ചെടികളുടെ ആരോഗ്യത്തിന് വീട്ടിൽതന്നെ പൊടികൈകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഞ്ഞി വെള്ളം. കഞ്ഞി വെള്ളത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്, അത് വ്യത്യസ്ത തരത്തിൽ ചെടികൾക്കു വളമായി ഉപയോഗിക്കാം
ചോറ് വെന്തു ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്നതിനു പകരം, അത് സൂക്ഷിച്ചു വച്ചോളൂ. നിങ്ങളുടെ അടുക്കളത്തോട്ടത്തിനും പൂന്തോട്ടത്തിനും മികച്ച വളമാണത്.രണ്ടോ മൂന്നോ ദിവസം പുളിപ്പിച്ച കഞ്ഞി വെള്ളം മൂന്നിരട്ടി വെള്ളം ചേർത്തു നേർപ്പിക്കാം. ഇത് ചെടികൾക്കു വളമായി ഉപയോഗിക്കാം.കഞ്ഞിവെള്ളത്തിലേയ്ക്ക് ശീമക്കൊന്നയുടെ ഇലകളോ ലഭ്യമായ പച്ചിലകളോ ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം. ഇത് മൂന്നു ദിവസം വരെ അടച്ചുവയ്ക്കാം. മൂന്നാം ദിവസം തുറന്ന് മൂന്നിരട്ടി വെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചെടിയുടെ ഇലകളിലും ചുവട്ടിലും ഒഴിക്കാം.
കഞ്ഞിവെള്ളത്തിലേയ്ക്ക് ചാണകപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് മൂന്നിരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിക്കാം.
കഞ്ഞി വെള്ളത്തിലേയ്ക്ക് പച്ചക്കറി വേസ്റ്റുകളോ ഭക്ഷണത്തിൻ്റെ അവശിഷ്ടങ്ങളോ ചേർക്കാം. ഇത് ഒരു ദിവസം അടച്ചു വച്ച് പിറ്റേ ദിവസം ചെടിക്കു വളമായി ഉപയോഗിക്കാം.
















