പിറന്നു വീണ കുഞ്ഞിനെ മുതല്‍ പിറക്കാനിരിക്കുന്ന ഭ്രൂണങ്ങളെ വരെ വംശഹത്യയ്ക്കു വിധേയമാക്കി കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍. കൊന്നുകൊന്നു മതിമറന്നു പോയ ഇസ്രയേല്‍ പോരാളികള്‍ ഗാസയിലെ തലമുറയെപ്പോലും ബാക്കിവെയ്ക്കുന്നില്ല. യന്ത്രത്തോക്കുകളില്‍, ബോംബുകളില്‍, മിസൈലുകളില്‍. അങ്ങനെ തീര്‍ക്കാന്‍ കഴിയാത്ത മനുഷ്യരെയെല്ലാം ഓടിച്ചിട്ട് വെട്ടിയും കുത്തിയും കൊല്ലുകയാണ്. കരിപുരണ്ട് മണ്ണു മൂടിയ വാസസ്ഥലങ്ങളില്‍, അവശേഷിക്കുന്ന ഇടത്ത് പട്ടിണിയും ഇരുട്ടും കൊണ്ട് ജീവിക്കുന്നവര്‍ക്കു നേരേ എപ്പോള്‍ വേണമെങ്കിലും തോക്കിന്‍കുഴലുകള്‍ നീണ്ടേക്കാമെന്ന ഭീതി. ഉറ്റവരെയും ഉടയവരെയും വിട്ട് ഒരു നിമിഷംകൊണ്ട് ഇഹലോകവാസം വെടിയുന്നവര്‍. ഗാസയുടെ ചിത്രം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.
ഹമാസ് തടവിലാക്കിയവരില്‍ കുറച്ചുപേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരുടെ നില എന്താണെന്നു പോലുമറിയില്ല. അവരെ സ്വതന്ത്രരാക്കാന്‍ വേണ്ടി ആരംഭിച്ച യുദ്ധം ഒരു വര്‍ഷം കഴിഞ്ഞു പോയിരിക്കുന്നു. അല്‍പ്പാല്‍പ്പമായി ഇല്ലാതാക്കിയാണ് ഹമാസിനോട് ഇസ്രയേല്‍ പകരം ചോദിക്കുന്നത്. ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിവില്ലാത്തതു കൊണ്ടല്ല, യുദ്ധം അവസാനിപ്പിച്ച് സമാധാനം പുലരുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ജീവിക്കാന്‍ കൂടി വേണ്ടിയാണെന്ന് ആശ്വസിക്കാനേ വഴിയുള്ളൂ. ഇല്ലെങ്കില്‍ ഈ യുദ്ധം ആരംഭിച്ച് ആഴ്ചകള്‍ക്കു മുമ്പ് തന്നെ തീര്‍ന്നേനെ. എന്നാല്‍, ഹമാസ് ഇപ്പോഴും തോല്‍ക്കാന്‍ തയ്യാറല്ലാതെ പൊരുതുന്നുണ്ടെന്നു വേണം കരുതാന്‍. ബന്ദികളെ വിട്ടുകൊടുക്കാനും തയ്യാറല്ല.
പാവം ഗാസയിലെ സാധാരണ ജനങ്ങളെ മനുഷ്യ മറയാക്കിയാണ് ഹമാസ് പോരാടുന്നത്. ആ മറയെ തകര്‍ത്ത് ഹമാസ് പോരാളികളെ കൊല്ലുക എന്ന ദൗത്യമാണ് ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിരിക്കുന്നത്. യുദ്ധത്തില്‍ സെന്റിമെന്റല്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ്. പക്ഷെ, എന്തിനാണ് യുദ്ധം നടക്കുന്നതെന്നു പോലുമറിയാത്ത കുരുന്നുകളെ കൊല്ലുമ്പോള്‍ മിണ്ടാതിരിക്കാനാവില്ല. ലോകം ഇതിനെതിരേ ശബ്ദമുയര്‍ത്തണമെന്ന് എല്ലാ സമാധാന സംഘനകളും ആവശ്യപ്പെടുന്നതു പോലും കുഞ്ഞുങ്ങളെ കൊല്ലുന്നതു കൊണ്ടാണ്. ഹമാസും ഇസ്രയേലും തമ്മിലാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധമെന്ന് തെറ്റിദ്ധരിക്കപ്പെടരുത്. ഇസ്രയേലും ഗാസയിലെ സാധാരണ ജനങ്ങളും തമ്മിലാണ്. നിരായുധരും ആയുധ ധാരികളുമായിട്ടാണ്.
ഹമാസ് ഒളിച്ചിരുന്ന് യുദ്ധം ചെയ്യുകയാണ്. ഇസ്രയേല്‍ സൈന്യം പരസ്യമായി സാധാരണ മനുഷ്യരെ കൊല്ലുന്നു. ഇതാണ് പലസ്തീനില്‍ നടക്കുന്നത്. ഇപ്പോള്‍ ലോകം ചോദിക്കുന്ന ചോദ്യമിതാണ്. എന്തിനാണ് കുട്ടികളെ ഇസ്രയേല്‍ കൊല്ലുന്നത്. ഹമാസ് വളര്‍ത്തുന്ന തീവ്രവാദത്തിന്റെ മുളകളല്ല അവര്‍. നാളത്തെ കായിക ലോകത്ത് മത്സര ബുദ്ധിയോടെ നില്‍ക്കേണ്ടവരായിരുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ കണ്ണില്ലാ ക്രൂരതയുടെ മറ്റൊരു മുഖമാണ് ഗാസ ഫുട്‌ബോള്‍ അക്കാദമിയിലെ പിഞ്ചു കുരുന്നുകളെ മുഴുവന്‍ കൊന്നുകളഞ്ഞത്.
