ജീവിത രീതികള്‍ മാറി. കൊഴുപ്പടങ്ങിയ ഭക്ഷണം നിത്യഭക്ഷണമായി. വ്യായാമം ഇല്ലാതായി. നിരന്തരം സാരീരിക പരിശോധനകള്‍ ഇല്ലാതായി. ചെറിയ ചെറിയ ശാരീരിക പ്രശ്‌നങ്ങളെ കാര്യമാക്കാതെ മുന്നോട്ടു പോയി. ഒടുവില്‍ ഒന്നുമറിയാതെ പെട്ടെന്നൊരു ദിവസം ഹൃദയം അതിന്റെ പണി നിര്‍ത്തി വിശ്രമിക്കും. അതോടെ നമ്മുടെ ഭൂമിയിലെ വാസവും അവസാനിക്കും. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന തത്വമൊക്കെ പ്രായമായി മരിക്കുന്നവര്‍ക്ക് ചേരുന്നതാണ്. എന്നാല്‍, ജീവിതത്തിന്റെ നല്ല സമയങ്ങളില്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചാല്‍, അത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. സമൂഹത്തിനും, കുടുംബത്തിനും.
അത് ഒഴിവാക്കുകയെന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഹൃദയത്തെ അതിന്റെ ജോലി ചെയ്യാന്‍ നമ്മള്‍ ഒരു തടസ്സവും സൃഷ്ടിക്കാന്‍ പാടില്ല. ജനിച്ചു വീഴുന്ന കുട്ടിയുടെ ഹൃദയം എത്ര നല്ല രീതിയിലായിരിക്കും ജോലി ചെയ്യുന്നത്. എന്നാല്‍, ആ കുട്ടി വളരുന്തോറും അതിന്റെ ഹൃദയമിടിപ്പിന്റെ രീതിയും വേഗവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇതെല്ലാം ശരീരത്തിനാവശ്യമായ ഊര്‍ജ്ജത്തില്‍ നിന്നുമാണ് നടക്കുന്നതും. തലച്ചോറില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനവും ഹൃദയമിടിപ്പും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത് തിരിച്ചടിറിയേണ്ട കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. കാലാവസ്ഥ, ജീവിത ശൈലി, ഭക്ഷണക്രമങ്ങള്‍, വിഭവങ്ങള്‍, ഉറക്കം എന്നിവയെല്ലാം മാറിയിരിക്കുന്നു.
മണ്ണില്‍ പണിയെടുക്കുന്നവരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നു. കമ്പ്യൂട്ടറിലും മറ്റ് വൈറ്റ്‌കോളര്‍ ജോബുകളും മാത്രമാണ് ഇന്നത്തെ ലോകത്തിന്റെ രീതി. അപ്പോള്‍ ഹൃദയാഘാതം വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനെ പ്രതിരോധിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. ഹൃദയാഘാതം സംഭവിച്ചുന്ന ഒരാളെ എങ്ങനെയെല്ലാം ചികിത്സിക്കാമെന്നോ, പ്രാഥമിക ചികിത്സ നല്‍കാമെന്നോ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പക്ഷെ, ഇത്തരം കാര്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ട കാലമാണെന്ന് ചിന്തിക്കുന്നതിലും തെറ്റില്ല. കാരണം, ഒരു മനുഷ്യന്റെ ജീവന്റെ വിലയുള്ള പ്രവൃത്തി ചെയ്യാന്‍ മറ്റൊരാള്‍ക്ക് തോന്നുകയും അതിനുള്ള ധൈര്യവും വേണം എന്നത് പ്രാഥമികതയാണ്.
