ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതേ വിട്ടിട്ട് കുറച്ചു ദിവസങ്ങള്‍ ആയിട്ടേയുള്ളൂ. തൊട്ടു പിന്നാലെയാണ് ഒരു സധാരണക്കാരന്റെ പോരാട്ടത്തിന്റെ ഫലമായി മലയാളികള്‍ ഞെട്ടിക്കുന്ന വീഡിയോ കാണുന്നത്. അതും പോലീസിന്റെ നരനായാട്ട്. ക്രമസമാധാന പാലകര്‍ തന്നെ ക്രമം തെറ്റിയ രീതിയില്‍ സമാധാനം നഷ്ടപ്പെട്ട് പാലനം നടത്തുന്നതാണ് കണ്ടത്. ഉരുട്ടിക്കൊലയും മൂന്നാം മുറയും, ഹിംസയും ഭേദ്യവുമൊക്കെ പോലീസ്‌റ്റേഷന്റെ ഇരുട്ടിലും, ക്യാമറയില്ലാത്തിടത്തുമൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. കാക്കി എന്നത്, സാധാരണക്കാരനെ വിരട്ടാനും, ഭയപ്പെടുത്താനും, എന്തിനും മുകളിലുമാണെന്ന ധാരണയിലാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. നാട്ടില്‍ ക്രമസമാധാനം കെടുത്തുന്ന ഗുണ്ടകളെയും പിടിച്ചുപറിക്കാരെയും ക്രിമിനലുകളെയും ജനങ്ങള്‍ക്കു പേടിയാണ്.
ഇപ്പോള്‍ പോലീസിനെയും സമാന രീതിയില്‍ പേടിക്കേണ്ട ഗതികേടിലാണ് ജനം. ജനത്തെ സേവിക്കുകയാണോ അതോ ഗുണ്ടകളെപ്പോലെ ജനത്തെ ഭയപ്പെടുത്തി ഭരിക്കുകയാണോ ചെയ്യുന്നത്. ജനാധിപത്യമെന്നതില്‍ പോലീസിന്റെ അധികാരം ജനങ്ങള്‍ക്കു മേല്‍ കുതിര കയറാനുള്ളതല്ല എന്നു മനസ്സിലാക്കുകയാണ് വേണ്ടത്. നോക്കൂ, രണ്ടു വര്‍ഷമെടുത്തു, പോലീസ് ചെയ്ത തെറ്റ് എന്താണെന്ന് പുറംലോകമറിയാന്‍. അതാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതും. യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധ നടപടികള്‍ കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ഇടി വീരന്‍മാരായ പോലീസുകാര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.
ഇവര്‍ കേസ് ഒതുക്കാന്‍ വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെതിരേ ചുമത്തിയിരിക്കുന്നത് ദുര്‍ബ്ബല വകുപ്പുകളാണ്. ഒരുകൊല്ലം മാത്രം തടവ് ലഭിക്കാവുന്ന കുറ്റം. രണ്ടു വര്‍ഷത്തേക്ക് ഇന്‍ക്രിമന്റ് തടഞ്ഞു. മൂന്ന് കൊല്ലത്തേക്ക് കുറ്റവാളികളായ പോലീസുകാരുടെ പ്രമോഷനും തടഞ്ഞു. ഇനി വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് കിട്ടിയിരിക്കുന്ന നിയമോപദേശം. എഫ്.ഐ.ആറിലുള്ളത് കൈകൊണ്ടടിച്ചു എന്ന് മാത്രം. അതേസമയം എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ബാക്കി നടപടി കോടതി തീരുമാനപ്രകാരം മതിയെന്നാണ് നിലപാട്. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കാര്യമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. കേസുമായി മുമ്പോട്ട് പോയതോടെ സുജിത്തിനെ പണം നല്‍കി സ്വാധീനിക്കാനും കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നതായി സുജിത് വെളിപ്പെടുത്തി.
എത്ര പണം വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നാണ് പോലീസിനുവേണ്ടി ഇടപെട്ടവര്‍ വാഗ്ദാനം ചെയ്തതെന്നും ലക്ഷങ്ങളാണ് വാഗ്ദാനം ചെയ്തതെന്നുമാണ് സുജിത് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്നെ മര്‍ദിച്ച എല്ലാ പൊലീസുകാര്‍ക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് സുജിത്ത് പറഞ്ഞു. അഞ്ചുപേര്‍ മര്‍ദ്ദിച്ചതില്‍ നാലു പൊലീസുകാര്‍ക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കേസില്‍ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് പറയുന്നു. സുഹൈര്‍ പൊലീസ് സ്റ്റേഷന് മുകളിലത്തെ നിലയില്‍ വച്ചാണ് സുജിത്തിനെ മര്‍ദിച്ചത്. സുഹൈര്‍ ഇപ്പോള്‍ പോലീസ് വകുപ്പ് വിട്ട് റവന്യൂ വകുപ്പിലേക്ക് മാറി. വില്ലേജ് ഓഫീസില്‍ ജോലി ചെയ്തു വരികയാണ് സുഹൈര്‍. അഞ്ചു പേരും ക്രൂരമായി മര്‍ദ്ദിച്ചു. എല്ലാത്തിനും സുഹൈര്‍ ഒപ്പമുണ്ടായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാത്താതിനാല്‍ സുഹൈറിനെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസുകാര്‍ പണം ഓഫര്‍ ചെയ്തുവെന്ന് സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ തരാം എന്ന് വരെ അറിയിച്ചു. ഇടനിലക്കാര്‍ മുഖാന്തരവും അല്ലാതെയും ആണ് പണം ഓഫര്‍ ചെയ്തത്. കൂടുതല്‍ തുക വേണമെങ്കിലും തരാന്‍ തയ്യാറായിരുന്നുവെന്നും സുജിത്ത്പറയുന്നു.
ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. പിന്നാലെ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 2023 ഏപ്രില്‍ അഞ്ചാം തീയതി ചൊവ്വന്നൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരം സുജിത്തിന് തന്നെയായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ നുഹ്മാന്‍, സുജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരും സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു.
ജീപ്പില്‍ നിന്ന് സുജിത്തിനെ ഇറക്കി ഉള്ളിലേക്ക് കയറ്റുമ്പോള്‍ തന്നെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് സുജിത്ത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി.
CONTENT HIGH LIGHTS; Is there a breach of order or peacekeeping?: What happened in Kunnamkulam should not be an isolated incident?; Is the sight of police brutality shocking?
















