സ്ത്രീ പീഡന വിവാദത്തില്‍ കുരുങ്ങിപ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാന്‍ പുതിയ ക്യാമ്പെയിന്‍ ആരംഭിച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ സീജി കടയ്ക്കല്‍ എന്ന ആളുടെ നമ്പറില്‍ വിളിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടിയുള്ള പിന്തുണ നല്‍കണം എന്നാണ് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്ത പോലീസും, രാഹുല്‍ മാങ്കൂട്ടത്തെ രാഷ്ട്രീയമായി തകര്‍ക്കാനിറങ്ങിയ ഇടതുപക്ഷവുമൊന്നുമല്ല യഥാര്‍ഥ ശത്രുവെന്നു കൂടി പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഈശ്വര്‍. അപ്പോള്‍ ആരാണ് ഈ പെണ്ണുകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ശക്തമായി നില്‍ക്കുന്നതെന്ന് സ്വാഭാവികമായും തോന്നാം.
എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യഥാര്‍ഥ ശത്രു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്. അദ്ദേഹം ഒരു പിതാവിന്റെ റോളില്‍ റിനി ആന്‍ ജോര്‍ജിന്റെ ആരോപണം ഏറ്റെടുത്തതു കൊണ്ടാണ് ഇപ്പോഴുള്ള പുകിലെല്ലാം നടക്കുന്നത്. റിനി ആന്‍ ജോര്‍ജ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉന്നയിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞൊരു കാര്യമുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് നേരത്തെ പറഞ്ഞിരുന്നുവെന്നും, അദ്ദേഹം ഒരു പിതാവിന്റെ സ്ഥാനത്താണെന്നും ആണ് പറഞ്ഞിട്ടുള്ളത്. ഇത് വി.ഡി. സതീശനിലെ അച്ഛനെ ഉണര്‍ത്തിയതോടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നതിലുപരി, തന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചവന്‍ എന്ന നിലയിലേക്ക് കാര്യങ്ങളെ വി.ഡി. സതീശന്‍ എടുത്തു. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകിയത്.
മറ്റാരെക്കാളും ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ വി.ഡി. സതീശന്‍ എടുത്തിരിക്കുന്നത്. കടുത്ത നടപടി വേണമെന്ന് വി.ഡി. സതീശന് തോന്നാനുണ്ടായ കാരണവും മറ്റൊന്നല്ല. ട്രാന്‍സ് വുമണോ, ഗര്‍ഭഛിദ്ര പരാതികളോ ഒന്നും വി.ഡി. സതീശനില്‍ ചലനം സൃഷ്ടിച്ചില്ലെങ്കിലും റിനി ആന്‍ ജോണിന്റെ പിതൃതുല്യതയും രാഹുലിനെതിരേയുള്ള പരാതിയും സതീശനെ വല്ലാതെ ചുഴറ്റിയടിച്ചു എന്നുവേണം കരുതാന്‍. ഇതിന്റെ ഭാഗമായാണ് വി.ഡി. സതീശന്‍ എന്ന കോണ്‍ഗ്രസ് നേതാവും, പ്രതിപക്ഷ നേതാവും ചേര്‍ന്ന് രാഹുലിനെ യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും ഇറക്കിയതും, കെ.പി.സി.സി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതും.
നിയമസഭയിലേക്കുള്ള പാലക്കാട് എംഎല്‍.എ എന്ന വരവും രാഹുലിന് ഉണ്ടാകില്ല. അതിനെയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ബ്ലോക്ക് ചെയ്യുമെന്നുറപ്പാണ്. ഉമ്മന്‍ചാണ്ടി പോലും തനിക്കെതിരേ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണപക്ഷം നടത്തിയ ലൈംഗീകാരോപണ കേസില്‍ മനസാക്ഷിയുടെ കോടതിയില്‍ താന്‍ തെറ്റുകാരനല്ല എന്നാണ് പറഞ്ഞിരുന്നത്. അന്ന്, ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയുടെ കോടതിയെ അംഗീകരിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തവര്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൂശിക്കുമ്പോള്‍ വി.ഡി. സതീശന്റെ ബോധ്യങ്ങളോടാണ് പ്രാമുഖ്യം കാട്ടുന്നത്. സതീശന്റെ ബോധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരേ നടപടി എടുത്തതെന്ന് പറയേണ്ടി വരും.