ഒപ്പം നടക്കുന്ന ഒരാള്‍ അല്ലെങ്കില്‍ നമ്മള്‍ കണ്ടു കൊണ്ടു നില്‍ക്കുന്ന ഒരാള്‍ പെട്ടന്ന് കുഴഞ്ഞു വീഴുന്നതു ആലോചിച്ചു നോക്കൂ. എന്തായിരിക്കും നമ്മുടെ പ്രതികരണം. സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ കരഞ്ഞു ബഹളം വെക്കും നമ്മള്‍. അപരിചിതന്‍ ആണെങ്കിലോ ?. ഓടിച്ചെന്നു വെറുതേ നോക്കി നില്‍ക്കും. എന്നാല്‍ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവന്‍ ആയിരിക്കും നമ്മുടെ മുന്നില്‍ കിടക്കുന്നത്. ഇവിടെയാണ് basic life support ന്റെ പ്രസക്തി. തളര്‍ന്നു വീഴാന്‍ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. അതിനാല്‍ basic life support കൊടുക്കുക എന്നത് ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍മാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്. പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയും..
എന്താണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഹൃദയമോ ശ്വാസകോശമോ രണ്ടും ഒന്നിച്ചോ പ്രവര്‍ത്തന രഹിതമായ ഒരു വ്യക്തിക്ക് താല്‍ക്കാലികമായി ആ പ്രവര്‍ത്തനം നമ്മള്‍ ചെയ്തു കൊടുക്കുന്നതാണ് ബേസിക് ലൈഫ് സപ്പോര്‍ട്ട്. Cardiopulmonary resuscitation അഥവാ CPR എന്നത് അതിന്റെ ഏറ്റവും പ്രധാന ഘടകമാണ്. പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാന്‍ പഠിക്കാന്‍.
പെട്ടന്ന് ഒരാള്‍ കുഴഞ്ഞു വീഴാന്‍ അനേകം കാരണങ്ങളുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് പ്രധാനമായും. പലപ്പോഴും cardiac arrest അഥവാ ഹൃദയ സ്തംഭനം ഹാര്‍ട്ട് അറ്റാക്കുമായി ജനങ്ങള്‍ തെറ്റിദ്ധരിക്കാറുണ്ട്. അവ രണ്ടും ഒന്നല്ല. Cardiac arrest സംഭവിക്കുന്നത് അധികവും ഹൃദയത്തിന്റെ മിടിപ്പിന്റെ താളത്തില്‍ ഉള്ള വ്യതിയാനം കൊണ്ടാണ്. Arrhythmia എന്നാണ് ഈ വ്യതിയാനത്തെ പറയുന്നത്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് എന്നാല്‍ ഹൃദയത്തിലേക്ക് രക്തം കൊണ്ടു പോവുന്ന ധമനികള്‍ അടഞ്ഞു പോവുന്നത് മൂലം ഹൃദയ പേശികള്‍ക്കുണ്ടാവുന്ന ക്ഷതമാണ്. ഹാര്‍ട്ട് അറ്റാക് വരുന്ന എല്ലാവര്‍ക്കും ഹൃദയ സ്തംഭനം വരാറില്ല. എന്നാല്‍ arrhythmia മൂലം സംഭവിക്കുന്ന ഹൃദയ സ്തംഭനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നു ഹാര്‍ട്ട് അറ്റാക്ക് തന്നെയാണ്.
വഴിയില്‍ കുഴഞ്ഞു വീഴുന്ന ഒരാളെ എങ്ങനെ കൈകാര്യം ചെയ്യാം
കുഴഞ്ഞു വീഴുന്ന ആള്‍ക്ക് സി.പി.ആര്‍ ആവശ്യം ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഹൃദയസ്തംഭനം ആണോ എന്ന് തിരിച്ചറിയണം. ചെറിയ തലകറക്കം മൂലം വീഴുന്നവര്‍, ഷുഗര്‍ കുറഞ്ഞു ബോധം കെട്ടു വീഴുന്നവര്‍, അപസ്മാര സംബന്ധമായ പ്രശ്നങ്ങള്‍, സ്ട്രോക്ക് മൂലം വരുന്ന paralysis തുടങ്ങിയവ കാരണം വഴിയില്‍ വീഴുന്നവരുടെ ഹൃദയവും ശ്വാസകോശവും സാധാരണ ഗതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. അവര്‍ക്ക് CPR ആവശ്യം ഇല്ല. വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയെ വേണ്ടൂ. മദ്യപിച്ചു വഴിയില്‍ കിടക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല എന്നോര്‍ക്കണം.
