സിനിമാ മേഖലയിലെ സകലമാന സവര്‍ണ്ണ മാടമ്പിമാരോടും കൂടെയാണ്. കാലം പഴയതല്ല, പാടത്തും പറമ്പത്തും പണിയെത്തു ജീവിച്ചവരുടെ തലമുറ വിദ്യാഭ്യാസവും, വിവരവും, വിവേകവും, സാമൂഹ്യ ഇടപെടലുകളും കൊണ്ട് മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവരെ അങ്ങനെ എത്തിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ പണം മുടക്കുന്നത്. കാരണം ഒരു കാലത്ത്, അതായത് കേരളത്തിന്റെ ഇരുണ്ട കാലത്ത് ജാതി കോമരങ്ങള്‍ തുള്ളിയുറഞ്ഞു നിന്ന കാലത്ത് വിദ്യാഭ്യാസം എന്നത് വിദൂര ചിന്തിയിപ്പോലും ഉദിക്കാത്ത മനുഷ്യരുണ്ടായിരുന്നു. അന്ന്, അവരുടെ സ്വാതന്ത്ര്യത്തെ ജാതീയമായി കെട്ടിയിട്ട കാലത്തിന്റെ ക്ഷമാപണമായാണ് ഇന്ന് അവര്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ആ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പാഴായിപ്പോയിട്ടില്ലെന്ന് കാലം തെളിയിക്കുകയും ചെയ്യുന്നുണ്ട്.
അതിന്റെ അവസാന തെളിവുകൂടിയാണ് സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ സിനിമയും ഓസ്‌ക്കര്‍ എന്‍ട്രിയും. ഒരു ഓ്‌സ്‌ക്കര്‍ എന്‍ട്രിയില്‍ എന്തിരിക്കുന്നു എന്നൊരു മറു വാദം ഉണ്ടാകുന്നുണ്ട്. അതുപോലും ജാതീയമായ അസ്വസ്ഥതകളില്‍ നിന്നും ഉരുണ്ടു കൂടുന്ന ഒന്നാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സിനിമാ മോഹികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട്, അങ്ങനെയങ്ങ് നല്‍കാന്‍ പറ്റില്ലെന്ന് പരസ്യമായി പറയുന്നവര്‍ക്ക് മറുപടി അപ്പോള്‍ത്തന്നെ കൊടുക്കാന്‍ ഒരു സ്ത്രീക്കു കഴിഞ്ഞതു തന്നെ ഈ നൂറ്റാണ്ട്, അവര്‍ണ്ണര്‍ എന്നു മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുള്ളതാണെന്ന പ്രതിജ്ഞയാണ്. വെല്ലുവിളിക്കാനും നേതൃത്വം ഏറ്റെടുക്കാനും ഒരു സമൂഹം സജ്ജമായിരിക്കുന്നു എന്നകാഹളമാണ്.
ഓര്‍ക്കേണ്ട ഒരു കാര്യം ഇതാണ്. ഒരേയൊരാള്‍ നെഞ്ചുവിരിച്ച് നിന്നപ്പോള്‍ മലയാള നാട്ടിലെ പാടങ്ങളെല്ലാം പുല്ലു കിളിര്‍ത്തെങ്കില്‍, തൊഴിലാളികള്‍ മണ്ണില്‍ പണിയെടുത്തില്ലെങ്കില്‍, ഇന്ന് അവര്‍ണ്ണരെല്ലാം ഒന്നിച്ചാല്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ചിന്തിക്കാന്‍ കഴിയില്ല. അയ്യന്‍ കാളിയുടെ ജന്‍മദിനമായിരുന്നു ഇന്നലെ. അതേ ദിവസം തന്നെയാണ് ഡോക്ടര്‍ ബിജുവിന്റെ സിനിമയും ഓസ്‌ക്കര്‍ നോമിനേഷനില്‍ ഇടം പിടിച്ചത്. അടൂര്‍ പ്രകാശെന്ന സംവിധായകന്‍ സിനിമാ പഠനവും, പരിശീലനവും കഴിഞ്ഞ് എത്രയോ സിനിമകള്‍ ചെയ്തിരിക്കുന്നു. സിനിമ ചെയ്യാന്‍ ഒരു ജാതിയുണ്ടെങ്കില്‍ അത് പരിശീലനം കഴിഞ്ഞവരുടെ ജാതിയാണെന്ന് വിളിച്ചു പറഞ്ഞ സംവിധായകന്റെ ഏതെങ്കിലും ഒരു സിനിമ ഓസ്‌ക്കര്‍ നോമിനേഷന്റെ അടുത്തു ചെന്നിട്ടുണ്ടോ. അത് പരിശോധിക്കപ്പെടേണ്ടതല്ലേ. ഓസ്‌കാര്‍ എന്‍ട്രി ലഭിച്ച മലയാള ചലച്ചിത്ര സംവിധായകരും അവരുടെ സിനിമയും ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.
ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍
- രാജിവ്അഞ്ചല്‍ – ഗുരു (1997):
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രമാണിത്. - സലീം അഹമ്മദ് – ആദാമിന്റെ മകന്‍ അബു (2011):
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡിനായി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഈ സിനിമയും തിരഞ്ഞെടുക്കപ്പെട്ടു. - ലിജോ ജോസ് പെല്ലിശ്ശേരി – ജല്ലിക്കെട്ട് (2020):
93-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. - ജൂഡ് ആന്തണി ജോസഫ് – 2018 (2023):
2018-ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 96-ാമത് അക്കാദമി അവാര്‍ഡില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. - ഡോ. ബിജു – പപ്പ ബുക്ക (2025):
പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. (ഒരു ഇന്ത്യന്‍ സംവിധായകന്‍ മറ്റൊരു രാജ്യത്തിന് വേണ്ടി ഓസ്‌കാര്‍ എന്‍ട്രി നേടുന്നത് ഇത് ആദ്യമാണ്.) - ബ്ലെസി – ആടുജീവിതം (2025):
97-ാമത് അക്കാദമി അവാര്‍ഡിന്റെ ബെസ്റ്റ് പിക്ചര്‍ കാറ്റഗറിയില്‍ പ്രാരംഭ റൗണ്ടില്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ (2003) എന്ന സിനിമ ഓസ്‌കാര്‍ അവാര്‍ഡിനായി ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, ജൂറിയെ തൃപ്തിപ്പെടുത്താന്‍ ഈ സിനിമയ്ക്ക് സാധിച്ചില്ല. അതിനാല്‍, ആ വര്‍ഷം ഒരു സിനിമയും ഓസ്‌കാര്‍ എന്‍ട്രിയായി അയച്ചില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഒരു സിനിമയും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയിട്ടില്ല എന്നതാണ് വസ്തുത.
ഇനിയിപ്പോള്‍ ഒരു മുടന്തന്‍ ന്യായത്തിനു വേണ്ടി ചോദിക്കാനുള്ളത്, ഓസ്‌ക്കാര്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന സിനിമകള്‍ മാത്രമാണോ നല്ല സിനിമകള്‍ എന്ന്. ജാതി കോമരങ്ങള്‍ക്ക് മനസ്സിലാകാനുള്ള ഭാഷയില്‍ പറഞ്ഞാല്‍, നല്ല കഴിവും, ചിന്താശേഷിയും, വെള്ളിത്തിരയിലൂടെ സമൂഹത്തിലേക്ക് ആശയപ്രചാരണവും നടത്താന്‍ കഴിവുള്ള ആര്‍ക്കും സിനിമ എടുക്കാം എന്നു തന്നെയാണ്. പട്ടികജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സിനിമ എടുത്തു പഠിക്കുകയോ, സിനിമ നിര്‍മ്മിക്കുകയോ ചെയ്യാം. ഇതു പറയുമ്പോള്‍ സര്‍ക്കാര്‍ പണം നമ്മളും നികുതി കൊടുക്കുന്ന പണമാണെന്ന മറുവാദം വീണ്ടും സവര്‍ണ്ണ കൂട്ടങ്ങള്‍ ഉയര്‍ത്തിയേക്കാം.