വി.ഡി. സതീശന്‍ പറഞ്ഞത്
തീരുമാനങ്ങള്‍ എടുക്കുന്ന ആളുകളെയല്ലേ വിമര്‍ശിക്കാനാവൂ. നിലപാട് എടുക്കുന്നവരെയല്ലേ വിമര്‍ശിക്കാനാവൂ. കേരളം മുഴുവന്‍ അലയടിച്ച് എന്റെ മുമ്പിലേക്കു വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത തീരുമാനങ്ങളില്‍ നിന്നും ഒരു മാറ്റവും ഉണ്ടാകില്ല. എന്റെ ബോധ്യങ്ങളില്‍ നിന്നുമാണത്. ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. കൂട്ടായെടുത്ത തീരുമാനമാണ്. എല്ലാ നേതാക്കളും ചേര്‍ന്ന് കൂട്ടായി ഏകകണഠമായി എടുത്ത തീരുമാനമാണ്. പക്ഷെ, ആ തീരകുമാനത്തിന്റെ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. കേരളം മുഴുവന്‍ കടലുപോലെ അലയടിച്ചു വന്നാലും ബോധ്യങ്ങളില്‍ നിന്നുമാണ് ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. ആ തീരുമാനത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ല. അത് നിലപാടാണ്. നിലപാടെടുക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടാകും. ഉത്തരം ഇല്ലാത്ത ആളുകളുണ്ടാകും. നമ്മുടെ ബോധ്യമാണ്. നമ്മള്‍ അത് പരിശോധിച്ച്, ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ചെടുത്ത തീരുമാനമാണ്. നൂറു ശതമാനവും അത് ശരിയാണെന്ന് ഉറപ്പിച്ചു പറയുന്ന ഒരാളാണ് ഞാന്‍.
പക്ഷെ, ഇതേ തീരുമാനം പലര്‍ക്കും ഇല്ല എന്നതാണ് വസ്തുത. അടൂര്‍ പ്രകാശിന് ഈ തീരുമാനം ഉണ്ടോ. എം.എം ഹസന് ഈ തീരുമാനം ഉണ്ടോ. കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഈ തീരുമാനമുണ്ടോ. 100 ശതമാനവും അത് ശരിയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് എങ്ങനെയാണ്. പോലീസ് അന്വേഷിച്ചോ, അതോ കേസെടുത്ത് കോടതി ശിക്ഷിച്ചോ. തെളിവുണ്ടോ. ഏത് രീതിയിലാണ് രാഹുല്‍ തെറ്റുകാരനെന്ന് പറയുന്നത്. പ്രതിപക്ഷ നേതാവിന്റെ അന്വേഷണം ഏത് രീതിയില്‍ ആയിരുന്നു എന്നുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്തു സംഭവിച്ചാലും കോണ്‍ഗ്രസിന്റെ തീരുമാനം മാറില്ല. സോഷ്യല്‍ മീഡിയ നോക്കിയല്ല തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്‍ പറയുന്നതിനെതിരേയാണ് രാഹുല്‍ ഈശ്വര്‍ തന്റെ ക്യാംമ്പെയിന്‍ നടത്തുന്നത്.
വി.ഡി. സതീശന്റെ പ്രസ് സെക്രട്ടറിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാടെടുക്കാന്‍ പ്രസ് സെക്രട്ടറിയെ വിളിച്ചു പറയണമെന്നാണ് ക്യംമ്പെയിന്‍. എല്ലാവരും വിളിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. കോടതി ശിക്ഷിക്കുകയോ, പോലീസ് കേസെടുത്ത് അന്വേഷിച്ചുകയോ ചെയ്യുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവിന്റെ ബോധ്യങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍, അത് പോലീസിന് കൈമാറുകയാണ് വേണ്ടത്. അങ്ങനെ വ്യക്തമായ തെളിവുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷിക്കണം. അല്ലാതെ തെളിവുമില്ല, സാക്ഷിയുമില്ല, കേസുമില്ല, പ്രോപ്പര്‍ പരാതിയുമില്ലാതെ രാഹുല്ി# മാങ്കൂട്ടത്തിലിനെ വെറും ബോധ്യത്തിന്‍രെ അടിസ്ഥാനത്തില്‍ ശിക്ഷിച്ച നടപടി പുന പരിശോഘിക്കാന്‍ വേണ്ടിയാണ് ക്യാംമ്പെയിന്‍.
