വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റുകാരനെ വീണ്ടും കേരളം ഒന്നാകെ ഒര്‍മ്മിക്കുകയാണ്. പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ അടക്കി മണ്ണായവലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങിയെങ്കിലും വി.എസ് ഉര്‍ത്തിയ വിപ്ലവങ്ങളൊന്നും കേരളം മറക്കില്ല. അതു തന്നെയാണ് ഇന്ന് ആരംഭിച്ച നിയമസഭാ സമ്മേളനത്തിലം കണ്ടത്. വീണ്ടും ആ രണ്ടക്ഷരത്തെ ഓര്‍മ്മിക്കുകയായിരുന്നു. നിയമസഭയില്‍ ചരമോപചാരം അര്‍പ്പിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീറിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചു. മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ആദരാഞ്ജലി പ്രസംഗം പൂരപ്#ണ്ണ രൂപത്തില്‍
കേരളത്തിന്റെ ആദരണീയനായ മുന്‍മുഖ്യമന്ത്രിയും ഈ സഭയില്‍ ദീര്‍ഘകാലം അംഗവുമായിരുന്ന ശ്രീ. വി എസ് അച്യുതാനന്ദന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അദ്ധ്യായത്തിനാണ് വി എസ്സിന്റെ മരണത്തോടെ തിരശ്ശീല വീണിരിക്കുന്നത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂര്‍ത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും കാലാതിവര്‍ത്തിയായി നിലകൊള്ളും, തലമുറകള്‍ക്കു പ്രചോദനവുമാകും.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്നതിലുപരി കേരളചരിത്രത്തിലെ പല സുപ്രധാന ഏടുകളെയും വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടിയായിരുന്നു സഖാവ് വി എസ്. സാമ്രാജ്യത്വവിരുദ്ധ – ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തെ, നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തെ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാരംഭഘട്ടത്തെ, എല്ലാം വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ചിരുന്ന വി എസ് എന്ന കണ്ണി അറ്റുപോയിരിക്കുകയാണ്. അത് കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു നൂറ്റാണ്ടോളം കാലം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നില്‍ക്കുക, ആ ഘട്ടത്തിലെല്ലാം ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുക, അവ പരിഹരിക്കുന്നതിനായി നിലകൊള്ളുക, ഇതെല്ലാം ചെയ്ത അപൂര്‍വ്വം രാഷ്ട്രീയ പ്രവര്‍ത്തകരേ ലോകചരിത്രത്തില്‍ തന്നെ ഉണ്ടാവുകയുള്ളൂ. ആ നിരയിലാണ് സഖാവ് വി എസ്സിന്റെ സ്ഥാനം. നിയമസഭാ സാമാജികന്‍, പ്രതിപക്ഷ നേതാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവ് തുടങ്ങി പല നിലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. പുന്നപ്ര – വയലാര്‍ വിപ്ലവത്തോട് അഭേദ്യമായി ചേര്‍ന്നുകിടക്കുന്നതുമാണ് അത്.
ഒരു സാധാരണ തൊഴിലാളി എന്ന നിലയില്‍ നിന്ന് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വി എസ് മാറിയതിനു പിന്നില്‍ സഹനത്തിന്റെയും യാതനയുടെയും അതിജീവനത്തിന്റെയും നിരവധിയായ ഏടുകളുണ്ട്. കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.