ഹമാസിനെ തുരത്താന്‍ ഗാസയിലേക്ക് കരവഴി ആക്രമണം ഇസ്രായേല്‍ കടുപ്പിച്ചതോടെ ഗാസ പട്ടണത്തില്‍ നിന്നും കൂട്ടപ്പലായനം. ഇസ്രായേലി ടാങ്കുകള്‍ എത്തുന്നതിന് ഒപ്പം ഗാസയിലെ കെട്ടിടങ്ങള്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുന്നതും തുടരുകയാണ് ഇസ്രായേല്‍ സൈന്യം. ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പു നല്‍കിയാണ് ആക്രമണം എങ്കിലും നിരവധി പേരാണ് മരിച്ചുവീണത്. ഗാസ ഫുട്ബാള്‍ അക്കാദമി ടീമിലെ 10 കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15കാരനായ മുഹമ്മദ് അല്‍-തല്‍താനിയാണ് അവസാന കൊല്ലപ്പെട്ട താരം. തല്‍ത്താനിയുടെ വീടിന് മുന്നിലെ തെരുവില്‍ ഇസ്രായേല്‍ ബോംബ് പതിച്ചാണ് മരണം സംഭവിച്ചത്.
ഗസ്സയിലെ ഏറ്റവും മികച്ച കുട്ടിക്കളിക്കാരെന്ന് വാഴ്ത്തപ്പെട്ടവരാണ് മരിച്ചത്. കൂട്ടത്തിലെ മിടുക്കനായിരുന്നത് അബ്ദുല്‍റഹ്മാന്‍ അബു ഗൗള എന്ന കുട്ടിയായിരുന്നു. റയല്‍ മാഡ്രിഡിലോ ബാഴ്സലോണയിലോ കളിക്കുമെന്ന പ്രതീക്ഷയോടെ കരിയര്‍ മുന്നോട്ടു കൊണ്ടുപോയ കളിക്കാരനാണ് കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങിയതിന് ശേഷം ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ് അക്കാദമിയിലെ കുട്ടികളുടെ സ്വപ്നം. ഭക്ഷണമോ വെള്ളമോ നല്ല വായുവോ ഇല്ല. ടെന്റുകള്‍ക്ക് കീഴിലാണ് അവരുടെ ജീവിതം. ഓരോ ദിവസവും തള്ളിനീക്കുകയെന്നത് അവരെ സംബന്ധിച്ചടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അക്കാദമി ഡയറക്ടര്‍ പറഞ്ഞു.
അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ കുറഞ്ഞത് ഇരുപതോളം വീടുകളും പാര്‍പ്പിട സമുച്ചയങ്ങളും മോസ്‌കും ഇസ്രയേല്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഇതോടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാര്‍ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്.
ഐക്യരാഷ്ട്രസഭയുടെ തലവന്‍ ഈ ആക്രമണത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളും തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശമായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ നീങ്ങുകയാണ്.
യുദ്ധവിമാനങ്ങള്‍ ആകാശത്ത് താഴ്ന്നുപറക്കുകയാണ്. നിരന്തരമുള്ള ബോംബ് വര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ പരിക്കേറ്റ് വീഴുകയാണ്. കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരും കോണ്‍ക്രീറ്റിന്റെയും വളഞ്ഞൊടിഞ്ഞ ഉരുക്കിന്റെയും കൂമ്പാരങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നു. കനത്ത ബോംബാക്രമണം നടന്നു, ആളുകളുടെ അടുത്തേക്ക് എത്താന്‍ പ്രയാസമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കൊല്ലപ്പെട്ട നിരവധി പേരേയും പരിക്കേറ്റവരെയും ഞങ്ങള്‍ പുറത്തെടുത്തു. ഷെല്ലാക്രമണം, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍, എഫ്-16 വിമാനങ്ങള്‍ എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം വളരെ പ്രയാസകരമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ തുടര്‍ന്ന് ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ കുടുംബങ്ങള്‍ വെറും കൈകൊണ്ട് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുകയാണെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം ആരംഭിച്ചതുമുതല്‍ ചുരുങ്ങിയത് 106 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ ഗാസ സിറ്റിയില്‍ മാത്രമാണെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മുഴുവന്‍ പാര്‍പ്പിട സമുച്ചയങ്ങളും നിലംപരിശാക്കപ്പെട്ട ദരാജ് മേഖലയിലുണ്ടായ ബോംബാക്രമണത്തില്‍ മാത്രം 20 പേരാണ് കൊല്ലപ്പെട്ടതെന്നാണ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചത്.
പത്തുലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ആഗോളതലത്തില്‍ വ്യാപകമായി കടുത്തഭാഷയില്‍ അപലപിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ കരയാക്രമണം ‘വംശഹത്യാ പദ്ധതികളുടെ പുതിയ ഘട്ടമാണെന്നാണ് തുര്‍ക്കി വിശേഷിപ്പിച്ചത്. ഇത് കൂടുതല്‍ കൂട്ടപ്പലായനത്തിന് കാരണമാകുമെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഗാസ സിറ്റിയില്‍ ഇസ്രയേലി സൈന്യം നടത്തുന്ന ആക്രമണം വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നാണ് യു.എന്‍ മനുഷ്യാവകാശ ഓഫീസ് അപലപിച്ചത്.
CONTENT HIGH LIGHTS; Why did they kill them?: Why did Israel kill 10 children from the Gaza football academy?; Are people fleeing from the graveyards being shot?; What is the end of this tragedy?
