നോക്കൂ, ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ സമര്‍പ്പിച്ച എഫ്ഐആറില്‍ ഉള്ളത് അന്വേഷകര്‍ക്ക് ഇരയെ കുറിച്ച് ഒരു തുമ്പും ഇല്ലെന്നാണ് സൂചന. എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തു വരികയും ചെയ്തിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളയാളാണ് ഇരയായതെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇരയുടെ കോളത്തില്‍ ഒരാളുടെ സൂചന മാത്രമാണുള്ളത്. ഇവര്‍ക്ക് 18നും 60നും ഇടയിലാണ് പ്രായമെന്നാണ് വിശദീകരിക്കുന്നത്. അതായത് ആരാണ് ഇരെന്ന് പോലും പോലീസിന് പിടികിട്ടിയിട്ടില്ല. അത്തരമൊരു മൊഴി പരാതിക്കാര്‍ക്കും നല്‍കാനായിട്ടില്ല. എന്നാല്‍ കുറ്റകൃത്യം വിശദീകരിക്കുന്ന സ്ഥലത്ത് സ്ത്രീകളെ എന്ന് പറയുന്നുമുണ്ട്.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബിഎന്‍എസിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്ന് പുറത്തു വന്ന രേഖകളില്‍ വ്യക്തം. ഈ പതിനൊന്ന് പേരും പീഡനത്തിന് ഇരയായവര്‍ അല്ല. മറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്ത കണ്ട് പരാതി നല്‍കിയവരാണ്. ബാലാവകാശ കമ്മീഷനില്‍ നിന്നും അയച്ചു കിട്ടിയ 10 പരാതികളുമുണ്ട്. ഇതില്‍ ഗര്‍ഭഛിദ്രം നടന്നുവെന്ന് വിശദീകരിക്കുന്ന അഞ്ച് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസെടുക്കല്‍ എന്നാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്.
പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് വഴി കൈമാറി കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍. ഓഗസ്റ്റ് 27നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഇരയെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞോ എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, ലൈംഗിക പീഡന പരാതികളിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. രണ്ട് യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷക സംഘത്തിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍വെച്ചാണ്. ഇത് സ്ഥിരീകരിക്കാന്‍ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും. അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും സൂചനകള്‍ പുറത്തു വരുന്നു. എന്നാല്‍ ഒരു സൂചനകളും പോലീസിന് കിട്ടിയിട്ടില്ലെന്നതിന്റെ സൂചനയാണ് എഫ് ഐ ആറിലെ പ്രായം വിശദീകരിക്കലും അഡ്രസ് നല്‍കലും. ഇത്തരമൊരു എഫ് ഐ ആര്‍ കേരളാ പോലീസ് ചരിത്രത്തില്‍ പോലും ഉണ്ടായിട്ടില്ലെന്ന് കരുതുന്നുവരുമുണ്ട്. അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായും അന്വേഷക സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയപരിശോധനയും നടത്തും. അപ്പോഴും ആ ഇരയെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ കേസ് എല്ലാം അപ്രസക്തമായി മാറും. ഈ യുവതിയുടെ ശബ്ദം ആരെന്ന് മാങ്കൂട്ടത്തില്‍ പറഞ്ഞാല്‍ മാത്രം പോലീസിന് മൊഴി എടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിലയിരുത്തലുണ്ട്.
CONTENT HIGH LIGHTS; Is this Rahul Mangkootatil’s real enemy?: Why was he punished based on convictions without a complaint or evidence?; Rahul Easwar again with a new campaign?
