തുടക്കത്തില്‍ ജനകീയ പോരാട്ടങ്ങളുടെ സമരനായകന്‍ ആയിരുന്നെങ്കില്‍ അവസാനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണത്തെ ജനകീയമാക്കി പരിഷ്‌കരിക്കുന്നതിനുള്ള നായകത്വവും അദ്ദേഹം വഹിച്ചു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ ജനോന്മുഖവും അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കു വഴിതെളിക്കുന്നതുമായ എത്രയോ നടപടികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
കേവലരാഷ്ട്രീയത്തിനപ്പുറത്തേക്കു പോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളില്‍ വി എസ് വ്യാപരിച്ചു. അതിന് പാര്‍ട്ടി അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി. ആ പ്രക്രിയയിലാണ് പാര്‍ട്ടി നേതാവായിരിക്കെത്തന്നെ പൊതുസമൂഹത്തിനാകെ സ്വീകാര്യമാവുന്ന തലത്തിലേക്കു വി എസിന്റെ രാഷ്ട്രീയ വ്യക്തിത്വം ഉയര്‍ന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്ക് പരിസ്ഥിതിയടക്കമുള്ള കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതില്‍ വി എസ്സിന്റെ പങ്ക് അവിസ്മരണീയമാണ്.
ഒളിവിലും തെളിവിലുമായി അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. ഐക്യകേരളത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിലും സജീവമായി. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1959 ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. മിച്ചഭൂമി സമരമടക്കം എത്രയോ ധീരസമരങ്ങള്‍ക്കു നേതൃത്വം നല്‍കി വി എസ്.
വിവിധ കാലഘട്ടങ്ങളിലായി അഞ്ചര വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്നതായിരുന്നു വി എസ്സിന്റെ തടവു ജീവിതം. 1964 മുതല്‍ സി പി ഐ(എം) കേന്ദ്ര കമ്മിറ്റി അംഗമായും 1985 മുതല്‍ പോളിറ്റ്ബ്യൂറോ അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 92 വരെ സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയായും, 1996 മുതല്‍ 2000 വരെ എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു.
2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രി. 2011 മുതല്‍ 2016 വരെ വീണ്ടും പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ തുടര്‍ന്നു. 1967, 70 എന്നീ വര്‍ഷങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നും, 1991 ല്‍ മാരാരിക്കുളത്ത് നിന്നും നിയമസഭാംഗമായി. 2001 മുതല്‍ 2021 വരെ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായി. ആ ഘട്ടങ്ങളിലെല്ലാം അദ്ദേഹം എടുത്ത നിലപാടുകള്‍, നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍, ചര്‍ച്ചകള്‍ എല്ലാംതന്നെ പുതുതലമുറ നിയമസഭാ സാമാജികര്‍ക്കടക്കം മാതൃകയാണ്.
സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങളില്‍ ഉഴറിയിരുന്ന കേരള സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ അതുല്യമായ സംഭാവന നല്‍കിയവരുടെ നിരയിലാണ് വി എസ്. മാനുഷികമായതൊന്നും എനിക്ക് അന്യമല്ല എന്ന മാര്‍ക്‌സിന്റെ വചനങ്ങളെ സ്വജീവിതത്തിലൂടെ പ്രതിഫലിപ്പിച്ചുകൊണ്ട് സമൂഹത്തിനാകെ മാതൃക തീര്‍ത്താണ് അദ്ദേഹം കടന്നുപോയത്.
മറ്റു മനുഷ്യരോടുള്ള കരുതല്‍ ഉള്ളിടത്തോളം കാലം, മനുഷ്യവംശത്തിന്റെ ഭാവിയെക്കുറിച്ച് പ്രതീക്ഷയുള്ളിടത്തോളം കാലം, അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം, നിലനില്‍ക്കുന്നതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് നേതാക്കളുമെന്ന് പൊതുവെ പറയാറുണ്ട്. ആ നേതാക്കളുടെ നിരയിലാണ് വി എസ്സിന്റെ സ്ഥാനം. നാം ഓരോരുത്തരും സ്വപ്നം കാണുന്നതുപോലെ സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ എന്നും ഊര്‍ജ്ജവും പ്രചോദനവുമായി മാറും വി എസ്സിന്റെ സ്മരണ. ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.
CONTENT HIGH LIGHTS; VS resounds again: VS Achuthanandan paid his last respects in the assembly; CM says he was a leader who fought for the environment, human rights and women’s equality beyond mere politics
