ഇത്തരം ആളുകളുടെ മേല്‍ CPR ചെയ്താല്‍ അത് അതിലും വലിയ അപകടമാകും. വീണു കിടക്കുന്ന ആളെ വെപ്രാളം കാണിക്കാതെ ശക്തമായി കുലുക്കി വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുന്നേ ആള്‍ കിടക്കുന്ന സ്ഥലം സുരക്ഷിതമല്ലെങ്കില്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി കിടത്തണം. പ്രതികരണം ഒന്നും ഇല്ലെങ്കില്‍ കൂടുതല്‍ ആളുകളുടെ സഹായം കിട്ടാന്‍ ഉറക്കെ വിളിക്കണം. ഹൃദയസ്തംഭനം നേരിട്ട ഒരു വ്യക്തിയെ ഒരാള്‍ക്ക് ഒറ്റയ്ക്ക് അധിക സമയം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അടുത്ത പടിയായി രോഗിയുടെ പള്‍സും ശ്വസനവും പരിശോധിക്കണം. കഴുത്തിന്റെ മുന്‍വശത്ത് മധ്യത്തില്‍ ഉള്ള, പെട്ടെന്ന് തൊട്ടു മനസ്സിലാക്കാവുന്ന എല്ലിന് ഇരു വശങ്ങളിലുമായി തലയിലേക്ക് രക്തം വഹിച്ചു കൊണ്ടു പോവുന്ന ധമനികളാണ് കാരോട്ടിഡ് ആര്‍ട്ടറികള്‍.
ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ചു പതുക്കെ അമര്‍ത്തി നോക്കിയാല്‍ carotid ധമനിയുടെ ഇടിപ്പു എളുപ്പത്തില്‍ അറിയാന്‍ കഴിയും. ഇതാണ് carotid pulse. രണ്ടു കരോട്ടിഡുകളും ഒരുമിച്ചു അമര്‍ത്തി നോക്കരുത്. സ്വന്തം carotid pulse എല്ലാവരും ഒന്നു സ്വയം പരിശോധിക്കുന്നത് നല്ലതാണ്. എങ്കില്‍ മാത്രമേ ഒരു അവശ്യഘട്ടത്തില്‍ നമുക്ക് മറ്റൊരാളുടെ പള്‍സ് പരിശോധിക്കാന്‍ കഴിയൂ. ചുരുങ്ങിയത് 5 സെക്കന്റ് എങ്കിലും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ പള്‍സ് ഇല്ല എന്ന നിഗമനത്തില്‍ എത്താന്‍ പാടുള്ളു. എന്നാല്‍ 10 സെക്കന്റില്‍ ഏറെ പള്‍സ് തിരഞ്ഞു സമയം കളയരുത്. വൈകും തോറും രോഗി രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു വരും. പള്‍സ് നോക്കുന്ന സമയത്തു തന്നെ രോഗിയുടെ നെഞ്ചിന്റെ അനക്കം ശ്രദ്ധിച്ചു ശ്വസിക്കുന്നുണ്ടോ എന്നു മനസിലാക്കാം.
