ. നവാസ് കനി, ഹാരിസ് ബീരാന്‍, അബ്ദുള്‍ കരീം ചേലേരി, കെ.ടി. സഹദുള്ള തുടങ്ങിയവരും ചടങ്ങിനെത്തി. അതായത് ലീഗ് നേതൃത്വം മുഴുവന്‍ അണിനിരന്നാണ് കെ.സിയെ നേതാവായി പ്രഖ്യാപിക്കുന്നത്.
ഒന്നിലധികം മുഖ്യമന്ത്രി മോഹികള്‍ കോണ്‍ഗ്രസിലുണ്ട്. വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഇതില്‍ പ്രധാനികള്‍. ഇതിനൊപ്പം മറ്റെല്ലാവരുടെയും ഉള്ളില്‍ മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നത് വസ്തുതയാണ്. അധികാരമെത്തുമ്പോള്‍ മുസ്ലീം ലീഗ് നിലപാടാണ് ഇതില്‍ നിര്‍ണ്ണായകമാകുക. ഈ സാഹചര്യത്തിലാണ് കെസിയെ ഉയര്‍ത്തികാട്ടുന്ന മുസ്ലീം ലീഗ് പരിപാടിയുടെ പ്രസക്തി കൂടുന്നത്. ഇന്ത്യയില്‍ മറ്റേതൊരു മതേതര പാര്‍ട്ടിയേക്കാളും മതേതരമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന് ഐ.സി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കെ. സി വേണുഗോപാല്‍ പറയുന്നതും അതിന്റെ നന്ദിയാണ്. ചെറുപ്പം തൊട്ട് മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ജീവിച്ച തനിക്കിത് മറ്റാരെക്കാളും നന്നായി അറിയുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗിനെ അംഗീകരിക്കാനുള്ള കെ.സിയുടെ മനസ്സാണ് ഇതില്‍ തെളിയുന്നത്. കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയാല്‍ ഹൈക്കമാണ്ട് പിന്തുണയില്‍ കേരളം പിടിക്കാന്‍ കെ.സിയെത്തുമെന്ന വിലയിരുത്തല്‍ പൊതുവേ സജീവമാണ്. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയാണെന്നും വേണുഗോപാല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതെല്ലാം ലീഗിനെയും കെ.സിയെയും പരസ്പരം അടുപ്പിക്കാനുള്ള വഴിയായേ കാണാനാകൂ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് എല്ലാ നേതാക്കളുടെയും ലക്ഷ്യം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള നടപടികള്‍ പോലും തെരഞ്ഞെടുപ്പിനുള്ള മൈലേജ് കൂട്ടാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ആ വടിവെച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീ വിരുദ്ധ നിലപാടുകാരെ അടിക്കാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
ഇങ്ങനെ നല്ല കുട്ടിയായി രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കല്‍ വന്നിരിക്കുന്നത്. ഇത് സതീശനും ചെന്നിത്തലയ്ക്കും കനത്ത തിരിച്ചടി തന്നെയാണ്.
CONTENT HIGH LIGHTS; Muslim League to be severely cut off?: UDF CM aspirants are coming to KC?; Chennithala and Satheesan did not cut off after the policy was clear
















