മനുഷ്യനും മനുഷ്യനും തമ്മിലുള്ള പോരാട്ട ചരിത്രങ്ങള്‍ എന്നും ഭൂമിക്കും ആധിപത്യത്തിനും വേണ്ടിയുള്ളതായിരുന്നു. അതില്‍ കൈയ്യൂക്കുള്ളവന്‍, ജാതിയില്‍ കൂടിയവന്‍, സമ്പത്ത് കൂടുതലുള്ളവന്‍, മോധാവിത്വം ഉള്ളവന്‍ എന്നിവര്‍ക്കാണ് എന്നും വിജയം. മഹാഭാരത യുദ്ധം പോലും ഭൂമിക്കു വേണ്ടിയാണ് നടന്നതെന്ന് പുരാണങ്ങള്‍ പറയുമ്പോള്‍ മുത്തങ്ങയില്‍ നടന്നത്, കയ്യേറ്റമോ അതോ അതിജീവനമോ എന്നത് ഇന്നും ചര്‍ച്ചയാകേണ്ട വലിയ വിഷയം തന്നെയാണ്. മുത്തങ്ങയില്‍ മനുഷ്യര്‍ മനുഷ്യരെ കൊല്ലുകയായിരുന്നില്ലേ. അതോ മനുഷ്യര്‍ മൃഗങ്ങളെയാണോ കൊന്നത്. പോലീസ് എന്നത്, അധികാര വര്‍ഗത്തിന്റെ മര്‍ദ്ദനോപാധി മാത്രമാണ്. സ്വന്തമായി തീരുമാനമെടുക്കാന്‍ ഡി.ജി.പി. അല്ല കേരളം ഭരിക്കുന്നത്.
എല്ലാ കുറ്റങ്ങളും പോലീസിനു നേരെ ചൊരിയുമ്പോള്‍ ഓര്‍ക്കേണ്ടത് ഇത്രമാത്രമാണ്. കേരളം ഒരു ജനാധിപത്യ ക്രമത്തിന്‍ കീഴില്‍ ഭരിക്കപ്പെടുന്ന സംസ്ഥാനമാണെന്ന്. അവിടെ പോലീസിനോ പട്ടാളത്തിനോ സ്വന്തമായൊരു തീരുമാനം എടുക്കാനാവില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത, ജനങ്ങളെ ഭരിക്കുന്ന ഭരണകൂടമാണ് പോലീസ് എങ്ങനെ ഇടപെടണമെന്ന നയപരമായി തീരുമാനിക്കേണ്ടത്. ഭറിക്കുന്ന സര്‍ക്കാരിന്റെ നയമാണ് പോലീസിലൂടെ ജനങ്ങളില്‍ എത്തുന്നത്. അതാണ് മുത്തങ്ങയില്‍ കണ്ടതും. വാരിക്കുന്തവും മുളയില്‍ തീര്‍ത്ത അമ്പും വില്ലുമായി ആദിവാസികള്‍ പോലീസിനു നേരെ ആക്രമണം നടത്തിയത് എന്തിനായിരുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കൃഷിഭൂമിയും വീടുവെയ്ക്കാന്‍ മണ്ണും വേണമെന്ന ആവശ്യവുമായാണ്.
സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുന്ന ഭൂമിയായിരുന്നു അവരുടെ സ്വപ്നം. അല്ലാതെ കാട്ടില്‍ കഴിയുമ്പോള്‍ ഒരു രേഖയിലും അവര്‍ പെടുമായിരുന്നില്ല എന്ന അവസ്ഥ മനസ്സിലാക്കുമ്പോഴാണ് ആദിവാസികളെ മനുഷ്യരായി കൂട്ടിയിരുന്നോ എന്ന് ചിന്തിച്ചു പോകുന്നത്. അപ്പോള്‍ കാട്ടിലും, കൂട്ടിലും താമസിച്ചിരുന്നവര്‍ക്ക് സര്‍ക്കാര്‍ രേഖയിലുള്ള ഭൂമി നല്‍കേണ്ടത് ജനകീയ സര്‍ക്കാരിന്റെ കടമയല്ലേ. 1957നു ശേഷം മിച്ചഭൂമി സമരവും, പട്ടയ ഭൂമി സമരവുമെല്ലാം കഴിഞ്ഞ എത്ര കാലം കഴിഞ്ഞാണ് മുത്തങ്ങ സമരം ഉണ്ടാകുന്നത്. അതിനു മുമ്പ് ഒരു സര്‍ക്കാരും ഭൂമിയില്ലാത്ത ആദിവാസികളെ കണ്ടില്ലേ. അതോ കണ്ടിട്ടും അവരുടെ ആവശ്യം അനാവശ്യമായി തോന്നിയോ.
എല്ലാ പ്രതിഷേധ മുറകളും കഴിഞ്ഞ്, അവരോട് പറഞ്ഞ വാക്കും പാലിക്കാതെ വന്നപ്പോഴാണ് മുത്തങ്ങയില്‍ ആദിവാസി ഗ്രോത്രമഹാ സഭയുടെ നേതൃത്വത്തില്‍ വനഭൂമി കയ്യേറി ആദിവാസികള്‍ കുടില്‍കെട്ടിയത്. മറ്റാര്‍ക്കും ദ്രോഹമില്ലാത്ത വനഭൂമിയിലാണെന്ന് ഓര്‍ക്കണം. എന്നിട്ടും, സര്‍ക്കാര്‍ ആദിവാസികളെ കയ്യേറ്റക്കാരായി ചിത്രീകരിച്ചു. വനഭൂമി സര്‍ക്കാര്‍ രേഖയിലുള്ളതാണ്. എന്നാല്‍, ആദിവാസികള്‍ സര്‍ക്കാരിന് അന്യവും. ഇതാണ് എ.കെ. ആന്റണി സര്‍ക്കാരിന്റെ അന്നത്തെ നിലപാട്. അന്നത്തെ പോലീസ് നരനായാട്ടിന് നേതൃത്വം നല്‍കാന്‍ കെ. സുധാകരന്‍ എന്ന എ.കെ. ആന്റണി മന്ത്രിസഭയിലെ മന്ത്രി തന്നെ മുന്നിട്ടു നിന്നു. വനഭൂമി കൈയ്യേറിയ കൈയ്യേറ്റക്കാരായ ആദിവാസികളെ ഒഴിപ്പിക്കുക എന്നതായിരുന്നു അജണ്ട.
ഇതില്‍ പോലീസിന് കൈയ്യേറ്റക്കാര്‍ ആരാണോ അവരെ ഒഴിപ്പിക്കണം എന്ന ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയത്. കൈയ്യേറ്റക്കാര്‍ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടിലൊരു പക്ഷത്തിലെ ആര്‍ക്കെങ്കിലും ജീവഹാനി സംഭഴിക്കുന്ന തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ പരസ്പരം മൃഗീയമായ ആക്രമണം ഉണ്ടാകുമെന്നത് സ്വാഭാവികമണ്. എന്നാല്‍, ഇവിടെ ന്യായം ആദിവാസികള്‍ക്കൊപ്പമാണ്. കാരണം, അവര്‍ ജീവിക്കാനുള്ള ഭൂമിക്കു വേണ്ടിയാണ് കൈയ്യേറ്റം നടത്തിയത്. എന്നാല്‍ പോലീസോ, സര്‍ക്കാരിന്റെ ആദിവാസികളോടുള്ള നിഷേധത്തെ അനുകൂലിച്ചു കൊണ്ട് പ്രതിഷേധം അടിച്ചൊതുക്കാന്‍ വന്നതാണ്.