അതിനായി വേറെ സമയം കളയേണ്ടതില്ല. പള്‍സും ശ്വാസവും ഇല്ലെങ്കില്‍ ഉടനടി CPR തുടങ്ങണം. ആദ്യം ചെയ്യേണ്ടത് ഹൃദയത്തിന്റെ ഭാഗത്തു കൈ കൊണ്ട് ശക്തമായി അമര്‍ത്തി രക്തം പമ്പ് ചെയ്യാന്‍ സഹായിക്കലാണ്. നെഞ്ചിന്റെ മധ്യത്തില്‍ നീളത്തില്‍ ഷീറ്റ് പോലെയുള്ള എല്ലാണ് sternum. Sternum തിന്റെ താഴെ പകുതിക്ക് പുറകില്‍ ആണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കൈ പത്തികൊണ്ട് താഴേക്കു ശക്തമായി അമര്‍ത്തി ഹൃദയതിന്റെ അറകളില്‍ നിന്നു രക്തം പ്രധാന ധമനിയിലേക്ക് തള്ളിക്കുകയാണ് ചെയ്യുന്നത്. രോഗിയുടെ വശത്തു ഇരുന്നു കൈ മുട്ടുകള്‍ മടങ്ങാതെ ഒരു കൈ പത്തി മേല്‍ പറഞ്ഞ സ്ഥലത്തു വച്ചു മറു കൈപ്പത്തി അതിനു മുകളില്‍ വച്ചു, തോളും കൈ മുട്ടും കൈ പത്തിയും ഒരു ലൈനില്‍ വരുന്ന രൂപത്തിലാണ് ചെസ്റ്റ് കംപ്രഷന്‍ കൊടുക്കേണ്ടത്.
ഒരു മിനിറ്റില്‍ 100-120 compression എന്ന തോതില്‍ വേണം compression കൊടുക്കാന്‍. ഓരോ അമര്‍ത്തല്‍ കഴിഞ്ഞാലും കൈ അയച്ചു നെഞ്ചിനെ പൂര്‍ണ്ണമായും പഴയ position ലേക്ക് വരാന്‍ അനുവദിക്കണം. Compression കൊടുക്കുന്നത് മറ്റു പ്രാധാന്യം ഇല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ഇടക്ക് നിര്‍ത്താതെ നോക്കണം. 10 സെക്കന്റിനു മുകളില്‍ compression മുടങ്ങിയാല്‍ രോഗിയുടെ സ്ഥിതി മോശമാവാന്‍ സാധ്യത കൂടുതലാണ്. ഇതോടൊപ്പം തന്നെ രോഗിയുടെ ശ്വസനവും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ശ്വാസം എടുക്കുന്നില്ലെങ്കില്‍ ഓരോ 30 chest compression ന് ശേഷവും 2 ശ്വാസം കൊടുക്കണം.
30 compression കൊടുത്തു കഴിഞ്ഞ ഉടനെ രോഗിയുടെ തല ഭാഗത്തേക്ക് നീങ്ങുക. ഒരാള്‍ എഴുന്നേറ്റു നിന്നു നേരെ മുകളിലേക്കു നോക്കുമ്പോള്‍ എങ്ങനെയാണോ തലയുടെയും കഴുത്തിന്റെയും പൊസിഷന്‍, അതേ പോലെ രോഗിയുടെ തലയും കഴുത്തും പൊസിഷന്‍ ചെയ്യണം. നെറ്റിയുടെ മേല്‍ ഒരു കൈ വച്ചു താഴോട്ടും താടി മേല്‍ ഒരു കൈ വച്ചു മുകളിലൊട്ടും പതിയെ തള്ളിയാല്‍ മതിയാകും. നെറ്റിയില്‍ വച്ച കൈ കൊണ്ട് രോഗിയുടെ മൂക്ക് പൊത്തി പിടിച്ചു വായയുടെ മേല്‍ സ്വന്തം വായ് വച്ചു 2 തവണ ഉള്ളിലേക്ക് ഊതിയാണ് ശ്വാസം കൊടുക്കേണ്ടത്. ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ക്ക് വായില്‍ ഊതി ശ്വാസം കൊടുക്കാന്‍ മടി തോന്നുണ്ടെങ്കില്‍ ചുരുങ്ങിയ പക്ഷം chest compression എങ്കിലും കൊടുക്കുക. അതുതന്നെ ചിലപ്പോള്‍ ജീവരക്ഷയ്ക്ക് ഉതകുന്നതാവും.
