നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പച്ചമുളക്. വിറ്റാമിന്‍ എ, സി, ബി 6, കെ, മാംഗനീസ്, പൊട്ടാസ്യം എന്നിവ പച്ചമുളകില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ഇത്രയേറെ ഉപകാരങ്ങളുള്ള പച്ചമുളക് കൃഷി ചെയ്യാനും എളുപ്പമാണ്.
എളുപ്പത്തിൽ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ സസ്യമാണ് മുളക്, ചൂടുള്ളതും ഈർപ്പമുള്ളതും എന്നാൽ വരണ്ടതുമായ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് ആവശ്യമാണ്. മുളക് വളർച്ചയ്ക്ക് അനുയോജ്യമായ താപനില പരിധി 20⁰-25⁰C ആണ്. അതുപോലെ തന്നെ ശക്തമായ മഴയും മുളകിന് നല്ലതല്ല, ഇത് ചെടി ചീയാൻ കാരണമാകും. പച്ചമുളകിന്റെ വിത്ത് ആണ് നടാൻ എടുക്കുന്നത്. വീട്ടില്‍ വാങ്ങുന്ന ഉണക്കമുളക് വെയിലത്ത് വെച്ച് ഉണക്കിയ ശേഷം അതിലെ അരികളും പാകാനായി എടുക്കാം.പാകുന്നതിനു അര മണിക്കൂര്‍ മുൻപ് വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കണം. ഇങ്ങനെ ചെയ്താൽ വിത്തുകള്‍ വേഗം മുളയ്ക്കുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
ഉണങ്ങിയ ചാണകപ്പൊടി, മണ്ണില്‍ ചേർത്ത് നന്നായി മണ്ണിളക്കിയശേഷം വിത്തു പാകുക. ഇവയ്ക്ക് ചെറിയ തോതിൽ ദിവസത്തിൽ ഒരു നേരം വെള്ളം തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് വന്നാൽ ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം.തൈ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കണം. മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുമ്പോൾ, വേര് പോകാതെ ശ്രദ്ധിക്കുക, തൈ പറിക്കുന്നതിന് മുൻപ് മണ്ണ് നന്നായി നനച്ചാൽ എളുപ്പത്തിൽ പറിക്കാൻ സാധിക്കും.
ഓരോ ചെടികളും തമ്മില്‍ 45– 60 സെന്‍റീ മീറ്റര്‍ അകലമുണ്ടാവണം. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. ഒരാഴ്ചയ്ക്കുശേഷം കാലിവളം, എല്ലുപൊടി എന്നിവ ഇട്ടു കൊടുക്കണം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. ചെടികള്‍ക്ക് താങ്ങു നല്കണം. പൂവിടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് അധിക ഇലകൾ നീക്കം ചെയ്യണം. നടീല്‍ കഴിഞ്ഞ് 60–80 ദിവസത്തിനുള്ളിൽ പച്ചമുളക് കായ്‌ച്ച് തുടങ്ങും. ഇതു പതിവായി പറിച്ചെടുക്കുന്നത് കൂടുതൽ പൂക്കളും കായ്‌കളും ഉണ്ടാകാൻ സഹായിക്കും.
