നോക്കൂ, മുത്തങ്ങയില്‍ നടന്ന ഭൂ സമരത്തില്‍ ആദിവാസികളും പോലീസുമാണ് ഏറ്റുമുട്ടിയതും, മരണം വരിച്ചതുമൊക്കെ. ഇന്നും നിരവധിപേര്‍ മൃതപ്രായരായി ജീവിക്കുകയും, എപ്പോഴൊക്കെയോ മരിച്ചു പോവുകയും ചെയ്തിട്ടുണ്ട്. സി.കെ. ജാനു, ഗീതാനന്ദന്‍ തുടങ്ങിയവരെല്ലാം ഇന്നും ജീവിക്കുന്ന സമര സാക്ഷികളാണ്. പോലീസിന്റെ മര്‍ദ്ദന മുറകളുടെ അങ്ങേയറ്റം അനുഭവിച്ചവര്‍. അവരകുടെ ജീവിതങ്ങള്‍ പോലും ഭൂമിക്കു വേണ്ടിയുള്ള അതിജീവനത്തിന്റെ ബാക്കി പത്രമാണ്. വെടിവെപ്പിനും, ആക്രമണത്തിനും ഉത്തരവിട്ട മന്ത്രി, അത് നടപ്പാക്കാന്‍ കൂട്ടു നിന്ന മന്ത്രിസഭ, മുഖ്യമന്ത്രി എല്ലാവരും ഇതിന്റെ പാപം പേറുന്നവരാണ്. അന്ന് ഇതൊന്നും സംഭവിക്കാതെ നോക്കാന്‍ ഭരണകൂടത്തിനറിയാമായിരുന്നിട്ടും അതു ചെയ്തില്ല.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പശ്ചാത്താപ ഏറ്റു പറച്ചിലില്‍ വെലിവാകുന്നത്, ഭരണകൂടത്തിന്റെ കുറ്റ സമ്മതം തന്നെയാണ്. അപ്പോള്‍ പട്ടികജാതി പട്ടിക വര്‍ വിഭാഗത്തിന് ഭൂമി നല്‍കുന്നതിന് ഇന്നും ഭരണകൂടങ്ങള്‍ മടിക്കുന്നു എന്നാണ്. ഭൂമിയുടെ അവകാശികള്‍ ആകാന്‍ അവര്‍ യോഗ്യരല്ല എന്ന് ഭരണകൂടം തീരുമാനിച്ചതിന്റെ ഫലമാണ് മുത്തങ്ങ വെടിവെയ്പ്പ്. ഇന്ന് അത് തിരിച്ചറിയുകയാണ് കേരളം. മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി എ കെ ആന്റണി രംഗത്തുവന്നതോടെ വെടിവെപ്പ് വിവാദം വീണ്ടും കേരളത്തിലെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നു. മുത്തങ്ങ വെടിവെപ്പില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ല എന്നാണ് സമര നായിക സി.കെ ജാനു പ്രതികരിച്ചത്.
ഇപ്പോഴും ആദിവാസികള്‍ക്ക് ഭൂമി ലഭിച്ചിട്ടില്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. താന്‍ ഉള്‍പ്പെടെയുള്ള ആദിവാസി സമൂഹം അനുഭവിച്ച മര്‍ദനത്തിന് എന്താണ് മറുപടിയെന്നും സി.കെ ജാനു ചോദിച്ചു. എ.കെ ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് വന്നത് നല്ലതാണ്. ആദിവാസികള്‍ നേരിട്ട കൊടിയ പീഡനം മറക്കാന്‍ കഴിയില്ല. ആദിവാസിയുടെ ഭൂമിക്ക് മോലെയുള്ള പരിഹാരമാണ് വേണ്ടത്. മുത്തങ്ങയിലെ പൊലീസ് നടപടിയില്‍ എ.കെ ആന്റണിക്ക് പശ്ചാത്താപം തോന്നിയത് നല്ല കാര്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മാപ്പ് കൊണ്ട് കാര്യമില്ല. വൈകിയ വേളയിലുള്ള കുമ്പസാരം കൊണ്ട് കാര്യമില്ല. മുത്തങ്ങാ സമരത്തില്‍ മരിച്ചവര്‍ക്ക് മാത്രമാണ് കേസില്ലാതായത്. ബാക്കിയുള്ളവര്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.