അതിനു മറുപടി ചരിത്രം പറയും. ഒരു നേരം പോലും ഭക്ഷണം കഴിക്കാതെ ജീവിച്ചിരുന്ന കാലം സവര്‍ണ്ണ മാടമ്പികളുടെ പൂര്‍വ്വികര്‍ക്കുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാപേര്‍ക്കും കഴിയാനുള്ള വലിയ മാളികകളും എട്ടുവീടുകളും ഉണ്ടായിരുന്നു. പഠിക്കാന്‍ സ്‌കൂളും ഉടുക്കാന്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നു. നടക്കാന്‍ വഴിയും സഞ്ചരിക്കാന്‍ വില്ലുവണ്ടിയും, കുളിക്കാന്‍ കുളങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ഒരു സമൂഹത്തിനു മാത്രം നിഷേധിക്കപ്പെട്ടിരുന്നതും മറക്കാനാവില്ലല്ലോ. അവര്‍ണ്ണരുടെ അധ്വാനത്തില്‍ സുഖിച്ചു ജീവിച്ച സവര്‍ണ്ണര്‍ സ്വത്തും, വിദ്യാഭ്യാസവും, വഴിയും വീടുമെല്ലാം സ്വന്തമാക്കി ജീവിച്ചപ്പോള്‍ അവര്‍ണ്ണര്‍ എന്താണ് നിങ്ങളോടു ചോദിച്ചിരുന്നത്. ഒരുതുണ്ടു ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്നവര്‍ക്ക് കുടികിടപ്പവകാശം മാത്രം നല്‍കിയ സവര്‍ണ്ണന്റെ പേക്കൂത്തുകള്‍ക്കു പകരം നല്‍കുന്നതാണ് ഇന്നത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം.
അതൊന്നും വെറുതേ ആയിട്ടുമില്ലെന്ന തെളിവുകള്‍ എല്ലാ മേഖലയിലുമുണ്ട്. നിയമസഭാ സമുച്ചയത്തില്‍ വെച്ചു നടന്ന സിനിമാ കോണ്‍ക്ലേവിലാണ് ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശം അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം’,
ഇതായിരുന്നു അടൂരിന്റെ പ്രസ്താവന. പരാമര്‍ശത്തിനെതിരെ സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്തില്‍ വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കി. എന്നാല്‍, അവരെയും അടൂര്‍ ആക്ഷേപിക്കുകയാണ് ചെയ്തത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകുട്ടിയാണ് എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചത്. അവര്‍ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ പറഞ്ഞതെന്താണ് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാന്‍. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതില്‍ കൂടുതല്‍ അവര്‍ക്കെന്താ വേണ്ടത് എന്നയിരുന്നു ആക്ഷേപം തുടര്‍ന്നത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ റാങ്കോട് പഠിച്ചു വന്നു 12 സിനിമകള്‍ ചെയ്തു . ഇതുവരെയും ഒരുചിത്രത്തിനും ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചില്ല ഒന്നും പഠിക്കാത്ത Dr ബിജുവിന് ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ ആദ്യമായി മറ്റൊരു രാജ്യത്തിന്റെ സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി. ഇതാണ് അടൂരിനുള്ള മറുപടിയായി പറയാനുള്ളത്. ആരെയും ഒന്നിന്റെയും പേരില്‍ അളക്കരുത്. സര്‍ക്കാര്‍ സിനിമ നിര്‍മ്മിക്കാന്‍ ഫണ്ടു കൊടുക്കാന്‍ തുടങ്ങിയ സമയം മുതല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ നിര്‍മ്മിച്ച സിനിമകള്‍ എല്ലാം പരിശോധിച്ചു നോക്കിയാല്‍ മനസ്സിലാകുന്നത് സാമൂഹിക പ്രതിബദ്ധതയോടെ ചെയ്തവയാണെന്നാണ്. അല്ലാത്ത പക്ഷം ട്രെയിനിംഗ് നല്‍കി സിനിമ എടുക്കാന്‍ വിടുകയാണ് വേണ്ടതെന്നു പറഞ്ഞാല്‍ മനസ്സിലാക്കാനാകും.
CONTENT HIGH LIGHTS; Is cinema for the upper caste madams?: Avarnan’s answer to those who have studied but have not studied through an Oscar nomination; Can we say that the reason for the need for training was not due to caste discrimination?
