രോഗിയുടെ വായ്ക്കു മേല്‍ കനം കുറഞ്ഞ എന്തെങ്കിലും ടവല്‍ വിരിച്ചു അതിലൂടെ ഊതുന്നത് രോഗിയുടെ ഉമിനീരുമായി സമ്പര്‍ക്കം വരാതിരിക്കാന്‍ സഹായിക്കും. ഓരോ സെക്കന്റ് ദൈര്‍ഘ്യമുള്ള 2 ശ്വാസം കൊടുത്ത ഉടനെ തിരിച്ചു പഴയ പൊസിഷനില്‍ വന്നു chest compression പുനരാരംഭിക്കണം. 30 compression കഴിഞ്ഞു വീണ്ടും പഴയ പോലെ ശ്വാസം കൊടുക്കണം. ഇതിനിടെ സഹായത്തിനു ഒരാളെ കിട്ടിയാല്‍ chest compression ഒരാളും ശ്വാസം കൊടുക്കല്‍ മറ്റേ ആളും ഏറ്റെടുക്കണം. Chest compression കൊടുക്കുന്ന ആള്‍ പെട്ടന്ന് ക്ഷീണിക്കാന്‍ സാധ്യതയുള്ളതിനാല്‍ 30 compression, 2 ശ്വാസവും 5 തവണ കൊടുത്തു കഴിഞ്ഞാല്‍ chest compression നിലവില്‍ ശ്വാസം കൊടുക്കുന്ന ആള്‍ ഏറ്റെടുത്തു ആ ജോലി മറ്റേ ആള്‍ക്ക് കൈ മാറണം. ഓരോ 5 cycle കഴിയുമ്പോളും ഇങ്ങനെ പരസ്പരം മാറണം.
ഓരോ 5 cycle കഴിയുമ്പോളും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട്. ഹൃദയം സ്വയം പ്രവര്‍ത്തനക്ഷമമായോ എന്നു നോക്കേണ്ടതുണ്ട്. നേരത്തെ കാരോട്ടിഡ് പള്‍സ് നോക്കിയ പോലെ വീണ്ടും നോക്കണം. ശ്വാസം കൊടുക്കുന്ന ആളും chest compression കൊടുക്കുന്ന ആളും പരസ്പരം ജോലി മാറുന്ന സമയത്തു സമയ നഷ്ടം കൂടാതെയാണ് പള്‍സ് നോക്കേണ്ടത്. പള്‍സ് നോക്കുന്നതില്‍ പ്രാവീണ്യം ഇല്ലാത്ത ആളുകള്‍ അതിനു വേണ്ടി സമയം പാഴാക്കാതെ രോഗി ശ്വസിക്കുന്നുണ്ടോ അല്ലെങ്കില്‍ ജീവന്റെ മറ്റു ലക്ഷണങ്ങള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുന്നതാണ് നല്ലതു. പള്‍സ് ഉണ്ടെങ്കില്‍ chest compression ആവശ്യമില്ല. പള്‍സ് വന്ന ശേഷം രോഗി സ്വയം ശ്വസിക്കുന്നുണ്ടെങ്കില്‍ ശ്വാസം കൊടുക്കുന്നത് നിര്‍ത്താം. അല്ലെങ്കില്‍ ഓരോ 5-6 സെക്കന്റില്‍ ഒരു ശ്വാസം എന്ന മട്ടില്‍ കൊടുക്കണം. പള്‍സും ശ്വാസവും വന്നില്ലെങ്കില്‍ ആശുപത്രിയില്‍ എത്തുന്നത് വരെയോ emergency medical team എത്തുന്നത് വരെയോ CPR തുടരണം.
CONTENT HIGH LIGHTS; What is Basic Life Support?: Are you sure you’re having a heart attack?; If so, you should know this?; Do you know how to give CPR?
















