എംഎസ്സി എല്‍സ 3 കപ്പല്‍ഛേതം കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കടക്കെണിയിലും ദുരിതത്തിലുമാക്കിയതായി ഗ്രീന്‍പീസ് ഇന്ത്യ റിപ്പോര്‍ട്ട്. മത്സ്യത്തൊഴിലാളി യൂണിയനുകള്‍, സഭാ നേതാക്കള്‍, ഗ്രീന്‍പീസ് ഇന്ത്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിസണ്‍ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ ഇത് വ്യക്തമാക്കുന്നു. ഗ്രീന്‍പീസ് ഇന്ത്യ തയ്യാറാക്കിയ ‘തകര്‍ന്ന ഭാവി; എംഎസ്സി എല്‍സ 3 ദുരന്തത്തിന്റെ മറഞ്ഞിരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍’ എന്ന റിപ്പോര്‍ട്ടും പുറത്തിറക്കി. പുല്ലുവിള ഗ്രാമത്തിലെ കേസ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കപ്പല്‍ഛേതത്തിന് ശേഷം മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് നിത്യവൃത്തിക്കുള്ള വരുമാനം നേടാനാകുന്നില്ലെന്ന് എടുത്തു പറയുന്നു.
തിരുവനന്തപുരത്തെ കരുംകുളം ഗ്രാമപഞ്ചായത്ത്, കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചര്‍ ഫോറം (സിഎസ്സിഎഫ്) എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കപ്പല്‍ഛേതത്തിന് ശേഷം പുല്ലുവിളയിലെ ശരാശരി മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിമാസം 25,000 മുതല്‍ 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ശരാശരി 25,000 രൂപ വിലയുള്ള വലകളുടെ കേടുപാട് തീര്‍ക്കലുള്‍പ്പെടെ മത്സ്യബന്ധനം പഴയരീതിയില്‍ പുനരാരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്നതായും അതിനാല്‍ പല കുടുംബങ്ങളും തിരിച്ചടയ്ക്കാന്‍ കഴിയാത്ത കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകളും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂള്‍, കോളേജ് ഫീസ് അടയ്ക്കാന്‍ കുടുംബങ്ങള്‍ പുതിയ വായ്പകളെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്. പ്രതിദിനം കുറഞ്ഞത് 3,000 രൂപ വരെ അറ്റാദായം നേടിയിരുന്ന മത്സ്യ വില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് കടലിലെ മത്സ്യങ്ങളെ മലിനീകരണം ബാധിച്ചതായുള്ള ഉപഭോക്താക്കളുടെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വില്‍പ്പനയില്‍ ഗണ്യമായി കുറവ് വന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ”പ്ലാസ്റ്റിക്, കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കാരണം എന്റെ വലകള്‍ക്കും എഞ്ചിനുമുണ്ടായ കേടുപാടുകള്‍ക്ക് 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് ഞാന്‍ ഫിഷറീസ് വകുപ്പിന് കത്തയച്ചിരുന്നു.
ഇപ്പോള്‍ അധിക ചെലവുകള്‍ കാരണം എനിക്ക് എന്റെ ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. അതോടെ കുറഞ്ഞ വരുമാനത്തില്‍ മറ്റൊരു ബോട്ടില്‍ എനിക്ക് ജോലി ചെയ്യേണ്ടി വന്നു,” പുല്ലുവിള പഞ്ചായത്തിലെ 43-കാരനായ മത്സ്യത്തൊഴിലാളി ഡെന്‍സണ്‍ പറഞ്ഞു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, മലിനീകരണം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് 9,531 കോടി രൂപ ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ അഡ്മിറല്‍റ്റി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പ്രാദേശിക തലങ്ങളില്‍ തങ്ങളുടെ ക്ലെയിമുകള്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്നതിന് സംസ്ഥാനതലത്തില്‍ ശരിയായ സംവിധാനവും ക്ലെയിം ഇന്‍ഫ്രാസ്ട്രക്ചറും ഉണ്ടായിരിക്കണമെന്നും ഇത് എല്ലാവര്‍ക്കും കൂടുതല്‍ നീതിയുക്തവും ആക്‌സസ് ലഭിക്കുന്നതുമായ നഷ്ടപരിഹാര പ്രക്രിയ ഉറപ്പാക്കുന്നതായും വികാരി ജനറലും ലീഗല്‍ ആക്ടിവിസ്റ്റുമായ റവ യൂജിന്‍ എച്ച് പെരേര പറഞ്ഞു.
വരുമാന നഷ്ടത്തിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തിന് ഇതിനകം തന്നെ കൂടുതല്‍ ഇരയാകാന്‍ സാധ്യതയുള്ള ഒരു വിഭാഗത്തില്‍ ഈ നാശനഷ്ടങ്ങള്‍ സ്ഥിരമായ ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതായി കരുംകുളം ഗ്രാമപഞ്ചായത്ത് അംഗവും സിഎസ്സിഎഫ് പ്രസിഡന്റുമായ റെതിന്‍ ആന്റണി പറഞ്ഞു. നിയമ-നയ സംവിധാനങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരം കുറയ്ക്കാന്‍ കപ്പല്‍ കമ്പനിയെ അനുവദിക്കരുതെന്ന് ഗ്രീന്‍പീസ് ഇന്ത്യയിലെ ക്ലൈമറ്റ് ക്യാംപെയ്‌നര്‍ അമൃത എസ് എന്‍ പറഞ്ഞു. ഇത് ഒരു ഗ്രാമത്തെക്കുറിച്ച് മാത്രമല്ല, ദുരിതബാധിത പ്രദേശങ്ങളിലുടനീളമുള്ള തീരദേശ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണെന്ന് കേരള മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ പൊള്ളയില്‍ പറഞ്ഞു.
CONTENT HIGH LIGHTS; MSC Elsa 3 ship wreck: Fishermen trapped in debt; Greenpeace India report released
