#Narivettai – The real life incident based on Muthanga Protest which happenee in Kerala, where police fired on the Adivasis (tribal clans) in the Muthanga village of Wayanad district !! pic.twitter.com/uddvDfBHWC
— AmuthaBharathi (@CinemaWithAB) May 28, 2025
മുത്തങ്ങ ഭൂസമരത്തെ സിനിമ തെറ്റായി വ്യാഖ്യാനിച്ചു. സമരകാലത്തെ ആദിവാസി ജീവിതത്തെ ശരിയായ രീതിയിലല്ല സിനിമയില്‍ കാണിച്ചത്. ആളുകളെ സംരക്ഷിക്കുന്ന ഒരു ഇടപെടലും പൊലീസ് നടത്തിയില്ല. സര്‍ക്കാറിനെ സംരക്ഷിക്കുന്ന തരത്തിലാണ് സിനിമയുള്ളതെന്നും’ ജാനു പറഞ്ഞു. ശിവഗിരി, മുത്തങ്ങ സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നായിരുന്നു എ.കെ ആന്റണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ആദിവാസികള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് താനാണ്. മുത്തങ്ങ സമരക്കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ പറഞ്ഞത് പഞ്ചസാരയും മണ്ണെണ്ണയും ഒഴിച്ച് 20 ആദിവാസികളെ കത്തിച്ചു എന്നാണ്. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. ആദിവാസികള്‍ ആദ്യം കുടില്‍ കെട്ടിയപ്പോള്‍ എല്ലാവരും അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു. പൊലീസ് ആക്ഷന്‍ ഉണ്ടായപ്പോള്‍ മാധ്യമങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് മാറ്റി.
മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമൈന്നും ആന്റണി ആവശ്യപ്പെട്ടു. ആ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും എ.കെ ആന്റണി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആദിവാസി സമരത്തിന്റെ പേരില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സിബിഐ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്താണ്? അതില്‍ ആരെയാണ് കുറ്റപ്പെടുത്തിയത്? ആര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്? ആ റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കണമെന്നും ആന്റണി അവശ്യപ്പെട്ടു. എന്തുകൊണ്ട് തുടര്‍ന്നുവന്ന വിഎസ് പിണറായി സര്‍ക്കാരുകള്‍ മുത്തങ്ങയില്‍ ആദിവാസികളെ വീണ്ടും താമസിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും, അതിനു സാധ്യമല്ല എന്ന് ആ സര്‍ക്കാരുകള്‍ക്കും ബോധ്യമുണ്ടെന്നും ആന്റണി പറഞ്ഞിരുന്നു.
ഫലത്തില്‍ എല്ലാ സര്‍ക്കാരുകളും പട്ടികജാതി പട്ടിക വര്‍ വിഭാഗത്തിനെ പറ്റിക്കുകയാണ് ചെയ്യുന്നത്. ഭൂമി നല്‍കാന്‍ ഒരു സര്‍ക്കാരിനും താല്‍പ്പര്യം ഇല്ല. കാരണം, ആദിവാസികള്‍ക്ക് ഭൂമിയുമില്ല, വീടുമില്ല. അവര്‍ കാട്ടിലല്ലേ താമസവും ജീവിതവും. അവര്‍ക്കെന്തിന് സ്വന്തമായി ഭൂമി. ഇതാണ് ലൈന്‍.
CONTENT HIGH LIGHTS; Apologize for the bloodshed in Muthanga?: When A.K. Antony repents, should we remember that he beat up people?
















